Kerala

ഭൂപടത്തിൽ നിന്ന് തുടച്ചുനീക്കാൻ വിധിക്കപ്പെട്ടവരോ കേരളത്തിന്റെ സ്വന്തം സൈന്യം?

രാഷ്ട്രീയ നേതാക്കളോ, ഉദ്യോഗസ്ഥരോ ഇതുവരെ സംഭവസ്ഥലം സന്ദർശിച്ചിട്ടില്ല...

ജോസ് മാർട്ടിൻ

ആലപ്പുഴ: മഹാപ്രളയത്തിന്റെ കാണാക്കയങ്ങളിൽ ജീവന്റെ തുടിപ്പുകൾ കണ്ടെത്താൻ കയ്യും മെയ്യും മറന്ന് ഓടിയെത്തിയവരാണ് കടലിന്റെ മക്കൾ. കേരളത്തിന്റെ സ്വന്തം നാവികസേന എന്ന് കേരള മുഖ്യമന്ത്രിയും, ലോകവും വിശേഷിപ്പിച്ച ഇവർ ഇന്ന് കടലാക്രമണത്തിന്റെയും, കോവിഡ് 19 എന്ന മഹാമാരിയുടെയും നടുവിലാണ്. മുൻകാലങ്ങളെ അപേക്ഷിച്ച് കടൽക്ഷോപം അതിരൂക്ഷമായ ചെല്ലാനം മുതൽ സൗദി വരെയുള്ള തീരപ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറുകയും എല്ലാവിധ വീട്ടുസാധനങ്ങളും കടൽ വെള്ളത്തിൽ ഒഴുക്കി നടക്കുന്ന കാഴ്ച്ചയാണ് കാണുന്നത്. പല വീടുകളും തകർന്ന നിലയിലാണ്. ട്രിപ്പിൾ ലോക്ക് ഡൗൺ ഉള്ളതിനാൽ പുറത്തിറങ്ങാൻ സാധിക്കാത്ത സാഹചര്യത്തിൽ ഏത് സമയത്തും നിലം പൊത്താവുന്ന, ഒട്ടും സുരക്ഷിതമല്ലാത്ത വീടുകളിൽ ഭീതിയോടെ കഴിയുകയാണ് സ്ത്രീകളും കുട്ടികളുമടങ്ങുന്ന കുടുംബങ്ങൾ. ഒറ്റപ്പെട്ടുപോയ തീരദേശ ഗ്രാമങ്ങളിൽ നിത്യോപയോഗ സാധനങ്ങൾ പോലും ലഭ്യമല്ല.

രാഷ്ട്രീയ നേതാക്കളോ, ഉദ്യോഗസ്ഥരോ ഇതുവരെ സംഭവസ്ഥലം സന്ദർശിച്ചിട്ടില്ല എന്ന് പ്രദേശവാസികൾ പറയുന്നു. ‘കടൽ കയറ്റത്തിന്റെ ശാശ്വത പരിഹാര മാർഗമായ കടലിൽ പുലിമുട്ടുകൾ സ്ഥാപിച്ച് തിരമാലകളുടെ ശക്തികുറക്കുക’ എന്ന തങ്ങളുടെ വർഷങ്ങളായുള്ള ആവശ്യം മാറിമാറി വരുന്ന ഭരണകർത്താക്കൾ ചെവികൊണ്ടിട്ടില്ല. മുൻ കാലങ്ങളിലെ പോലെ ഈ സാഹചര്യത്തിൽ ദുരിദാശ്വാസ ക്യാമ്പുകൾ തുറക്കുക അസാധ്യമാണ്.

സർക്കാരിന്റെ ഭാഗത്ത്‌ നിന്നും അവഗണന നേരിടുന്ന തീര ദേശവാസികൾക്ക് പ്രതികരിക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്. ചെല്ലാനം ജനകീയ വേദിയുടെ ആഭിമുഖ്യത്തിൽ കടൽകയറ്റ പ്രശ്നത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് നടന്നുവരുന്ന അനിശ്ചിതകാല റിലേ നിരാഹാര സമരം 266-ാം ദിവസം പിന്നിടുമ്പോഴും, അധികാരികളുടെ ഭാഗത്തു നിന്നും ഒരു നടപടിയും ഉണ്ടായിട്ടില്ല.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker