Meditation

17th Sunday of Ordinary Time_Year A_നിധിയും രത്നവും (മത്താ 13:44-52)

ഉപേക്ഷിച്ച കാര്യങ്ങളില്ലല്ല അവന്റെ സന്തോഷം അടങ്ങിയിരിക്കുന്നത്, കണ്ടെത്തിയ നന്മയിലാണ്...

ആണ്ടുവട്ടത്തിലെ പതിനേഴാം ഞായർ

ദൈവാനുഭവത്തിന്റെ സവിശേഷതകൾ വ്യക്തമാക്കുന്ന രണ്ട് ഉപമകൾ; നിധി കണ്ടെത്തിയ ഒരു കർഷകനും രത്നം കണ്ടെത്തിയ ഒരു വ്യാപാരിയും. ആദ്യത്തെ ആൾക്ക് തീർത്തും അപ്രതീക്ഷിതമായിട്ടാണ് ഒരു നിധി കിട്ടുന്നത്. ആരുടെയോ വയലിൽ കണ്ട ആ നിധിയെ സ്വന്തമാക്കാൻ അവൻ തനിക്കുള്ളതെല്ലാം സന്തോഷത്തോടെ വിറ്റ് ആ വയൽ സ്വന്തമാക്കുന്നു. രണ്ടാമത്തെയാൾ രത്നങ്ങൾ അന്വേഷിച്ചു ഉലകം ചുറ്റുന്നവനാണ്. സ്വപ്നതുല്യമായ ഒരു രത്നം കണ്ടെത്തുമ്പോൾ അവനും തനിക്കുള്ളതെല്ലാം വിറ്റ് അത് സ്വന്തമാക്കുന്നു. വ്യത്യസ്ത രീതിയിൽ ദൈവത്തെ സ്വന്തമാക്കുന്ന രണ്ടുപേർ.

ദൈവവുമായുള്ള കണ്ടുമുട്ടലിൽ സ്ഥിതിവിവരക്കണക്കിന് ഒരു സ്ഥാനവുമില്ല. എത്രപേർ അവനെ കണ്ടെത്തിയെന്നോ എത്രപേരെ അവൻ കണ്ടെത്തിയെന്നോ ഇവിടെ വിഷയമല്ല. ഞാൻ ദൈവത്തെ കണ്ടുമുട്ടിയത് പോലെ നിങ്ങളും കാണണം എന്ന വാശി ആർക്കും ഉണ്ടാകാനും പാടില്ല. കർഷകന്റെയും വ്യാപാരിയുടെയും കണ്ടെത്തൽ വ്യത്യസ്ത രീതിയിലാണ്. ചിലരുടെ ജീവിതത്തിലേക്ക് ദൈവം ഒരു ഇടിമിന്നൽ പോലെ പ്രവേശിക്കും. ഡമാസ്കസ്സിലേക്ക് പോയ സാവൂളിനുണ്ടായത് ആ അനുഭവമാണ്. ചിലർ അവനെ കണ്ടെത്തുന്നതോ തീർത്തും സ്വാഭാവികമായ രീതിയിലാണ്. ഒരു പ്രണയിനിയെ കണ്ടെത്തുന്നത് പോലെ സുന്ദരമായ ഒരു ഓർമയായി ദൈവം ചിലരുടെ ജീവിതത്തിൽ നിറഞ്ഞു നിൽക്കും. ചിലർക്ക് അവൻ സാധാരണതകളിൽ സാധാരണം മാത്രമാണ്. ചെളിമണ്ണിൽ പുരണ്ടു കിടക്കുന്ന നിധിയായും അവനെ കണ്ടെത്താം. വർണ്ണത്തളികയിലെ രത്നമായും അവനെ കാണാം. അതുകൊണ്ട് ദേവാലയത്തിൽ മാത്രമാണ് ദൈവാനുഭവം എന്ന് ആർക്കും പറയാൻ സാധിക്കില്ല. അടുക്കളയിലെ കരിപുരണ്ട പാത്രങ്ങളുടെ ഇടയിലും അവനെ കണ്ടെത്തുന്ന അമ്മമാർ നമ്മുടെ വീട്ടകങ്ങളിലുണ്ട്.

ദൈവാനുഭവം നൽകുന്ന ആനന്ദത്തിന് യേശു നൽകിയിരിക്കുന്ന രണ്ടു പേരുകളാണ് നിധിയും രത്നവും. വിശ്വാസത്തിന്റെ രൂപകങ്ങളാണിവകൾ. ഇവകൾ കിട്ടിയാൽ ജീവിതത്തെ തന്നെ മാറ്റി മറിക്കും. പിന്നീടുള്ളത് ആനന്ദം മാത്രം.

ഈ കർഷകന്റെയും വ്യാപാരിയുടെയും പ്രത്യേകത അവരനുഭവിക്കുന്ന സന്തോഷമാണ്. ദൈവത്തെ കണ്ടുമുട്ടിയവരുടെ അടയാളമാണത്. ദൈവാനുഭവമുണ്ട് എന്ന് പറയുകയും ആന്തരികമായ സന്തോഷം അനുഭവിക്കുകയും ചെയ്യുന്നില്ലെങ്കിൽ, ഓർക്കുക നിങ്ങൾ ആ നിധി കണ്ടെത്തിയട്ടില്ല. ഉപമയിലെ രണ്ടു കഥാപാത്രങ്ങളും നിധിയെ സ്വന്തം ആക്കുന്നതിനു വേണ്ടി പലതും ഉപേക്ഷിക്കുന്നുണ്ട്. നഷ്ടമാക്കുന്നതിനു വേണ്ടിയല്ല അവർ എല്ലാം ഉപേക്ഷിക്കുന്നത്. മറിച്ച് എല്ലാം സ്വന്തമാക്കുന്നതിന് വേണ്ടിയാണ്. ക്രിസ്തു വിഭാവനം ചെയ്യുന്ന ഉപേക്ഷയുടെ ദൈവികമായ വിരോധാഭാസമാണിത്. എല്ലാം ഉപേക്ഷിക്കുന്നവനാണ് എല്ലാം ലഭിക്കുന്നത്. ഇത് ദൈവ രാജ്യത്തിന്റെ ലോജിക്കാണ്. ക്രിസ്തുവിനെ പ്രതി സകലരെയും ഉപേക്ഷിക്കുന്നവർക്ക് അതിന്റെ നൂറിരട്ടി ലഭിക്കുമെന്ന് പറയുന്നത് ഇതേ ലോജിക്കാണ്. എല്ലാത്തിന്റെയും അധിപനെ സ്വന്തമായി ലഭിക്കുന്നവന് ഉപേക്ഷിച്ച കാര്യങ്ങളെ കുറിച്ചോർത്ത് വ്യാകുലനാകേണ്ട ആവശ്യമില്ല. കാരണം ഉപേക്ഷിച്ച കാര്യങ്ങളില്ലല്ല അവന്റെ സന്തോഷം അടങ്ങിയിരിക്കുന്നത്, കണ്ടെത്തിയ നന്മയിലാണ്.

ചില ചോദ്യങ്ങളുണ്ട്. നമ്മൾ വിചാരിക്കും ആ ചോദ്യങ്ങളുടെ ഉത്തരങ്ങൾ വലിയ താത്വികാവലോകനങ്ങൾ ആയിരിക്കുമെന്ന്. പക്ഷേ തീർത്തും ലളിതവും, ഒപ്പം ആഴമുള്ളതുമാണ്. “എന്തിനാണ് നീ ക്രിസ്തുവിനെ അനുഗമിക്കുന്നത്?” ദൈവശാസ്ത്രപരമായി ഒത്തിരി പുസ്തകങ്ങൾ ഈ ചോദ്യത്തിന് ഉത്തരമായുണ്ട്. പക്ഷേ ഉത്തരം വളരെ ലളിതമാണ്; ” സന്തോഷവാനായിരിക്കുന്നതിനുവേണ്ടിയാണ് ഞാൻ ക്രിസ്തുവിനെ അനുഗമിക്കുന്നത്.” ഒരേയൊരു കാര്യമാണ് നമ്മൾ ആഗ്രഹിക്കുന്നത്. അത് സന്തോഷമാണ്. ആ സന്തോഷം ക്രിസ്തുവിനു മാത്രമേ നൽകാൻ സാധിക്കു എന്ന സന്ദേശം കൂടി ഈ നിധിയുടെയും രത്നത്തിന്റെയും ഉപമയിൽ വ്യക്തമാക്കുന്നുണ്ട്.

നൊമ്പരത്തിന്റെ കാലഘട്ടമാണിത്. മരണത്തിന്റെ നിഴലുകൾ അടുത്തുനിൽക്കുന്നത് പോലുള്ള അനുഭവം കൊറോണ കാലം എല്ലാവർക്കും നൽകുന്നുണ്ട്. അപ്പോഴും സുവിശേഷം പ്രഘോഷിക്കുന്നത് നിധികളെ കുറിച്ചാണ്. പ്രത്യാശയുടെ സന്ദേശമാണ് സുവിശേഷം നൽകുന്നത്. പറഞ്ഞുവരുന്നത് ഈ ഇരുൾ നിറഞ്ഞ ദിനങ്ങളിൽ നിന്നും പുറത്തേക്കുള്ള വഴി പ്രകാശപൂരിതമാണെന്നാണ്. പ്രതീക്ഷയുടെ കിരണങ്ങൾ നമ്മുടെ മുന്നിലുണ്ട്. നഷ്ടധൈര്യരാകരുത്. ആരൊക്കെയോ ഒരു നിധി നമുക്കായി മണ്ണിൽ കുഴിച്ചിട്ടുണ്ട്. കടലിന്റെ അടിത്തട്ടിൽ ഒരു പവിഴം നമ്മെയും കാത്ത് കിടക്കുന്നുണ്ട്. അന്വേഷിക്കുക, കണ്ടെത്തും. ആ കണ്ടെത്തലിൽ നീ ആനന്ദത്താൽ തുള്ളിച്ചാടുകയും ചെയ്യും.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker