Kerala

സ്പെഷ്യൽ മാര്യേജ് ആക്ടിന്റെ ദുരുപയോഗത്തിന് സർക്കാർ കൂട്ടുനിൽക്കരുത്; കെ.സി.ബി.സി.

തികച്ചും അശാസ്ത്രീയവും, വിവേക രഹിതവുമായ ഒരു നടപടി...

ജോസ് മാർട്ടിൻ

കൊച്ചി: സ്പെഷ്യൽ മാരേജ് ആക്ടിന്റെ ദുരുപയോഗത്തിന് സർക്കാർ കൂട്ടു നിൽക്കുന്നത് നിർഭാഗ്യകരമാണെന്ന് കേരള കാത്തലിക്ക് ബിഷപ്സ് കൗൺസിൽ (കെ.സി.ബി.സി.). രജിസ്റ്റർ ചെയ്യപ്പെടുന്ന വിവാഹങ്ങളുടെ നോട്ടീസ് രജിസ്ട്രേഷൻ വകുപ്പിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന പതിവ് അവസാനിപ്പിക്കുവാൻ പൊതുമരാമത്ത് രജിസ്ട്രേഷൻ വകുപ്പ് മന്ത്രിയുടെ ഓഫീസിൽനിന്ന് 24/07/2020-ന് പത്രക്കുറിപ്പ് ഇറക്കിയിരുന്നു. തികച്ചും അശാസ്ത്രീയവും, വിവേക രഹിതവുമായ ഒരു നടപടിയായി മാത്രമേ ഇതിനെ കാണാൻ കഴിയൂവെന്നും കെ.സി.ബി.സി. കുറ്റപ്പെടുത്തുന്നു.

പൊതുമരാമത്ത് രജിസ്ട്രേഷൻ വകുപ്പ് മന്ത്രിയുടെ ഓഫീസ് നൽകിയ പത്രക്കുറിപ്പ് അനുസരിച്ച്, വിവാഹിതരാകുന്ന വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ ദുരുപയോഗിക്കുന്നത് നിർത്തലാക്കാൻ നടപടി സ്വീകരിക്കണമെന്ന് രജിസ്ട്രേഷൻ ഇൻസ്പെക്ടർ ജനറൽ നൽകിയ റിപ്പോർട്ടിന്മേലാണ് പ്രസ്തുത തീരുമാനം. എന്നാൽ, മിശ്രവിവാഹങ്ങളെ കുറിച്ചുള്ള വിവരങ്ങൾ വെബ്സൈറ്റിൽ നിന്ന് ലഭിച്ചതിനെത്തുടർന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ ഇടപെടാനിടയായ സംഭവവുമായി ബന്ധപ്പെട്ട് ഒരു യുവാവിന്റെ പരാതിയിലാണ് ഈ നടപടി എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

കേരളത്തിന്റെ പശ്ചാത്തലത്തിൽ വിവാഹമെന്നത് രഹസ്യമായ നടപടിയല്ലെന്നും, മാതാപിതാക്കളോ ബന്ധുക്കളോ സുഹൃത്തുക്കളോ അറിയാതെ വിവാഹം നടത്തണമെന്ന് ആരെങ്കിലും ചിന്തിക്കുന്നുവെങ്കിൽ അതിനു പിന്നിൽ നിഗൂഢമായ ലക്ഷ്യങ്ങൾ ഉണ്ടാകാനുള്ള സാധ്യതകളാണുള്ളതെന്നും, പ്രായപൂർത്തിയായി എന്ന ഒറ്റക്കാരണത്താലും വ്യക്തിസ്വാതന്ത്ര്യമുണ്ടെന്നതിനാലും വിവാഹ വിവരം രഹസ്യമായി സൂക്ഷിക്കുന്നതാണ് യുക്തമെന്ന് വാദിക്കുന്നവർ സമൂഹത്തിൽ വർദ്ധിച്ചുവരുന്ന സ്ത്രീ പീഡനങ്ങളും പ്രണയ കുരുക്കുകളും കാണാൻ കൂട്ടാക്കാത്തവരാണെന്നും കെ.സി.ബി.സി. ആരോപിക്കുന്നു.

കെ.സി.ബി.സി. സർക്കുലറിന്റെ പൂർണ്ണരൂപം:

സ്പെഷ്യൽ മാരേജ് ആക്ടിന്റെ ദുരുപയോഗത്തിന് സർക്കാർ കൂട്ടുനിൽക്കരുത്

കൊച്ചി: സ്പെഷ്യൽ മാരേജ് ആക്ടിന്റെ ദുരുപയോഗത്തിന് സർക്കാർ കൂട്ടു നിൽക്കുന്നത് നിർഭാഗ്യകരമാണ്. രജിസ്റ്റർ ചെയ്യപ്പെടുന്ന വിവാഹങ്ങളുടെ നോട്ടീസ് രജിസ്ട്രേഷൻ വകുപ്പിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന പതിവ് അവസാനിപ്പിക്കുവാൻ നിർദേശം നൽകിയതായി അറിയിച്ചുകൊണ്ട്, പൊതുമരാമത്ത്, രജിസ്ട്രേഷൻ വകുപ്പ് മന്ത്രിയുടെ ഓഫീസിൽനിന്ന് 24/07/2020-ന് പത്രക്കുറിപ്പ് ഇറങ്ങുകയുണ്ടായി. തികച്ചും അശാസ്ത്രീയവും വിവേക രഹിതവുമായ ഒരു നടപടിയായി മാത്രമേ ഇതിനെ വിലയിരുത്താൻ കഴിയൂ. രജിസ്ട്രേഷൻ ഇൻസ്പെക്ടർ ജനറലിന്റെ റിപ്പോർട്ടിൽ, വിവാഹിതരാകുന്ന വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ ദുരുപയോഗിക്കുന്നത് നിർത്തലാക്കാൻ നടപടി സ്വീകരിക്കണമെന്ന് നിർദേശിച്ചിരുന്നതിന്റെ വെളിച്ചത്തിലാണ് പ്രസ്തുത തീരുമാനം എന്നാണ് പത്രക്കുറിപ്പിലെ വിശദീകരണം. മിശ്രവിവാഹങ്ങളെ കുറിച്ചുള്ള വിവരങ്ങൾ വെബ്സൈറ്റിൽനിന്ന് ലഭിച്ചതിനെത്തുടർന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ ഇടപെടാനിടയായ സംഭവവുമായി ബന്ധപ്പെട്ട് ഒരു യുവാവിന്റെ പരാതിയിലാണ് ഈ നടപടി എന്നാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

സ്വകാര്യ വിവരങ്ങൾ ദുരുപയോഗം ചെയ്യുന്നു എന്ന ആരോപണത്തിന് കൂടുതൽ വ്യക്തത നൽകേണ്ട ഉത്തരവാദിത്വം സർക്കാർ സംവിധാനങ്ങൾക്കുണ്ട്. അത്തരത്തിൽ വ്യക്തി വിവരങ്ങൾ ദുരുപയോഗിക്കുന്നവർക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കുന്നതിന് പകരം
അനാവശ്യമായ രഹസ്യാത്മകത രജിസ്ട്രേഷൻ നടപടികൾക്ക് ആവശ്യമാണെന്ന് വരുത്തുന്നതിന്റെ കാരണം ദുരൂഹമാണ്. കേരളത്തിന്റെ പശ്ചാത്തലത്തിൽ വിവാഹമെന്നത് രഹസ്യമായ നടപടിയല്ല. മാതാപിതാക്കളോ ബന്ധുക്കളോ സുഹൃത്തുക്കളോ അറിയാതെ വിവാഹം നടത്തണമെന്ന് ആരെങ്കിലും ചിന്തിക്കുന്നെങ്കിൽ അതിനു പിന്നിൽ നിഗൂഢമായ മറ്റു ചില ലക്ഷ്യങ്ങൾ കൂടി ഉണ്ടായിരിക്കാനുള്ള സാധ്യതകളാണുള്ളത്. പ്രായപൂർത്തിയായി എന്ന ഒറ്റക്കാരണത്താൽ വധൂവരന്മാർക്ക് ഇക്കാര്യത്തിൽ വ്യക്തിസ്വാതന്ത്ര്യമുണ്ടെന്നും അതിനാൽ വിവാഹ വിവരം രഹസ്യമായി സൂക്ഷിക്കുന്നത് യുക്തമാണെന്നും അഭിപ്രായപ്പെടുന്നവർ, സമൂഹത്തിൽ വർദ്ധിച്ചുവരുന്ന സ്ത്രീപീഡനങ്ങളും പ്രണയക്കുരുക്കുകളും കാണാൻ കൂട്ടാക്കാത്തവരാണ്.

മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി വിവിധ ജില്ലകളിലും, ദേശങ്ങളിലുമുള്ളവർ തമ്മിലുള്ള മിശ്രവിവാഹങ്ങളും, രഹസ്യ സ്വഭാവത്തോടുകൂടിയ വിവാഹങ്ങളും, വിവാഹത്തിന് പിന്നിൽ ദുരുദ്ദേശങ്ങൾ ഉണ്ടായിരിക്കാനുള്ള സാധ്യതകളും വളരെ വർദ്ധിച്ചു വന്നിരിക്കുന്ന സാഹചര്യത്തിൽ വിവാഹ നോട്ടീസ് ഓൺലൈനിൽ പ്രസിദ്ധപ്പെടുത്തുക എന്നുള്ളത് അത്യന്താപേക്ഷിതമാണ്. മാറിയ സാഹചര്യങ്ങൾ പരിഗണിച്ച് കൂടുതൽ സുതാര്യമായ രീതിയിലേക്ക് ഇത്തരം കാര്യങ്ങൾ പരിഷ്കരിക്കേണ്ട സ്ഥാനത്ത് മറിച്ചു ചിന്തിക്കുന്നത് ശരിയല്ല.

വിവാഹങ്ങൾ സുതാര്യമാണെന്നും, ദുരുദ്ദേശ്യപരമല്ലെന്നും ഉറപ്പുവരുത്തുന്നതിനായി വധൂവരന്മാരുടെ മാതാപിതാക്കളെ / രക്ഷിതാക്കളെ വ്യക്തമായി വിവരം ധരിപ്പിക്കാനും, വധൂവരന്മാർക്ക് കൗൺസിലിനും മറ്റുമുള്ള സൗകര്യങ്ങൾ ഒരുക്കി നൽകുവാനും ആവശ്യമായ നടപടികൾ സർക്കാർ സ്വീകരിക്കുകയാണ് വേണ്ടത്. വിവാഹങ്ങൾ മറ്റെന്തെങ്കിലും ലക്ഷ്യങ്ങളുടെ ഭാഗമായി ആസൂത്രണം ചെയ്യപ്പെട്ടതാണോ എന്ന് ശരിയായി നിരീക്ഷിക്കുകയും ആവശ്യമായ ചോദ്യാവലിയും സാക്ഷ്യപത്രവും രജിസ്ട്രേഷന്റെ ഭാഗമായി ഉൾപ്പെടുത്തുകയും വേണം. മിശ്ര വിവാഹങ്ങൾക്ക് പോലീസ് വെരിഫിക്കേഷനും റിപ്പോർട്ടും നിയമവിധേയമായി നിർബന്ധിതമാക്കേണ്ടതും അനിവാര്യമാണ്. സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്ത് സൂക്ഷിക്കാൻ ഉപയോഗിക്കുന്ന ഫോമുകൾ കാലാനുസൃതമായി പരിഷ്കരിക്കാനും, കമ്പ്യൂട്ടറൈസേഷൻ പൂർണ്ണമായി നടപ്പാക്കാനുമുള്ള നടപടികളും ആവശ്യമാണ്.

സ്പെഷ്യൽ മാരേജ് ആക്ട് അനുസരിച്ചുള്ള വിവാഹങ്ങളുമായി ബന്ധപ്പെട്ട് സ്വീകരിച്ച അനോരോഗ്യകരമായ തീരുമാനങ്ങൾ പുന:പരിശോധിക്കുകയും, കാലാനുസൃതവും സമൂഹം ആവശ്യപ്പെടുന്നതുമായ പരിഷ്ക്കരണങ്ങൾ വരുത്താനുമുള്ള നടപടികൾ ഉണ്ടാക്കുകയും വേണം

റവ.ഫാ.വർഗീസ് വള്ളിക്കാട്ട്
ഡെപ്യൂട്ടി സെക്രട്ടറി ജനറൽ,
ഔദ്യോഗികവക്താവ്, കെ.സി.ബി.സി.
ഡയറക്ടർ, പി.ഓ.സി.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker