Articles

ആരാണ്‌ ഒരു പുരോഹിതൻ! റീ ലോഡഡ്

പൗരോഹിത്യത്തിന്റെ വില മനസ്സിലാക്കാതെ ഞാനോ, എന്റെ സഹപുരോഹിതരോ, ഏതെങ്കിലും വിധത്തിൽ നിന്നെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ, ഉതപ്പിനു കാരണമായിട്ടുണ്ടെങ്കിൽ! മാപ്പ്...

ഫാ.ഫിലിപ്പ് നടുത്തോട്ടത്തിൽ ഓ.സി.ഡി.

ഇന്ന് ഇടവക വൈദീകരുടെ സ്വർഗ്ഗീയ മധ്യസ്ഥനായ, വി.ജോൺ മരിയ വിയാനിയുടെ തിരുനാൾ ദിനം. ബലികല്ലിൽ ആദ്യമായി ബലിയർപ്പിച്ച ആദ്യ പുരോഹിതനായ മെൽക്കിസെദേക്കിനെ പോലെ, കുരിശിൽ യാഗമായി മാറിയ ക്രിസ്തുവിനെപോലെ, എന്നും ദൈവത്തിനും ദൈവജനത്തിനും വേണ്ടി സ്വജീവിതം മാറ്റിവച്ച എല്ലാ പുരോഹിതരേയും ഓർത്തു നമുക്ക് പ്രാർത്ഥിക്കാം.

പ്രത്യേകിച്ച്, ഇന്നേദിനം, ഇടവക വികാരിയച്ചനെ ഓർത്തു പ്രാർത്ഥിക്കാൻ മറക്കരുത്… ട്ടോ!!! ഒപ്പം, സുഹൃത്തേ, നിന്റെ ജീവിതത്തിൽ ഏതെങ്കിലും വിധത്തിൽ നിന്നെ സ്വാധീനിച്ച, ആശ്വസിപ്പിച്ച, നൊമ്പരപ്പെടുത്തിയ, എല്ലാ വൈദികരെയും ഓർത്തു പ്രാർത്ഥിക്കാം! എന്നെകൂടി ഓർത്തു പ്രാർത്ഥിക്കുന്ന കാര്യം പ്രത്യേകിച്ചു പറയണ്ടല്ലോ അല്ലേ! താങ്ക്‌സ്… ട്ടോ, ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ.!!

ആരാണ്‌, വിശുദ്ധ ജോൺ മരിയ വിയാനി? വൈദീക പരിശീലന കാലഘട്ടത്തിൽ “മടയൻ” ആയി എല്ലാവരും മുദ്രകുത്തിയിട്ടും, ദൈവത്തിന്റെ കൈയൊപ്പു ചാർത്തപ്പെട്ടവൻ!! ദൈവത്തിനു വേണ്ടി ആത്മാക്കളെ നേടുവാനുള്ള ആഗ്രഹത്താൽ, ജപമാല കൈയിലേന്തിയവൻ !! ബലിപീഠത്തിൽ സ്വയം ബലിയായി തീർന്ന്, വചനം പകർന്നവൻ ! കുമ്പസാരകൂടിനെ ദൈവമനുഷ്യ സമാഗമത്തിന്റെ ഇടമാക്കി ദിവസവും പതിനാറു മണിക്കൂർ ഉരുകിതീർന്നവൻ ! താൻ എത്തപ്പെട്ട ആർസ് എന്ന പാപത്തിന്റെ ഭൂമിയെ പുണ്യഭൂമി ആക്കി മാറ്റിയവൻ !… എങ്ങനെ പിന്നെ ഈ പുരോഹിതൻ “വിശുദ്ധൻ” ആകാതിരിക്കും?

നമ്മുക്കറിയാം, മിക്കവാറും ഒട്ടുമിക്ക വ്യക്തികളും ആയിരിക്കുന്ന ജീവിതാവസ്ഥകളിൽ, ചുറ്റുപാടുകളിൽ, ഇഷ്ടക്കേട്‌ മൂലം, എല്ലാവരെയും കുറ്റം പറഞ്ഞും, പിറുപിറുത്തും, ദൈവത്തെപോലും ശപിച്ചും, സ്വയം പ്രാകിയുമാണ് കഴിയുന്നത്!! അങ്ങനെയുള്ളവരെ ഒരു നിമിഷം ചിന്തിക്കാൻ വിശുദ്ധന്റെ ജീവിതം പ്രേരിപ്പിക്കും !!

ആർക്കും വേണ്ടാത്ത, ദൈവവിശ്വാസം പോലുമില്ലാത്ത ജനം തിങ്ങി പാർക്കുന്ന, പാപത്തിന്റെ താഴ്‌വരയെന്ന ആർസ് എന്ന ഗ്രാമത്തിലേക്ക് വികാരിയായി പോകാൻ ജോൺ മരിയ വിയാനിയെ പ്രേരിപ്പിച്ചത് എന്താണ് ? “താൻ എന്ത് ആയിരിക്കുന്നുവോ അതു ദൈവ കൃപയാലാണ്” എന്ന അടിയുറച്ച ബോധ്യവും, തന്റെ നിസാരതയെ കുറിച്ചുള്ള അവബോധവും, “തന്നെ ശക്തനാക്കുന്ന ദൈവത്തിലൂടെ തനിക്കു എല്ലാം ചെയ്യാൻ കഴിയും” എന്ന വിശ്വാസവും ആയിരുന്നു.!!

“ആർസിലേക്കുള്ള വഴി കാണിച്ചു തന്നാൽ, സ്വർഗത്തിലേക്കുള്ള വഴി ഞാൻ കാണിച്ചു തരാം!” വിശുദ്ധന്റെ ഈ വാക്കുകൾ നാം ധ്യാനിക്കണം. സുഹൃത്തേ, ഏതാണ് നിന്റെ ആർസ്? നിന്റെ സ്വാർത്ഥതയുടെ, അഹങ്കാരത്തിന്റെ, തന്നിഷ്ടങ്ങളുടെ, ലോകമോഹങ്ങളുടെ, പാപത്തിന്റെയൊക്കെ ആർസ് ഏതെന്നു നീ കണ്ടെത്തണം. അപ്പോൾ സ്വർഗത്തിലേക്കുള്ള വഴികൾ കാണിച്ചു തരാൻ പുണ്യ ജീവിതങ്ങളെ ദൈവം നിന്റെ പക്കലേക്കു അയക്കും! പക്ഷേ സ്വർഗത്തിലേക്ക് കണ്ണുകൾ ഉയർത്താൻ നീ മനസ്സാകണം!

എന്റെ തിരുപ്പട്ട ശുശ്രുഷ കഴിഞ്ഞപ്പോൾ, നന്ദി പറയാൻ, വികാരി അച്ചനെ കാണാൻ ചെന്നു. അപ്പോൾ അച്ചൻ എന്നോട് പറഞ്ഞു, “മകനെ, ഇപ്പോൾ നീ ഒരു പുരോഹിതൻ! ഒത്തിരിപേരുടെ “നിലവിളി”യുടെ ഉത്തരം ആണ് ഓരോ “ദൈവവിളി”യും. അതുകൊണ്ടു തന്നെ കനൽ വഴികളിലൂടെ നടക്കേണ്ടി വന്നാലും “മുറവിളി” കൂട്ടരുത്! കാരണം, “പുരോഹിതൻ ആകാൻ വിളി ലഭിച്ചവൻ ഭാഗ്യവാൻ, എന്തെന്നാൽ അവൻ ദിനവും സർവ്വശക്തനായ ദൈവത്തെ സ്വന്തം കൈകളിൽ എടുക്കും!

ശരിക്കും പറഞ്ഞാൽ ഓരോ ബലിയിലും കർത്താവിന്റെ കൈകളിൽ ഉയർത്തുമ്പോൾ, കരയാതെയിരിക്കാൻ ഞാൻ പാടുപെടാറുണ്ട് !! ഇത്രയും വിലപ്പെട്ട, മൂല്യമുള്ള ദൈവവിളിയെന്ന ദാനം, മൺകുടമായ എന്നെ ഭരമേല്പിച്ചല്ലോ എന്നോർത്ത്‌ !! “എന്തെന്നാൽ, ഞാന്‍ മാതാവിന്റെ ഉദരത്തില്‍ ആയിരിക്കുമ്പോള്‍ ത്തന്നെ ദൈവം എന്നെ പ്രത്യേകം തെരഞ്ഞെടുത്തു; തന്റെ കൃപയാല്‍ അവിടുന്ന്‌ എന്നെ വിളിച്ചു” (ഗലാത്തിയാ 1:15).

“അച്ചാ, ഇന്ന് വിശുദ്ധ കുർബാനയിൽ കാസ ഉയർത്തി പ്രാർത്ഥിക്കുമ്പോൾ എന്റെ നിയോഗവും ഓർക്കണേ”, ഓരോ പ്രാവശ്യവും പലരും ഇങ്ങനെ പറയുമ്പോൾ ഞാൻ അവരെ ഓർത്തു പ്രാർത്ഥിക്കാറുണ്ട്. പിന്നീട് ദൈവം അവരുടെ ജീവിതത്തിൽ ഇടപെട്ടതായി അവർ സാക്ഷ്യപെടുത്തുകയും ചെയുമ്പോൾ ഞാൻ അറിയാതെ ഓർത്തു പോകും!! “ദൈവമേ എന്നിൽ ശ്രേഷ്ഠമായി എന്തു നീ കണ്ടു? എല്ലാമറിയുന്ന നിന്നോട് ഞാൻ എന്തു പറയാനാ!!! നന്ദി മാത്രം… ഒത്തിരി നന്ദി !!!”

ശരിക്കും പറഞ്ഞാൽ, ഏതൊരു പുരോഹിതനും ഇങ്ങനെയേ പറയാൻ പറ്റു !! അതേ, ഒരു പുരോഹിതൻ ബലി പീഠത്തിൽ നിന്നും ചങ്ക്പൊട്ടി വിളിച്ചാൽ, ചങ്ക് പൊട്ടി ചോര ഒഴുക്കിയവൻ മിണ്ടാതിരിക്കുമോ? “നാം വിളിച്ചപേക്‌ഷിക്കുമ്പോ ഴൊക്കെ നമ്മുടെ ദൈവമായ കര്‍ത്താവു നമുക്കു സമീപസ്‌ഥനായിരിക്കുന്നതു പോലെ ദൈവം ഇത്ര അടുത്തുള്ള വേറെയേതു ശ്രേഷ്ഠ ജനതയാണുള്ളത്‌?” (നിയമാവര്‍ത്തനം 4 : 7).

അല്ലയോ പുരോഹിതാ, എത്രയോ ശ്രേഷ്‌ഠമീ ജീവിതം !! എങ്കിലും, എന്തുകൊണ്ടാണ് പുരോഹിതർക്കു കാൽ ഇടറുന്നത്? കടലിന്റെ മനോഹാരിത ആസ്വദിച്ചു, തോണിയിൽ യാത്രചെയ്യവേ, അവന്റെ മുൻപിൽ അവിചാരിതമായി, പ്രത്യക്ഷപ്പെട്ട ക്രിസ്തുവിനെ തിരിച്ചറിഞ്ഞപ്പോൾ, അവന്റെ അടുത്തേക്ക് എത്താനായി, ആവേശത്തോടെ കടലിലേക്ക് എടുത്തു ചാടിയ പത്രോസിനെ പോലെയാണ് ചിലപ്പോളൊക്കെ പുരോഹിതൻ!!

അറിയാതെ ക്രിസ്തുവിൽ നിന്നും കണ്ണ് ഒന്നു മാറി പോയാൽ, ഭയപ്പെടുത്തുന്ന, മുക്കികൊല്ലാൻ കെല്പുള്ള പലതും ചുറ്റുമുണ്ടെന്ന സത്യം ഓരോ പുരോഹിതനും മറക്കരുത് ! “വിളിക്ക് വിള്ളൽ ഉണ്ടാകുന്നതു, വിളിച്ചവനെ മറക്കുന്നത് കൊണ്ടാണ്.” അതേ, ദൈവത്തിന്റെ ദാനങ്ങളും വിളിയും പിന്‍വലിക്കപ്പെടാവുന്നതല്ല” (റോമാ 11 : 29). പക്ഷേ, കടിഞ്ഞൂൽ അവകാശം നിസാരമായി കരുതിയ ഏസാവിനെ പോലെ പലരും “താൻ എന്തായിരിക്കുന്നുവോ അതു ദൈവകൃപയാൽ ആണെന്ന” സത്യം മറന്നു, അഹങ്കരിക്കുമ്പോൾ, തകർച്ചയും ആരംഭിക്കും. സുഹൃത്തേ, വീഴ്‍ചകൾ പറ്റിയ അഭിഷിക്തരെ ഓർത്തു പ്രാർത്ഥിക്കുക, അവരെ അധിഷേപിക്കാതെ, അപ്പോൾ നീയും നിന്റെ തലമുറയും അനുഗ്രഹിക്കപെടും.!!

സുഹൃത്തേ, എന്തൊക്കെ പറഞ്ഞാലും, “ദൈവ നാമത്തിൽ” നിന്നെ അനുഗ്രഹിക്കാൻ വരം കിട്ടിയവരാണ് ഓരോ പുരോഹിതരും!!
“അഹറോനെപ്പോലെ ദൈവത്താല്‍ വിളിക്കപ്പെടുകയല്ലാതെ ആരും സ്വയം ഈ ബഹുമതി ഏറ്റെടുക്കുകയല്ല” (ഹെബ്രായര്‍ 5 : 4). അതുകൊണ്ട്, നിന്റെ ജനനം മുതൽ മരണം വരെ, കൂദാശകളിലൂടെ നിന്നെ ശക്തിപ്പെടുത്താൻ, നീ തളരുമ്പോൾ നിനക്കുവേണ്ടി കരമുയർത്തി പ്രാർത്ഥിക്കാൻ, ഒരു സുഹൃത്തായി, സഹോദരനായി, മകനായി, അച്ചനായി, ഒക്കെ നിന്നോടൊപ്പം ഉള്ള വൈദികരെ ഓർത്തു പ്രാർത്ഥിക്കാം. ഈ കൊറോണ കാലഘട്ടത്തിൽ, ദേവാലയത്തിൽ പോലും പോകാൻ ആവാതെ, കുമ്പസാരിക്കാനോ, കുർബാന സ്വീകരിക്കാനോ പറ്റാതെ, മനസ് തളരുമ്പോൾ നീ ഓർക്കണം പുരോഹിതന്റെ വില, അവന്റെ വിശിഷ്ട സ്ഥാനം !!!”

സുഹൃത്തേ, ഒരു നിമിഷം നിന്നോട് ഞാൻ ക്ഷമ ചോദിക്കുന്നു…, പൗരോഹിത്യത്തിന്റെ വില മനസ്സിലാക്കാതെ ഞാനോ, എന്റെ സഹപുരോഹിതരോ, ഏതെങ്കിലും വിധത്തിൽ നിന്നെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ, ഉതപ്പിനു കാരണമായിട്ടുണ്ടെങ്കിൽ! മാപ്പ്!

ഒരിക്കൽ കൂടി എല്ലാവർക്കും തിരുന്നാളിന്റെ മംഗളങ്ങൾ ! വിശുദ്ധ ജോൺ മരിയ വിയാനി കാണിച്ചുതന്ന സ്വർഗത്തിലേക്കുള്ള പാതയിൽ നമ്മുക്കും നടന്നു തുടങ്ങാം! നിത്യ പുരോഹിതനീശോയേ അനുഗ്രഹിക്കണേ!!

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker