Kerala

സിവിൽ സർവീസ് പരീക്ഷാ ഫലത്തിൽ ശ്രദ്ധേയമായി വീണ്ടും ആലപ്പുഴ രൂപത; വീട്, ഇടവക, വൈദീകർ, അദ്ധ്യാപകർ ഈ വിജയത്തിന് കാരണക്കാർ

സഭയോട് ചേർന്ന് സഭാ സ്ഥാപനങ്ങളോടും സംവിധാനങ്ങളോടും ചേർത്ത് നിർത്തി നമ്മുടെ മക്കളെ വളർത്തി ഉയരങ്ങളിൽ എത്തിക്കാം...

ഫാ.ജോൺസൺ പുത്തൻവീട്ടിൽ

ആലപ്പുഴ: ആലപ്പുഴ രൂപതയ്ക്ക് അഭിമാനമായി വീണ്ടും സിവിൽ സർവീസിന്റെ റിസൾട്ടിൽ പത്ര-ദൃശ്യമാധ്യമങ്ങളിൽ രൂപതയുടെ പേര് തുടർച്ചയായി ഇടംപിടിച്ച് ശ്രദ്ധേയമാകുന്നു. ഇത്തവണ ആലപ്പുഴ സിവ്യൂ വാർഡ് സെന്റ് സെബാസ്റ്റ്യൻ ഇടവകാംഗം ജോൺ ജോർജ് ഡിക്കോത്തയാണ് അഭിമാനകാരണം.

പഞ്ചാബ് പട്യാലയിലെ അസിസ്റ്റൻറ് കളക്ടറായി നിയമിതനായ നിർമ്മൽ ഔസേപ്പച്ചനു ശേഷം ലത്തീൻ രൂപതകൾക്ക് വീണ്ടും പ്രതീക്ഷ നൽകി തിരുവനന്തപുരം അതിരൂപതയിൽ നിന്ന് എഗ്ന ക്ലീറ്റസിനോടൊപ്പം ആലപ്പുഴയുടെ മകൻ ജോൺ ജോർജ്ജ് നൽകുന്ന ചരിത്രപരമായ നേട്ടം
അഭിമാനത്തോടെ രൂപത സമൂഹവും സമുദായവും സ്വീകരിക്കുന്നു. കെ.എൽ.സി.എ. രൂപതാ ഘടകത്തിനുവേണ്ടി വീട്ടിലെത്തി ഈ മകനെ അഭിനന്ദിക്കുമ്പോൾ പങ്കുവെച്ചകാര്യങ്ങൾ സഭാമക്കൾ, സമുദായ മക്കൾ ഗൗരവമായെടുക്കണം .

താൻ ആദ്യമായി വേദപാഠത്തിന് ചേർന്നതു മുതൽ പന്ത്രണ്ടാം ക്ലാസ് വരെ വികാരിയായിരുന്ന സ്റ്റാൻലി പുളിമൂട് പറമ്പിൽ അച്ചനാണ് തന്റെ പഠനത്തിനും ഐ.എ.എസ്. സ്വപ്നങ്ങൾക്കും പ്രചോദനമായതെന്നും, തുടർന്നു വന്ന വികാരിയച്ചന്മാർ ഫാ.യേശുദാസ് കാട്ടുങ്കൽതയ്യിൽ, ഫാ.രാജു കളത്തിൽ എന്നിവരും ഇപ്പോൾ നേടിയ വിജയത്തിന് ശക്തമായ പിന്തുണയും പ്രോത്സാഹനവും ആയിരുന്നുവെന്നും ജോൺ ജോർജ്. കൂടാതെ, പഠിച്ചിരുന്ന കാലത്ത് ലിയോ തേർട്ടീന്ത് ഇംഗ്ലീഷ് മീഡിയം സ്കൂൾ, ആലപ്പുഴ ലിയോ തേർട്ടീന്ത് ഹയർസെക്കൻഡറി സ്കൂളും ഏറെ സഹായിച്ചിട്ടുണ്ട്. അവിടെയുള്ള അധ്യാപകരുടെ സ്വാധീനം പഠനത്തെയും, പാഠ്യേതര വിഷയങ്ങളെയും ശക്തമായി പിന്തുണച്ചു.

അതുപോലെതന്നെ, പഠനകാലയളവിൽ കോർപ്പറേറ്റ് മാനേജരായിരുന്ന സേവ്യർ കുടിയാംശ്ശേരിയച്ചൻ നിരന്തരമായ പ്രോത്സാഹനവുമായി കൂടെ ഉണ്ടായത് മറക്കാനാവില്ലെന്നും, തന്റെ വേദപാഠ ക്ലാസിലെ അധ്യാപകരും ഇടവക സമൂഹവും പ്രാർത്ഥനയിലൂടെ ചെലുത്തിയ സ്വാധീനം ഈ വിജയത്തിന് നിദാനമാണെന്നും ജോൺ ജോർജ് സാക്ഷ്യപ്പെടുത്തുന്നു.

നമുക്ക് പ്രതീക്ഷയാകുന്ന കൃത്യമായ ബോധ്യത്തോടെ നാടിനുവേണ്ടി, സഭയ്ക്കുവേണ്ടി, സമുദായത്തിനുവേണ്ടി വലിയ നേട്ടങ്ങൾ ആഗ്രഹിക്കുന്ന നമ്മുടെ പ്രിയപ്പെട്ട ഈ മകൻ മുന്നോട്ടുവയ്ക്കുന്നത് മഹത്ത്വവും ഗൗരവവുമായ സന്ദേശമാണ്. നമ്മുടെ വിശ്വാസ പരിശീലന കേന്ദ്രമാണ് നമ്മുടെ മക്കളുടെ ആദ്യത്തെ പഠനശാല. കഴിവുകൾ കണ്ടെത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനും ആ ഇടങ്ങൾ വഹിക്കുന്ന പങ്ക് ചില്ലറയല്ല. നമ്മുടെ വൈദികരും മക്കളുമായുള്ള ബന്ധം അവരെ ഉയരങ്ങളിലേക്ക് എത്തിക്കാൻ വലിയ ശക്തമായ സ്വാധീനമാണെന്നും ജോൺ ജോർജിന്റെ വാക്കുകളിൽ വ്യക്തമാണ്.

നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഇംഗ്ലീഷ് മീഡിയമൊ, രൂപതയുടെ പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളോ ആകട്ടെ ഒരുപോലെ നമ്മുടെ മക്കളുടെ വളർച്ചയ്ക്ക് കാരണമാണ്. ഇവയെല്ലാം ശരിയായി പ്രയോജനപ്പെടുത്തിയാൽ, വിവിധതലങ്ങളിൽ ഉയരങ്ങളിൽ അവർക്കുവേണ്ടി ചിന്തിക്കാൻ പ്രവർത്തിക്കാൻ വളർത്താൻ സാധിച്ചാൽ, വരും തലമുറയിലെ ഒരുപാടു പേരുകൾ ഉയർന്ന വിജയ ലിസ്റ്റുകളിൽ ഉണ്ടാകും. അപ്രകാരം രൂപപ്പെടുത്താൻ ഈ വൈദികരുടെയും അധ്യാപകരുടെയും വിശ്വാസ പരിശീലകരുടെയും മാതൃക നമുക്ക് ഏറ്റെടുക്കാം.

ഒപ്പം മാതാപിതാക്കളും മക്കളും ശ്രദ്ധിക്കേണ്ട കാര്യം; ചെറിയ ക്ലാസുകളിലെ പഠനത്തിന് പോലും വിശ്വാസ പരിശീലനത്തിൽ നിന്ന് മാറിനിൽക്കുന്ന, മാറ്റി നിർത്തുന്ന പ്രവണത നമ്മളിൽ വർധിച്ചുവരികയാണ്. നിർമൽ ഔസേപ്പച്ചനും ജോൺ ജോർജ് ഡിക്കോത്തയും പറഞ്ഞുതരുന്നത് ഒരേ കാര്യമാണ്. അവരുടെ വലിയ നേട്ടങ്ങൾക്ക് വിശ്വാസപരിശീലനം തടസ്സമൊ പ്രതിബന്ധമൊ ആയിട്ടില്ല എന്നത് തന്നെ. ദൈവത്തെ മുറുകെപ്പിടിച്ച്, ദൈവം മുമ്പിലേക്ക് നൽകുന്ന മാനുഷിക വ്യക്തിത്വങ്ങളെ വിശ്വാസത്തിലെടുത്ത്, സഭയോട് ചേർന്ന് സഭാ സ്ഥാപനങ്ങളോടും സംവിധാനങ്ങളോടും ചേർത്ത് നിർത്തി നമ്മുടെ മക്കളെ വളർത്തി ഉയരങ്ങളിൽ എത്തിക്കാം.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker