Meditation

19th Sunday_Ordinary time_Year A_കർത്താവേ, രക്ഷിക്കണേ” (മത്താ 14:22-33)

മുന്നിലേക്ക് നോക്കുമ്പോഴെ അത്ഭുതങ്ങൾ നമ്മുടെ ജീവിതത്തിൽ സംഭവിക്കൂ...

ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ

യേശു കൂടെയില്ലാത്ത ഒരു രാത്രി. ഇരുട്ടും കടലും തിരമാലകളും കൊടുങ്കാറ്റും കൂടി ഭീതിയുടെ അസുരനാദത്തെ ആരോഹണക്രമത്തിലുയർത്തുന്നു. കൂടെയില്ലാതിരുന്നവൻ നടന്നരികിൽ വന്നപ്പോൾ ഒരു പ്രേതമായി തോന്നുന്ന മാനസികാവസ്ഥ. പിന്നെ കേട്ടത് കാറ്റിനുള്ളിൽ നിന്നൊരു സ്വരമായിരുന്നു. “ധൈര്യമായിരിക്കൂ, ഭയപ്പെടേണ്ട”.

ഒരു വിജനപ്രദേശത്തായിരുന്നു ഗുരുവും ശിഷ്യരും. അഞ്ചപ്പം അയ്യായിരം പേർക്ക് വിഭജിച്ചു നൽകിയതിനുശേഷം ഗുരുനാഥൻ എല്ലാവരെയും അഭിസംബോധന ചെയ്തു അവരുടെ വീടുകളിലേക്ക് പറഞ്ഞയച്ചു. ശിഷ്യരോട് മറുകരയിലേക്ക് പോകാൻ പറഞ്ഞു. എന്നിട്ടവൻ മലമുകളിൽ കയറി ഏകാന്തതയിൽ പ്രാർത്ഥിക്കുന്നു. ഈ സമയത്താണ് സുവിശേഷം ഒരു കൊടുങ്കാറ്റിന്റെ കഥ പറയുന്നത്. അപ്പം ഭക്ഷിച്ചു തൃപ്തരായ ശിഷ്യർ ഭയത്തിന്റെ തോണിയിൽ തിരമാലകളിൽ പെട്ട് ഉലയുന്ന ഒരു കഥ. ഗുരു പകുത്തുനൽകിയ അപ്പം ഒരു ഊർജ്ജമായിരുന്നു. ഏതു പ്രതികൂലാവസ്ഥയോടും പോരാടി നിൽക്കുവാനുള്ള ഊർജ്ജം. ആ ഊർജ്ജമാണ് രാത്രിയുടെ നാലാം യാമം വരെ കാറ്റിനോടും തിരമാലകളും മല്ലടിച്ചുനിൽക്കാനുള്ള ശക്തിയായി മാറിയത്.

സൂര്യാസ്തമയം മുതൽ വെളുപ്പിന് മൂന്ന് മണി വരെ ഇരുട്ടിനോടും തിരമാലകളോടും കാറ്റിനോടും പൊരുതുന്ന ശിഷ്യർ. അപ്പോഴതാ ഗുരുനാഥൻ കടലിനു മീതെ നടന്ന് അവരുടെ അടുത്തേക്ക് വരുന്നു. എല്ലാ ശക്തിയും ക്ഷയിച്ചു എന്നു തോന്നുന്ന നിമിഷത്തിൽ എല്ലാ ശക്തിയുടേയും ഉടയോൻ അവരുടെ അടുത്തേക്കു വരുന്നു. പ്രതികൂല സാഹചര്യങ്ങളുടെ മുൻപിൽ തോറ്റു കൊടുക്കാൻ മനസ്സില്ലാത്ത ശിഷ്യരുടെ അരികിലേക്ക് നിശബ്ദമായി അവൻ വരുന്നു. ആദ്യം അവരിലുണ്ടായിരുന്നത് ഭയമായിരുന്നു. പിന്നീടാണ് ഒരു കൗതുകം മനസ്സിലുണർന്നത്. അങ്ങനെയാണ് പത്രോസ് ആ ആഗ്രഹം പ്രകടിപ്പിച്ചത്: “കർത്താവേ അങ്ങാണെങ്കിൽ ഞാൻ ജലത്തിന് മീതെ കൂടി അങ്ങയുടെ അടുത്തേക്ക് വരാൻ കൽപ്പിക്കുക”(v.28 ),

“കർത്താവേ, ഞാൻ നിന്നരികിലേക്ക് വരട്ടെ?” എന്ത് രസമുള്ള ആഗ്രഹമാണിത്! ഇത്തിരി ബാലിശം എന്ന് തോന്നാം. എങ്കിലും ഗുരു ആ ആഗ്രഹത്തെ തള്ളിക്കളയുന്നില്ല. അങ്ങനെ പത്രോസ് കാറ്റിലും കോളിലും നടുവിൽ വഞ്ചിയിൽ നിന്നും ഇറങ്ങുന്നു. ഗുരുവിനെപ്പോലെ അവനും വെള്ളത്തിനു മീതെ നടക്കുന്നു. പക്ഷേ ആ അത്ഭുതം അവന്റെ സ്വത്വത്തെ മുഴുവൻ സ്പർശിച്ചപ്പോൾ എവിടെ നിന്നോ വന്ന ഒരു ഭയം അവനെ ഗ്രസിക്കുന്നുണ്ട്. പിന്നീട് സംഭവിച്ചത് മുങ്ങിത്താഴാലായിരുന്നു. കൈക്കു പിടിച്ചുയർത്തിയതിനു ശേഷം യേശു ചോദിക്കുന്നുണ്ട്: “അൽപ വിശ്വാസി, നീ സംശയിച്ചതെന്ത്?” പത്രോസ് ആരെയാണ് സംശയിച്ചത്? യേശുവിനെയാണോ? അല്ല. അവനിലൂടെ സംഭവിച്ച അത്ഭുതത്തെയാണ് അവൻ സംശയിച്ചത്. അവൻ സംശയിച്ചത് അവനെ തന്നെയായിരുന്നു.

ഗുരുനാഥന്റെ “വരൂ” എന്ന ആഹ്വാനത്തിന്റെ ഉറപ്പിൽ വിശ്വസിക്കുകയും അവന്റെ കണ്ണുകളിൽ മാത്രം ശ്രദ്ധ കൊടുക്കുകയും ചെയ്തതു കൊണ്ടാണ് ആഞ്ഞടിക്കുന്ന കാറ്റിലും തിരമാലകളുടെ മുകളിലൂടെ നടക്കാൻ പത്രോസിന് സാധിച്ചത്. പക്ഷേ, എപ്പോഴോ അവന്റെ ശ്രദ്ധ മാറി പോകുന്നുണ്ട്. അവന്റെ കണ്ണുകൾ മറ്റു പലതിലും പതിക്കുന്നുണ്ട്. പിന്നെ സംഭവിച്ചത് ഭയവും മുങ്ങിത്താഴലുമായിരുന്നു.

മുന്നിലേക്ക് നോക്കുമ്പോഴെ അത്ഭുതങ്ങൾ നമ്മുടെ ജീവിതത്തിൽ സംഭവിക്കൂ. ചുറ്റിലുമുള്ള ഇരുളിലും അലയടിക്കുന്ന കാറ്റിലും ഉയരുന്ന തിരമാലകളിലും മാത്രം ശ്രദ്ധ പതിപ്പിച്ച് ഒരിക്കലും ജീവിതത്തെ മുന്നോട്ടു കൊണ്ടു പോകാൻ സാധിക്കില്ല. നമ്മുടെ മുന്നിലുള്ള ദൈവിക സാന്നിധ്യത്തിലേക്ക് നമ്മുടെ കണ്ണുകളെ എത്തിക്കണം. എങ്കിലേ ജീവിതത്തിന്റെ തടസ്സങ്ങളെ അതിജീവിക്കാൻ സാധിക്കു. ഭയം എന്ന വികാരം ജീവിതത്തെ മരണതുല്യമാക്കുകയേയുള്ളൂ. വിശ്വാസം എന്ന പുണ്യം ജീവിതത്തിന് മുന്നിലേക്കുള്ള പാത കാണിച്ചു തരും. ഇന്നലെകളിലെ നമ്മുടെ വീഴ്ചകളിലേക്കും പ്രയാസങ്ങളിലേക്കും നിരന്തരം ചെയ്തുപോകുന്ന പാപങ്ങളിലേക്കും മാത്രമാണ് നമ്മുടെ ദൃഷ്ടികൾ പതിക്കുന്നതെങ്കിൽ, ഓർക്കുക, നമ്മളും ഇരുളിന്റെ ആഴങ്ങളിലേക്ക് താഴ്ന്നു കൊണ്ടിരിക്കുകയാണ്.

വിശ്വാസത്തിന്റെയും സംശയത്തിന്റെയും തുലാസിലാണ് നമ്മുടെ എല്ലാവരുടെയും ജീവിതം. അത്ഭുതത്തിനും ആഴത്തിനുമിടയിൽ പത്രോസിനെ പോലെ നടക്കുന്നവർ നമ്മൾ. മുന്നിലേക്ക് തന്നെ നോക്കണമെന്നുണ്ട്, പക്ഷേ നമ്മുടെ ദൗർബല്യങ്ങൾ തന്നെയാണ് നമ്മെ ആഴത്തിലേക്ക് വലിച്ചിറക്കി കൊണ്ടുപോകാറുള്ളത്. സംശയവും ഭയവും കൂടി ഇരുളിലേക്ക് നമ്മെ തട്ടിയെടുക്കുമ്പോൾ ചങ്ക് തുറന്നു വിളിക്കാൻ സാധിക്കണം; “കർത്താവേ, രക്ഷിക്കണേ!”.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker