Kerala

20th Sunday_Ordinary time_Year A_തോൽക്കാൻ മനസ്സില്ലാത്ത ഒരമ്മ (മത്താ 15:21-28)

ഒരു ജാതിയെയോ വർഗ്ഗത്തെയോ രക്ഷിക്കാൻ വേണ്ടി മാത്രം വന്നവനല്ല നീ, നിന്റെ നന്മ എല്ലാവരുടെയും അവകാശമാണ്...

ആണ്ടുവട്ടത്തിലെ ഇരുപതാം ഞായർ

ഒരു വിജാതിയ സ്ത്രീ. അവൾ അമ്മയാണ്. അപ്പക്കഷണങ്ങളെങ്കിലും എന്നാഗ്രഹിച്ചുകൊണ്ട് യേശുവിന്റെ പിന്നാലെ നടക്കുകയാണവൾ. തന്റെ മകൾക്കു വേണ്ടിയാണ് ഇതെല്ലാം. മക്കൾക്കുള്ളത് നായ്ക്കൾക്ക് നൽകുന്നത് ഉചിതമല്ല എന്ന യേശുവിന്റെ നിരുത്സാഹപ്പെടുത്തുന്ന മറുപടിയുടെ മുന്നിൽ തോൽക്കുന്നില്ലവൾ. ബുദ്ധിമതി. ആർക്കും ഇഷ്ടം തോന്നുന്ന ഒരു കഥാപാത്രം. അവൾക്ക് സുവിശേഷകൻ പേര് നൽകുന്നില്ല. അടിച്ചമർത്തപ്പെട്ട, മാറ്റിനിർത്തപ്പെട്ട എല്ലാ സ്ത്രീകളുടെയും പേര് അവൾക്ക് ചാർത്താവുന്നതാണ്.

ക്രിസ്തുവും ഈ അമ്മയും തമ്മിലുള്ള സംഭാഷണം നോക്കുക. ആരുടെയും മുൻപിൽ തല ഉയർത്തി നിന്നു വാദിക്കുന്ന ക്രിസ്തു ചില അമ്മമാരുടെ മുമ്പിൽ പതറുന്നത് സുവിശേഷത്തിലെ ചില താളുകളിൽ കാണാവുന്നതാണ്. കാനാൻകാരിയായ ഈ അമ്മ അവന്റെ മനോഭാവത്തെ മാറ്റുകയാണ്. പറയാതെ തന്നെ പലതും അവൾ അവനെ പഠിപ്പിക്കുന്നു. നന്മകൾ സ്വന്തം ജാതിയിൽ മാത്രം ഒതുക്കേണ്ടതല്ലെന്നും അതിന്റെ ചക്രവാളം എല്ലാ ഹൃദയങ്ങളിലേക്കും എല്ലാം നൊമ്പരങ്ങളിലേക്കും എത്തേണ്ടതാണ് എന്ന് വാശി പിടിക്കുന്നു അവൾ. വിശപ്പിനു വേദനയ്ക്കും വർഗ്ഗ-വർണ്ണ വ്യത്യാസമില്ലെന്നും അമ്മമാരുടെ സ്നേഹത്തിന് ജാതിയും മതവുമില്ലെന്നും ഒറ്റ ഉത്തരത്തിലൂടെ ലോകത്തിനെ പഠിപ്പിച്ച മഹതിയാണ് കാനാൻകാരിയായ ഈ സ്ത്രീ. ഒരു കാര്യം കൂടി അവൾ യേശുവിനോട് പറയാതെ പറയുന്നുണ്ട്: ഒരു ജാതിയെയോ വർഗ്ഗത്തെയോ രക്ഷിക്കാൻ വേണ്ടി മാത്രം വന്നവനല്ല നീ, നിന്റെ നന്മ എല്ലാവരുടെയും അവകാശമാണ്.

കാനാൻകാരിയായ ആ അമ്മ നിരന്തരം യേശുവിന്റെ പിന്നാലെ നടന്നു കരഞ്ഞ് അപേക്ഷിക്കുകയാണ്. അത് കണ്ടിട്ട് ശിഷ്യൻമാർക്ക് പോലും അലിവു തോന്നുന്നു. അവർ പറയുന്നുണ്ട്: “അവളെ പറഞ്ഞയച്ചാലും; അവൾ നമ്മുടെ പിന്നാലെ വന്നു നിലവിളിക്കുന്നല്ലേ” (v.23). പക്ഷേ അസാധാരണമാണ് യേശുവിന്റെ മറുപടി. സ്വയം ഒരു രാഷ്ട്രത്തിലേക്കും മതത്തിലേക്കും സംസ്കാരത്തിലേക്കും മാത്രം ഒതുങ്ങി പോകുന്ന തരത്തിലുള്ള മറുപടിയായിരുന്നു അവന്റേത്. പക്ഷേ അവൾ പിന്മാറാൻ തയ്യാറാകുന്നില്ല. അവൾ അവനെ പ്രണമിച്ചു കൊണ്ട് അപേക്ഷിക്കുന്നു: “കർത്താവേ, എന്നെ സഹായിക്കണമേ” (v. 25). പക്ഷേ അവനിൽ നിന്നും വന്നത് ഒരിക്കലും പ്രതീക്ഷിക്കാത്ത വാക്കുകളാണ്: “മക്കളുടെ അപ്പമെടുത്ത് നായ്ക്കൾക്ക് എറിഞ്ഞു കൊടുക്കുന്നതു ഉചിതമല്ല”(v.26). തീർത്തും വർഗ്ഗീയമാണീ വാക്കുകൾ. ദൈവപുത്രനിൽ നിന്നും ഒരിക്കലും വരാൻ പാടില്ലാത്ത വാക്കുകളാണിവകൾ. യഹൂദർ വിജാതിയരെ “നായ്ക്കൾ” എന്ന് വിളിച്ചിരുന്നത് കൊണ്ട് അതേ കാഴ്ചപ്പാടിലൂടെയാണ് യേശുവും കാര്യങ്ങൾ കാണുന്നത് എന്ന പ്രതീതിയാണ് ഈ മറുപടിയിൽ അടങ്ങിയിരിക്കുന്നത്. അപ്പോഴും ആ അമ്മയുടെ മറുപടി തീർത്തും ബുദ്ധിപരമാണ്. ആവശ്യക്കാരന്റെ ഔചിത്യം എന്ന തന്ത്രം അവളുടെ മറുപടിയിലുണ്ട്. അവൾ പറയുന്നു: “അതേ, കർത്താവേ, നായ്ക്കളും യജമാനന്മാരുടെ മേശയിൽ നിന്നും വീഴുന്ന അപ്പക്കഷണങ്ങൾ തിന്നുന്നുണ്ടല്ലോ” (v.27). ഇതാണ് ഈ സുവിശേഷ ഭാഗത്തിന്റെ ട്വിസ്റ്റ്. ക്രിസ്തുവിന് പോലും വെളിച്ചം പകർന്ന മറുപടിയാണിത്. ദൈവരാജ്യത്തിൽ മക്കളെന്നോ മനുഷ്യനെന്നോ മൃഗങ്ങളെന്നോ വ്യത്യാസമില്ല; അടങ്ങാത്ത നൊമ്പരങ്ങളെ ശമിപ്പിക്കുകയെന്നത് മാത്രമാണ് ഏറ്റവും പ്രധാനം.

“സ്ത്രീയെ, നിന്റെ വിശ്വാസം വലുതാണ്” (v.28). നോക്കുക, വിജാതിയായ ഒരു സ്ത്രീയെ കുറിച്ചാണ് ഇങ്ങനെ പറയുന്നത്. ദേവാലയത്തിൽ പോകാത്തവൾ, വിശുദ്ധ ഗ്രന്ഥത്തിലെ ഒരു താളു പോലും വായിക്കാത്തവൾ, മറ്റു ദേവന്മാരോട് പ്രാർത്ഥിക്കുന്നവൾ… പക്ഷേ യേശുവിനെ സംബന്ധിച്ച് വലിയ വിശ്വാസമുള്ള സ്ത്രീയാണവൾ. അവളുടെ വിശ്വാസം വലുതാണെന്നാണ് യേശു പറയുന്നത്. എന്താണ് അവളുടെ വിശ്വാസത്തെ വലുതാക്കുന്നത്? ദൈവം മക്കളെന്നോ മൃഗമെന്നോ വ്യത്യാസം കാണിക്കുന്നില്ലെന്നും, ഓരോ കുഞ്ഞിന്റേയും സഹനത്തെ തന്റേതായി കരുതുന്നവനാണെന്നും, മതമെന്ന ചട്ടക്കൂടിനേക്കാൾ ഉപരി മനുഷ്യരുടെ നൊമ്പരങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്നവനാണെന്ന ബോധ്യമാണ് ആ സ്ത്രീയുടെ വിശ്വാസത്തെ വലുതാക്കുന്നത്. അവൾക്ക് മതബോധന ഗ്രന്ഥങ്ങളിലെ വിശ്വാസമറിയില്ല. പക്ഷേ വേദനിക്കുന്ന ഒരു അമ്മയുടെ വിശ്വാസം അവളുടെ ഉള്ളിലുണ്ട്. ബാഹ്യപരതയിൽ നിന്നല്ല അവൾ ദൈവത്തെ അറിഞ്ഞത്. ഒരമ്മയുടെ മാത്രമായ ആന്തരികമായ തുടിപ്പിൽ നിന്നാണ് അവൾ അവനെ അറിഞ്ഞത്. അവർക്കറിയാം എല്ലാ അമ്മമാരെപോലെ തന്റെ ശരീരത്തിന്റെ ശരീരമായ മക്കളുടെ ക്ഷേമവും സൗഖ്യവും മാത്രമാണ് ദൈവത്തിന്റെയും സന്തോഷമെന്ന്.

ആ അമ്മയോടുള്ള യേശുവിന്റെ അവസാനത്തെ വാക്കാണ് ഏറ്റവും സുന്ദരം: “നീ ആഗ്രഹിക്കുന്നതുപോലെ നിനക്ക് ഭവിക്കട്ടെ”(v.28). അവന്റെ കൽപ്പനയിൽ അവളുടെ ആഗ്രഹം നിറയുന്നു. നമ്മൾ ആഗ്രഹിക്കുന്നതും ദൈവം കൽപ്പിക്കുന്നതും ഒന്നായിരുന്നെങ്കിൽ! അതാണ് യഥാർത്ഥമായ ആത്മീയ ജീവിതം.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker