Kerala

3 മണിക്കൂർ 27.5 ലക്ഷം രൂപ; വിദേശത്ത് നിന്നല്ല, കടവന്ത്ര പ്രദേശവാസികൾ നൽകിയത്

ലക്‌ഷ്യം ഒന്ന് മാത്രം റിൻസൺ എന്ന യുവാവിന് വേണ്ടി 10 ലക്ഷം രൂപ സ്വരൂപിക്കണം...

സ്വന്തം ലേഖകൻ

എറണാകുളം: 3 മണിക്കൂർ കൊണ്ട് കടവന്ത്ര പ്രദേശവാസികൾ നൽകിയത് 27.5 ലക്ഷം രൂപയാണ്. റിൻസൺ എന്നു പേരുള്ള ഒരു യുവാവിന് കിഡ്നി തകരാറുണ്ടായപ്പോൾ ചികിൽസാ സഹായത്തിന് കടവന്ത്ര പള്ളി തെരഞ്ഞെടുത്തരീതിയും വ്യത്യസ്തമായിരുന്നു. “മോഡേൺ നൻമരങ്ങ”ളെപ്പോലെ വിദേശത്തുനിന്ന് കള്ളപ്പണം വെളുപ്പിക്കൽ രീതിയല്ല കടവന്ത്ര സെന്റ് ജോസഫ് ഇടവക തെരെഞ്ഞെടുത്തത്. ഒരിടവക എങ്ങനെ ഒരു നാടിന്റെ മുഖമായി മാറുന്നു എന്നുകൂടി കാണിക്കുകയാണ് ഈ സഹായ രീതി.

ഇടവകാതിർത്തിയിലുള്ള നാനാജാതി മതസ്ഥരെയും, വിവിധ രാഷ്ട്രീയ പ്രവർത്തകരെയും, റസിഡൻസ് അസോസിയേഷനുകളെയും ഒരുമിപ്പിച്ച് ഒരു ജനകീയ സമിതിയുണ്ടാക്കുകയായിരുന്നു ആദ്യഘട്ടം. CPM എന്നോ കോൺഗ്രസെന്നോ വ്യത്യാസമില്ലാതെ, ഹൈന്ദവനെന്നോ ക്രിസ്ത്യാനിയെന്നോ ഇസ്ലാമെന്നോ വ്യത്യാസമില്ലാതെ, സകലരും ഈ ഉദ്യമത്തിൽ പങ്കളികളാവുകയായിരുന്നു. തുടർന്ന്, MLA രക്ഷാധികാരിയും, ഇടവക വികാരി കൺവീനറുമായാണ് സമിതി രൂപീകരിക്കപ്പെട്ടത്. റസിഡൻസ് അസോസിയേഷനുകളും, ക്ളബുകളുമടക്കം സകലരും ഒരു കുടക്കീഴിൽ അണി നിരന്നു. ഈ സമിതിയുടെ കീഴിൽ വിവിധ ഇടങ്ങളിലായി 17 ലോക്കൽ കമ്മിറ്റികൾ.

ലക്‌ഷ്യം ഒന്ന് മാത്രം റിൻസൺ എന്ന യുവാവിന് വേണ്ടി 10 ലക്ഷം രൂപ സ്വരൂപിക്കണം. ഇനി അഥവാ അധികം തുകയുണ്ടായാൽ ആ പ്രദേശത്തെ അർഹതപ്പെട്ട ഏതൊരാളുടെയും ചികിൽസക്കായി ഉപയോഗിക്കുമെന്ന തീരുമാനത്തോടെ വ്യക്തമായ പദ്ധതികളാണ് രൂപീകരിക്കപ്പെട്ടത്. തുടർന്ന്, വികാരിയച്ചനും കൗൺസിലറും റിൻസന്റെ പിതാവും ചേർന്ന ഒരു സംയുക്ത ബാങ്ക് അക്കൗണ്ട് തുടങ്ങി.

ആഗസ്റ്റ് 16-ന് രാവിലെ 9 മണി മുതൽ 12 മണി വരെ മാത്രം വീടുകൾ സന്ദർശിച്ച് സംഭാവനകൾ സ്വീകരിക്കാനായിരുന്നു തീരുമാനം. ആ മൂന്നു മണിക്കൂർ കൊണ്ട് പ്രദേശവാസികൾ കാരുണ്യത്തിന്റെ മടിശീലകൾ തുറന്നപ്പോൾ അക്കൗണ്ടിലേക്കൊഴുകി എത്തിയത് 27.5 ലക്ഷം രൂപയായിരുന്നു.

പിരിച്ചെടുത്ത പണത്തേക്കാളുപരിയായി അതു സംഘടിപ്പിച്ച രീതിയാണ് ശ്രദ്ധേയം. ഒരിടവക എങ്ങിനെ ആ നാടിന്റെ മുഖമാകുന്നു എന്നതിന്റെ ഉത്തമ ദൃഷ്ടാന്തം. ഒരു വികാരിയച്ചനിൽ ജാതി-മത ഭേദമെന്യേ പ്രദേശവാസികൾ മുഴുവൻ വിശ്വാസമർപ്പിക്കുന്നു എന്നത് ഈ കാലഘട്ടത്തിൽ ഏറെ പ്രസക്തമാണ്, ഏറെ പ്രത്യേകിച്ച് കത്തോലിക്കാ സഭയെ വീണുകിട്ടുന്ന അവസരങ്ങളിലെല്ലാം അപകീർത്തിപ്പെടുത്തി വികൃതമാക്കാൻ ഒരു വലിയ സംഘടിത കൂട്ടം തന്നെ നിലവിലുള്ളപ്പോൾ.

പുരോഹിതന്റെ മൂല്യം അവൻ പുലർത്തുന്ന ധാർമികതയിലും, സത്യസന്ധതയിലും, സുതാര്യതയിലും മാത്രമാണെന്ന് ഒരിക്കൽക്കൂടി വ്യക്തമാക്കുന്ന സംഭവം. സ്വന്തം സമുദായത്തിലൊതുങ്ങിത്തീരേണ്ടവനല്ല ക്രിസ്ത്യാനി, മറിച്ച് അപരനിലയ്ക്കും ലയിച്ചു ചേരേണ്ടവനാണെന്ന ഓർമ്മപ്പെടുത്തലാണീ സംഭവം. കടവന്ത്ര സെന്റ് ജോസഫ് പള്ളി വികാരി ഫാ.ബെന്നി മാരാംപറമ്പിൽ കാണിച്ചുതരുന്ന മാതൃകയും അതുതന്നെയാണ്.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker