Meditation

21st Sunday Ordinary Time_Year A_ഞാൻ നിനക്കാരാണ്? (മത്താ.16:13-20)

നീ ജീവനാണെന്നാണ് പത്രോസ് പ്രഖ്യാപിക്കുന്നത്...

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ

സൗഹൃദ നിമിഷത്തിലെ ഒരു വിശ്രമവേളയിലാണ് യേശു ആ ചോദ്യം ചോദിക്കുന്നത്: “മനുഷ്യപുത്രൻ ആരെന്നാണ് ജനങ്ങൾ പറയുന്നത്?” (v.13). ഉപമകളിലൂടെ ജനങ്ങളോട് സംസാരിച്ചിരുന്നവന്റെ ചോദ്യമാണിത്. ശിഷ്യരോടാണ് ചോദിക്കുന്നത്. അവനറിയാൻ ആഗ്രഹിക്കുന്നത് തന്നെക്കുറിച്ചുള്ള ജനങ്ങളുടെ അഭിപ്രായമാണ്. വ്യത്യസ്തമാണ് ജനങ്ങൾക്ക് അവനെ കുറിച്ചുള്ള കാഴ്ചപ്പാട്. അതെല്ലാം മനോഹരവുമാണ്. പക്ഷേ പൂർണ്ണമായും ശരിയല്ല താനും. അവരെ സംബന്ധിച്ച് അവനൊരു പ്രവാചകൻ മാത്രമാണ്; ഏലിയായെ പോലെ, സ്നാപകനെ പോലെ ദൈവത്തിന്റെ കനലും പേറി നടക്കുന്നവൻ, ദൈവത്തിന്റെ നാവു നിസ്സ്വരുടെ സ്വരവുമായി ജീവിച്ച ഏതെങ്കിലുമൊരു പ്രവാചകന്റെ പുനരവതാരം.

ജനങ്ങളുടെ അഭിപ്രായം കൊള്ളാം, നല്ലത് തന്നെ. “പക്ഷേ ഞാൻ ആരെന്നാണ് നിങ്ങൾ പറയുന്നത്?” (v.15). നേർചോദ്യമാണിത്. ഒരു “പക്ഷെ”യിൽ നിന്നുമാണ് ചോദ്യം തുടങ്ങുന്നത്. അതൊരു വിപരീത ധ്വനിയുള്ള “പക്ഷെ” ആണ്. അതുകൊണ്ട് ജനങ്ങളുടെ അഭിപ്രായത്തിനോട് ചേർന്നുനിൽക്കുന്ന ഒരു മറുപടി യേശു പ്രതീക്ഷിക്കുന്നില്ല. കേട്ടുകേൾവിയിൽ നിന്നുള്ള ഒരു ഉത്തരം അവനു വേണ്ട. ചോദ്യം വളരെ വ്യക്തിപരമാണ്. വഞ്ചിയും വലയുമെല്ലാം ഉപേക്ഷിച്ച് അവനോടൊത്ത് സഹവസിക്കുകയും സഞ്ചരിക്കുകയും അവന്റെ സ്വപ്നങ്ങളിൽ പങ്കുചേരുകയും ചെയ്തവരോടാണ് ചോദ്യമെന്നും ഓർക്കണം. അവൻ അങ്ങനെയാണ്, സ്വത്വത്തെ സ്പർശിക്കുന്ന തരത്തിലെ ചോദ്യങ്ങൾ ചോദിക്കൂ. അങ്ങനെയാകുമ്പോഴെ ജീവിതത്തെക്കുറിച്ച് ദാർശനികവും കാവ്യാത്മകമായ ചില ഉത്തരങ്ങൾ നമ്മുടെ നാവിൽ വിരിയൂ.

വിശ്വാസത്തിന്റെ ഹൃദയസ്പന്ദനമാണീ ചോദ്യം. ഞാനാരാണ് നിനക്ക്? മറുപടിയായി താത്വികമായ അവലോകനങ്ങളോ എണ്ണി പെറുക്കിയ ചില പദങ്ങളോ ഉപയോഗിക്കാമെന്നു കരുതേണ്ട. വിളക്കിച്ചേർത്ത പാരസ്പര്യത്തിന്റെ കണ്ണികൾ ചോദ്യത്തിനകത്ത് ഉത്തരമായി കിടക്കുന്നുണ്ട് എന്നോർക്കണം. അതുകൊണ്ട് ബന്ധത്തെ തൊടുന്ന തരത്തിലുള്ള മറുപടിയെ പറയുവാൻ സാധിക്കു. നിർവചനങ്ങളല്ല നിർദോഷമായ ബന്ധത്തിന്റെ കഥയാണവനു വേണ്ടത്.

“എന്നെ കണ്ടതിനുശേഷം നിനക്കെന്തു സംഭവിച്ചു?” “ഞാൻ നിനക്കാരാണ്?” പ്രണയിനികളുടെയിടയിലെ ഇങ്ങനെയുള്ള ചോദ്യങ്ങളുണ്ടാകൂ. കടന്നുപോയ പ്രവാചകനെക്കാളും ഗുരുക്കന്മാരെക്കാളും താൻ കേമനാണെന്ന മറുപടിക്ക് വേണ്ടിയല്ല യേശു ഇങ്ങനെയൊരു ചോദ്യം ഉന്നയിക്കുന്നത്. തന്റെ പ്രിയ ശിഷ്യരുടെയുള്ളിലെ സ്നേഹത്തിന്റെ മാധുര്യമനുഭവിക്കുന്നതിനു വേണ്ടിയാണ്. നീ ആരെയെങ്കിലും സ്നേഹിക്കുന്നുണ്ടോ, എങ്കിൽ അവൻ/അവൾ നിന്റെ ഉള്ളിൽ വസിക്കണം. നിന്റെ ഉള്ളിൽ വസിക്കുന്നുണ്ടെങ്കിൽ മാത്രമേ അവന്/അവൾക്ക് അസ്തിത്വമുള്ളൂ. അത് സ്നേഹത്തിന്റെ ജീവശാസ്ത്രമാണ്. ഉള്ളിൽ വസിക്കുന്നവരെ മാത്രമേ പൂർണ്ണമായി സ്നേഹിക്കാൻ സാധിക്കൂ. അപ്പോഴും ഓർക്കുക, നമ്മുടെ ഹൃദയത്തെ നമ്മൾ സ്നേഹിക്കുന്നവരെ വളർത്തി വലുതാക്കുന്ന ഞാറ്റുകണ്ടമായും അവരെ സംസ്കരിക്കുന്ന ശവകുടീരമാക്കാനും സാധിക്കും. സ്നേഹമുണ്ടെങ്കിൽ ഹൃദയത്തെ ഒരു വാസസ്ഥലമാക്കാം. സ്നേഹമില്ലെങ്കിലോ, ഒരു സെമിത്തേരിയും. അതുപോലെതന്നെ ഹൃദയത്തിൽ സ്ഥാനമില്ലാതെ വാക്കുകളിൽ വ്യക്തികളെ സന്നിവേശിപ്പിക്കാൻ ആർക്കും സാധിക്കും. പക്ഷേ ക്രിസ്തു ആഗ്രഹിക്കുന്നത് അങ്ങനെയുള്ളൊരു മറുപടിയല്ല.

“നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്‌തുവാണ്‌” (v.16). ശിമയോൻ പത്രോസാണ് മറുപടി പറയുന്നത്. രണ്ടു തലങ്ങളുണ്ട് ഈ മറുപടിക്ക്. ഒന്ന്, നീ മിശിഹായാണ്; ചരിത്രത്തെ ചലിപ്പിക്കുന്ന ദൈവത്തിന്റെ മിശിഹാ. രണ്ട്, നീ ജീവനുള്ള ദൈവത്തിന്റെ പുത്രനാണ്. പുത്രൻ എന്നത് ബൈബിളിൽ ഒരു സാങ്കേതിക പദമാണ്. പിതാവ് എന്ത് ചെയ്യുന്നുവോ അത് ചെയ്യുന്നവനാണ് പുത്രൻ. പിതാവിന്റെ തനിസ്വരൂപം. പിതാവിന്റെ ജീവന്റെ വലിപ്പം കൂട്ടുന്നവനവൻ. നീ ജീവനുള്ള ദൈവത്തിന്റെ പുത്രനാണെന്ന് പ്രഖ്യാപിക്കുമ്പോൾ നീ ജീവനുള്ള ദൈവമാണെന്ന് വിവക്ഷിതമാകുന്നുണ്ട്. മറ്റൊരു രീതിയിൽ പറഞ്ഞാൽ നീ ജീവനാണെന്നാണ് പത്രോസ് പ്രഖ്യാപിക്കുന്നത്. സ്നേഹമുള്ള ഹൃദയത്തിൽനിന്നേ ഇങ്ങനെയുള്ള വാക്കുകൾ പുറത്തേക്കൊഴുകു.

– “ഞാൻ നിനക്കാരാണ്?”
– “നീ എന്റെ ജീവനാണ്”.
– “നിനക്ക് എന്നോടുള്ള സ്നേഹം പാറപോലെ ശക്തമാണല്ലോ. ആ സ്നേഹത്തിനു മേൽ ഞാനെന്റെ സഭ സ്ഥാപിക്കും”

സ്നേഹിക്കുന്നവനെ നശിപ്പിക്കാൻ ആർക്കും സാധിക്കില്ല. അതുകൊണ്ടാണ് ഗുരു ശിമയോനെ പാറ എന്ന് വിളിക്കുന്നത്. ശിമയോന്റെ സ്നേഹം പാറപോലെ ശക്തമാണ്. ആ സ്നേഹത്തിൻ മേലാണ് യേശു തന്റെ സഭ സ്ഥാപിച്ചിരിക്കുന്നത്. ചരിത്രം പറയുന്നുണ്ട് പത്രോസ് പിന്നീട് ദൗർബല്യത്തിന്റെയും വീഴ്ചകളുടെയും വഴികളിലൂടെ നടന്നു നീങ്ങി എന്ന കാര്യവും. അപ്പോഴും ക്രിസ്തുവിനോടുള്ള അവന്റെ സ്നേഹം അചഞ്ചലം തന്നെയായിരുന്നു. അതുകൊണ്ടുതന്നെ സുവിശേഷം ഒരു സത്യം നമ്മോട് പറയുന്നുണ്ട്. ക്രിസ്തുവിനോടുള്ള സ്നേഹം ഉള്ളിലുള്ള കാലം വരെ സഭയെന്ന അവന്റെ സാന്നിധ്യം തകരുകയില്ല. നരകകവാടങ്ങൾ അതിനെതിരേ പ്രബലപ്പെടുകയുമില്ല.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker