Kerala

മരിയ ഷഹബാസിന് ഐക്യദാർഢ്യവുമായി കെ.സി.ബി.സി. ഐക്യജാഗ്രതാ കമ്മീഷന്റെ പത്രക്കുറിപ്പ്; കേരളവും ജാഗ്രത കാണിക്കണമെന്ന് ആവശ്യം

മനുഷ്യാവകാശ സംഘടനകളുടെ നിലപാടുകളും, അന്താരാഷ്ട്ര മാധ്യമങ്ങളുടെ നിശബ്ദതയും പ്രതിഷേധാർഹം...

ജോസ് മാർട്ടിൻ

കൊച്ചി: മരിയ ഷഹബാസിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് കെ.സി.ബി.സി. ഐക്യജാഗ്രതാ കമ്മീഷൻ പുറത്തിറക്കിയ പത്രക്കുറിപ്പിൽ, കേരളത്തോട് ജാഗ്രതയോടെ മുന്നോട്ട് പോകുവാനും നിർദേശം. കേവലം 14 വയസ് മാത്രം പ്രായമുള്ള പെൺകുട്ടിയോട് പാക്കിസ്ഥാൻ കോടതി കാണിച്ച കടുത്ത അനീതിക്കെതിരെ ലോകമെങ്ങും പ്രതിഷേധസ്വരം അലയടിക്കുമ്പോഴും, ഒന്നും സംഭവിക്കാത്തപോലെയുള്ള പാകിസ്ഥാനിലെ സമീപനവും, മൗനം നടിക്കുന്ന അന്തർദേശീയ മനുഷ്യാവകാശ സംഘടനകളുടെ നിലപാടുകളും, അതിലുപരി അന്താരാഷ്ട്ര മാധ്യമങ്ങളുടെ നിശബ്ദതയും പ്രതിഷേധാർഹമാണെന്ന് പത്രക്കുറിപ്പിൽ പറയുന്നു.

മുസ്ലിം ഭൂരിപക്ഷ മേഖലകളിൽ നിരന്തരം കാണുന്ന യാഥാർഥ്യമാണ് ഇത്തരം അതിക്രമങ്ങളും അനീതികളുമെന്നും, സമാന സ്വഭാവമുള്ള സംഭവങ്ങൾ പ്രണയക്കെണികളുടെ രൂപത്തിൽ കേരളത്തിലും സംഭവിക്കുന്നുണ്ടെന്ന യാഥാർഥ്യം ജാഗ്രതയോടെ നാം പരിഗണിക്കണമെന്നും കെ.സി.ബി.സി. ഐക്യജാഗ്രതാ കമ്മീഷൻ പത്രക്കുറിപ്പിൽ വിശദീകരിക്കുന്നു.

പത്രക്കുറിപ്പിന്റെ പൂർണ്ണരൂപം

മരിയ ഷഹബാസുമാർക്കുവേണ്ടി അന്താരാഷ്ട്ര സമൂഹം ഇടപെടണം: കെ.സി.ബി.സി. ഐക്യജാഗ്രതാ കമ്മീഷൻ

കൊച്ചി: മരിയ ഷഹബാസ് എന്ന പാക്കിസ്ഥാനി പെൺകുട്ടിക്ക് നേരിടേണ്ടിവന്ന കടുത്ത അനീതിക്കെതിരെ ലോകമെങ്ങും പ്രതിഷേധസ്വരം അലയടിക്കുംമ്പോഴും നിശബ്ദ തുടരുന്ന പാകിസ്ഥാനിലെ സമീപനവും, ഇടപെടാൻ മടിക്കുന്ന അന്തർദേശീയ മനുഷ്യാവകാശ സംഘടനകളുടെ നിലപാടുകളും, അന്താരാഷ്ട്ര മാധ്യമങ്ങളുടെ നിശബ്ദതയും പ്രതിഷേധാർഹമാണ്. പാക്കിസ്ഥാനിൽ, അന്യമതസ്ഥരായ പെൺകുട്ടികൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾ എണ്ണമറ്റതാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഇത്തരത്തിൽ നിരവധി പെൺകുട്ടികളുടെ വ്യത്യസ്തങ്ങളായ ദുരന്തകഥകൾ ലോകമെമ്പാടും ചർച്ചയായിട്ടും ശക്തമായി പ്രതികരിക്കാൻ ആഗോള മതേതരസമൂഹം തയ്യാറാകാത്തത് അത്യന്തം ഖേദകരമാണ്.

കേവലം 14 വയസ്സ് മാത്രം പ്രായമുള്ള പാക്കിസ്ഥാനി ക്രിസ്ത്യൻ പെൺകുട്ടിയായ മരിയ ഷഹബാസിനെ മൂന്ന് അക്രമികൾ ചേർന്ന് തട്ടിക്കൊണ്ടുപോയത് കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ്. മൂന്ന് മാസക്കാലം തടവിൽ പാർപ്പിച്ചതിനുശേഷം, മാതാപിതാക്കളുടെ പരാതിയെത്തുടർന്ന് അവളെ കോടതിയിൽ ഹാജരാക്കാൻ നിർബന്ധിതരായ അക്രമികൾ, അവൾ പ്രായപൂർത്തിയായെന്നും മതം മാറിയെന്നും, അക്രമികളിലൊരാളെ വിവാഹം ചെയ്തെന്നും മറ്റും സ്ഥാപിക്കുന്ന വ്യാജരേഖകൾ കോടതിക്കു മുൻപിൽ സമർപ്പിക്കുകയായിരുന്നു. തുടർന്ന്, മാതാപിതാക്കളുടെ വാദത്തിനും സത്യത്തിനും തെല്ലും വിലകൽപ്പിക്കാത്ത ലാഹോർ ഹൈക്കോടതി, അവളോട് അക്രമിക്കൊപ്പം പോകാനും ‘നല്ല ഭാര്യ’യായി ജീവിക്കാനും നിർദേശിക്കുകയാണ് ഉണ്ടായത്.

പാക്കിസ്ഥാനിൽ മാത്രമല്ല, കഴിഞ്ഞ ചില നൂറ്റാണ്ടുകൾക്കിടയിൽ മുസ്ലിം രാഷ്ട്രങ്ങളായി മാറിയ നിരവധി രാജ്യങ്ങളിലും മുസ്ലിം ഭൂരിപക്ഷ മേഖലകളിലും ഏറെക്കാലമായി പതിവായി സംഭവിക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള സമാന അതിക്രമങ്ങളിൽ ഒടുവിലത്തേത് മാത്രമാണ് ഈ സംഭവം. ചില ആഴ്ചകൾക്കിടയിൽ സ്നേഹ കിൻസ ഇക്ബാൽ എന്ന പതിനഞ്ചുകാരിയായ മറ്റൊരു പാക്കിസ്ഥാനി ക്രിസ്ത്യൻ പെൺകുട്ടിയേയും തട്ടിക്കൊണ്ടുപോയിരിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. നാല് മക്കളുടെ പിതാവായ ഇസ്ലാം മതവിശ്വാസിയാണ് അതിന് പിന്നിൽ എന്നാണ് ലഭ്യമായ വിവരം. സമാന സ്വഭാവമുള്ള സംഭവങ്ങൾ പ്രണയക്കെണികളുടെ രൂപത്തിൽ കേരളത്തിലും റിപ്പോർട്ട് ചെയ്യപ്പെടുന്നു എന്ന വാസ്തവവും കൂടുതൽ ജാഗ്രതയോടെ നാം പരിഗണിക്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ കേരള കത്തോലിക്കാ സഭയുടെ ആശങ്കകൾ അറിയിക്കുന്നതോടൊപ്പം, കേരളത്തിലെ മതേതരസമൂഹത്തിന്റെയും, ലോകരാഷ്ട്രങ്ങളുടെയും, മനുഷ്യാവകാശ സംഘടനകളുടെയും അടിയന്തര ശ്രദ്ധ ആവശ്യപ്പെടുകയും ചെയ്യുന്നു.

ഫാ.സാജു കുത്തോടി പുത്തൻപുരയിൽ സി.എസ്.റ്റി.
സെക്രട്ടറി, കെ.സി.ബി.സി.
ഐക്യ ജാഗ്രതാ കമ്മീഷൻ സെക്രട്ടറി

ഫാ.ജേക്കബ് ജി.പാലയ്ക്കാപ്പിള്ളി
ഡെപ്യൂട്ടി സെക്രട്ടറി ജനറൽ
ഔദ്യോഗിക വക്താവ്,കെ.സി.ബി.സി.
ഡയറക്ടർ, പി.ഓ.സി.

 

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker