Kazhchayum Ulkkazchayum

സൗന്ദര്യത്തിന്റെ രഹസ്യം

ആന്തരിക സൗന്ദര്യത്തെ തൊട്ടുണർത്തിയപ്പോൾ അത് ബാഹ്യ സൗന്ദര്യത്തിന് വഴിതെളിച്ചു...

സൗന്ദര്യം ആഗ്രഹിക്കാത്തവർ ആരും ഉണ്ടാവുകയില്ല. എന്നാൽ സൗന്ദര്യം ആസ്വദിക്കുന്ന കാര്യത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാവാം. ഓരോരുത്തരുടെയും “സംവേദനക്ഷമതയും”, അഭിരുചികളും, ആഭിമുഖ്യങ്ങളും വ്യത്യാസമായിരിക്കും. ചിലർക്ക് ബാഹ്യാകാരമാണ് സൗന്ദര്യത്തിന്റെ അളവുകോൽ. ഉദാഹരണമായി, ചിലർക്ക് കാർകൂന്തൽ കാലിന്റെ ഉപ്പൂറ്റി വരെ നീളം വേണം!, മറ്റുചിലർക്ക് പരൽമീൻ തുടിക്കുന്ന കണ്ണുകൾ! ,വടിവൊത്ത ശരീരം!, വശീകരണ ശക്തിയുള്ള സംസാരം!, പൊന്നിന്റെ നിറം etc. ഇങ്ങനെ സ്ത്രീ സൗന്ദര്യത്തെ നോക്കിക്കാണുന്ന പുരുഷന്മാർ…! വീതിയേറിയ നെറ്റി, ഉറച്ച ശരീരം, നീണ്ട മൂക്ക്, നിരയൊത്ത പല്ലുകൾ, പൗരുഷ ഭാവം, പ്രസരിപ്പ്, സർഗ്ഗവാസന etc. പുരുഷൻമാരെ കുറിച്ചുള്ള സ്ത്രീകളുടെ ആസ്വാദനം (ഒരു കടലാസെടുത്ത് നിങ്ങളുടെ “സൗന്ദര്യ സങ്കൽപങ്ങൾ” ഒന്ന് കുറിച്ച് വയ്ക്കുന്നത് നന്നായിരിക്കും. 70 വയസ്സ് കഴിഞ്ഞിട്ട് ഒന്നുകൂടെ വായിച്ചു നോക്കാം).

ഇന്ന് വിപണിയിൽ “സൗന്ദര്യ വർദ്ധക” സാധനങ്ങളുടെ നീണ്ടപട്ടിക വിൽപ്പനയ്ക്ക് വച്ചിട്ടുണ്ട്. അതായത് സൗന്ദര്യം വിലകൊടുത്ത് വാങ്ങുന്നവർ ധാരാളമാണ്. സിനിമ, റിയാലിറ്റി ഷോ, ഫാഷൻ ഷോ etc. എല്ലാം എല്ലാം “പരസ്യത്തിന്റെ” പണിപ്പുരകളാണ്. ഏറ്റവും കൂടുതൽ വിറ്റഴിക്കുന്ന സാധനത്തിന്റെ എണ്ണത്തിൽ വസ്ത്രം, സോപ്പ്, സ്വർണ്ണം, സുഗന്ധ ലേപനം etc. മുൻനിരയിലാണ്.

എന്താണ് സൗന്ദര്യം? ബാഹ്യസൗന്ദര്യം എന്നാൽ എന്താണ്? ആന്തരിക സൗന്ദര്യമുണ്ടോ? മനുഷ്യരെ സൗന്ദര്യ സങ്കല്പത്തിൽ തളച്ചിടുന്ന വസ്തുക്കൾ എന്തെല്ലാം? ഇത്തരത്തിലുള്ള ഗഹനങ്ങളായ വിഷയങ്ങളെ വിശകലനം ചെയ്യാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. അക്കാര്യങ്ങൾ നിങ്ങൾക്ക് വിടുന്നു.

ഒരു മിനി കഥയിലേക്ക് നമ്മൾ പ്രവേശിക്കുകയാണ്. വനമധ്യത്തിലുള്ള ഒരു ആൽമരച്ചുവട്ടിൽ വിലപിടിപ്പുള്ള സ്വർണ്ണവും വസ്ത്രവും ധരിച്ച ഒരു “ചെറുപ്പക്കാരി” ഇരിക്കുന്നത് “വൃദ്ധ”യുടെ ശ്രദ്ധയിൽപ്പെട്ടു. അവൾ ദുഃഖിതയാണെന്നും, കവിളിലൂടെ കണ്ണുനീർ ഒഴുകിയ അടയാളം ഉണ്ടെന്നും വൃദ്ധ ശ്രദ്ധിച്ചു. ഊം… എന്ത് പറ്റി? ഒറ്റയ്ക്കിരുന്ന് കരയാൻ മാത്രം എന്തുണ്ടായി? നീ ചെറുപ്പമാണ് വളരെ ശ്രദ്ധിക്കണം. പ്രത്യേകിച്ച് ഒരു പെൺകുട്ടി…! കാട്ടിൽ വന്യമൃഗങ്ങൾ ഉണ്ട്… പിന്നെ നാട്ടിൽ നിന്നുള്ള “ഇരുകാലി മൃഗങ്ങളും” ഈ വഴി കടന്നു പോകാറുണ്ട്…! പെൺകുട്ടിക്ക് ആ വൃദ്ധയോട് ഒരു ഇഷ്ടം തോന്നി. അവൾ തന്നെ അലട്ടുന്ന പ്രശ്നം മുത്തശ്ശിയോട് പങ്കുവച്ചു.

ഞാൻ രാജകുമാരിയാണ്. സൗന്ദര്യം ഇല്ലാത്തതിന്റെ പേരിൽ വിവാഹം നടക്കുന്നില്ല. രാജകുമാരിയുടെ മാനസികാവസ്ഥ മുത്തശ്ശി മനസ്സിലാക്കിയിട്ട് പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു: കൊട്ടാരത്തിലേക്ക് മടങ്ങി പോകണം… പോകുന്ന വഴിക്ക് “നിങ്ങളെ കണ്ടുമുട്ടുന്നവരിൽ നിന്ന് സഹായവും ഉപദേശവും സ്വീകരിക്കുക”. അതോടൊപ്പം “നിങ്ങൾ കണ്ടുമുട്ടുന്നവർക്ക് ഉപദേശവും സഹായവും നൽകുക”. വൃദ്ധ നടന്നുനീങ്ങി. വൃദ്ധയുടെ വാക്കുകൾ രാജകുമാരി ഒത്തിരി തവണ മനസ്സിൽ ആവർത്തിച്ചുകൊണ്ട് കൊട്ടാരത്തിലേക്ക് നടന്നു.

തിരക്കുള്ള റോഡിന്റെ അരികുപറ്റി അന്ധനായ ഒരു ബാലൻ നിൽക്കുന്നു. അവൻ കാൽപെരുമാറ്റം കേട്ട് പറഞ്ഞു: “ഞാൻ അന്ധനാണ്, എന്നെ റോഡിന്റെ മറുവശം എത്തിച്ചാൽ ഉപകാരമായിരിക്കും”. മുത്തശ്ശിയുടെ വാക്കുകൾ ഓർത്തു. സന്തോഷത്തോടെ ബാലന്റെ കൈയ്ക്കു പിടിച്ച് റോഡ് മുറിച്ച് കടത്തിവിട്ടു. കുറച്ചു ദൂരം മുന്നോട്ടു നടന്നപ്പോൾ, രണ്ട് കൈകളിലും കൈപ്പത്തി ഇല്ലാത്ത ഒരു ഭിക്ഷക്കാരനെ കണ്ടു. അയാൾ ഇരുകൈകളും മുന്നോട്ടു നീട്ടി. രാജകുമാരി തന്റെ കൈകളിൽ കിടന്ന രണ്ട് സ്വർണ്ണവളകൾ അയാൾക്ക് നൽകി. ആ ഭിക്ഷക്കാരന്റെ മുഖത്ത് തെളിഞ്ഞ പുഞ്ചിരി ഒരു പ്രകാശ കിരണം പോലെ തന്റെ മുഖത്ത് പതിക്കുന്നതായി രാജകുമാരിക്ക് തോന്നി. അല്പ ദൂരം മുന്നോട്ടു നീങ്ങിയപ്പോൾ ഒരു വൃദ്ധ കൂനിക്കൂടി റോഡരികിലെ “ബദാം”മരത്തിന്റെ ചുവട്ടിൽ ഇരിക്കുന്നത് കണ്ടു. അവരുടെ കണ്ണുകളിൽ വിശപ്പും, ദാഹവും, ക്ഷീണവും രാജകുമാരി കണ്ടു. അവർക്ക് ഒരു സഹായം നൽകാൻ ഉറച്ച രാജകുമാരി, അവരുടെ കൈകളിൽ പിടിച്ച് എഴുന്നേൽപ്പിച്ചു. അതെ… അതെ… വനമധ്യത്തിൽ വച്ച് തന്നെ ഉപദേശിച്ച മുത്തശ്ശി… മുത്തശ്ശിയുടെ ചുണ്ടിലൊരു മന്ദഹാസം… കയ്യിലിരുന്ന ഒരു കണ്ണാടി രാജകുമാരിക്ക് കൊടുത്തിട്ട് ഒന്നും ഉരിയാടാതെ മുത്തശ്ശി നടന്നുനീങ്ങി. രാജകുമാരി കണ്ണാടി വാങ്ങി. നോക്കിയപ്പോൾ അത്ഭുതപ്പെട്ടുപോയി. തന്റെ കണ്ണുകൾക്ക് നക്ഷത്രത്തിളക്കം… തലമുടിയും ശരീരവും പൊന്നിനെ നിറം… മുത്തശ്ശിക്ക് നന്ദി പറയാൻ തിരിഞ്ഞുനോക്കിയപ്പോൾ മുത്തശ്ശി നോക്കെത്താ ദൂരത്തേക്ക് നടന്ന് മറയുന്നുണ്ടായിരുന്നു!

അതെ, ആന്തരിക സൗന്ദര്യത്തെ തൊട്ടുണർത്തിയപ്പോൾ അത് ബാഹ്യ സൗന്ദര്യത്തിന് വഴിതെളിച്ചു. യഥാർത്ഥ സൗന്ദര്യം ദർശിക്കേണ്ടത് നമ്മുടെ ഉള്ളിൽ നിന്നാണ്. അതിനാൽ നമ്മുടെ മനോഭാവങ്ങൾക്കും കാഴ്ചപ്പാടുകൾക്കും പുതിയൊരു “മാനം” നാം കണ്ടെത്തണം… ഭാവുകങ്ങൾ… നന്മകൾ…!!!

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker