Kerala

യാക്കോബായസഭാ വിശ്വാസികൾക്ക് കൂദാശ കർമ്മങ്ങൾക്കായി ആവശ്യമെങ്കിൽ ലത്തീൻ കത്തോലിക്കാ ദേവാലയങ്ങളിൽ സൗകര്യമൊരുക്കാം; കേരള ലത്തീൻ കത്തോലിക്കാസഭാ മേലധ്യക്ഷൻ

തിരുവനന്തപുരം യാക്കോബായ മെട്രോപൊളിറ്റന് ട്രസ്റ്റി മാര്‍ ഗ്രിഗോറിയോസിനയച്ച സന്ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്...

ജോസ് മാർട്ടിൻ

കൊച്ചി: യാക്കോബായ വിഭാഗത്തിന് കൂദാശ കർമ്മങ്ങൾ നടത്തുന്നതിന് വേണ്ടി ആവശ്യപ്പെട്ടാൽ ലത്തീൻ സഭയിലെ ദേവാലയങ്ങളിൽ സൗകര്യങ്ങളൊരുക്കി നൽകാമെന്ന് കേരള ലത്തീൻ കത്തോലിക്കാസഭാ മേലധ്യക്ഷൻ ബിഷപ്പ് ഡോ.ജോസഫ് കരിയിൽ. സഹോദര സഭകളായ യാക്കോബായ സഭയും, ഓർത്തഡോക്സ് സഭയും തമ്മിലുള്ള തർക്കത്തിന് ഇന്ത്യയിലെ പരമോന്നത നീതിന്യായ കോടതിയിൽനിന്ന് ഒരു തീരുമാനം വന്നിരിക്കുന്ന സാഹചര്യത്തില്‍ യാക്കോബായ സമൂഹത്തിന് കൂദാശ കർമ്മങ്ങൾ നടത്താൻ ആവശ്യമുള്ള ഇടങ്ങളിൽ ലത്തീൻ സഭയിലെ ദേവാലയങ്ങളിൽ സൗകര്യങ്ങളൊരുക്കാൻ തയ്യാറാണെന്ന് തിരുവനന്തപുരം യാക്കോബായ മെട്രോപൊളിറ്റന് ട്രസ്റ്റി മാര്‍ ഗ്രിഗോറിയോസിനയച്ച സന്ദേശത്തിലാണ് കേരള റീജണല്‍ ലാറ്റിന്‍ കാത്തലിക് ബിഷപ്‌സ് കൗൺസില്‍ അധ്യക്ഷന്‍ ബിഷപ്പ് ഡോ.ജോസഫ് കരിയില്‍ ഇക്കാര്യം വ്യക്തമാക്കിയത്.

കത്തിന്റെ പൂർണ്ണ രൂപം

സഹോദരസഭകളായ യാക്കോബായസഭയും, ഓർത്തഡോക്സ് സഭയും തമ്മിലുള്ള തർക്കത്തിന് ഇന്ത്യയിലെ പരമോന്നത നീതിന്യായ കോടതിയിൽനിന്ന് ഒരു തീരുമാനം വന്നിരിക്കുകയാണ്. നിയമംവഴി അനുവദിച്ചു കിട്ടിയ അവകാശം സ്വന്തമാക്കാൻ ഒരു വശത്ത് നിന്നുള്ള നടപടികളും, ഒരുമിച്ചുവന്നു ആരാധിക്കാൻ സ്വന്തമായി ഇടമി ല്ലാത്തതിന്റെ സങ്കടം മറുവശത്തുമുണ്ട്. മധ്യസ്ഥശ്രമങ്ങൾക്കൊന്നും ഇടമില്ലാത്തതരത്തിലാണ് കാര്യങ്ങളുടെ കിടപ്പ്. എങ്കിലും അനുദിനം ഭൂമിയുടെ മുഖം നവീകരിക്കുന്ന പരിശുദ്ധാത്മാവിൽ വിശ്വസിക്കുന്നവരാണ് ക്രിസ്ത്യാനികൾ എല്ലാവരും. അതിനാൽ, വ്യത്യസ്തരായിരിക്കുമ്പോഴും ഒരുമിച്ചുള്ള ക്രൈസ്തവസാക്ഷ്യത്തിന്റെ സഞ്ചാരപാതയ്ക്കായി പ്രതീക്ഷ വയ്ക്കാനും, പ്രാർത്ഥിക്കാനും നമുക്ക് കടമയുണ്ട്.

“എല്ലാം നിയമാനുസൃതമാണ്, എന്നാൽ എല്ലാം പ്രയോജനകരങ്ങളല്ല. എല്ലാം നിയമാനുസൃതമാണ്, എന്നാൽ എല്ലാം പടുത്തുയർത്തുന്നില്ല (1കോറി.10:23) എന്ന അപ്പോസ്തല വചനം വായിക്കുകയും, ധ്യാനിക്കുകയും ചെയ്യുന്ന നമ്മളെ പുതുവഴികൾ തേടാൻ ആത്മാവ് പ്രചോദിപ്പിക്കട്ടെ.

വ്യത്യസ്തമായ നിലപാടുകൾ സ്വീകരിക്കാൻ ഇരുസഭകൾക്കും അവരുടേതായ അനുഭവങ്ങളും ബോധ്യങ്ങളും ഉണ്ടായിരിക്കാം. ഞങ്ങൾ ആരെയും വിധിക്കുന്നില്ല. തുറന്ന ഒരു സമീപനമാണ് ഞങ്ങൾക്ക് രണ്ട് സഭകളോടുമുള്ളത്. ഇന്നത്തെ ഈ പ്രത്യേക പശ്ചാത്തലത്തിൽ യാക്കോബായാ സമൂഹത്തിന് കൂദാശകർമ്മങ്ങൾ നടത്താൻ ആവശ്യമുള്ളിടങ്ങളിൽ ലത്തീൻ സഭയിലെ ദേവാലയങ്ങളിൽ സൗകര്യമൊരുക്കാൻ തയ്യാറാണെന്ന വിവരവും അറിയിക്കുകയാണ്.

എല്ലാവരുടെമേലും ദൈവാനുഗ്രഹം പ്രാർത്ഥിച്ചുകൊണ്ട്,

ജോസഫ് കരിയിൽ
കേരള ലത്തീൻ കത്തോലിക്കാസഭ
മേലധ്യക്ഷൻ

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker