Meditation

23rd Sunday_Ordinary Time_Year A_ശത്രുവോ സഹോദരനോ? ( മത്താ 18:15-20)

തെറ്റുതിരുത്തലും ക്ഷമ നൽകലുമെല്ലാം രഹസ്യമായി ചെയ്യേണ്ട കാര്യമാണ്...

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ

നിന്റെ സഹോദരന്‍ തെറ്റുചെയ്‌താല്‍ നീയും അവനും മാത്രമായിരിക്കുമ്പോള്‍ ചെന്ന്‌ ആ തെറ്റ്‌ അവനു ബോധ്യപ്പെടുത്തിക്കൊടുക്കുക” (v.15). വഴിതെറ്റിയ ആടിന്റെ ഉപമ പറഞ്ഞതിനുശേഷം യേശു നൽകുന്ന ഉപദേശമാണിത്. ഉപമ അവസാനിക്കുന്നത് സുന്ദരമായ ഒരു വാക്യത്തിലൂടെയാണ്: “ഈ ചെറിയവരില്‍ ഒരുവന്‍ പോലും നശിച്ചുപോകാന്‍ എന്റെ സ്വര്‍ഗസ്‌ഥനായ പിതാവ്‌ ഇഷ്‌ടപ്പെടുന്നില്ല” (v.14). അപ്പോൾ വിഷയം നേടലിനെ കുറിച്ച് തന്നെയാണ്.

ക്ഷമിക്കുക എന്നത് വൈകാരികമായ ഒരു കാര്യമാണോ? അല്ല. ഇന്നലെ പെയ്ത മഴയിൽ കിളിർക്കുന്ന തകര പോലെയല്ല ക്ഷമ. അതൊരു തീരുമാനമാണ്. ആന്തരികമായ ചില സംഘർഷങ്ങളിലൂടെ കടന്നുപോകുന്ന തീരുമാനം. ഒരു തോന്നലിന്റെ പുറത്ത് നമുക്ക് ആരോടും ക്ഷമിക്കാൻ സാധിക്കില്ല. അതുപോലെതന്നെ ക്ഷമിക്കുന്നതിലൂടെ നമ്മെ വേദനിപ്പിച്ചവരെ മാനസാന്തരപ്പെടുത്താനും സാധിക്കില്ല. പക്ഷേ അതിലൂടെ നമുക്ക് നമ്മുടെ തന്നെ നല്ല വശത്തെ തിരിച്ചറിയാൻ സാധിക്കും. ക്ഷമ, അനുരഞ്ജനം, ഒത്തുതീർപ്പ് എന്നീ പുണ്യങ്ങളുടെ പ്രത്യേകത എന്താണെന്ന് അറിയാമോ? അവകൾ തിന്മയുടെ വളർച്ചയെ മുരടിപ്പിക്കും. പ്രത്യേകിച്ച് ബന്ധങ്ങളിൽ ഇത്തിക്കണ്ണി പോലെ പടർന്നു പിടിക്കുന്ന ചില തിന്മകളുടെ വേരുകളെ.

സാഹോദര്യമാണ് സുവിശേഷ പ്രമേയം. ക്ഷമയും പരസ്പരം തിരുത്തലും സാധ്യമാകുക സാഹോദര്യത്തിൽ മാത്രമാണ്. നിന്നെ വേദനിപ്പിച്ചത്, നിന്നോട് തെറ്റ് ചെയ്തത് മറ്റാരുമല്ല നിന്റെ സഹോദരനാണെന്ന ബോധ്യമാണ് അത്യന്തികമായി എപ്പോഴും മനസ്സിലുണ്ടാകേണ്ടത്. ഈയൊരു ബോധ്യമില്ലെങ്കിൽ ക്ഷമിക്കുകയെന്നതും തെറ്റ് തിരുത്തുകയെന്നതും അപ്രാപ്യമായ കാര്യമായിരിക്കും. സഹജനിൽ നിന്നും ലഭിച്ച വേദനയുടെ പശ്ചാത്തലത്തിൽ സാഹോദര്യത്തിന്റെ തന്മാത്രകൾ ഉണ്ടെങ്കിൽ മാത്രമേ യഥാർത്ഥമായ ഒരു പരസ്പര സംഭാഷണം സാധ്യമാകൂ. എന്നോട് തെറ്റ് ചെയ്തത് എന്റെ സഹോദരനാണ്, അപ്പോൾ അനുരഞ്ജനത്തിലേക്കുള്ള ആദ്യ ചുവട് ഞാൻ തന്നെ എടുക്കണം. അവൻ തെറ്റു മനസ്സിലാക്കി എന്നരികിൽ വന്നാൽ ഞാൻ ക്ഷമിക്കാം എന്ന നിലപാടല്ല എനിക്ക് വേണ്ടത്, മറിച്ച് ഞാൻ തന്നെ പോയി അവനെ വ്യക്തിപരമായി കാണണമെന്നാണ് ക്രിസ്തു പറയുന്നത്.

ഓർക്കുക, തെറ്റുതിരുത്തലും, ക്ഷമ നൽകലുമെല്ലാം രഹസ്യമായി ചെയ്യേണ്ട കാര്യമാണ്. കാരണം അതൊരു സ്നേഹ പ്രവർത്തിയാണ്. സ്നേഹം പരസ്യ പ്രകടനം ആഗ്രഹിക്കാത്തത് പോലെയാണ് ക്ഷമയെന്ന പുണ്യവും. അതിന്റെ ലാവണ്യം മുഴുവനും അടങ്ങിയിരിക്കുന്നത് രഹസ്യാത്മകതയിലാണ്. നിന്നെ വേദനിപ്പിച്ചവനിലേക്ക് സൗഹൃദ സംഭാഷണവുമായി ചെല്ലുന്ന നീ സ്വയം ശൂന്യനാകുക മാത്രമല്ല, നിന്നെ എതിരാളിയെന്ന് കരുതുന്ന ആ വ്യക്തിയെ ഒരു സഹോദരനായി നേടുക കൂടിയാണ് ചെയ്യുന്നത്. ഇതാണ് ക്രിസ്തു പഠനങ്ങളുടെ തനിമ. ശത്രുവെന്ന് സ്വയം പ്രതിഷ്ഠിക്കുന്നവരെ പോലും സഹോദരനാക്കി മാറ്റുന്ന യുക്തിയാണത്.

നിന്നെ വേദനിപ്പിച്ചവൻ നിന്റെ സാഹോദര്യത്തിന്റെ ക്ഷണം നിരസിക്കുകയാണെങ്കിൽ അവനെ നേടുവാൻ ഇനിയുമുണ്ട് ചില മാർഗ്ഗങ്ങൾ കൂടി. അവനുമായി സംസാരിക്കാൻ പോകുമ്പോൾ രണ്ടോ മൂന്നോ സാക്ഷികളെയും കൂടെ കൂട്ടാവുന്നതാണ്. എന്നിട്ടും നിന്റെ ശത്രുവായി തന്നെ നിൽക്കുവാനാണ് അവൻ ആഗ്രഹിക്കുന്നതെങ്കിൽ അവനെ നേടുന്നതിനുവേണ്ടി കൂട്ടായ്മയുടെ സഹായം തേടുക. അങ്ങനെ നഷ്ടപ്പെട്ട ഒരു ആടിനെ അന്വേഷിക്കുന്ന ഇടയനെ പോലെ എല്ലാവരും കൂടി ഒന്നിച്ച് നഷ്ടപ്പെടാൻ സാധ്യതയുള്ള അവനെ നേടിയെടുക്കാൻ ശ്രമിക്കുക.

എന്തിനാണ് ഇത്രയും വലിയ പെടാപ്പാട്? അവനെ അവന്റെ വഴിക്ക് വിടാൻ പാടില്ലേ? പോകുന്നെങ്കിൽ പോകട്ടെ. എന്നീ ചോദ്യങ്ങളും യുക്തി വിചാരങ്ങളും വളരെ എളുപ്പമാണ്. പക്ഷേ ക്രിസ്തുവിന് അറിയാവുന്നത് നേടലിന്റെ ശാസ്ത്രമാണ്. ആരെയും നഷ്ടപ്പെടുത്തുന്നതിന്റെ ഒരു ചിന്തയും അവന്റെ പഠനങ്ങളില്ലില്ല. അറിഞ്ഞോ അറിയാതെയോ തിന്മയുടെ വിഷം ഉള്ളിൽ ചെല്ലുമ്പോഴാണ് നമ്മളെല്ലാവരും ആരുടെയെങ്കിലും മുമ്പിൽ സ്വയം ഒരു ശത്രുവായി മാറാറുള്ളത്. അതുപോലെ തന്നെയാണ് മറ്റുള്ളവരും നമ്മുടെ ജീവിതത്തിൽ ഒരു ശത്രുവിന്റെ റോൾ എടുക്കുന്നത്. അങ്ങനെയുള്ള ഒരു റോളും ക്രൈസ്തവ ജീവിതത്തിൽ ഉണ്ടാകരുതെന്നാണ് യേശു ആഗ്രഹിക്കുന്നത്. അതുകൊണ്ടാണ് അവസാനം അവൻ പറയുന്നത് നിന്നെയോ നിന്റെ കൂട്ടുകാരെയോ നിന്റെ കൂട്ടായ്മയെയോ ശ്രവിക്കാതെ തിന്മയുടെ പാതയിലൂടെ സഞ്ചരിക്കാൻ ആഗ്രഹിക്കുന്ന നിന്റെ സഹോദരൻ നിനക്ക് ഒരു വിജാതിയനെപ്പോലെയോ ചുങ്കക്കാരനെപ്പോലെയോ ആയിരിക്കട്ടെ എന്ന്. ഇവിടെയാണ് നമ്മൾ യേശുവിന് വിജാതിയരോടും ചുങ്കക്കാരോടുമുള്ള മനോഭാവം എന്തായിരുന്നു എന്ന് ചോദിക്കേണ്ടത്. അവന് അവരോടുണ്ടായിരുന്നത് കരുണയുടെ മനോഭാവമായിരുന്നു. അതായത് എന്നോട് തെറ്റ് ചെയ്ത സഹോദരനോട്, എന്റെ അനുരഞ്ജനത്തിന്റെ ശ്രമങ്ങളെല്ലാം അവഗണിച്ചവനോട്, എന്നെ ശത്രുവായി കരുതുന്നവനോട് എനിക്കുണ്ടാകേണ്ട മനോഭാവം കരുണ മാത്രമായിരിക്കണം. ഇതാണ് ക്രൈസ്തവ ജീവിതത്തിന്റെ ലാവണ്യം. ആത്മീയ നേതാക്കൾ പോലും വിദ്വേഷത്തിന്റെ വിത്തുകൾ വിതയ്ക്കുകയും, ഒരു കൂട്ടത്തെ അല്ലെങ്കിൽ ഒരു സമൂഹത്തെ ശത്രുവായി പ്രദർശിപ്പിക്കാൻ ഉത്സാഹിക്കുന്ന ഈ സമയത്ത് ഈ വചനഭാഗം ഒന്നുകൂടി മനസ്സിരുത്തി ധ്യാനിക്കുന്നത് നല്ലതായിരിക്കും. എന്നിട്ട് സ്വയം ഒന്ന് ചോദിക്കണം; മറുവശത്ത് ഇരിക്കുന്നത് എന്റെ ശത്രുവാണോ അതോ സഹോദരനാണോ? ഉത്തരം സഹോദരനാണെന്ന് കിട്ടണം. കിട്ടിയിരിക്കണം.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker