Articles

ഓരിയിടുന്ന കത്തോലിക്കാ ബുജികൾ

സഭ അനങ്ങാതെ, മിണ്ടാതെ, നിർജീവമായി കഴിയേണ്ടവളാണെന്നാണ് ഇവരുടെ പക്ഷം...

ഫാ.ജോഷി മയ്യാറ്റിൽ

സോഷ്യൽ മീഡിയയിൽ ബുദ്ധിജീവി ചമയാൻ അവസരം നോക്കി നടക്കുന്ന ചില കത്തോലിക്കരുണ്ട്. അവരിൽ ചില പുരോഹിതർ പോലുമുണ്ട്. ക്രിസ്തു, സഭ, നിത്യത, കൂദാശകൾ, വിശുദ്ധ ഗ്രന്ഥം, പ്രേഷിതത്വം, വിശ്വാസ ജീവിതം, സഭാചരിത്രം, ദരിദ്ര പരിപാലനം, പൗരോഹിത്യം, സന്യാസം, കേരള നവോത്ഥാനവും സഭയും തുടങ്ങി വിശ്വാസികൾക്ക് ഉപകാരപ്രദമായ വിഷയങ്ങളിലൊന്നും ഒരു സംഭാവനയും ഇവരിൽ നിന്നുണ്ടാകാറില്ല. മറിച്ച്, സഭയെയും സഭാനേതാക്കളെയും ആചാര്യന്മാരെയും അവഹേളിക്കാൻ എപ്പോഴാണ് സാധ്യത എന്നതിലാണ് അവരുടെ റിസർച്ച്.

പൊതുവേ സാമൂഹിക വിഷയങ്ങളിലും ഇക്കൂട്ടരെ കാണാറില്ല. കേരളത്തിൽ നാളുകളായി കണ്ടു കൊണ്ടിരിക്കുന്ന കപട മതേതരത്വം വിശകലനം ചെയ്യാനോ യഥാർത്ഥ ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയതകളെ തള്ളിപ്പറയാനോ നിലവിലുള്ള സാമുദായികമായ അസന്തുലിതാവസ്ഥ വെളിച്ചത്തു കൊണ്ടുവരാനോ ന്യൂനപക്ഷാവകാശ ധ്വംസനം ഉയർത്തിക്കാട്ടാനോ രാഷ്ട്രീയമായി ഉരുത്തിരിയുന്ന തീവ്രവാദ കൂട്ടുകെട്ടുകളെയോ മാധ്യമങ്ങളുടെ സിലക്ടിവ് റിപ്പോർട്ടിങ്ങിനെയോ വിമർശിക്കുന്നതിനോ കേരളത്തിലുള്ള ഭീകരവാദികളുടെ സാന്നിധ്യത്തെക്കുറിച്ചുള്ള UN റിപ്പോർട്ട് ഗൗരവത്തിലെടുക്കാനോ മെത്രാന്മാർക്കും വൈദികർക്കും സമർപ്പിതർക്കും സഭാസ്ഥാപനങ്ങൾക്കും എതിരേയുള്ള സംഘടിത ആക്രമണങ്ങളെ ചെറുക്കുന്നതിനോ സെക്ടുകളുടെയോ വ്യാജപ്രബോധകരുടെയോ ആശയഗതികളെ ഖണ്ഡിക്കുന്നതിനോ ശ്രമിക്കാത്ത ഇക്കൂട്ടർ, ഇത്തരം വിഷയങ്ങളിൽ സഭാതലത്തിൽനിന്ന് ആരെങ്കിലും ഇടപെട്ടാൽ അവരെ കൊത്തിപ്പറിക്കാനും സഭയെ പിശാചുബാധിച്ചെന്നും സഭയ്ക്കു ഫോബിയയാണെന്നു മൊക്കെ വച്ചുകാച്ചാനുമായി ഉടൻ രംഗത്തെത്തിയിരിക്കും.

സഭ അനങ്ങാതെ, മിണ്ടാതെ, നിർജീവമായി കഴിയേണ്ടവളാണെന്നാണ് ഇവരുടെ പക്ഷം എന്നു തോന്നുന്നു. സഭയിൽ ചലനാത്മകതയുടെയോ ജീവന്റെയോ പ്രവാചകത്വത്തിന്റെയോ എന്തെങ്കിലും ലക്ഷണം കണ്ടുതുടങ്ങിയാൽ അത്തരം നിർണായക നിമിഷങ്ങളിൽ ഇക്കൂട്ടർ തൂലികയുമായി ചീറിപ്പാഞ്ഞെത്തും. പിന്നെ, തലങ്ങും വിലങ്ങും വെട്ടാണ്. ഇരവാദം, വർഗീയത, സഹജീവിഭയം, സംശയരോഗം, മുസ്ലീം വിരുദ്ധത തുടങ്ങിയ ചില സ്ഥിരം പദപ്രയോഗങ്ങളുടെ കുത്തൊഴുക്കാണ് പിന്നീടങ്ങോട്ട്. മേമ്പൊടിക്ക് ചില പുസ്തകങ്ങളുടെ പേരുകളും മറ്റും അടിച്ചുവിടും.

ചുറ്റുപാടും നടക്കുന്ന കാര്യങ്ങളെക്കുറിച്ച് യാഥാർത്ഥ്യബോധത്തോടെയോ സ്റ്റാറ്റിസ്റ്റിക്സിന്റെ പിൻബലത്തോടെയോ ഉള്ള വിശകലനങ്ങളല്ല അവരുടെ കുറിപ്പുകൾ; മറിച്ച്, കാല്പനികതയുടെ ഓളങ്ങളും സഭാവിരുദ്ധരുടെ ആശയങ്ങളും പുച്ഛത്തിന്റെ ഭാഷയും തിങ്ങിനിറഞ്ഞവയാണ്. സത്യം വിളിച്ചുപറയാനുള്ള ധൈര്യവും ആർജവവും കാണിക്കുന്ന പ്രവാചന്മാരെ നിശ്ശബ്ദരാക്കാൻ എത്ര നീചമായ ഭാഷയും പ്രയോഗിക്കാൻ ഇവർക്കു മടിയില്ല.

പ്രാവുകളെപ്പോലെ നിഷ്കളങ്കരാകാൻ പറയുമ്പോൾത്തന്നെ സർപ്പങ്ങളെപ്പോലെ വിവേകികളാകാനും ക്രിസ്തു നല്കുന്ന ആഹ്വാനം (മത്താ 10,16) ഈ ബുജികൾ കേട്ടിട്ടില്ലെന്നു തോന്നുന്നു. ഇത്തരം ബുജികൾക്കു പറ്റാത്ത പല കാര്യങ്ങളും കുഞ്ഞുങ്ങൾക്കു സാധിക്കാറുണ്ട്. അമേരിക്കയിലെ ഒക്കലോഹോമയിൽ അനേകം ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട് ഒരു കറുത്ത കുർബാന (satanic mass) നടത്താൻ സാത്താൻ ആരാധകർ തയ്യാറായപ്പോൾ അതിനെ ചെറുത്തു തോല്പിച്ചത് ഇത്തരം ബുജികളല്ല, ഒരു കുഞ്ഞാണ്. ആയിരങ്ങൾക്കിരിക്കാവുന്ന ഓഡിറ്റോറിയമാണ് സാത്താൻ ആരാധകർ ഒരുക്കിയത്. പലരും ഇതിനെതിരേ പോലീസിലും കോടതിയിലും പരാതിയുമായി കടന്നു ചെന്നെങ്കിലും, വ്യക്തിസ്വാതന്ത്ര്യത്തിന്റെയും മതസ്വാതന്ത്ര്യത്തിന്റെയും പേരിൽ പരാതിക്കാരെ കോടതി കൈയൊഴിഞ്ഞു. എന്നാൽ ഈ ഹീനമായ കാര്യം കേട്ട ജൂലിയാന ലാസിറ്റൽ എന്ന ഒരു ജൂനിയർ സ്കൂൾ വിദ്യാർത്ഥിനി അവിടത്തെ ടിവി ചാനലിലേക്ക് എഴുതി: “എനിക്കിത് സഹിക്കാൻ പറ്റുന്നില്ല, ഇതൊരു തിന്മയാണ്, പ്രതികരിക്കണം.” ആ രാത്രി കാര്യങ്ങൾ മാറിമറിഞ്ഞു. ജനം ഇളകി. സഭ ഉണർന്നു. മെത്രാന്റെ നേതൃത്വത്തിൽ ഈ തിന്മയ്ക്കെതിരായി നടന്ന ദിവ്യകാരുണ്യ പ്രദക്ഷിണത്തിൽ നൂറു കണക്കിന് ആളുകൾ പങ്കെടുത്തു. ദൈവം അത്ഭുതകരമായി ഇടപെട്ടു. പിറ്റേന്ന് നടന്ന ആ തിന്മയിൽ പങ്കെടുത്തവർ വെറും വിരലിൽ എണ്ണാവുന്നവർ മാത്രമായിരുന്നു.

“ഉചിതമായ സന്ദര്‍ഭങ്ങളില്‍ സംസാരിക്കാതെ പിന്‍വാങ്ങരുത്‌; ജ്‌ഞാനം നീ മറച്ചുവയ്‌ക്കരുത്‌” (പ്രഭാ 4,23). ഗുരുതരമായ പല വിഷയങ്ങളിലും ഇതുവരെ സഭാധികാരികളും ക്രൈസ്തവ നേതാക്കളും പുലർത്തുന്ന നിസ്സംഗതയും നിശ്ശബ്ദതയും സഭയ്ക്കും സമൂഹത്തിനും വലിയ ദോഷങ്ങൾ ഉണ്ടാക്കിക്കഴിഞ്ഞു. ഇനിയും സഭ ഉറങ്ങരുത്. പൊതുനന്മയ്ക്കു വേണ്ടി അവൾ ഉണരണം. ആത്മവിമർശനം നടത്തുന്നതോടൊപ്പം അപ്രിയസത്യങ്ങളും സഭ സംസാരിക്കണം. പക്ഷേ, സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ വിഷയങ്ങൾക്കു വേണ്ടി സഭയുടെ ജിഹ്വയാകേണ്ടത് അല്മായ നേതാക്കളാണെന്നാണ് എന്റെ അഭിപ്രായം. നിലപാടില്ലാത്ത ആത്മീയ-അല്മായ നേതൃത്വങ്ങൾ വിശ്വാസീസമൂഹത്തിന് ഭാരമാണെന്നു പറയാതെ വയ്യാ; ഒപ്പം, കുറുക്കന്മാരുടെ ഓരിയിടലുകൾ അവഗണിക്കുക എന്നും.

Show More

One Comment

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker