World

തെരുവിന്റെ പുരോഹിതന് അഭയാർത്ഥിയുടെ കൈകൊണ്ട് തെരുവിൽ അന്ത്യം

അഭയാർത്ഥികൾക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വച്ച, അവരുടെ ഹൃദയങ്ങളിൽ ഇടം നേടിയ ഒരു മനുഷ്യ സ്നേഹിയായിരുന്നു രക്തസാക്ഷിത്വം വരിച്ച ഫാ.റോബർത്തോ...

സ്വന്തം ലേഖകൻ

ഇറ്റലി: തെരുവിൽ ജീവിക്കുന്നവർക്കുവേണ്ടി ജീവിതം മാറ്റിവെച്ച, തെരുവിന്റെ പുരോഹിതൻ എന്ന് അറിയപ്പെട്ടിരുന്ന ഫാ.റോബർട്ടോ മൽഗെസിനിയെ ആഫ്രിക്കയിൽ നിന്നുള്ള ഒരു ടുണീഷ്യൻ അഭയാർത്ഥിയാൽ കൊല്ലപ്പെട്ടു. 51 വയസുള്ള ഫാ.റോബർട്ടോ മൽഗെസിനിക്ക്, ചൊവ്വാഴ്ച്ച രാവിലെ 7 മണിക്കാണ് പിയാസ സാൻ റോക്കോയിൽ വച്ച് കുത്തേറ്റത്. ഭവനരഹിതരായവർക്കും അഭയാർത്ഥികൾക്കുമായുള്ള പ്രഭാതഭക്ഷണം വിതരണം ചെയ്യുന്നതിന് തൊട്ടുമുൻപായിരുന്നു സംഭവം. ഫാ.റോബർട്ടോ താമസിക്കുന്ന വീടിന് താഴെവച്ചായിരുന്നു അക്രമണമുണ്ടായത്. വടക്കേ ഇറ്റലിയിലെ കോമോ രൂപതയുടെ പാവങ്ങളെ സഹായിക്കുന്ന സംഘടനയുടെ നേതൃത്വം വഹിച്ചിരുന്നയാളായിരുന്നു ഫാ.റോബർട്ടോ.

വിവരം അറിഞ്ഞയുടൻ കൊമോ രൂപതാ ബിഷപ് ഓസ്കാർ കതോണി സംഭവസ്ഥലത്ത് എത്തുകയും, ഫാ.റോബർട്ടോയുടെ മൃതദേഹം എടുക്കുന്നതിന് മുമ്പ് ബിഷപ്പ് ആശീർവദിക്കുകയും ചെയ്തു. അവിടെ തടിച്ചുകൂടിയ ജനങ്ങളെ നോക്കി ബിഷപ്പ് പറഞ്ഞു: തെരുവിൽ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന അഭയാർത്ഥികൾക്ക് വേണ്ടി ജീവിതം മാറ്റിവച്ചവനായിരുന്നു ഫാ.റോബർട്ടോ, തീർച്ചയായും ഇത് ഒരു രക്സ്തസാക്ഷിത്വമാണ്’

വർഷങ്ങളായി അദ്ദേഹം തെരുവിൽ അലയുന്നവരുടെയും, പുറന്തള്ളപ്പെട്ടവരുടെയും സന്തതസഹചാരിയായിരുന്നു. ഇവർക്ക് പ്രഭാതഭക്ഷണം നൽകുന്ന സംഘത്തിന്റെ കോർഡിനേറ്ററായിരുന്നു അദ്ദേഹം. എല്ലാ ദിവസവും രാവിലെ നഗരത്തിലെ ഭവനരഹിതർക്ക് പ്രഭാതഭക്ഷണവുമായി അദ്ദേഹത്തെക്കാണാമായിരുന്നു.

ഇരുവരും തമ്മിൽ എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ല, കാരണം സംഭവത്തിന് സാക്ഷികളില്ല. ഫാ.റോബർട്ടോയുടെ ശരീരത്തിൽ നിരവധി കുത്തേറ്റ മുറിവുകളുണ്ടായിരുന്നു. എങ്കിലും കഴുത്തിലെ മാരകമായ മുറിവാണ് മരണകാരണമായത്. ഫോറൻസിക് ഉദ്യോഗസ്ഥർ കൊലയ്ക്കായി ഉപയോഗിച്ച കത്തി അടുത്ത് നിന്ന്തന്നെ കണ്ടെത്തി.

ഗബ്രിയേൽ എന്ന റുമേനിയൻ യുവാവ് കണ്ണുനീർ തുടച്ചുകൊണ്ട് പറഞ്ഞു: ‘ഫാ. റോബർത്തോ എനിക്ക് ഒരു പിതാവിനെ പോലെയായിരുന്നു. ഞാൻ റുമേനിയയിൽ നിന്ന് ഒറ്റയ്ക്ക്, വീടും ജോലിയും ഇല്ലാതെ ഇവിടെ എത്തിയപ്പോൾ, എന്നെ സഹായിച്ചത് ഫാ.റോബർത്തോയാണ്. എനിക്ക് ഒരു ജോലി കണ്ടെത്തിക്കഴിഞ്ഞും ഞാൻ എപ്പോഴും ഫാ.റോബർത്തോയുമായി ബന്ധം പുലർത്തിയിരുന്നു. എനിക്ക് മരുന്നിന് ആവശ്യം വരുമ്പോഴും, ഡോക്ടറെ കാണാൻ ആശുപത്രിയിൽ പോകാനും അച്ചൻ എന്റെ കൂടെ വരാൻ ഇപ്പോഴും സന്നദ്ധനായിരുന്നു. ഒരു തീരാനഷ്ടമാണ് എനിക്ക് സംഭവിച്ചിരിക്കുന്നത്’.

അഭയാർത്ഥികൾക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വച്ച, അവരുടെ ഹൃദയങ്ങളിൽ ഇടം നേടിയ ഒരു മനുഷ്യ സ്നേഹിയായിരുന്നു രക്തസാക്ഷിത്വം വരിച്ച ഫാ.റോബർത്തോ. 1999-ലും കോമോ രൂപതയിലെ തന്നെ റൻസോ ബരെത്ത എന്ന വൈദീകനെ ഇതുപോലെ ഒരു അഭയാർത്ഥി കുത്തികൊലപ്പെടുത്തിയിട്ടുണ്ട്.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker