Meditation

25th Sunday Ordinary Time_Year A_മുന്തിരിത്തോപ്പിലെ ജോലിക്കാർ (മത്താ 20: 1-16)

കവിതയുടെ, പ്രണയത്തിന്റെ, അഭിനിവേശത്തിന്റെ, വിയർപ്പിന്റെ, ക്ഷീണത്തിന്റെ, ജോലിയുടെ, ആനന്ദത്തിന്റെ ഈറ്റില്ലമാണ് വിശുദ്ധ ഗ്രന്ഥത്തിലെ മുന്തിരിത്തോപ്പുകൾ...

ആണ്ടുവട്ടത്തിലെ ഇരുപത്തിയഞ്ചാം ഞായർ

ഒരു വശത്ത് നിരാശനായി തിരിച്ചു പോകുന്ന ധനികനായ ഒരു യുവാവ് (19:16-22), മറുവശത്ത് എല്ലാം പരിത്യജിച്ചു കൂടെ നടക്കുന്ന ശിഷ്യരുടെ ആകുലതകൾ (19:23-30). രണ്ടുകൂട്ടർക്കുമായി ഗുരുവിനു നൽകാനുള്ളത് സ്വർഗ്ഗരാജ്യത്തിന്റെ ഉറപ്പ് മാത്രമാണ്. അങ്ങനെയാണവൻ മുന്തിരിത്തോട്ടത്തിലെ ജോലിക്കാരുടെ ഉപമ പറയുന്നത്. കവിതയുടെ, പ്രണയത്തിന്റെ, അഭിനിവേശത്തിന്റെ, വിയർപ്പിന്റെ, ക്ഷീണത്തിന്റെ, ജോലിയുടെ, ആനന്ദത്തിന്റെ ഈറ്റില്ലമാണ് വിശുദ്ധ ഗ്രന്ഥത്തിലെ മുന്തിരിത്തോപ്പുകൾ. സങ്കീർത്തകൻ ഇസ്രായേലിനെ ദൈവം നട്ടുപിടിപ്പിച്ച മുന്തിരിച്ചെടിയാണെന്ന് ഉപമിക്കുന്നുണ്ട് (സങ്കീ 80:8). മുന്തിരിത്തോട്ടം ദൈവത്തിന്റേതു തന്നെയാണ്, നമ്മളോ അതിലെ ജോലിക്കാരും. അപ്പോൾ പറഞ്ഞു വരുന്നത് ജോലിയുടെയും വിയർപ്പിന്റെയും ദൈവശാസ്ത്രത്തെ കുറിച്ചുമാണ്.

ഉപമ തുടങ്ങുന്നത് ജോലിക്കാരെ വിളിക്കാൻ അതിരാവിലെ പുറപ്പെടുന്ന ഒരു തൊഴിലുടമയുടെ ചിത്രത്തോടെയാണ്. പിന്നീട് വായിച്ചു ചെല്ലുംതോറും മനസ്സിലാകുകയാണ് അയാൾ ഒരു പ്രാവശ്യമല്ല അഞ്ചു പ്രാവശ്യമാണ് അവരെ അന്വേഷിച്ചു വീടുവിട്ടിറങ്ങുന്നത്. വൈകുന്നേരം അഞ്ചു മണിക്ക് പോലും അയാൾ ജോലിക്കാരെ തിരക്കി ഇറങ്ങുന്നുണ്ട്. അപ്പോൾ ലക്ഷ്യം ഒന്നു മാത്രമേയുള്ളൂ; അലസരായി നിൽക്കുന്നവർക്ക് ജോലി നൽകുക. അയാൾ ചോദിക്കുന്നുണ്ട്: “നിങ്ങൾ ദിവസം മുഴുവൻ അലസരായി നിൽക്കുന്നതെന്ത്?” അലസത ഒരിക്കലും നമ്മെ പൂർണ്ണരാക്കില്ല. ജോലി എന്തുമാകട്ടെ അത് ചെയ്യാനുള്ള മനസ്സാണ് നമ്മുടെ അന്തസ്സിന് മാനം നൽകുന്നത്.

മറ്റൊരു നൊമ്പര ചിത്രം കൂടി ഈ ഉപമയിലുണ്ട്; വൈകുന്നേരം അഞ്ചു മണിവരെ ജോലി അന്വേഷിച്ചു തെരുവിൽ നിൽക്കുന്നവർ. അവഗണിക്കപ്പെട്ടവരാണവർ. അവഗണനയുടെ ഒരു സംസ്കാരം അവരിൽ പ്രതിഫലിക്കുന്നുണ്ട്. നോക്കുക, അതിരാവിലെ വീടുവിട്ടിറങ്ങിയവൻ അഞ്ച് മണിവരെയും ജോലിക്കാരെ അന്വേഷിച്ചിറങ്ങുന്നുണ്ടെങ്കിൽ അതിനർത്ഥം ഈ അവഗണനയുടെ സംസ്കാരത്തിനോടുള്ള മനഃപൂർവ്വമായ നോ പറയൽ തന്നെയാണ്.

ഇനിയാണ് ഉപമയുടെ കാതലിലേക്ക് നമ്മൾ പ്രവേശിക്കുന്നത്; കൂലി കൊടുക്കുന്ന നിമിഷം. ആദ്യ പ്രവർത്തി വിപരീതദിശയിൽ നിന്നാണ്: ദിവസത്തിന്റെ അവസാന മണിക്കൂറിൽ വന്നവരിൽ നിന്നും തുടങ്ങുന്നു. രണ്ടാമത്തെ പ്രവർത്തി യുക്തിക്ക് നിരക്കാത്തതാണ്: ഒരു മണിക്കൂർ ജോലി ചെയ്തവന് പന്ത്രണ്ടു മണിക്കൂറിന്റെ കൂലി നൽകുന്നു.

യേശു ചിത്രീകരിക്കുന്ന ദൈവമാണ് ഈ തൊഴിലുടമ. അവസാനം വന്നവനും ആദ്യം വന്നവനും ഒരേ തരത്തിൽ കൂലി കൊടുക്കുന്നു. ഇതാണ് ദൈവത്തിന്റെ നൽകൽ. ഒന്നും അമിതമായില്ല, ആവശ്യത്തിനുള്ളത് നൽകുന്നു. എല്ലാ കണക്കുകളും കൂട്ടിവെച്ച് നിശ്ചിതമായ അളവിൽ നൽകുന്ന ഒരു കണക്കപ്പിള്ളയാണ് ദൈവമെന്നു കരുതരുത്. നിനക്ക് ആവശ്യമുള്ളത് തരുന്നവനാണ് ദൈവം. നിന്റെ ആഗ്രഹങ്ങൾക്കല്ല, നിന്റെ ജീവിതത്തിനോടാണ് അവന് മുൻഗണന. അതുകൊണ്ട് അതിരാവിലെ ജോലിക്ക് വന്നവനോട് ഒരു അനീതിയും അവൻ കാണിക്കുന്നില്ല. മറിച്ച് അവസാനം വന്നവനോട് ഔദാര്യമതിയാകുന്നു അവൻ. അപ്പോഴും ഓർക്കണം, എല്ലാവർക്കും തുല്യ അളവിൽ പ്രതിഫലം കൊടുക്കുന്നവനാണ് ദൈവം എന്നതല്ല ക്രിസ്തുവിന്റെ ദൈവസങ്കല്പം. അവസാനം വന്നവനോടും ഔദാര്യത്തോടെ പെരുമാറുന്നവനാണ് അവന്റെ ദൈവം.

സമ്പാദ്യത്തിന്റെയും വരുമാനത്തിന്റെയും എല്ലാ കണക്കുകൂട്ടലുകളും തെറ്റും ഉള്ളിൽ നന്മ ധാരയായി കവിഞ്ഞിറങ്ങുകയാണെങ്കിൽ. അങ്ങനെയാകുമ്പോഴേ തോറ്റു തൊപ്പിയിട്ടു എന്ന അവസ്ഥവരെ ഒരുവന് സ്നേഹിക്കാൻ സാധിക്കൂ. എല്ലാ കണക്കുകൂട്ടലുകളും മനപൂർവ്വം തെറ്റിക്കുന്ന സ്നേഹമാണിത്. ദൈവത്തിന്റെ ഈ സ്നേഹമാണ് നമ്മുടെ എല്ലാവരുടെയും ഏക പ്രത്യാശ.

ജീവിതത്തെ വ്യവഹാരികമായി മാത്രം കാണുന്ന സമ്പ്രദായത്തെ സുവിശേഷം തകിടംമറിക്കുന്നുണ്ട്. അത് ബിസിനസിന് മുകളിൽ വ്യക്തികൾക്ക് പ്രാധാന്യം കൊടുക്കുന്നു. എന്റെ അവകാശങ്ങൾക്കു മുകളിൽ ആവശ്യത്തിന് പ്രാധാന്യം കൊടുക്കുന്നു. അപ്പോൾ ചോദിക്കാം; അങ്ങനെയെങ്കിൽ അതിരാവിലെ മുതൽ മുന്തിരിത്തോപ്പിൽ ജോലി ചെയ്യുന്നതുകൊണ്ട് എന്ത് ഗുണം? പരിചരിക്കുക, പരിപോഷിക്കുക എന്ന ദൈവീക കൃത്യത്തിൽ പങ്കുകാരാകാൻ സാധിച്ചു, ഭൂമിയെ ഫലപുഷ്ടമാക്കാൻ സാധിച്ചു, മുന്തിരിത്തോപ്പിനെ മനോഹരമാക്കാൻ സാധിച്ചു.

അവസാനം ഒരു ചോദ്യമുണ്ട് അതിനാണ് നീ ഹൃദയത്തിൽ തൊട്ടുകൊണ്ട് മറുപടി പറയേണ്ടത്: “ഞാൻ നല്ലവനായതുകൊണ്ട് നിനക്ക് അസൂയയുണ്ടോ?” ഇല്ല, കർത്താവേ. സഹജരുടെ ജീവിതത്തിൽ നന്മകൾ ഉണ്ടാകുമ്പോൾ എനിക്ക് സന്തോഷമേയുള്ളൂ. എനിക്കൊരു സങ്കടവുമില്ല. നീ ഇനിയും എന്നെ തേടി വരുമെന്ന് എനിക്കറിയാം. എനിക്കെന്തിനാണ് ഈ കൂലി? നിന്റെ തോട്ടത്തിൽ ഒരു ചെടിയെങ്കിലും നട്ടുവളർത്താൻ സാധിച്ചല്ലോ. അതു മതി. അതുമാത്രമാണ് എന്റെ ചാരിതാർത്ഥ്യം.

Show More

One Comment

  1. വളരെ ധ്യാനാത്മകവും അർത്ഥ സംപുഷ്ടവും കാലിക പ്രസക്തവും വ്യക്തി ജീവിതത്തെ സ്വാധീനിക്കുന്നതുമായ സന്ദേശമായിരുന്നു ഇത്. അച്ചന് അഭിനന്ദനവും പ്രാർത്ഥനയും

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker