Articles

ദൈവദാസൻ മോൺ.ലോറൻസ് പുളിയനത്ത്; മതസൗഹാർദ്ദത്തിന്റെ മദ്ധ്യസ്ഥൻ

നോസ്ത്രെ എത്താത്തെ മതസൗഹാർദ്ദത്തിനുള്ള കത്തോലിക്കാ സഭയുടെ ആഹ്വാനം കൂടിയാണ്...

ഫാ.വിശാൽ മച്ചുങ്കൽ

എന്റെ സ്നേഹം നിന്റെ മതത്തിന് അതീതമാണ്, നിറത്തിന് അതീതമാണ്, ജാതിക്ക് അതീതമാണ്. കാര്യ കാരണങ്ങൾ ഇല്ലാതെ വകഭേദങ്ങളില്ലാതെ ഒരു മഴ പോലെ അത് സർവ്വത്തെയും തളിരണിയിക്കുന്നു. ബലിയെക്കാൾ കരുണ ആഗ്രഹിച്ച, നിനക്കായുള്ള എന്റെ സ്നേഹം അചഞ്ചലമാണ് എന്ന് പറഞ്ഞ മഹാഗുരുവിന്റെ പിൻതുടർച്ചക്കാരനിൽനിന്ന് ഇതല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കാൻ ഇല്ലല്ലോ.

മതത്തിന്റെയും മതവിശ്വാസത്തിന്റെയും പേരിലുള്ള അസഹിഷ്ണുത മറ്റേതൊരു കാലഘട്ടത്തേയുംകാൾ നമ്മെ വേട്ടയാടിക്കൊണ്ടിരിക്കുന്ന ഒരു അവസരമാണിത്. ദൈവത്തിന്റെ പേരിൽ മനുഷ്യൻ പിശാചിനെക്കാൾ ക്രൂരനാകുന്നതിന് നാം ദിനംപ്രതി സാക്ഷികളാകുന്നു. വിടരും മുൻപേ കൊഴിഞ്ഞു പോകുന്ന ബാല്യങ്ങൾ, സ്വപ്നങ്ങൾ നഷ്ടപ്പെട്ട യുവത്വം, ശാന്തത നഷ്ടപ്പെട്ട വാർദ്ധക്യം, മുന്നിൽ നിൽക്കുന്ന അപരന്റെ നെറ്റിയിൽ മതത്തിന്റെ, ജാതിയുടെ, രാജ്യത്തിന്റെ ലേബൽ ഒട്ടിക്കാതെ നോക്കാൻ പാടുപെടുന്ന ഒരു കാലഘട്ടം. എവിടെയും സമാധാന ചർച്ചകൾ, വട്ടമേശ സമ്മേളനങ്ങൾ, സഹിഷ്ണുത വളർത്താനുള്ള കഠിന ശ്രമങ്ങൾ. ഇതെല്ലാം കാണുമ്പോൾ ഓർമ്മ വരുന്ന ഒരു മുഖമുണ്ട് – കാലത്തിന് മുൻപേ സഞ്ചരിച്ച മതസൗഹാർദ്ദത്തിന്റെ മദ്ധ്യസ്ഥൻ ദൈവദാസൻ മോൺ.ലോറൻസ് പുളിയനത്ത്. കാലത്തിന് മുൻപേ സഞ്ചരിച്ച പ്രവാചകൻ എന്നത് കേവലം ഒരു ആലങ്കാരിക പ്രയോഗം അല്ല, അത് അക്ഷരാർത്ഥത്തിൽ യാഥാർത്ഥ്യത്തെ വരച്ചിടുന്നുവെന്ന് ചരിത്രാവലോകനവും സഭാപഠനങ്ങളും സാക്ഷ്യപ്പെടുത്തുന്നു.

1965 ഒക്ടോബർ 28-Ɔο തീയതി കത്തോലിക്കാ സഭയെ സംബന്ധിച്ചിടത്തോളം നിർണായകമായ ഒരു ദിവസമായിരുന്നു. ഇതരമത സമൂഹങ്ങളോടുള്ള സഭയുടെ കാഴ്ചപ്പാടും തുറവിയും വ്യക്തമാക്കിക്കൊണ്ട് 2-Ɔο വത്തിക്കാൻ കൗൺസിലിൽ “നോസ്ത്രെ എത്താത്തെ” (In our time, നമ്മുടെ കാലഘട്ടത്തിൽ) എന്ന സുപ്രസിദ്ധവും ചരിത്ര പ്രസിദ്ധവും വിപ്ലവകരവുമായ പ്രഖ്യാപനം പോപ്പ് പോൾ ആറാമൻ ലോകത്തിന് സമ്മാനിച്ചു. ദിനംപ്രതി മാറിക്കൊണ്ടിരിക്കുന്ന ഒരു ലോകത്തിൽ കത്തോലിക്കാസഭ അന്യമതസ്ഥരുമായി സ്നേഹത്തിലും ഐക്യത്തിലും ഊന്നിക്കൊണ്ട് ലോകത്തിൽ സാഹോദര്യവും സമാധാനവും വളർത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സഭാമക്കളെ ഉദ്ബോധിപ്പിക്കുന്നുണ്ട് ഈ പ്രബോധനം. ജാതിമതഭേദമന്യേ മനുഷ്യകുലം മുഴുവൻ ഒരൊറ്റ സമൂഹമാണെന്നും എല്ലാവരുടെയും ഉത്ഭവം ഒരുവനിൽ നിന്നാണെന്നും അതുകൊണ്ടുതന്നെ മനുഷ്യ ജീവിതത്തിന്റെ ആത്യന്തികലക്ഷ്യം ദൈവത്തിൽ എത്തിച്ചേരുകയാണെന്നുള്ളതും “നോസ്ത്രെ എത്താത്തെ” അടിവരയിടുന്നു. പുരാതനകാലം മുതൽ ഇന്ന് വരെ ഈ പ്രപഞ്ചത്തിന് പിന്നിലുള്ള അദൃശ്യശക്തിയെക്കുറിച്ച് മനുഷ്യൻ ബോധവാനാണ്. പലരും പലകാലഘട്ടങ്ങളിലായി ഈ പരമസത്യത്തെ തേടുകയും ഈ അദൃശ്യശക്തിയെ അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് ഓരോ മതവും ആത്യന്തികമായി ചെയ്യുന്നത് ഈ സത്യത്തെ അന്വേഷിക്കലാണ്. അതിനു പക്ഷേ അവർ അവലംബിക്കുന്ന മാർഗ്ഗങ്ങൾ വ്യത്യസ്തമായിരിക്കാം എന്നുമാത്രം. സഭയുടെ ഈ പ്രബോധനത്തിൽ ഹൈന്ദവതയെക്കുറിച്ചും സുപ്രധാനമായ ഒരു പരാമർശമുണ്ട്. ഹൈന്ദവ ശാസ്ത്രത്തിൽ മനുഷ്യൻ ദൈവിക രഹസ്യത്തെ ധ്യാനിക്കുകയും, മിത്തുകളുടെ സമൃദ്ധിയിലൂടെയും ത്വാതികമായ അവലോകനത്തിലൂടെയും അത് പ്രകടമാക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. മറ്റ് മതങ്ങളിൽ പവിത്രമായിട്ടുള്ളതും വിശുദ്ധമായിട്ടുള്ളതും എന്താണോ അതിനെ കത്തോലിക്കാ സഭ ഒരിക്കലും നിരാകരിക്കുന്നില്ല. ആത്മാർത്ഥമായ ആദരവോടുകൂടി ഈ സത്യാന്വേഷണത്തെ സഭ നോക്കിക്കാണുന്നു. അതുകൊണ്ടുതന്നെ സഭാമാതാവിന് തന്റെ മക്കളോട് ഉദ്ബോധിപ്പിക്കാനുള്ളതും മറിച്ചല്ല. വിവേകത്തോടും സ്നേഹത്തോടും ക്രൈസ്തവ വിശ്വാസത്തിനും ജീവിതത്തിനും സാക്ഷ്യം വഹിച്ചുകൊണ്ടും മറ്റ് മതവിശ്വാസികളുമായി സൗഹൃദപൂർവ്വം സംവദിക്കാനും, സഹവർത്തിക്കാനും, അവയിൽ അധിഷ്ഠിതമായിരിക്കുന്ന ആത്മീയവും ധാർമികവുമായ നല്ല വശങ്ങളെ അംഗീകരിക്കാനും സാമൂഹിക-സാംസ്കാരിക മൂല്യങ്ങളെ പരിരക്ഷിക്കാനും വളർത്തുവാനും സഭ ഓർമ്മപ്പെടുത്തുന്നു.

1965-ൽ തത്വത്തിൽ നിലവിൽവന്ന ഈ പ്രബോധനത്തിന്റെ ആഴത്തിലുള്ള വായന ദൈവദാസനായ മോൺ.ലോറൻസ് പുളിയനത്തിന്റെ ജീവചരിത്രം അറിയാവുന്നവർക്ക് ഒരു പുതുമയോ അമ്പരപ്പോ ഉളവാക്കില്ല എന്ന വസ്തുതയാണ് കാലത്തിന് മുൻപേ സഞ്ചരിച്ച പ്രവാചകനെന്ന് ധൈര്യസമേതം അദ്ദേഹത്തെ അഭിസംബോധന ചെയ്യാൻ നമ്മെ പ്രാപ്തരാക്കുന്നത്. കാരണം, നോസ്ത്രെ എത്താത്തെ എന്ന പ്രഖ്യാപനം കത്തോലിക്ക സഭയുടെ ഭാഗത്തുനിന്ന് ഉണ്ടാകുമ്പോൾ മോൺ.ലോറൻസിന്റെ മൺമറഞ്ഞ ഓർമ്മകൾക്ക് 4 വയസ്സായിരുന്നു. അതുകൊണ്ടുതന്നെ കൊച്ചി രൂപതയെ സംബന്ധിച്ചിടത്തോളം, ഭാരത കത്തോലിക്കാസഭയെ സംബന്ധിച്ചിടത്തോളം “നോസ്ത്രെ എത്താത്തെ” അഥവാ “നമ്മുടെ കാലഘട്ടത്തിൽ” എന്ന പ്രഖ്യാപനത്തിന് ഒരു മുഖമുണ്ട്, ഒരു ജീവിതസാക്ഷ്യം ഉണ്ട്. അത് ദൈവദാസനായ മോൺ.ലോറൻസ് പുളിയനത്തിന്റെ മുഖമാണ്, അദ്ദേഹത്തിന്റെ ജീവിതമാണ്. മതങ്ങൾ തമ്മിലും മനുഷ്യർ തമ്മിലും വിശ്വാസപരമായും ആശയപരവുമായുള്ള വ്യത്യാസങ്ങൾ സ്പർദയ്ക്ക്‌ കാരണമാകുമ്പോൾ, ജീവിതത്തിന്റെ വിവിധ തുറകളിലുള്ള നാനാജാതി മതസ്ഥരോട് സ്നേഹത്തിലും ഐക്യത്തിലും സർവ്വോപരി സാഹോദര്യത്തിലും എങ്ങനെ സഹവർത്തിക്കാം എന്നതിന്റെ ഉത്തമ പാഠപുസ്തകമായി അദ്ദേഹത്തിന്റെ ജീവിതത്തെ എടുത്ത് കാണിക്കാവുന്നതാണ്.

ശ്രീലങ്കയിലെ കാൻഡി പേപ്പൽ സെമിനാരിയിൽ നിന്ന് തത്വശാസ്ത്രത്തിലും ദൈവശാസ്ത്രത്തിലും ഡോക്ടറേറ്റ് നേടിയിരുന്ന തികഞ്ഞ ജ്ഞാനിയായിരുന്ന അദ്ദേഹത്തിന് മനുഷ്യനിലും മതങ്ങളിലും അടങ്ങിയിരിക്കുന്ന അന്ത:സത്തയെക്കുറിച്ച് ഒരു ഓർമ്മപ്പെടുത്തലിന്റെ ആവശ്യമുണ്ടായിരുന്നില്ല. പൗരാണികതകൊണ്ടും പാരമ്പര്യം കൊണ്ടും പ്രൗഢി ആർജ്ജിച്ച് തലയെടുപ്പോടു കൂടി നിന്ന ഭാരതത്തിലെ കത്തോലിക്കാ സഭയുടെ പിള്ളത്തൊട്ടിലെന്ന് വിശേഷിപ്പിക്കപ്പെടുന്ന കൊച്ചി രൂപതയുടെ ആദ്യത്തെ തദ്ദേശീയ മെത്രാനാകാനുള്ള വത്തിക്കാന്റെ ക്ഷണം സ്നേഹപൂർവ്വം എളിമയോടുകൂടെ നിരസിക്കുമ്പോൾ മുന്നിൽ വിരുന്നെത്തിയ സ്ഥാനമാനങ്ങളുടെ, അംഗീകാരത്തിന്റെ ചവിട്ടുപടികൾ കയറി ഉയരങ്ങൾ കീഴടക്കുന്നതിന് പകരം ക്രിസ്ത്യാനിയെന്നോ ഹിന്ദുവെന്നോ മുസ്ലിമെന്നോ തരം തിരിക്കാതെ, അവർണ്ണനെന്നോ സവർണ്ണനെന്നോ നോക്കാതെ, മനുഷ്യത്വത്തിലേക്ക് ഇറങ്ങിച്ചെല്ലാനായിരുന്നു അദ്ദേഹത്തിന്റെ ധീരമായ തീരുമാനം. നോസ്ത്രെ എത്താത്തെ ഒരർത്ഥത്തിൽ മതസൗഹാർദ്ദത്തിനുള്ള കത്തോലിക്കാ സഭയുടെ ആഹ്വാനം കൂടിയാണ്. മതവും, മതവിശ്വാസവും തെറ്റായി വ്യാഖ്യാനിക്കപ്പെടുന്ന, മനുഷ്യകുലത്തിനുതന്നെ ആപത്കരമായ രീതിയിൽ ഭീതിജനകമായി വളർന്നു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിലാണ് ദൈവദാസൻ മോൺ.ലോറൻസ് പുളിയനത്തിന്റെ ജീവിതസാക്ഷ്യം പ്രസക്തമാകുന്നത്. മനുഷ്യന് എതിരായുള്ള ഏതുതരം വേർതിരിവുകളും ജാതിയുടെയോ മതത്തിന്റെയോ നിറത്തിന്റെയോ ദേശത്തിന്റെയോ പേരിലുള്ള എല്ലാവിധ അവഹേളനങ്ങളും കത്തോലിക്കാ സഭ തള്ളിപ്പറയുന്നുവെന്ന് അടിവരയിടുന്നിടത്താണ് മോൺ.ലോറൻസ് പുളിയനത്തിന്റെ ജീവിതം നമ്മൾ ഉയർത്തി കാണിക്കേണ്ടത്.

ഈ മഹാത്മാവ് ഇന്ന് ലോകത്തിന് ഏറ്റവും ആവശ്യകരമായ മതസംവാദത്തിന്റെയും സഹവർത്തിത്വത്തിന്റെയും മദ്ധ്യസ്ഥപദം ഏറ്റെടുത്തുകൊണ്ട് വിശുദ്ധ പദവിയിലേക്ക് നടന്നടുക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യത കൂടിയാണ്. ആഗോള കത്തോലിക്കാ സഭയ്ക്ക് കൊച്ചി രൂപത നൽകുന്ന, ഭാരത കത്തോലിക്കാ സഭ നൽകുന്ന മതസൗഹാർദ്ദത്തിന്റെ മുഖമാണ് ദൈവദാസൻ മോൺ.ലോറൻസ് പുളിയനത്ത്. മതങ്ങളുടെ വൈവിധ്യം കൊണ്ട് ലോകശ്രദ്ധ ആകർഷിച്ച ഭാരത മണ്ണിന് ദൈവദാസൻ മോൺ.ലോറൻസ് പുളിയനത്തിലൂടെ ഒരു വിശുദ്ധപദവി കൂടി കത്തോലിക്കാ സഭ നൽകുമെന്ന് നമുക്ക് പ്രത്യാശിക്കാം, പ്രാർത്ഥിക്കാം.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker