Kerala

ക്രിസ്ത്യാനി മാത്രം മതേതരത്വം പുലർത്തിയാൽ മതിയോ?

ക്രൈസ്തവ വോട്ടുകൾ കോൺഗ്രസ്സിന് എന്ന പഴഞ്ചൻ ചിന്താഗതി മാറണം...

ഫാ.ജോഷി മയ്യാറ്റിൽ

ഇടത്തു-വലത്തു മുന്നണികൾ പരസ്യമായി വർഗീയ നിലപാടുകൾ എടുത്തിരിക്കേ, മൂന്നാം മുന്നണിയെന്നു സ്വയം വിശേഷിപ്പിക്കുന്ന ബിജെപിമുന്നണി വർഗീയതയുടെ അവതാരം തന്നെ ആയിരിക്കേ, ക്രിസ്ത്യാനികൾ ഇനിയും മതേതരത്വത്തിനായി നിലകൊള്ളേണ്ടതുണ്ടോ എന്ന ചോദ്യം പല ക്രൈസ്തവ ചെറുപ്പക്കാരും ഇന്ന് വീണ്ടും വീണ്ടും ഉയർത്തുകയാണ്. കോൺഗ്രസ്സും കമ്മ്യൂണിസ്റ്റുപാർട്ടിയും ഭരണത്തിലും ഉദ്യോഗസ്ഥതലത്തിലും ന്യൂനപക്ഷ ആനുകൂല്യങ്ങളുടെ മേഖലയിലുമെല്ലാം മറയില്ലാതെ മുസ്ലീം പ്രീണനം നടത്തുകയും മതേതരമെന്ന് കേരളം തെറ്റിദ്ധരിച്ചിരുന്ന മുസ്ലീം ലീഗിന്റെ ജിഹ്വ പ്രത്യക്ഷമായി വർഗീയവാദം വിളമ്പുകയും ആ പാർട്ടി കൊടിയ വർഗീയവാദികളുമായി കൈകോർക്കുകയും ചെയ്യുന്നതു കണ്ട് അമ്പരന്നു നില്ക്കുമ്പോഴാണ് മേല്പറഞ്ഞ ചോദ്യങ്ങൾ ക്രൈസ്തവ യുവത ഉയർത്തുന്നത്. ഇതിനിടയിൽ, അപ്പനെയും അമ്മയെയും തല്ലി സമൂഹത്തോടുള്ള കലിപ്പു തീർത്തുകൊണ്ടിരിക്കുന്ന സമാധാന പ്രേമികളായ ചില കത്തോലിക്കാ ബുജികൾ സാമുദായികബോധം തന്നെ പാപമാണെന്ന രീതിയിൽ എഴുതിക്കൊണ്ടുമിരിക്കുന്നു.

കൂടുതൽ ചിന്തയും ചർച്ചയും ഉചിതമായ തീരുമാനങ്ങളും സത്വരമായി വേണ്ട വിഷയമാണിത്. കാരണം, ഈ ജനാധിപത്യരാജ്യത്തിൽ ധ്രുതഗതിയിൽ വെറും ഭിക്ഷാംദേഹികളായി നാം മാറിക്കൊണ്ടിരിക്കുകയാണ്. സ്വാതന്ത്ര്യം ലഭിച്ചപ്പോൾ 26 ശതമാനം ഉണ്ടായിരുന്ന ഒരു ജനത ഇന്ന് 18 ശതമാനത്തിൽ താഴെയായിപ്പോയിട്ടുണ്ടെങ്കിൽ അത് എത്ര ഗുരുതരമായ അവസ്ഥയാണ്!

നാടിന്റെ മതേതര സ്വഭാവം കാത്തുസൂക്ഷിക്കാനായി എപ്പോഴും എവിടെയും ജാഗ്രത പുലർത്തിയിട്ടുള്ള കത്തോലിക്കാ മെത്രാന്മാരുടെ സമിതിയും ഈ വിഷയത്തിൽ അസ്വസ്ഥതയിലാണെന്ന് കഴിഞ്ഞ ഏതാനും മാസങ്ങളായുള്ള കെസിബിസിയുടെ പ്രസ്താവനകളിൽ നിന്നും പ്രസിദ്ധീകരണങ്ങളിൽ നിന്നും സുവ്യക്തമാണ്. അഡ്വ.ജയശങ്കറെപ്പോലുള്ള രാഷട്രീയനിരീക്ഷകർ തന്നെയും ക്രൈസ്തവരുടെ ഈ ആശങ്ക ന്യായമാണെന്ന് പരസ്യമായി സമ്മതിച്ചിട്ടുള്ളതുമാണ്.

പ്രശ്നഹേതുക്കൾ…

ക്രൈസ്തവർക്ക് ഒരു രാഷ്ട്രീയപ്പാർട്ടി ഇല്ലാത്തതാണ് ഈ സമുദായത്തിന്റെ പിന്നോക്കാവസ്ഥയ്ക്കു കാരണം എന്നാണ് പലരും പറയുന്നത്. കേരള കോൺഗ്രസ് ഒരിക്കലും പ്രത്യക്ഷമായി തങ്ങൾ ക്രൈസ്തവരുടെ പാർട്ടിയാണെന്നോ ന്യൂനപക്ഷങ്ങളുടെ പാർട്ടിയാണെന്നു പോലുമോ ഒരിക്കലും പറഞ്ഞിട്ടില്ല. അതിനാൽത്തന്നെ, ചില ക്രൈസ്തവസ്ഥാപനങ്ങളുടെ വളർച്ചയ്ക്കോ പ്രസ്ഥാനങ്ങളുടെ ഉയർച്ചയ്ക്കോ ഈ പാർട്ടി കൊണ്ട് ഇടയായിട്ടുണ്ടെന്നതിനപ്പുറം, ക്രൈസ്തവരുടെ പ്രശ്നങ്ങൾ പഠിക്കാനോ സമുദായത്തിൻ്റെ താല്പര്യങ്ങൾ സംരക്ഷിക്കാനോ ഉള്ള ഒരു ശ്രമവും ഒരു കാലത്തും അവരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. ‘കർഷകർക്കു വേണ്ടി’ എന്ന മുദ്രാവാക്യം തുടക്കം മുതൽ വിളിച്ച ഒരു പാർട്ടിയുടെ പരാജയം കാണണമെങ്കിൽ കേരളത്തിന്റെ കാർഷിക മേഖലയുടെ ദയനീയാവസ്ഥ നിരീക്ഷിച്ചാൽ മാത്രം മതി. കർഷകർ തകർന്നപ്പോൾ കൂടെ തകർന്നത് വലിയൊരു പങ്കും ക്രൈസ്തവ സമുദായമായിരുന്നു എന്നതല്ലേ യഥാർത്ഥ്യം? ഇതിനിടയിലും കൃഷിയുമായി പിടിച്ചു നില്ക്കാൻ ശ്രമിച്ചവരെ കച്ചവടക്കാർ ചൂഷണം ചെയ്തു തടിച്ചുകൊഴുക്കുന്നു എന്നതും സത്യമല്ലേ? മത്സ്യബന്ധന മേഖലയിൽ അവസ്ഥ വ്യത്യസ്തമാണോ? കടലിനോടു മല്ലിട്ട് രാപകൽ അധ്വാനിക്കുന്നവർക്കും കുടുംബങ്ങൾക്കും എരിയുന്ന വയർ സമ്മാനിക്കുന്ന കൊള്ളയല്ലേ ഹാർബറുകളിലും മറ്റു കച്ചവട മേഖലകളിലും നടക്കുന്നത്?

ആത്മീയ നേതൃത്വത്തെ സാമുദായിക നേതൃത്വമായി തെറ്റിദ്ധരിക്കുന്നു എന്നതാണ് ക്രൈസ്തവരുടെ മറ്റൊരു അബദ്ധം! ഒരു സമുദായത്തെ നയിക്കാൻ സാമൂഹികവിശകലന പാടവവും സ്ഥിതിവിവരക്കണക്കുകളിലുള്ള പ്രാവീണ്യവും സങ്കീർണമായ സാമൂഹികപ്രശ്നങ്ങളിൽ ഇടപെട്ട് പരിഹാരം കാണാനുള്ള ത്രാണിയും ഉചിതമായ സമയം നോക്കി ചാഞ്ചാട്ടം ചാടാനുള്ള രാഷ്ട്രീയബുദ്ധിയും ഇവയ്ക്കുള്ള സമയവും മനസ്സും ഏകാഗ്രതയും നേതാക്കൾക്ക് ആവശ്യമാണ്. രാഷ്ട്രീയം ഒരു ജീവിതക്രമം തന്നെയാണ്. ആത്മീയ നേതൃത്വത്തിന് ഇത് ഉണ്ടായിരിക്കണമെന്ന് ശഠിക്കുന്നത് മൗഢ്യമല്ലേ? ഇതിന് ചില അപവാദങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ഉണ്ടെന്നുമുള്ളത് വിസ്മരിക്കുന്നില്ല.

എല്ലാം തങ്ങളുടെ ചൊല്പടിയിലായിരിക്കണമെന്ന് നിർബന്ധമുള്ള ആത്മീയ നേതൃത്വവും ക്രൈസ്തവരുടെ ഇന്നത്തെ ദുരവസ്ഥയ്ക്ക് കാരണക്കാരാണ്. വ്യത്യസ്ത അഭിപ്രായങ്ങൾ മുറുകെപ്പിടിക്കുകയും പ്രകടിപ്പിക്കുകയും ചെയ്യുന്നവരെ ഒഴിവാക്കിക്കൊണ്ടുള്ള നേതൃശൈലി ഏറെ ദോഷം ചെയ്യും. സ്തുതിപാഠകരെയും ഏറാൻമൂളികളെയും ചുറ്റും നിറുത്തുന്നവർ സ്വയം നശിപ്പിക്കും, സമുദായത്തെയും തകർക്കും. മറിച്ച്, വ്യത്യസ്ത അഭിപ്രായമുള്ളവർ കൂടുതൽ ചിന്തയും പ്രാപ്തിയും ധൈര്യവും ഉള്ളവരായിരിക്കും. അവർക്കേ സമുദായത്തിന്റെ ഉത്കർഷത്തിനുവേണ്ടി ഭാവാത്മകമായും ക്രിയാത്മകമായും നിലകൊള്ളാനാകൂ.

സമുദായത്തിനു സമഗ്രമായ വികസനം സാധ്യമാക്കണമെന്ന് ആഗ്രഹിക്കുന്ന കഴിവുറ്റ അല്മായ നേതൃത്വത്തിൻ്റെ അഭാവത്തിന് മറ്റൊരു കാരണം രാഷ്ട്രീയ പ്രവർത്തനത്തോട് സഭാ സംവിധാനങ്ങൾക്കുള്ള വിമുഖതയാണ്. സഭയുടെ കോളേജുകളിൽ രാഷ്ട്രീയം വേണ്ടാ എന്ന നിലപാട് അവയുടെ സുഗമമായ നടത്തിപ്പിന് സഹായകമാണെങ്കിലും ക്രൈസ്തവ വിദ്യാർത്ഥീ – വിദ്യാർത്ഥിനികൾക്ക് രാഷ്ട്രീയ പ്രവർത്തന പരിചയം ഒഴിവാക്കാൻ ഇടയാക്കുന്നുണ്ട്.

സമുദായത്തിന്റെ സമഗ്രമായ വളർച്ചയ്ക്ക് സർക്കാർ സംവിധാനങ്ങളുടെ പരിരക്ഷ അത്യന്താപേക്ഷിതമാണ്. സർക്കാരിൻ്റെ നയങ്ങളും തീരുമാനങ്ങളും ഓർഡറുകളും കൃത്യമായി പഠിക്കുകയും സമയബന്ധിതമായി താഴെത്തട്ടുകളിൽ അറിയിക്കുകയും ചെയ്യുന്ന സംവിധാനങ്ങൾ ഒരുക്കാതെ ഒരു ജനാധിപത്യരാജ്യത്തിൽ സാമുദായിക വളർച്ച സ്വപ്നം കാണാനാവില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും മറ്റു വിവിധ സർക്കാർ സ്ഥാപനങ്ങളെയും കാര്യമായെടുക്കാത്ത സമുദായം പിന്നോട്ടടിക്കുക സ്വാഭാവികം മാത്രം. പ്രൈവറ്റു സ്കൂളുകളും പ്രൈവറ്റ് ആശുപത്രികളും പ്രൈവറ്റ് കമ്പനികളും പ്രിയങ്കരമായ ഒരു ജനതയ്ക്ക് സർക്കാർ സംവിധാനങ്ങളിലൂടെയുള്ള വൻസാധ്യതകൾ നഷ്ടമാകുന്നത് ആകസ്മികമല്ലല്ലോ!

സീസറിനുള്ളത്…

യേശുക്രിസ്തുവിന്റെ പൊളിറ്റിക്സ് വ്യക്തമാകുന്ന ഉത്തരമാണ് സമാന്തര സുവിശേഷങ്ങൾ മൂന്നും വർണ്ണിക്കുന്ന (മത്താ 22,15-21; മർക്കോ 12,13-17; ലൂക്കാ 20, 20-26) സീസറിനുള്ള നികുതിയെക്കുറിച്ചുള്ള പരാമർശം. ദൈവത്തിനുള്ളത് ദൈവത്തിനു മാത്രമേ നല്കാവൂ എന്ന് ആ പരാമർശം വ്യംഗ്യമായി സൂചിപ്പിക്കുന്നുണ്ട്. ആരും സ്വന്തം ആത്മാവ് ഭരണക്കാർക്കു സമർപ്പിക്കരുത്. ക്രൈസ്തവാദർശങ്ങൾ കൈവെടിഞ്ഞുള്ള അളിഞ്ഞ രാഷ്ട്രീയ കൂട്ടുകെട്ടുകളും തത്ഫലമായുണ്ടാകുന്ന നേട്ടങ്ങളും ആത്യന്തികമായി നാശകരമാണ്. താത്കാലിക നേട്ടങ്ങൾക്കുവേണ്ടി ഫാസിസ്റ്റു ഭരണകൂടങ്ങളോട് നീക്കുപോക്കുകളാകാം എന്ന നിലപാട് ഇന്ന് ചിലർക്കെങ്കിലുമുള്ളതായി കാണുന്നു. ഇത് അപകടകരമാണ്. പ്രവാചകത്വം വെടിഞ്ഞ് നേട്ടങ്ങളുണ്ടാക്കാൻ ശ്രമിച്ചിടങ്ങളിലെല്ലാം സഭയ്ക്ക് പില്ക്കാലത്ത് കനത്ത തിരിച്ചടികളുണ്ടായിട്ടുണ്ട്. നട്ടെല്ലു പണയം വച്ചു കഞ്ഞി കുടിക്കുന്നവൻ ക്രിസ്ത്യാനിയല്ല!

സീസറിനുള്ളത് സീസറിനേ നൽകാവൂ എന്നുകൂടി ആ പരാമർശം അർത്ഥമാക്കുന്നുണ്ട്. രാഷ്ട്രീയമായ വിഷയങ്ങളിൽ അമിതമായ ദൈവശാസ്ത്രപ്രയോഗം ഒഴിവാക്കേണ്ടതാണ്. സ്റ്റേറ്റ് ഒരിക്കലും പരിപൂർണമാകില്ല എന്നു നാം തിരിച്ചറിയണം. അഞ്ചാം നൂറ്റാണ്ടിൽ ‘ദൈവനഗരം’ എന്ന കൃതിയിൽ വി. അഗസ്റ്റിൻ പോലും സ്വീകരിച്ച നിലപാടാണത്. ദൈവരാജ്യബോധ്യം രാഷ്ട്രീയത്തിൽ ഗുണകരമാണെങ്കിലും പ്രായോഗികതയ്ക്കാണ് അവിടെ മുൻതൂക്കം. മദ്യനിരോധനം പോലുള്ള പഴഞ്ചൻ പരമ പരിശുദ്ധ മുദ്രാവാക്യങ്ങൾ രാഷ്ട്രീയക്കാർക്ക് തമാശയായി തോന്നുന്നത് അതുകൊണ്ടാണ്!

അവ കൂട്ടിക്കുഴയ്ക്കരുതത്രേ!

മതവും രാഷ്ട്രീയവും കൂട്ടിക്കുഴക്കരുതെന്നും മതമില്ലാത്ത ജീവനാണ് വേണ്ടതെന്നുമൊക്കെ പലരും മേമ്പൊടിയായി തട്ടിവിടുമെങ്കിലും കാര്യത്തോടടുക്കുമ്പോൾ മതത്തിന്റെയടിസ്ഥാനത്തിലുള്ള കണക്കുകൂട്ടലുകൾക്കാണ് മുൻതൂക്കമുള്ളത്. വോട്ടു നേടാൻ മതപ്രീണനം നടത്തുക എന്നത് എല്ലാ രാഷട്രീയപ്പാർട്ടികളുടെയും ശൈലിയാണ്. അതിന് അപവാദങ്ങളില്ല. ഈ കപട മതേതരത്വത്തിൽ, സാമുദായിക ബോധം ആർക്കാണോ കൂടുതൽ അവരെ കൂടുതൽ പ്രീണിപ്പിക്കുക എന്ന നയം സ്വാഭാവികവുമാണ്. അതുകൊണ്ടുതന്നെ, വിലപേശാൻ കഴിയുന്ന സമുദായക്കാർ ഇവിടെ ഗുണം കൊയ്തു കൊണ്ടിരിക്കുകയാണ്.

നാം ഉന്നയിക്കേണ്ട ചോദ്യം…

ഈ പശ്ചാത്തലത്തിൽ നാം ഉന്നയിക്കേണ്ട സുപ്രധാനമായ ചോദ്യം, മതേതരത്വത്തിന് തുരങ്കം വയ്ക്കാതെ എങ്ങനെ സമുദായബോധമുള്ളവരാകാം എന്നതാണ്. ഈ ചോദ്യം വർഗീയ ശക്തികൾക്ക്‌ ചോദിക്കേണ്ട കാര്യമില്ല. കാരണം. ജനാധിപത്യമല്ല, മതാധിപത്യമാണ് അവരുടെ സ്വപ്നത്തിലുള്ളത്. സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുക്കുക എന്നു പറയാൻ അവിടെ ഒരു ഈശോ ഇല്ലാതെ പോയതാണ് അവരുടെ കുഴപ്പം.

നമുക്ക് ഒന്നാമതായി ചെയ്യാവുന്നത്, ഐക്യപ്പെടുക എന്നതാണ്! വിശ്വാസത്തിലും പരമ്പര്യത്തിലും ആചാരങ്ങളിലും അധികാരങ്ങളിലും വ്യതിരിക്തത പുലർത്തുന്ന ക്രൈസ്തവരുടെ നേതൃത്വങ്ങൾ ഒന്നിച്ചുവരണം. സാമുദായികമായ ഐക്യം എല്ലാ ക്രൈസ്തവരുടെയും ഐക്യമാണ്. ഇതിൽ കത്തോലിക്കാ സഭയ്ക്ക് വലിയൊരു പങ്കുവഹിക്കാനാകും. ഇന്നു നടക്കുന്ന സഭൈക്യശ്രമങ്ങൾക്ക് ആക്കം കൂട്ടാനും സാമുദായികമായ ഇത്തരം ഐക്യമുന്നേറ്റങ്ങൾക്കു കഴിയും.

പഠിക്കുക എന്നതാണ് രണ്ടാമത്തെ കാര്യം. സമുദായത്തിന്റെ ഇന്നത്തെ അവസ്ഥ (ജനസംഖ്യ, ജനനനിരക്ക്, വിദ്യാഭ്യാസ-തൊഴിൽ മേഖലയിലെ അവസ്ഥ, സർക്കാർ ആനുകൂല്യങ്ങളിലുള്ള വിഹിതം, സർക്കാർ ജോലികളിൽ പ്രാതിനിധ്യം, ഉദ്യോഗസ്ഥ പ്രാതിനിധ്യം, ഭരണത്തിൽ പങ്കാളിത്തം) ആദ്യം പഠനവിഷയമാക്കണം. ഭാവിയിലുണ്ടാകേണ്ട മാറ്റങ്ങളും (സമുദായാംഗങ്ങൾ മുഖ്യമായും ഉള്ള കാർഷിക-മത്സ്യ ബന്ധന – നിർമാണ മേഖലകളിൽ സംഭവിക്കേണ്ടവ) നാം വിഭാവനം ചെയ്യണം. ഇതോടൊപ്പം, സമുദായത്തിന്റെ സാധ്യതകളെക്കുറിച്ച് (കാർഷിക- മത്സ്യബന്ധന മേഖലകളുടെ കൈ കോർക്കൽ, മൂല്യവർധിത ഉത്പന്നങ്ങളുടെ ഉത്പാദനം, ശാസ്ത്രീയ – സാങ്കേതിക മേഖലകളിലെ സാന്നിധ്യം, സിവിൽ സർവീസ് മേഖലയിലേക്കുള്ള പ്രോത്സാഹനം etc.) പദ്ധതികൾ വിഭാവനം ചെയ്യേണ്ടതുണ്ട്.

ക്രൈസ്തവർക്കായി ഒരു രാഷ്ട്രീയ പാർട്ടി എന്ന ചിന്ത നിലവിലുള്ള സ്ഥിതിഗതികളെ കൂടുതൽ വഷളാക്കുകയേ ഉള്ളൂ. മറിച്ച്, എല്ലാ പാർട്ടികളിലും സാമുദായിക ബോധമുള്ള ക്രൈസ്തവരുടെ സാന്നിധ്യം ഉറപ്പാക്കുക എന്നതു സുപ്രധാനമാണ്. ക്രൈസ്തവ വോട്ടുകൾ കോൺഗ്രസ്സിന് എന്ന പഴഞ്ചൻ ചിന്താഗതി മാറണം. തിരഞ്ഞെടുപ്പു മാനിഫെസ്റ്റോയിൽ ഓരോ പാർട്ടിയും മുന്നോട്ടുവയ്ക്കുന്ന നയങ്ങളും പ്രഖ്യാപനങ്ങളും അവയുടെ കൃത്യതയും വ്യക്തതയുമാണ് വോട്ടിനുള്ള മാനദണ്ഡമായി തീരേണ്ടത്. പൊതു സമൂഹത്തിനും ക്രൈസ്തവ സമുദായത്തിനും ഗുണകരമായ പ്രഖ്യാപനങ്ങൾ മുന്നോട്ടുവയ്ക്കാൻ സഹായകമായ നിർദേശങ്ങൾ മുന്നണികൾക്കു മുൻകൂട്ടി നല്കുന്നത് നന്നായിരിക്കും.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker