Articles

മരിച്ചു കൊണ്ടിരിക്കുന്ന ഒരു സമൂഹത്തിന്റെ അവസാന ഗുണങ്ങളാണ് സഹിഷ്ണുതയും നിസ്സംഗതയും; അരിസ്റ്റോട്ടിലിന്റെ വാക്കുകൾ അറംപറ്റുന്ന യൂറോപ്പ്

ആധുനിക സ്വാതന്ത്ര്യ സങ്കല്പങ്ങൾക്കും അവകാശങ്ങൾക്കും നടുവിൽ ആവേശം കൊള്ളുന്ന യൂറോപ്യൻ ജനത...

ഫ്രാൻസിസ് തോമസ്

മതഭീകരതയും ഇസ്ലാമിക തീവ്രവാദവും സമകാലീന ജീവിതത്തിന്റെ സ്വൈരം കെടുത്തികൊണ്ടിരിക്കുകയാണ്. ആധുനിക സ്വാതന്ത്ര്യ സങ്കല്പങ്ങൾക്കും അവകാശങ്ങൾക്കും നടുവിൽ, ജീവിതം അതിന്റെ സകല ആർഭാടങ്ങളോടും കൂടി ആസ്വദിക്കുവാൻ ആവേശം കൊള്ളുന്ന യൂറോപ്യൻ ജനത പൊതുവേ മതങ്ങളോടും മതാനുഷ്ഠാനങ്ങളോടും മതാശയങ്ങളോടും തികഞ്ഞ വെറുപ്പും വിമുഖതയുമാണ് പ്രകടിപ്പിക്കാറുള്ളത്. എങ്കിലും ചരിത്രവഴികളിൽ ക്രിസ്തീയത സമ്മാനിച്ച ജീവിതമൂല്യങ്ങൾ ഈ സംസ്കാരത്തിന്റെ ഭാഗമായത് കൊണ്ടാവണം ആവാച്യമായ ഒരു സഹിഷ്ണുത ഇന്നും ഈ സമൂഹത്തിൽ പൊതുവേ പ്രകടമാണ്. ഈ സഹിഷ്ണുതയുടെ ഭാഗമായിട്ടാണ് ക്രൈസ്തവികതയുടെ ഈറ്റില്ലാമായിരുന്നിട്ടും ഇസ്ലാം മതവിശ്വാസങ്ങൾക്കും, അഭയാർത്ഥികളായി പശ്ചിമേഷ്യയിൽ നിന്നു യൂറോപ്പിലേക്ക് കുടിയേറിയ ആയിരങ്ങൾക്കും യൂറോപ്യൻ ജനത വാതിലുകൾ മലർക്കെ തുറന്നിട്ടത്.

വിവേകശൂന്യമായ, ചരിത്രപരമായ ചില മൂഡ്ഡത്തരങ്ങൾക് യൂറോപ്യൻ ജനത ഇന്ന് രക്തം കൊണ്ട് കണക്കു പറയുകയാണ്. അതിന്റെ തന്നെ അവസാന അദ്ധ്യായങ്ങളായ ചില ദൗർഭാഗ്യകരമായ സംഭവങ്ങൾക്കാണ് ഇന്ന് ലോകം സാക്ഷ്യം വഹിക്കുന്നത്. പാരീസിൽ ചരിത്ര അദ്ധ്യാപകനായ സാമുവൽ പാറ്റിനെ, ഇസ്ലാം മതത്തെയും പ്രവാചകനെയും നിന്ദിച്ചു എന്നതിന്റെ പേരിൽ തലയറുത്തു കൊന്നതിന്റെ ഞെട്ടൽ അവസാനിക്കും മുമ്പുതന്നെ ഹൃദയഭേദകമായ മറ്റൊരു വാർത്ത കൂടി പുറത്തു വന്നു. പാരീസിലെ നീസിൽ ക്രിസ്ത്യൻ ദേവാലയത്തിൽ പ്രാർത്ഥിച്ചുകൊണ്ടിരുന്ന നിഷ്കളങ്കരായ മൂന്ന് വ്യക്തികളെ ഇസ്ലാമിക തീവ്രവാദികൾ തലയറുത്ത് കൊന്നു. ഫ്രഞ്ച് മാഗസിനായ ചാർലി ഹെബ്‌ഡോയിൽ അച്ചടിച്ചുവന്ന പ്രവാചകനായ മുഹമ്മദ് നബിയെ അപമാനിക്കുന്ന തരത്തിലുള്ള കാരിക്കേച്ചർ വിദ്യാർത്ഥികളെ കാണിച്ചു എന്നാരോപിച്ചു കൊണ്ടാണ് സാമൂഹികർ സാമൂവേൽ പാറ്റിന്റെ തലയറുത്തതെങ്കിൽ ദേവാലയത്തിൽ പ്രാർത്ഥിച്ചു കൊണ്ടിരുന്ന വയോധികർ ഉൾപ്പെടുന്ന മൂന്നുപേരുടെ ശിരസ്സിൽ കത്തി വയ്ക്കപ്പെട്ടത് യാതൊരു കാരണവും കൂടാതെ ആണ്.

മതങ്ങൾ മനുഷ്യർക്കിടയിലെ അകലം കുറയ്ക്കണം എന്ന് പഠിപ്പിച്ചത് ഗാന്ധിയാണ്. എന്നാൽ, തികഞ്ഞ അസഹിഷ്ണുതയും അപക്വമായ മത ബോധ്യങ്ങളും മത തീവ്രവാദത്തിനു വഴിമാറുമ്പോൾ ഇസ്ലാം ഭീകരവാദത്തിന്റെ കറുത്ത മുഖമാണ് ലോകത്തിനു മുൻപിൽ വെളിപ്പെടുന്നത്. കോവിഡ് 19 എന്ന പകർച്ചവ്യാധിയിൽ ലോകം നട്ടം തിരിയുമ്പോൾ ഈ മഹാമാരിയേക്കാൾ പതിന്മടങ്ങ് അപകടകാരിയാണ് ഇസ്ലാമിക ഭീകരതയെന്നും ലോകം തിരിച്ചറിയുന്ന ദിവസങ്ങളാണിത്. മത തീവ്രവാദത്തോടുള്ള തികഞ്ഞ ജാഗ്രതയും, അതിയായ കരുതലും ഈ സംഭവങ്ങൾ ആവശ്യപ്പെടുന്നു. ഒരാഴ്ചയ്ക്ക് മുൻപ് നടന്ന ഒരു നടുക്കുന്ന സംഭവം ഓർക്കുകയാണ്. റോമാ രൂപതയുടെ കീഴിൽ മല്യാന എന്ന സ്ഥലത്തുള്ള ഒരു ഇടവകയോട് ചേർന്നുള്ള ഒരു കെട്ടിടത്തിലാണ് ഞാൻ താമസിക്കുന്നത്. പന്ത്രണ്ടായിരത്തിലധികം വിശ്വാസികൾ ഉൾപ്പെടുന്ന നഗര മദ്ധ്യത്തിലുള്ള ഈ ദേവാലയത്തിൽ ഞായറാഴ്ച കുർബാനയ്ക്കായുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെ അപരിചിതനായ ഒരു മനുഷ്യൻ തികച്ചും വ്യത്യസ്തമായ വേഷത്തിൽ പ്രവാചകന്റെ ദൂതനാണ് എന്ന് അവകാശപ്പെട്ടു കൊണ്ട് അൾത്താരയുടെ മുന്നിൽനിന്ന് ഖുർആൻ വായിക്കാൻ തുടങ്ങി. വികാരി അച്ചനും ഞാനും മറ്റു രണ്ടുപേരും ചേർന്ന് അദ്ദേഹത്തെ അനുനയിപ്പിച്ച് ദേവാലയത്തിന് പുറത്തിറക്കാൻ പരിശ്രമിച്ചെങ്കിലും അണുവിട തന്റെ ഉദ്യമത്തിൽ നിന്നു പിന്മാറാൻ അദ്ദേഹം തയ്യാറായില്ല. മാത്രമല്ല ക്രൈസ്തവ വിശ്വാസത്തിന്റെ ‘അപൂർണ്ണത’കളെക്കുറിച്ച് അദ്ദേഹം ക്ഷോഭത്തോടെ സംസാരിക്കുകയും വാദഗതികൾ ഉയർത്തുകയും ചെയ്തു. മണിക്കൂറുകൾക്കുശേഷം ഏറെ പണിപ്പെട്ടാണ് അദ്ദേഹത്തെ അവിടെ നിന്നും പറഞ്ഞയച്ചത്.

പശ്ചിമേഷ്യയിൽ എവിടെനിന്നോ യൂറോപ്പിലേക്ക് കടന്നുകൂടി അന്ധമായ മതവിശ്വാസത്തെ അടിച്ചേൽപ്പിക്കാൻ പണിപ്പെടുന്ന അനേകം ‘ജിഹാദികളിൽ’ ഒരുവൻ മാത്രമാണ് അദ്ദേഹം. എന്നെ ഏറെ അമ്പരപ്പിക്കുകയും പരിഭ്രമിപ്പിക്കുകയും ചെയ്ത സംഗതി, തികഞ്ഞ നിസ്സംഗതയോടെ നിർവികാരരായി കാഴ്ചക്കാരെ പോലെ നിന്ന ഒരു കൂട്ടം മനുഷ്യരാണ്. തദ്ദേശീയനായ ഒരു വയോധികൻ സംഭവത്തോട് പ്രതികരിച്ചത് യൂറോപ്യൻ ജനതയുടെ അതിരുകളില്ലാത്ത സഹിഷ്ണുതയെ കുറിച്ചും വിദേശീയരോടുള്ള തങ്ങളുടെ സൗമ്യമായ നിലപാടുകളെക്കുറിച്ചും ഒക്കെ വമ്പു പറഞ്ഞു കൊണ്ടാണ്. അദ്ദേഹത്തിന്റെ അഭിപ്രായ പ്രകടനത്തിൽ വലിയ അത്ഭുതം തോന്നിയില്ല. കാരണം 2300 വർഷങ്ങൾക്കുമുൻപ് ഗ്രീക്ക് തത്ത്വചിന്തകനായ അരിസ്റ്റോട്ടിൽ നിഷ്‌ക്രിയരായ ഒരു ജനതയെ നോക്കി ഉദ്ധരിച്ച വാചകങ്ങളാണ് ഓർമ്മയിൽ വന്നത്: “മരിച്ചു കൊണ്ടിരിക്കുന്ന ഒരു സമൂഹത്തിന്റെ അവസാന ഗുണങ്ങളാണ് സഹിഷ്ണുതയും നിസ്സംഗതയും”.

സത്യത്തിന് നേരെ മുഖം തിരിച്ച ഭീരുത്വം നിറഞ്ഞ സ്വാർത്ഥ ചിന്തകൾക്കു വശംവദരായ, ഭൗതീകതയുടെ മൂഢസ്വപ്നങ്ങളിൽ വിരാചിക്കുന്ന ഒരു ജനസമൂഹത്തിന്റെ സ്വാഭാവിക ഭാവപ്രകടനമായിട്ടേ ഈ അന്ധമായ സഹിഷ്ണുതയെ കാണാനാവൂ. അത്തരത്തിൽ മരിച്ചുമരവിച്ച നിസ്സംഗതയുടെ വിലയാണ് ഫ്രാൻസ് ഉൾപ്പെടെയുള്ള ലോകരാജ്യങ്ങൾ ഇന്ന് നൽകിക്കൊണ്ടിരിക്കുന്നത്. മതത്തിൽ യുക്തിസഹജമായ ചിന്തകൾക്കും അടിസ്ഥാന മാനുഷിക മൂല്യങ്ങൾക്കും ഇടം കൊടുക്കാതെ അന്ധമായ വിശ്വാസങ്ങളെ താലോലിക്കുന്ന ഇസ്ലാമിക തീവ്രവാദം കഴുത്തിൽ വയ്ക്കപ്പെടുന്ന കൊലക്കത്തികളിലായി മാത്രമൊതുങ്ങുന്നില്ല. മറ്റു വിശ്വാസസത്യങ്ങളെയും മതപാരമ്പര്യങ്ങളെയും മുറിപ്പെടുത്താനും ചവിട്ടി മെതിക്കാനും ഇല്ലായ്മ ചെയ്യാനും അവർ നടത്തുന്ന ഓരോ പരിശ്രമത്തെയും മതഭീകരതയായി കാണേണ്ടിയിരിക്കുന്നു. ലോകത്തെമ്പാടും തീവ്രവാദ പ്രവർത്തനങ്ങളിലൂടെ ഭയവും ഭീകരതയും സൃഷ്ടിച്ച് തങ്ങളുടെ ഉദ്യമങ്ങൾക്ക് കരുത്തു പകരാൻ അവർ നന്നേ പരിശ്രമിക്കുന്നു.

AD 537-ൽ ക്രൈസ്തവ പൈതൃകവും പാരമ്പര്യവും സമന്വയിപ്പിച്ച് പണി കഴിച്ച ഹാഗിയ സോഫിയ എന്ന അതിപുരാതനമായ ക്രൈസ്തവ ദേവാലയം മോസ്ക്കായി പരിവർത്തനം ചെയ്തതിന്റെ പുറകെ നിരവധിയായ മറ്റു ക്രിസ്ത്യൻ ദേവാലയങ്ങൾ കൂടി ഭീകരതയുടെ മറവിൽ പിടിച്ചെടുക്കുന്ന ഹൃദയഭേദകമായ വാർത്തകളാണ് തുർക്കിയിൽ നിന്നും കേൾക്കുന്നത്. മേൽക്കോയ്മയ്ക്ക് പുറമേ അതിശക്തമായ അസഹിഷ്ണുത ഇസ്ലാമിക തീവ്രവാദത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. ഈ കടുത്ത അസഹിഷ്ണുതയുടെ വ്യക്തമായ തെളിവായിരുന്നു 2006-ൽ ബെനഡിക്റ്റ് പതിനാറാമൻ പാപ്പ ജർമനയിലെ റെഗെൻസ്ബർഗ്ഗിൽ ഇസ്ലാമിക ഭീകരവാദത്തെ കുറിച്ച് നടത്തിയ പരാമർശത്തെ തുടർന്നുണ്ടായ പ്രതിഷേധ കോലാഹലങ്ങൾ. പതിനാലാം നൂറ്റാണ്ടിലെ ബൈസന്റയ്ൻ ക്രിസ്ത്യൻ ചക്രവർത്തിയായ മനുവേൽ രണ്ടാമനും ഒരു പേർഷ്യൻ പണ്ഡിതനും തമ്മിൽ നടത്തിയ ‘ഇസ്ലാമികതയ്ക്കുള്ളിലെ അക്രമവാസന’ എന്ന ആശയത്തെ വിദ്യാർഥികളുമായുള്ള തന്റെ സംവാദത്തിനിടയിൽ, പ്രത്യേകിച്ച് മതത്തിൽ യുക്തിയുടെയും വിശ്വാസത്തെയും ആവശ്യകതയെക്കുറിച്ചും അവ തമ്മിലുള്ള പരസ്പര പൂരകത്വത്തെകുറിച്ചും പരാമർശിച്ചു എന്നതിന്റെ പേരിൽ 2013-ൽ സ്ഥാനത്യാഗം ചെയ്യുന്ന അവസരം വരെ വേട്ടയാടപ്പെട്ട വ്യക്തിയാണ് അദ്ദേഹം. അത്തരത്തിലുള്ള നിരവധി ഉദാഹരണങ്ങൾ ചരിത്രം നമുക്ക് മുൻപിൽ നിരത്തുന്നുണ്ട്.

തങ്ങളുടെ ദൈവ സങ്കൽപത്തിനും മത വിശ്വാസങ്ങൾക്കും അപ്പുറത്ത് ഒന്നിനെയും കാണാനോ അംഗീകരിക്കാനോ കഴിയാതെ പോകുന്ന മതാന്ധതയാണ് ഈ ഭീകരതയ്ക്ക് കാരണമാകുന്നത്. അടിസ്ഥാനപരമായി സാമൂഹികവും മാനുഷികവുമായ മൂല്യങ്ങൾ പോലും തൃണവത്കരിച്ച് തങ്ങളുടെ വിശ്വാസത്തെയും ബോധ്യങ്ങളെയും തള്ളിപ്പറയുന്നവർക്ക് ഭൂമിക്കു മുകളിൽ ജീവിക്കാൻ കൂടി അവകാശമില്ല എന്ന് കൽപ്പിക്കുന്ന നിലപാടാണ് അവർ സ്വീകരിക്കുന്നത്. അതുകൊണ്ടുതന്നെ വിശ്വാസത്തെ തള്ളി പറയുന്നവരുടെ തലയെടുക്കുന്നത് നിത്യസ്വർഗത്തിലേക്കുള്ള വാതായനമായാണ് ഇവർ കരുതുന്നത്. കാലങ്ങൾക്കു മുൻപ് ക്രിസ്തു തന്റെ ശിഷ്യന്മാരെ ഓർമ്മപ്പെടുത്തിയത് ഇതുതന്നെയാണ്: “നിങ്ങളെ കൊല്ലുന്ന ഏവനും താൻ ദൈവത്തിന് ബലിയർപ്പിക്കുന്നു എന്ന് കരുതുന്ന സമയം വരുന്നു” (യോഹന്നാൻ 16 /2). വിശുദ്ധ പൗലോസ് ശ്ലീഹ തിമോത്തിയോസിനെഴുതിയ രണ്ടാം ലേഖനവും ഒരു പ്രവചനമായി കാലങ്ങൾക്കിപ്പുറമുള്ള ഈ കഠിനനുഭവങ്ങളിലേയ്ക്ക് വിരൽ ചൂണ്ടുകയാണ്: “ഒരു കാര്യം മനസ്സിലാക്കിക്കൊള്ളുക അവസാന നാളുകളിൽ ക്ലേശപൂർണ്ണമായ സമയം വരും… അവർ ഭക്തിയുടെ ബാഹ്യരൂപം നിലനിർത്തിക്കൊണ്ട് അതിന്റെ ചൈതന്യത്തെ നിഷേധിക്കും” (2തിമോ. 3/2).

മത തീവ്രവാദത്തിന് പിന്നിലെ ഭീകരതയെക്കാൾ ഭീകരമാണ് അധികാരത്തിന്റെയും ലാഭക്കൊതിയുടെയും മറവിൽ ഇത്തരത്തിലുള്ള ഭീകര സംഘടനകളെ വെള്ളപൂശുന്ന, അവർക്ക് ഒത്താശ ചെയ്യുന്ന ഒരു കൂട്ടം മനുഷ്യർ. അടുത്തിടെ കേരളത്തിലെ കുരിശിനെ അവഹേളിച്ചു ‘ജിഹാദികൾ’ നടത്തിയ പ്രകടനത്തെ ന്യായീകരിച്ച് സാമൂഹികമാധ്യമങ്ങളിൽ ആശയങ്ങൾ അവതരിപ്പിച്ച ചില വ്യക്തികളെ കണ്ടു. വ്യക്തികൾക്കും അപ്പുറം ചില കോർപ്പറേറ്റ് മുഖ്യധാരാ മാധ്യമങ്ങൾ ഇതിന് ‘ചൂട്ടുപിടിക്കുന്നു’ എന്നുള്ളതാണ് അതിലേറെ വലിയ ശാപം. ഫ്രാൻസിൽ മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിച്ച കഴുത്തറത്തു കൊലചെയ്യപ്പെട്ട വാർത്തയെ ലഘുകരിച്ചും, സാമാന്യവത്കരിച്ചും, പ്രേക്ഷകർക്കും വായനക്കാർക്കും മുന്നിലെത്തിക്കാൻ കപട മാധ്യമങ്ങൾ നടത്തുന്ന പരിശ്രമങ്ങൾ തന്നെയാണ് ഏറ്റവും വലിയ ഉദാഹരണം. ഇതിനിടയിലും അനിഷ്ഠ സംഭവങ്ങളെ അപലപിക്കുവാനും സമൂഹത്തിൽ പരസ്പര ധാരണയും സഹവർതിത്വവും സൃഷ്ടിക്കുവാനും പക്വമായ മതബോധ്യങ്ങളുള്ള ചില സുമനസ്സുകൾ മുൻപോട്ട് വന്നു.

സമൂഹത്തിലെ സമഭാവനയെയും സാഹോദര്യത്തെയും പ്രതിപാദിച്ച് ഗാന്ധി ഇപ്രകാരം പറഞ്ഞു: “ദരിദ്രനോ ധനികനോ ഇന്ത്യക്കാരനോ ബ്രിട്ടീഷുകാരനോ ഹിന്ദുവോ മുസ്ലിമോ ക്രിസ്ത്യാനിയോ, ആരുമായിക്കൊള്ളട്ടെ നാമെല്ലാവരും സ്രഷ്ടാവായ ഒരു പിതാവിന്റെ മക്കളാണ്”. നാമെല്ലാവരും ഒരപ്പന്റെ മക്കളാണെന്നും, അതിനാൽ തന്നെ സഹോദരങ്ങളാണെന്നും ബൈബിൾ പഠിപ്പിക്കുന്നു. ദൈവത്തെപോലെ മനുഷ്യനെയും സ്നേഹിക്കാനും കരുതാനുമാണ് ക്രിസ്തു പഠിപ്പിച്ചത്. പരമപ്രധാനമായ കൽപനയെ കുറിച്ച് ചോദ്യം ഉയരുമ്പോൾ ഈ സ്നേഹത്തിന്റെ പ്രമാണങ്ങളാണ് അവൻ ലോകത്തിനു സമ്മാനിക്കുന്നത് (മത്തായി 22/34-40). സഭയുടെ ആരംഭം മുതൽ, പിതാക്കന്മാരിലൂടെയും, പാരമ്പര്യങ്ങളിലൂടെയും, പ്രത്യേകിച്ച് ഒരു നൂറ്റാണ്ടിലധികം വരുന്ന സഭയുടെ സാമൂഹിക പ്രബോധനങ്ങൾ വഴിയും ഈ സമഭാവനയും സഹോദര്യവുമാണ് സഭ ഉയർത്തിപ്പിടിക്കുന്നത്.

ലിയോ 13- മൻ പാപ്പാ മുതൽ ഫ്രാൻസിസ് പാപ്പാ വരെ നീണ്ടുനിൽക്കുന്ന സാമൂഹിക പ്രബോധനങ്ങളിൽ ജാതിമതഭേദമന്യേ പൊതു സമൂഹത്തോടുള്ള സഭയുടെ കടമയും കടപ്പാടും വ്യക്തമായി ചർച്ച ചെയ്യപ്പെടുന്നുണ്ട്. സമീപകാലങ്ങളിൽ പൊതുസമൂഹത്തിൽ ചർച്ചചെയ്യപ്പെടുന്ന ഫ്രാൻസിസ് പാപ്പയുടെ മൂന്നാമത് ചാക്രികലേഖനവും “Fratelli Tutti (All brothers )” ഈ ലക്ഷ്യത്തെയാണ് അവതരിപ്പിക്കുന്നത്. കോവിഡ് 19 എന്ന മഹാവ്യാധിയുടെ പശ്ചാത്തലത്തിൽ മാനവസമൂഹം സഹനങ്ങൾക്കും പ്രതിസന്ധികൾക്കും നടുവിലൂടെ കടന്നു പോകുമ്പോൾ വികലമായ അന്ധമതവിശ്വാസങ്ങളെ മാറ്റിവെച്ച്, ഒരപ്പന്റെ മക്കളായി, അപരന്റെ കാവൽക്കാരനായി, സാഹോദര്യത്തിന്റെ നന്മകളുമായി നല്ല നാളെകൾക്കായി നമുക്ക് കൈകോർക്കാം.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker