Articles

വിവാഹാനന്തര പഠനവും ഉദ്യോഗവും; സിജോ-ലിൻസി ദമ്പതികൾ നൽകുന്ന മാതൃക

പിന്നിൽ ത്യാഗത്തിന്റെയും, ആഴമായ കുടുംബ ബന്ധത്തിന്റെയും, വിശ്വാസ ജീവിതത്തിന്റെയും, ഭാര്യാ-ഭർതൃ ബന്ധത്തിന്റെയും ഊഷ്മളതയുണ്ട്...

ഫാ. ജോൺസൺ പുത്തൻവീട്ടിൽ

കോവിഡ് മഹാമാരിയുടെ കാലത്ത് ആലപ്പുഴ രൂപതയിൽ നിന്ന് കരുതലിന്റെ, വളർച്ചയുടെ, വെല്ലുവിളികളെ അതിജീവിക്കുന്നതിന്റെ ചരിത്രം തുടരുന്നു… മഹാമാരിയിലും രണ്ടു മക്കളെ നോക്കി ഭാര്യയെ എം.ബി.ബി.എസ്‌-ന് ഒരുക്കി, പരീക്ഷയെഴുതിച്ച് അഡ്മിഷൻ നേടിയ പൊലീസുകാരനായ കുടുംബനാഥൻ നൽകുന്നത് വലിയൊരു മാതൃകയാണ്.

ഈ അടുത്തകാലത്തുള്ള ചില വിജയങ്ങളെക്കൂടി ഓർക്കാം:
*സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ വി‍ജയികളില്‍ ഇടംനേടിയ ആലപ്പുഴ സീ വ്യൂ ഇടവകാംഗം ജോൺ ഡിക്വോത്ത.
*എം.എസ്.സി. മറൈന്‍ ബയോളജിയില്‍ M.Sc. ഒന്നാംറാങ്ക് കരസ്ഥമാക്കിയ ഒറ്റമശ്ശേരിക്കാരി അഭയ റോബിൻസൺ.
*ഹങ്കേറിയൻ ഗവൺമെന്റ് സ്കോളർഷിപ്പോടെ എക്കണോമിക്സിൽ ഇസ്തവൻ യൂണിവേഴ്സിറ്റിയിൽ നിന്നു PHD നേടിയ ചാത്തനാട് ഇടവകാംഗം വിജയ് വിക്ടർ.
*ഭാരതിയാർ യൂണിവേഴ്സിറ്റിയിൽ സോഷ്യൽവർക്കിൽ P.H.D. പ്രവേശനപരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ വാടയ്ക്കൽ ഇടവകാംഗം വട്ടത്തിൽ ഗർഷോം.
*ലോകോത്തര കമ്പനികളോട് മത്സരിച്ച് ഭാരതത്തിന്റെ അഭിമാനമായ ടെക്ജെൻഷ്യ ജോയി സെബാസ്റ്റ്യന്‍ എന്ന ഓമനപ്പുഴക്കാരൻ.
*ഇപ്പോൾ ഇതാ എം.ബി.ബി.എസ്‌.-ൽ ഉയർന്ന വിജയം കരസ്ഥമാക്കി മറ്റൊരു ഓമനപ്പുഴക്കാരിയും, അര്‍ത്തുങ്കല്‍ ആയിരംതൈ ലിറ്റില്‍ ഫ്ലവര്‍ ഇടവകാംഗവുമായ സിജോ ഡൊമിനിക്കിന്റെ ഭാര്യ ലിൻസി സി.പി.യും.

ലിൻസി സി.പി.യുടെ വിജയം ചരിത്രവും അത്ഭുതവുമാകുന്നതിന് പിന്നിൽ ത്യാഗത്തിന്റെയും, ആഴമായ കുടുംബ ബന്ധത്തിന്റെയും, വിശ്വാസ ജീവിതത്തിന്റെയും, ഭാര്യാ-ഭർതൃ ബന്ധത്തിന്റെയും ഊഷ്മളതയുണ്ട്. ഈ വർഷം പത്തനംതിട്ടയിലെ മൗണ്ട് സിയോൻ മെഡിക്കൽ കോളേജിൽ അഡ്മിഷൻ കരസ്ഥമാക്കിയിരിക്കുന്ന ലിൻസി സമുദായത്തിനും, വിശ്വാസികൾക്കും, കുടുംബങ്ങൾക്കും എന്നല്ല, പഠനത്തിനും ജോലിക്കുമായി ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിക്കും പാഠമാക്കാവുന്ന ഒരു റഫറന്‍സ് പുസ്തകമായി മാറുകയാണ്.

ഓമനപ്പുഴ സെന്റ് സേവ്യേഴ്സ് ഇടവകാംഗമായ പാപ്പച്ചന്റെയും ലിന്‍ഡാമ്മയുടെ മകളാണ് ലിൻസി. ലിന്‍സിയെ വിവാഹം ചെയ്തത് ആര്‍ത്തുങ്കല്‍- ആയിരംതൈ, വെട്ടിയഴീക്കൽ ഡോമിനിക്കിന്റെയും ത്രേസ്യാമ്മയുടെയും മകൻ സിജോ ഡോമിനിക്. സിജോ ചേര്‍ത്തല സ്റ്റേഷനിലെ സിവില്‍പോലീസ് ഓഫീസർ. ബോട്ടണിയിൽ ബിരുദാനന്തര ബിരുദമുള്ള ലിൻസി വിവാഹാനന്തരം പ്ലസ് ടു പഠനകാലത്ത് നടക്കാതെ പോയ ആഗ്രഹം ഭർത്താവിനോട് പങ്കുവെച്ചു. ആ സമയത്ത് മകന് അഞ്ചു മാസം പ്രായം. ഭർത്താവിന്റെ പ്രോത്സാഹനവും, താൽപര്യവും പഠനത്തിലേക്കുള്ള പുനഃപ്രവേശനം എളുപ്പമാക്കി.

വലിയ വിഷമത്തോടെയാണെങ്കിലും കുഞ്ഞിനെ മാതാവ് ലിൻഡാമ്മയെ ഏൽപ്പിച്ച് എൻട്രൻസ് പഠനത്തിനായി ഹോസ്റ്റലിൽ താമസമാക്കി. പ്ലസ് ടു പഠനം കഴിഞ്ഞിട്ട് കാലദൈർഘ്യം വന്നതിനാലും, പഠന വിഷയങ്ങളുമായുള്ള പരിചയം നഷ്ടമായതിനാലും കൂടെ ഉണ്ടായിരുന്ന കുട്ടികളെക്കാളും പഠിക്കാനും മനസ്സിലാക്കാനുമൊക്കെ ഏറെ പ്രയാസപ്പെട്ടു. ആ വർഷത്തെ എൻട്രൻസ് പരീക്ഷയിൽ പ്രതീക്ഷിച്ച മാർക്ക് ലഭിച്ചില്ല. പിറ്റേവർഷം നേരിടേണ്ടി വന്നത് മറ്റൊരു പരീക്ഷണമായിരുന്നു. അപ്രതീക്ഷിതമായി ഭർത്താവ് സിജോയ്ക്ക് ഹിപ്പ് മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയ, മാസങ്ങൾ നീണ്ട ചികിത്സ. അങ്ങനെ ആ വർഷവും കടന്നുപോയി.

പിന്നീട് 2019-ൽ ആലപ്പുഴയിലെ ആല്‍ഫ അക്കാദമിയിൽ ചേർന്നു പഠനം ആരംഭിച്ചു. അങ്ങനെയിരിക്കെ രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകുകയും, ഒരു മാസത്തിനുശേഷം പഠിച്ച സ്ഥാപനത്തിന്റെ അടുത്ത് ഒരു വീട് വാടകക്കെടുത്ത് കുഞ്ഞുമായി അങ്ങോട്ട് താമസം മാറി. ആ വർഷത്തെ പരീക്ഷയ്ക്കും മാർക്ക് കുറവായിരുന്നു. അതേസമയം അഡ്മിഷനുള്ള ലിൻസിയുടെ പ്രായപരിധി 2020-ൽ അവസാനിക്കുകയായിരുന്നു.

എന്നാൽ, ജീവിതപങ്കാളി വലിയ ഊർജമാവുകയും, പഠനത്തിന് എല്ലാരീതിയിലുമുള്ള സഹായവും നൽകി കൂടെനിന്നപ്പോൾ ഈ വർഷം ഉയർന്ന മാർക്കോടുകൂടി അഡ്മിഷൻ നേടുവാൻ സാധിച്ചത് ദൈവകൃപയായി കുടുംബം കാണുന്നു. ദൈവത്തിനു മുമ്പിൽ കരങ്ങൾ കൂപ്പി ദാമ്പത്യജീവിതത്തിന്റെ സന്തോഷം പങ്കുവെക്കുമ്പോൾ, എം.ബി.ബി.എസി.ന്റെ റിസൾട്ട് വന്ന് അഡ്മിഷൻ കരസ്ഥമാക്കുമ്പോൾ ലിന്‍സിയുടെ ഉദരത്തിൽ മൂന്നാമത്തെ കുഞ്ഞിന് മൂന്നുമാസം പ്രായമാണ്.

ഈ പഠനകാലയളവിലുടനീളം രണ്ട് കുഞ്ഞുങ്ങളെയും നോക്കിയത് അമ്മയും ഭർത്താവും വീട്ടുകാരും ചേർന്നാണെന്ന് ലിന്‍സി ചാരിതാര്‍ത്ഥ്യത്തോടെ പറയുന്നു. പഠനകാര്യത്തിൽ ആരാണ് മാതൃക, ആരാണ് പ്രചോദനം എന്ന് ചോദിച്ചപ്പോൾ – കൂടെ ചേർന്നുനിന്ന് ഭാഗമായ, എല്ലാ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും അതിജീവിക്കാൻ കരുത്തായ ഭർത്താവ് ഒരാൾ മാത്രം എന്ന അഭിമാനത്തിന്റെയും സാക്ഷ്യത്തിന്റെയും സ്വരമാണ് ലിന്‍സിയില്‍ നിന്നു ലഭിച്ചത്.

ആയിരംതൈ പള്ളിയിലെ ഉദ്യോഗസ്ഥ കൂട്ടായ്മയിലും, വിദ്യാഭ്യാസ സമിതിയിലും സജീവ അംഗമായ സിജോ ഡോമിനിക്കും അതിൽ തുല്യപങ്കാളിത്തമെടുക്കുന്ന ലിൻസിയും അഭിമാനമാണ് മാതൃകയാണ്. ഇത്രമാത്രം താൽപര്യപൂർവം പഠനം വെല്ലുവിളിയായെടുത്ത് നേടിയ വിജയം തുടർന്നുള്ള പാതയിൽ ലിൻസിക്ക് സഹായകമാകട്ടെ… ദൈവം അനുഗ്രഹിക്കട്ടെ…

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker