Meditation

2nd Sunday_Advent_Year B_യേശുവെന്ന സുവിശേഷം (മർക്കോ 1:1-8)

ഏശയ്യായും യോഹന്നാനും വരുവാനിരിക്കുന്നവനെ കുറിച്ചാണ് പ്രഘോഷിക്കുന്നത്...

ആഗമനകാലം രണ്ടാം ഞായർ

രണ്ട് പ്രവാചകന്മാരുടെ വാക്കുകളെ കോർത്തിണക്കി കൊണ്ടാണ് മർക്കോസിന്റെ സുവിശേഷം ആരംഭിക്കുന്നത്. വലിയ ആർഭാടങ്ങൾ ഒന്നുമില്ല. വളരെ ലളിതമായാണ് സുവിശേഷകൻ യേശുവിനെ അവതരിപ്പിക്കുന്നത്. ശക്തനായവൻ വരുന്നു. അതെ, ആർദ്രതയെ കരുത്താക്കി മാറ്റിയവൻ. “കുനിഞ്ഞ് അവന്റെ ചെരുപ്പിന്റെ വള്ളികൾ അഴിക്കാൻ പോലും ഞാൻ യോഗ്യനല്ല”. യോഹന്നാന്റെ എളിമയാണിത്. ജലമാണ് അവന്റെ പ്രതീകം. അനുതാപത്തിന്റെ സ്നാനം അവൻ നൽകുന്നു. പക്ഷേ വരുവാനിരിക്കുന്നവൻ അഗ്നിയാണ്. അവൻ നൽകും വിശുദ്ധിയുടെ സ്നാനം.

ഏശയ്യായും യോഹന്നാനും വരുവാനിരിക്കുന്നവനെ കുറിച്ചാണ് പ്രഘോഷിക്കുന്നത്. വരുന്നത് ആരുമല്ല, ദൈവം തന്നെയാണ്. ഒരു യാത്രക്കാരന്റെ മുഖം ദൈവത്തിന് കൈവരുന്നു. യുഗങ്ങൾ താണ്ടി ഹൃദയങ്ങളിൽ വാസമുറപ്പിക്കാൻ അവൻ വരുന്നു. മരമായി മാറുന്ന വിത്തു പോലെ, അരിമാവിനെ വളർത്തുന്ന പുളിമാവ് പോലെ, ജീവനിലേക്കുള്ള സൗരഭ്യമായി അവൻ വരുന്നു. ഉണർവുള്ളവർ അവനെ ദർശിക്കും. തൊടികളിലെ പ്രഭാത ഹിമകണങ്ങളിൽ ദൈവികത ദർശിക്കുന്നവരെ പോലെ പ്രവാചകൻ മരുഭൂമിയുടെ ഊഷരതയിൽ ദൈവത്തിന്റെ കാലടികൾ കാണുന്നു. എന്നിട്ടവൻ തൊണ്ട പൊള്ളുന്ന സ്വരത്തിൽ വിളിച്ചു പറയുന്നു: “കർത്താവിന്റെ വഴി ഒരുക്കുവിൻ. അവന്റെ പാത നേരെയാക്കുവിൻ”. ദൈവം കടന്നുവരുന്നു. നമ്മുടെ അനുദിന ജീവിതത്തിന്റെ ആലസ്യത്തിലേക്കും ആകുലതകളിലേക്കും. നമ്മുടെ ഉണർവിന്റെ ഉമ്മറപ്പടിയിൽ അവൻ നമ്മെയും കാത്തു നിൽക്കുന്നുണ്ട്.

മർക്കോസിന്റെ സുവിശേഷത്തിലെ ആദ്യവാക്യം ശ്രദ്ധിക്കുക: “ദൈവപുത്രനായ യേശുക്രിസ്തുവിന്റെ സുവിശേഷത്തിന്റെ ആരംഭം”. വളച്ചു കെട്ട് ഒന്നുമില്ല. കാര്യങ്ങൾ ഋജുവായി അവതരിപ്പിക്കുന്നു. ഒരു ആരംഭം കുറിക്കലാണിത്. നമ്മെ സംബന്ധിച്ച് ഇതൊരു പുനരാരംഭമാണ്. എന്തിന്റെ പുനരാരംഭം? കടന്നുവരുന്നവന്റെ മാർഗ്ഗത്തിലൂടെ വീണ്ടും സഞ്ചരിക്കുന്നതിനു വേണ്ടി, ആർദ്രതയുടെ ചക്രവാളത്തിലേക്ക് ഒന്നുംകൂടി അടക്കുന്നതിനുവേണ്ടി. യേശുവെന്ന സുവിശേഷത്തിന്റെ ആരംഭമാണിത്. ഈ “സുവിശേഷത്തിൽ” നിന്നേ ജീവിതവും ബന്ധങ്ങളും പദ്ധതികളും നമുക്ക് പുനരാരംഭിക്കാൻ സാധിക്കൂ. ഈ നിത്യ-നൂതന സൗന്ദര്യമാണ് ജീവിതത്തെ പ്രകാശമാനമാക്കുന്നത്. ഇതൊരു ഊർജ്ജമാണ്. സ്വർഗ്ഗം വരെ എത്തിച്ചേരാനുള്ള ഏക ഊർജ്ജം. നൊമ്പരങ്ങളുടെ അധ്യായങ്ങളും മോശമായ ദിനങ്ങളും ജീവിതത്തിലുണ്ടാകും അപ്പോൾ യേശുവെന്ന സുവിശേഷം സാന്ത്വനമായും സ്നേഹമായും കൂടെ നിൽക്കും. ഹൃദയത്തിന്റെ ഇരുൾ നിറഞ്ഞ കോണുകളിൽ അവൻ തിരി തെളിക്കും.

ഇടതിങ്ങിയ ജീവിത നൊമ്പരങ്ങളുടെ ഇടയിൽ കുടുങ്ങി കിടക്കുന്ന ദൈവപുത്രനാണ് യേശു. ദൈവിക ആർദ്രതയുടെ ഒരു ഇതിവൃത്തം അവന്റെ ജീവിതത്തിലുണ്ട്. സുവിശേഷമാണവൻ. ഒരു നല്ല പ്രഘോഷണം. സ്നേഹ നിർഭരമായ ഒരു ജീവിതം സാധ്യമാണ് എന്ന പ്രഘോഷണം. അതിനുള്ള പോംവഴി അവന്റെ കയ്യിലുണ്ട്. അത് അവൻ ഒരു സ്നേഹമന്ത്രണം പോലെ നമ്മളോട് പറഞ്ഞിട്ടുമുണ്ട്; ദൈവം നിന്റെ തൊട്ടരികിലുണ്ട് നിശ്വാസമായി, ഹൃദയത്തുടിപ്പായി, സ്നേഹ സൗരഭ്യമായി…

പ്രവാചകൻ പറയുന്നു: “എന്നെക്കാൾ ശക്തനായവൻ എന്റെ പിന്നാലെ വരുന്നു”. ശക്തനാണ് യേശു. ആർദ്രതയാണ് അവന്റെ ശക്തി. അതുകൊണ്ടാണ് അവന് ഹൃദയങ്ങളോട് സംസാരിക്കാൻ സാധിക്കുന്നത്. അവന്റെ ഭാഷ സൗമ്യമാണ്. അവനു മുൻപും പിൻപും വന്നവരുടെ സംസാരങ്ങൾ പുറമേ നിന്നും വരുന്ന ശബ്ദങ്ങൾ ആയി അനുഭവപ്പെടുന്നു. പക്ഷേ അവന്റെ വാക്കുകൾ ആത്മാവിന്റെ ഉള്ളിൽ ആന്ദോളനം ഉണ്ടാക്കുന്നു. മനുഷ്യ ഹൃദയത്തിന്റെ അടിത്തട്ടിലാണ് അവരുടെ വാക്കുകൾ പ്രകമ്പനം കൊള്ളുന്നത്. ആ വാക്കുകളെ ഉൾക്കൊണ്ടവർക്ക് വെറുപ്പിന്റെയോ വിദ്വേഷത്തിന്റെയോ ഭാഷ സംസാരിക്കാൻ പറ്റില്ല. അവരുടെ ചിന്തകളിൽ സാഹോദര്യത്തിന്റെ പൂവിടലുണ്ടാകും. അവരുടെ മനോഭാവങ്ങൾ കരുണയുടെ തെളിനീരുറവയായിരിക്കും. അവരുടെ പ്രവർത്തികൾ ആർദ്രതയുടെ ആഘോഷമായിരിക്കും. യേശുവെന്ന സുവിശേഷം ഹൃദയത്തെ സ്പർശിക്കുമ്പോൾ ആർദ്രതയുടെ കെടാവിളക്കായി നമുക്ക് തെളിഞ്ഞു നിൽക്കാൻ സാധിക്കും. അപ്പോൾ നൊമ്പരങ്ങളുടെ മുൻപിൽ ഒഴിവു കഴിവുകളുടെ സിദ്ധാന്തം നമ്മൾ പറയില്ല. കഷ്ടപ്പാടുകളെ നിമിത്തങ്ങളായി കണക്കാക്കില്ല. സ്നേഹരാഹിത്യവുമായി പൊരുത്തപ്പെടില്ല. മരണ സംസ്കാരത്തിന്റെ ആവിർഭാവങ്ങളുടെ മുകളിൽ ദൈവീക ജീവന്റെ കൊടി നമ്മൾ ഉയർത്തി പിടിക്കും.

വരുന്നത് ശക്തനായവനാണ്. മറ്റൊരു രീതിയിൽ പറഞ്ഞാൽ രാജാവ് തന്നെയാണ്. ഇനി സംഭവ്യമാകുന്നത് ദൈവരാജ്യമാണ്. സമ്പത്തിനോ വ്യാപാരത്തിനോ അധികാരത്തിനോ ഏതെങ്കിലും വ്യവസ്ഥിതിക്കോ പ്രസ്ഥാനത്തിനോ പ്രത്യയശാസ്ത്രത്തിനോ അവന്റെ രാജ്യത്തെ കീഴടക്കാൻ സാധിക്കില്ല. കാരണം സ്വാതന്ത്ര്യത്തിന്റെ അവബോധമാണ് ഈ രാജ്യം. സ്ത്രൈണതയുടെ വസന്തമാണത്, നിഷ്കളങ്കതയോടുള്ള ആദരവാണത്, പ്രകൃതിയോടുള്ള സ്നേഹമാണത്. അതിലുപരി അനുകമ്പയുടെ ഇതിഹാസമാണ് യേശുവെന്ന സുവിശേഷം. അവനിലേക്കടക്കുമ്പോൾ ദൈവം ഒരു ആലിംഗനാനുഭവമായി മാറും. അങ്ങനെ നമ്മുടെ ജീവിതം സ്നേഹം പരത്തുന്ന ഒരു പരിമളമായി തീരും.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker