Articles

അഭയാക്കേസ് രാജുവിന്റെ മൊഴികളിലെയും വിധിയിലെയും വൈരുദ്ധ്യങ്ങൾ

താൻ കള്ളനല്ല, കഞ്ചാവ് ആണെന്നാണു രാജു മാധ്യമങ്ങളിൽ അവകാശപ്പെട്ടത്...

ഫാ.ബിബിൻ മഠത്തിൽ

അഭയക്കേസ് വിധി വന്നതോടു കൂടി PW3, RAJU @ ADACKA RAJU ഒരു തഗ് ലൈഫ് ഹീറോ ആയി മാറിയിരിക്കുകയാണ്. രാജു “നല്ല കള്ളൻ” ആണെന്ന വിധിപ്രസ്താവനയും പൊതുജനങ്ങൾ സർട്ടിഫിക്കറ്റും കൊടുത്തിട്ടുണ്ട്. എന്നാൽ താൻ കള്ളനല്ല, കഞ്ചാവ് ആണെന്നാണു രാജു മാധ്യമങ്ങളിൽ അവകാശപ്പെട്ടത്. എന്തായാലും കോടതി വിധി വായിച്ചാൽ രാജു കഞ്ചാവായതുകൊണ്ടല്ല, കള്ളനായതുകൊണ്ടാണ് സാക്ഷിയായി വരുന്നത് എന്ന് നമുക്ക് മനസിലാകും. കള്ളനായാലും കഞ്ചാവായാലും രാജു ഒരു നോബിൾ വിറ്റ്നസ് അല്ല എന്ന് വാദിക്കുന്നവരുണ്ട്. ആ വാദങ്ങളിലേക്ക് ഞാൻ കടക്കുന്നില്ല. പക്ഷെ വിധി വായിച്ചു കഴിഞ്ഞാൽ രാജുവിന്റെ സാക്ഷിമൊഴികളിലും വിധിയിലും ചില വൈരുദ്ധ്യങ്ങൾ (at least എനിക്ക് മനസിലാകാത്തത്) പ്രകടമായി കാണാൻ സാധിക്കും.

രാജുവിന്റെ സാക്ഷിമൊഴിയിലേക്ക് വരുന്നതിനു മുമ്പ് സി.അഭയ മരണപ്പെട്ട രാത്രിയിലെ സംഭവവികാസങ്ങളിൽ പ്രധാനപ്പെട്ട ചില കാര്യങ്ങൾ:

സി.അഭയ മരണപ്പെട്ടതിന്റെ തലേ ദിവസം രാത്രിയിൽ (26-03-1992) തന്റെ റൂം മേറ്റായിരുന്ന സി.ഷേർലിയോട് തന്നെ വെളുപ്പിനെ നാലു മണിക്ക് വിളിച്ച് എഴുന്നേൽപ്പിക്കണം എന്ന് ആവശ്യപ്പെട്ടു (P.16). അതനുസരിച്ച് നാലു മണിക്ക് വേണ്ടി സി.ഷേർലി അലാറം വച്ചു. അഭയ അലാറം കേട്ട് ഉണർന്നു. സി.ഷേർലിയും ഉണർന്നെങ്കിലും എഴുന്നേറ്റില്ല. ഉറക്കമുണർന്ന അഭയ പഠിക്കാൻ ഇരുന്നു. കുറച്ച് സമയത്തിനു ശേഷം സി.അഭയ അടുത്ത മുറിയിൽ പോയി സി.അനുപമയെയും ഉണർത്തി (P.17). അഞ്ചു മണിക്ക് ഹോസ്റ്റലിൽ ഉണരാനുള്ള ബെൽ അടിച്ചു. അപ്പോൾ മിസ്.അച്ചാമ്മയും കൂടെയുണ്ടായിരുന്നവരും താഴെ അടുക്കളയിലെക്ക് പോയി. അവിടെ അവർ ചില ഡിസ്റ്റേർബൻസ് കണ്ടു. അതൊടൊപ്പം അടുക്കള വാതിൽ പുറത്തു നിന്നു പൂട്ടിയിട്ടിരിക്കുന്നതും ശ്രദ്ധയിൽപ്പെട്ടു (P.18&19). തുടർന്ന് അവർ കാര്യം അന്വേഷിക്കുകയും സി.അഭയ മിസിംഗ് ആണെന്ന് തിരിച്ചറിഞ്ഞ് അഭയക്കു വേണ്ടി അന്വേഷണം ആരംഭിക്കുകയും ചെയ്തു.

വിധിയിൽ പ്രോസിക്യൂഷന്റെ കേസ് വിസ്തരിച്ച് എഴുതിയിട്ടുണ്ടെങ്കിലും ഈ ലേഖനത്തിന് മുകളിൽ പറഞ്ഞ കാര്യങ്ങൾ മാത്രമാണ് പ്രസക്തമാകുന്നത്. പ്രോസിക്യൂഷന്റെ ഈ വിവരണത്തിൽ നിന്നും അഭയ മരണപ്പെട്ടത് വെളുപ്പിനെ നാലു മണിക്കും അഞ്ചു മണിക്കും ഇടയിലാണ് എന്ന് വ്യക്തമാണ്. ഇനി നമുക്ക് അടക്കാ രാജുവിലേക്ക് വരാം.

അടക്കാ രാജുവിന്റെ മൊഴി പ്രകാരം സെന്റ് പയസ് ടെൻത് കോൺവന്റ് ഹോസ്റ്റലിലെ മിന്നൽ രക്ഷാകവചം മോഷ്ടിക്കാനായി അദ്ദേഹം മൂന്ന് തവണ അവിടെ പോയിട്ടുണ്ട്. അദ്ദേഹത്തിന്റെ മോഡസ് ഓപ്പറാണ്ടി ഇപ്രകാരമായിരുന്നു – ഹോസ്റ്റലിനു പുറകിൽ എത്തിയ ശേഷം അദ്ദേഹം അവിടെയുള്ള ഒരു കൊക്കോമരത്തിൽ കയറി ഹോസ്റ്റലിന്റെ മതിൽ ചാടിക്കടക്കും. ശേഷം സ്റ്റെപ്പിൽ കൂടി ടെറസിൽ എത്തുകയും അവിടുത്തെ മിന്നൽ രക്ഷാകവചത്തിൽ നിന്നു ചെമ്പ് മോഷ്ടിക്കുകയും ചെയ്യും. (P.116) മൂന്നാം പ്രാവശ്യം ചെമ്പ് മോഷ്ടിക്കാനായി ഹോസ്റ്റലിൽ എത്തിയപ്പോൾ അവിടുത്തെ സ്റ്റെയർകേസിലേക്ക് വരുന്ന രണ്ടു ആണുങ്ങളെ കണ്ടുവെന്നും, അവരുടെ കൈയിൽ ടോർച്ച് ഉണ്ടായിരുന്നുവെന്നും രാജു സാക്ഷ്യപ്പെടുത്തി. രാജു പറയുന്നത് അനുസരിച്ച് അതിലൊരാൾ ഫാ.കോട്ടൂർ ആണെന്ന് രാജു തിരിച്ചറിഞ്ഞു (P.117). സ്റ്റെയർകേസിനെ സമീപിച്ചവരുടെ കൈയിൽ ടോർച്ച് ലൈറ്റ് ഉണ്ടായിരുന്നു എന്ന് പറയുമ്പോൾ അവിടെ ആവശ്യത്തിനു വെളിച്ചം ഇല്ലായിരുന്നു എന്ന് നമുക്ക് അനുമാനിക്കാവുന്നതാണ്. അങ്ങനെ എങ്കിൽ ടോർച്ച് ലൈറ്റിന്റെ പുറകിൽ നിൽക്കുന്ന രണ്ടു പേരിൽ ഒരാളെ രാജു എങ്ങനെ തിരിച്ചറിഞ്ഞു? — രാജുവിന്റെ ഈ മൊഴിയെ ബലവത്താക്കാൻ വിധിപ്രസ്താവം അച്ചാമ്മയുടെ മൊഴിയുടെ സഹായം തേടുന്നു. അച്ചാമ്മയുടെ മൊഴി അനുസരിച്ച് വൈദികർ കോൺവന്റ് ഹോസ്റ്റൽ സന്ദർശിക്കുന്ന പതിവുണ്ടായിരുന്നുവെന്നും, അപ്പോൾ താൻ അവർക്ക് നല്ല ഭക്ഷണം ഒരുക്കിയിരുന്നുവെന്നും പറയുന്നു. വൈദികർ സന്ദർശിക്കാറുണ്ടായിരുന്നതിനാൽ ഹോസ്റ്റലിലെ നായ്ക്കൾക്ക് അവരെ പരിചയമുണ്ടായിരുന്നുവെന്നും, പരിചയമുള്ളവരെ കണ്ടാൽ നായ്ക്കൾ കുരക്കാറില്ലെന്നും 26-27 രാത്രിയിൽ നായ്ക്കൾ കുരച്ചില്ലെന്നും അതിനാൽ വൈദികർ ആ രാത്രിയിൽ അവിടം സന്ദർശിച്ചിരുന്നുവെന്നും വിധിപ്രസ്താവം നിരീക്ഷിക്കുന്നു (P.121).

ഈ നിരീക്ഷണം എത്ര മാത്രം ലോജിക്കൽ ആണ്? ഒന്നാമത് – അച്ചാമ്മയുടെ മൊഴി അനുസരിച്ച് വൈദികർ കൂടുതൽ ആളുകളുടെ സാന്നിധ്യത്തിലായിരുന്നു കോൺവന്റ് ഹോസ്റ്റൽ സന്ദർശിച്ചിരുന്നത്. അതുകൊണ്ടാണ് അവർക്ക് അവിടെ ഭക്ഷണം ഒരുക്കിയിരുന്നത്. ആ കോൺവന്റ് ഹോസ്റ്റലിൽ വി.കുർബാന നടക്കാറുണ്ടായിരുന്നു. വൈദികരുടെ സാന്നിധ്യമില്ലാതെ അത് നടക്കാറില്ലല്ലൊ. വി.കുർബാനക്ക് പോയാൽ കോൺവന്റിൽ നിന്ന് ഭക്ഷണം കഴിക്കുക സാധാരണമാണ്. ഇങ്ങനെ പകലോ അല്ലെങ്കിൽ മറ്റുള്ളവരുടെ സാന്നിധ്യത്തിലോ മാത്രം ഹോസ്റ്റൽ സന്ദർശിക്കുന്നവരെ രാത്രിയിൽ നടന്ന ഒരു കാര്യവുമായി ലോജിക്കലി ബന്ധിപ്പിക്കുന്നത് എങ്ങനെയാണ്?

ഇനി നായ്ക്കളെ സംബന്ധിച്ച് – അപകടകാരികളായ നായ്ക്കളാണെങ്കിൽ പകൽ സമയങ്ങളിൽ അവയെ കൂട്ടിൽ അടച്ചിടുകയാണല്ലൊ പതിവ്. അങ്ങനെയെങ്കിൽ പകൽ സമയങ്ങളിൽ ഹോസ്റ്റൽ സന്ദർശിക്കുന്നവരെ നായ്ക്കൾക്ക് എങ്ങനെയാണു പരിചിതരാവുക? മാത്രമല്ല, അപരിചിതരെ കണ്ടാൽ കുരക്കുന്ന നായ്ക്കൾ ആണെങ്കിൽ അടക്കാ രാജു മൂന്നു തവണ അവിടെ മോഷ്ടിക്കാൻ കയറിയിട്ട് എന്തുകൊണ്ട് നായ്ക്കൾ കുരച്ചില്ല?

അടക്കാ രാജുവിലേക്ക്:

ഇനി അടക്കാ രാജുവിലേക്ക് മടങ്ങാം. ഡി.വൈ.എസ്.പി. അഗർവാളിന്റെ മുമ്പിൽ നൽകിയ മൊഴിപ്രകാരം താൻ അടുത്തടുത്ത (CONTINUOUS) രണ്ടു ദിവസങ്ങളിൽ ഹോസ്റ്റലിന്റെ ടെറസിൽ പോയിരുന്നുവെന്നും, മൂന്നാം ദിവസം ടെറസിന്റെ മുകളിൽ രണ്ടു പേർ നിൽപ്പുണ്ടായിരുന്നുവെന്നും അവർ ടോർച്ചുകളുടെ സഹായത്തിൽ ചുറ്റുപാടുകൾ നിരീക്ഷിക്കുന്നുണ്ടായിരുന്നുവെന്നും പറയുന്നു (P.125).
എന്നാൽ കോടതിക്കു മുമ്പിൽ രാജു നൽകിയ മൊഴിപ്രകാരം താൻ അടുത്തടുത്ത ദിവസങ്ങളിലല്ല, ഇടവിട്ട ദിവസങ്ങളിലാണ് മോഷണം നടത്തിയിരുന്നത്. സാക്ഷി മൊഴി ഇംഗ്ലീഷിൽ ആണ് രേഖപ്പെടുത്തിയതെന്നും, എന്നാൽ സാക്ഷിക്ക് ഇംഗ്ലീഷ് അറിയില്ലാതിരുന്നതിനാൽ വന്ന മൈനർ മിസ്റ്റേക്ക് മാത്രമാണ് ഇതെന്നുമാണു വിധിപ്രസ്താവം ഇതിനെ നിരീക്ഷിക്കുന്നത് (P.126-127). അതുപോലെ തന്നെ മജിസ്ട്രേറ്റിനു മുമ്പിൽ നൽകിയ മൊഴികളിൽ പോലും വൈരുദ്ധ്യങ്ങളുണ്ട് എന്ന് വിധിപ്രസ്ഥാവത്തിൽ നോട്ട് ചെയ്യുന്നു.
താൻ 2-2.30 AM നാണ് മോഷണം നടത്തുക എന്ന് ഒരിക്കലും, 1-1.30 AM നാണ് മോഷണം നടത്തുക എന്ന് മറ്റൊരിടത്തും സാക്ഷി പറഞ്ഞു. എന്നാൽ വിധിപ്രസ്താവം അനുസരിച്ച് 2-2.30 സൈറ്റിൽ എത്തുന്ന രാജു 3-30 നാണ് കളവ് നടത്തിയിരുന്നത്. ഡിഫൻസ് ഇത് കൺഫ്യൂസ് ചെയ്തു എന്ന് കോടതി ആരോപിക്കുകയും, രാജുവിന്റെ മൊഴിയിൽ വൈരുദ്ധ്യങ്ങളില്ല എന്ന് കണ്ടെത്തുകയും ചെയ്തു (P.128). കൂടാതെ അഗർവാളിന്റെ മുമ്പിൽ നൽകിയ മൊഴി അനുസരിച്ച് പയസ് ടെന്ത് കോൺവന്റ് ഹോസ്റ്റലിൽ കയറിയത് 1.30 നായിരുന്നു എന്ന് പറയുന്ന സാക്ഷി, കോടതിയുടെ മുമ്പിൽ അത് 3.30 നാണ് എന്നാണ് പറയുന്നത്. ഇതും ഇംഗ്ലീഷിന്റെ പ്രശ്നമായിട്ടാണ് വിധിയിൽ പരാമർശിക്കുന്നത് (P.130).

P.126-127-ൽ പറയുന്ന വൈരുദ്ധ്യം ഇംഗ്ലീഷ് ഭാഷയുടെ പ്രശ്നമാണെന്ന് ഒരുപരിധി വരെ നമുക്ക് അംഗീകരിക്കാം. എന്നാൽ മജിസ്ട്രേറ്റിന്റെ മുമ്പിൽ നൽകിയ രണ്ടു സമയങ്ങൾ 1-1.30 ഉം 2-2.30 ഉം ആണെന്നിരിക്കേ, വിധിയിൽ അത് എങ്ങനെ 2-2.30 ഉം 3.30 ഉം ആയി? സെക്കൻഡ് ഷോ കഴിഞ്ഞ് തട്ടുകടയിൽ നിന്ന് ഒരു കാപ്പി കുടിച്ചിട്ടാണു രാജു മോഷ്ടിക്കാൻ പോയിരുന്നത് എന്ന് അംഗീകരിക്കുന്ന വിധിപ്രസ്താവം (P.129), സെക്കൻഡ് ഷോ കഴിഞ്ഞ് കാപ്പി കുടിച്ച് കഴിയുമ്പോൾ 3.30 ആകുമെന്ന് കരുതുന്നത് എന്തുകൊണ്ടാണ്?

ഇവിടെ വിധിപ്രസ്താവം പരിഗണിക്കാത്ത മറ്റൊരു വൈരുദ്ധ്യത രാജു ആ രണ്ടു ആണുങ്ങളെ കണ്ടത് എവിടെയാണു എന്നുള്ളത്. കോടതിയുടെ മുമ്പിൽ സ്റ്റെയർകേസിനെ അപ്രോച്ച് ചെയ്യുന്ന ആണുങ്ങളെ ആണു കണ്ടതെന്ന് പ്രസ്താവിക്കുന്ന രാജു, അഗർവാളിനു മുമ്പിൽ നൽകിയ മൊഴി അനുസരിച്ച് അവരെ കാണുന്നത് ടെറസിനു മുകളിലാണു! ഇതിൽ ഏതാണു സത്യം‌?

മജിസ്ട്രേറ്റിനു മുമ്പിൽ രാജു നൽകിയ മൊഴി രാജുവിനു കൃത്യമായി ഓർത്തിരിക്കാൻ ബുദ്ധിമുട്ട് എന്ന് ബഹു. ജഡ്ജി മനസിലാക്കിയത് രാജുവിന്റെ ബോഡി ലാങ്വേജിൽ നിന്നാണെന്നും വിധിന്യായത്തിൽ പറയുന്നുണ്ട്. ക്രോസ് വിസ്താരണയുടെ സമയത്ത് രാജു തന്റെ വലതു കൈ വലതു ചെവിയുടെ ചുറ്റും ഓടിക്കുന്നുണ്ടായിരുന്നു എന്നും ഇത് മുമ്പ് നൽകിയ മൊഴി ഓർമ്മിക്കാനുള്ള അദ്ദേഹത്തിന്റെ ബുദ്ധിമുട്ടിന് തെളിവാണെന്നുമാണു വിധിയിൽ പറയുന്നത്. “It is significant and speaks volumes”
എന്ന് പറയുമ്പോൾ സാക്ഷിയുടെ ബോഡി ലാങ്വേജ് വിചാരണവേളയിൽ ഒരു പ്രധാന തെളിവായി മാറുകയാണ്! (P.147).

കോടതിവിധിയിൽ നിന്ന് മനസിലാക്കുന്നത് അനുസരിച്ച് കൃത്യം നടന്ന ദിവസം രാജു ചെയ്ത കാര്യങ്ങൾ എന്താണെന്ന് ഏകദേശം ഇങ്ങനെ കുറിക്കാം. കോട്ടയം അഭിലാഷ് തിയേറ്ററിൽ സെക്കൻഡ് ഷോ കണ്ട ശേഷം തട്ടുകടയിൽ കയറി ചായകുടിക്കുന്നു (P.135). അതിനു ശേഷം സെന്റ്. പയസ് ടെന്ത് കോൺവന്റിൽ മോഷ്ടിക്കാനായി എത്തുന്നു. അപ്പോൾ സമയം 3-30 AM. അവിചാരിതമായി ആ സമയത്ത് അവിടെ രണ്ടു ആണുങ്ങളെ കാണുന്ന രാജു മുൻ അവസരങ്ങളിലെ പോലെ ഉടൻ തന്നെ കോമ്പൌണ്ടിൽ കയറാതെ ആ രണ്ടു ആണുങ്ങളുടെ ചലനങ്ങളെ ശ്രദ്ധിച്ചു 5AM നു സൈറൻ അടിക്കുന്നത് വരെ അവിടെ തന്നെ നിൽക്കുന്നു! (P.155). അതിനുശേഷം കോൺവന്റ് കോമ്പൌണ്ടിൽ കയറി ചെമ്പു കമ്പി മോഷ്ടിച്ച് അവിടെ നിന്ന് രക്ഷപ്പെടുന്നു (P.138, 140).

കോടതിയുടെ ഈ നിരീക്ഷണത്തിൽ ഉത്തരം കിട്ടാത്തചോദ്യങ്ങൾ ഇനിയുമുണ്ട്:

(1) സി. അഭയയുടെ മരണകാരണമായ സംഭവം നടക്കുന്നത് 4-5 AM ലാണ്. എന്നാൽ അടക്കാ രാജു മോഷ്ടിക്കാൻ എത്തുന്നതും അവിടെ രണ്ടു ആണുങ്ങളെ കണ്ടു എന്ന് പറയുന്നതു 3-3.30 AM ലാണ്. കൃത്യം നടത്തിയശേഷം ബോഡി മുകളിലെത്തിച്ച് താഴേക്കിടാനുള്ള ശ്രമത്തിന്റെ ഭാഗമായാണു ടെറസിലേക്ക് രണ്ടു ആണുങ്ങൾ പോയതെങ്കിൽ അവർ അവിടേക്ക് പോയിരിക്കുക 4 മണിക്ക് ശേഷമല്ലേ? അങ്ങനെയെങ്കിൽ അവരെ രാജു എങ്ങനെയാണു 3-3.30നു കാണുന്നത്?

(2) ആ രണ്ടു ആണുങ്ങളുടെ ചലനം ശ്രദ്ധിച്ച് രാജു അവിടെ 5 AM വരെ നിന്നു എന്ന് പറയുന്നു. എന്നിട്ട് എന്തുകൊണ്ട് അഭയയുടെ ബോഡി അവർ കിണറ്റിൽ എറിയുന്നത് (അങ്ങനെ നടന്നിട്ടുണ്ടെങ്കിൽ) കാണുകയൊ ആ ഒച്ച കേൾക്കുകയോ ചെയ്തില്ല?

(3) അഞ്ചു മണിക്ക് ശേഷം രാജു ടെറസിൽ കയറി ചെമ്പ് കമ്പി മോഷ്ടിച്ചു എന്ന് പറയുന്നത് വിശ്വാസയോഗ്യമാണോ? കാരണം അഞ്ച് മണിക്ക് കോൺവന്റ് ഹോസ്റ്റലിൽ ഉണരാനുള്ള മണി അടിച്ചുവെന്നും അപ്പോൾ ആളുകൾ ഉണർന്നുവെന്നും ഉടൻതന്നെ സി. അഭയയ്ക്കു വേണ്ടി അന്വേഷണം ആരംഭിച്ചു എന്നും പ്രോസിക്യൂഷൻ പറയുന്നുണ്ടല്ലൊ. കോമ്പൌണ്ടിൽ രണ്ടു പേരെ കണ്ടപ്പോൾ മോഷ്ടിക്കാതെ പുറത്തു കാത്തിരുന്ന ഒരു പ്രതി എങ്ങനെയാണു ഈ സമയത്ത് കോമ്പൌണ്ടിൽ കയറി മോഷണം നടത്തുന്നത്?

രാജുവിന്റെ ഈ സാക്ഷി മൊഴിയിൽ നിന്നാണു ഫാ. കോട്ടൂർ കൃത്യം നടന്ന ദിവസം രാത്രിയിൽ സെന്റ്. പയസ് ടെൻത് കോൺവന്റിൽ ഉണ്ടായിരുന്നു എന്ന് വിധിപ്രസ്താവം സംശയലേശമന്യേ സ്ഥാപിക്കുന്നത് (148, 158) എന്നത് തീർച്ചയായും അത്ഭുതകരമായ കാര്യമാണ്!

കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക

Click to join Catholiocvox Whatsapp group

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker