Meditation

Epiphany Sunday_Year B_ഒരു നക്ഷത്രം തെളിഞ്ഞു നിൽക്കുന്നുണ്ട് (മത്താ 2:1-12)

ദൈവത്തിലേക്ക് നയിക്കുന്ന ഒരു നക്ഷത്രം എപ്പോഴും നമ്മുടെ ജീവിതത്തിൽ തെളിഞ്ഞു നിൽക്കുന്നുണ്ട്...

പ്രത്യക്ഷീകരണ തിരുനാൾ

ഒരു നക്ഷത്രത്തിൽ നിന്നാണ് സുവിശേഷത്തിന്റെ ഇതിവൃത്തം ആരംഭിക്കുന്നത്. ഒരു വഴികാട്ടിയായ നക്ഷത്രം. അന്വേഷണത്തിന്റെ ചരിത്രമാണിത്. അന്വേഷിക്കുവിൻ കണ്ടെത്തും എന്ന് പറഞ്ഞവനെ തേടിയുള്ള യാത്രയുടെ വിവരണം. ഒരു രാജാവിനെ തേടിയുള്ള യാത്ര. നമ്മുടെ ജീവിതയാത്രയുടെ ഒരു ആദർശ ചിത്രം വരികളുടെ ഇടയിൽ തെളിഞ്ഞു കിടക്കുന്നുണ്ട്. അതുകൊണ്ട് ഒരു കാര്യം ഉറപ്പിച്ചു പറയാം. ആത്മീയതയ്ക്ക് പ്രാധാന്യം കൊടുക്കുന്നവർക്ക് മാതൃകയാക്കാവുന്ന കഥാപാത്രങ്ങളാണ് സുവിശേഷത്തിലെ ജ്ഞാനികൾ. അന്വേഷകരാണവർ. ധിഷണയെ അടിയറവ് വയ്ക്കാത്ത ആത്മീയ അന്വേഷകർ. ഒരു കൈ കുഞ്ഞിന്റെ നിർമ്മലതയിൽ അനന്ത സ്നേഹത്തിന്റെ അപരിമേയത ദർശിച്ചവർ. അവർ സഞ്ചരിച്ച വഴികൾ തന്നെയാണ് നമ്മുടെയും വഴിത്താരകൾ. നമ്മളും നടത്തണം ഒരു തീർത്ഥയാത്രയെന്നപോലെ ജ്ഞാനികളുടെ വഴികളിലൂടെ അപ്പോൾ നമ്മളും തിരിച്ചറിയും ആത്മീയ ജീവിതത്തിന്റെ വളർച്ചയുടെയും തളർച്ചയുടെയും ചില ഘട്ടങ്ങൾ.
നമുക്കിനി ഈ ജ്ഞാനികളുടെ വഴിയിലൂടെ സഞ്ചരിക്കാൻ ശ്രമിക്കാം.

യാത്രയുടെ ആദ്യ ഘട്ടം തുടങ്ങുന്നത് ഏശയ്യ പ്രവാചകനിൽ നിന്നാണ്: “ഉണർന്നു പ്രശോഭിക്കുക… കണ്ണുകളുയർത്തി ചുറ്റും നോക്കി കാണുക” (ഏശ 60:1,4). ആത്മീയ ജീവിതത്തിന്റെ ആദ്യ പടി കണ്ണുകൾ തുറക്കുക എന്നത് തന്നെയാണ്. എങ്ങിനെ നിന്റെ ആലസ്യത്തിന്റെ അറയിൽ നിന്നും പുറത്തു വരാൻ സാധിക്കും എന്നറിയുവാൻ ശ്രമിക്കുക. നിന്റെ സ്വപ്നങ്ങളുടെയും അന്തർജ്ഞാനങ്ങളുടെയും പിന്നാലെ എങ്ങിനെ സഞ്ചരിക്കാൻ സാധിക്കും എന്നറിയുക. മുകളിലേക്ക് നോക്കുക, ഒരു നക്ഷത്രം നിനക്കായി മാത്രം തെളിഞ്ഞു നിൽക്കുന്നുണ്ട്.

രണ്ടാമത്തെ ഘട്ടം നടക്കുക എന്നതാണ്. കർത്താവിനെ കണ്ടെത്തണമെങ്കിൽ നിന്റെ മനസ്സു കൊണ്ടും ഹൃദയം കൊണ്ടും നീ ഒരു യാത്ര നടത്തണം. അന്വേഷിക്കണം, പുസ്തകങ്ങളിലൂടെയും വ്യക്തികളിലൂടെയുമെല്ലാം. അപ്പോൾ മാത്രമേ നീ യഥാർത്ഥത്തിൽ ജീവിക്കൂ.

മൂന്നാമത്തെ ഘട്ടം ഒന്നിച്ചന്വേഷിക്കുക എന്നതാണ്. ജ്ഞാനികൾ ഒറ്റയ്ക്കല്ലായിരുന്നു. അവർ ഒരു കൂട്ടമായിരുന്നു. അവർ മൂന്നു പേരായിരുന്നുവെന്ന് സുവിശേഷത്തിൽ ഒരു സ്ഥലത്തും പറയുന്നുമില്ല. അവർ ഒരേ ദിശയിൽ സഞ്ചരിച്ചു. കണ്ണുകൾ ആകാശത്തിലെ നക്ഷത്രത്തിലായിരുന്നുവെങ്കിലും പരസ്പരം അവർ ചേർന്നു നടന്നു. ഓർക്കുക, സഹജരെ അവഗണിച്ചു കൊണ്ട് ആർക്കും ദൈവത്തെ കണ്ടെത്തുവാൻ സാധിക്കില്ല.

നാലാമത്തെ ഘട്ടം തെറ്റുകളെയും അബദ്ധങ്ങളെയും ഭയപ്പെടരുത്. ജ്ഞാനികളുടെ യാത്രയിൽ ഒത്തിരി തെറ്റുകൾ സംഭവിക്കുന്നുണ്ട്. അവർ ആദ്യം എത്തിയത് വലിയൊരു കൊട്ടാരത്തിലാണ്. ശിശുവിനെ കുറിച്ച് കൊലപാതകികളോടാണ് അവർ സംസാരിച്ചത്. അവരുടെ വഴികാട്ടിയായ നക്ഷത്രം പോലും നഷ്ടപ്പെട്ട അവസ്ഥ അവർക്കുണ്ടായി. അവർ അന്വേഷിച്ചത് ഒരു രാജാവിനെയാണ്, പക്ഷേ കണ്ടെത്തിയത് ഒരു കുഞ്ഞിനെയും. അവർ അവരുടെ തെറ്റുകളുടെ മുൻപിൽ അവരെ തന്നെ അടിയറവ് വച്ചില്ല. മറിച്ച് അനന്തമായ ക്ഷമയോടെ അവർ നടന്നു. അങ്ങനെ നക്ഷത്രം അവർക്ക് വലിയൊരു സന്തോഷം നൽകി. ഓർക്കുക, സന്തോഷത്തിന്റെ ഭാഷ സംസാരിക്കുന്നവനാണ് ദൈവം. അതുകൊണ്ടാണ് ഓരോ അന്വേഷിയുടെയും ഹൃദയം അവനിലേക്ക് വശീകരിക്കപ്പെടുന്നത്.

അന്വേഷണത്തിന്റെ അവസാനഘട്ടം ശിശുവിന്റെ ഭവനമാണ്. “അവർ ഭവനത്തിൽ പ്രവേശിച്ചു ശിശുവിനെ അമ്മയായ മറിയത്തോട് കൂടി കണ്ടു” (v.11). അവർ പ്രതീക്ഷിച്ച അതിശക്തനായ ഒരു ദൈവത്തെയല്ല. മറിച്ച് അവരെ പോലെ തന്നെ ബലഹീനനായ ഒരു ദൈവത്തെ. ദൈവത്തിലേക്ക് നയിക്കുന്ന ഒരു നക്ഷത്രം എപ്പോഴും നമ്മുടെ ജീവിതത്തിൽ തെളിഞ്ഞു നിൽക്കുന്നുണ്ട്. നിറം മങ്ങിയ നമ്മുടെ ദിനങ്ങളിലെ ഇല്ലായ്മയ്ക്കും ദാഹത്തിനുമിടയിലായി ഒരു നക്ഷത്രമുണ്ട്. വെറുപ്പിന്റെ കവചം ധരിച്ച ഹൃദയത്തിനുള്ളിലും, അദൃശ്യ മതിലുകൾ തീർത്ത സ്വാർത്ഥതയക്കകത്തും, ദുരാഗ്രഹത്തിന്റെ ചങ്ങലയിൽ ബന്ധിച്ച നിദ്രാടനത്തിലും ഒരു നക്ഷത്രം തെളിഞ്ഞു നിൽക്കുന്നുണ്ട്. അന്ധമായ എല്ലാ ന്യായീകരണത്തിനും, സന്തുലിതമായ എല്ലാ ഉപേക്ഷകളിലും, നീതിയും സമാധാനവും ഒഴിവാക്കിയ നേരങ്ങളിലും ഒരു നക്ഷത്രം മുകളിൽ തെളിഞ്ഞു നിൽക്കുന്നുണ്ട്. ഭയത്തിനെ മൂടിവയ്ക്കാൻ നമ്മൾ സ്വീകരിച്ച നിരർത്ഥകമായ യുക്തിവാദങ്ങൾക്കു മുകളിലും ഒരു നക്ഷത്രമുണ്ട്. ഒരു കിളി കുഞ്ഞിനു പോലും കൂടു വയ്ക്കാൻ സാധിക്കാത്ത ഒറ്റത്തടിയായ മരമായി നമ്മൾ വളർന്നപ്പോഴും അതിനു മുകളിലും ഒരു നക്ഷത്രമുണ്ട്. മരുഭൂവായി മാറിയ ബന്ധങ്ങളുടെ ഉള്ളിലും, ചുവടു നഷ്ടപ്പെട്ട നടനത്തിലും, വായമൂടപ്പെട്ട രോദനത്തിലും, കടിച്ചിറക്കിയ ഒറ്റപ്പെടലിന്റെ കയ്പ്പുലായനികളിലും, വഴിതെറ്റിയ നമ്മുടെ തീർത്ഥാടനങ്ങളിലും, ലക്ഷ്യം കാണാതെ പോയ ചില യാത്രകളിലും, വാഗ്ദാനങ്ങളുടെ അസാധ്യതകളിലും, അപൂർണമായ പ്രാർത്ഥനകളിലും, ദുർബലമായ സമ്മാനങ്ങളിലും ഒരു നക്ഷത്രം തെളിഞ്ഞു നിൽക്കുന്നുണ്ട്. അതേ, ശിശുവിന്റെ ഭവനത്തിലേക്ക് വഴികാട്ടിയാകുന്ന ഒരു നക്ഷത്രം. ആദ്യം നമ്മൾ തിരിച്ചറിയേണ്ടത് ആ നക്ഷത്രത്തെയാണ്.

കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക

Click to join Catholiocvox Whatsapp group

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker