Public Opinion

ദിവ്യബലിയും വിശുദ്ധ ബലിപീഠവും വിശ്വാസിയുടെ ആശങ്കയും

ബലിപീഠത്തിൽ വച്ച് ദിവ്യബലിയുടെ ഭാഗമായ വചനപ്രഘോഷണം പോലും നടത്തരുതെന്ന് പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പ...

ജോസ് മാർട്ടിൻ

കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹ്യ മാധ്യമങ്ങളിലും, അല്ലാതെയും ഏറെ ചർച്ച ചെയ്യപ്പെട്ട വിഷയമാണ് ക്രിസ്ത്യാനികൾ അതി വിശുദ്ധമായി കരുതുന്ന ബലിപീഠത്തിൽ അക്രൈസ്തവനെ പ്രവേശിപ്പിക്കുകയും, അവിടെ നിന്ന് സംസാരിക്കാൻ അവസരം നൽകുകയും ചെയ്തു എന്നത്. അതേസമയം തന്നെ, ഉണ്ടായ വീഴ്ചയെ ഗൗരവത്തോടു കൂടി കാണുകയും യഥാസമയം അതിൻമേൽ വ്യക്തമായ വിവരണവും, ക്ഷമാപണം നടത്തുകയും ചെയ്ത കൊച്ചി രൂപതയുടെ നിലപാട് അഭിന്ദാർഹമാണ്. അറിഞ്ഞിടത്തോളം ശക്തമായ തിരുത്തൽ നടപടികളുമായി കൊച്ചി രൂപത മുന്നോട്ട് പോകുന്നുമുണ്ട്.

ആ ദേവാലയ വികാരിയേയും, അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന രൂപതയേയും, രൂപതാ അധ്യക്ഷനേയും വാക്കുകൾകൊണ്ടും, അല്ലാതെയും സോഷ്യൽ മീഡിയായിലൂടെയും അല്ലാതെയും നമ്മൾ കുറ്റപ്പെടുത്തി. എന്തിനേറെ ബലിപീഠം കത്തിച്ചു കളയണം എന്ന് വരെ വാദിച്ചവരുമുണ്ട്. ഒരിക്കലും ഇങ്ങനെ സംഭവിക്കാൻ പാടില്ലായിരുന്നു എന്നത് അംഗീകരിക്കുന്നു.

വിശുദ്ധ ഗ്രന്ഥത്തിൽ കാണുന്ന രണ്ട് വ്യക്തികളെ മനസ്സ് കൊണ്ടെങ്കിലും നാം കുറ്റപ്പെടുത്താറുണ്ട്; കൂടെ നടന്നിട്ടും കർത്താവിനെ ഒറ്റി കൊടുത്ത യൂദാസിനെയും, ഈ മനുഷ്യനെ താൻ അറിയില്ലയെന്ന് മൂന്നു പ്രാവശ്യം തള്ളിപ്പറഞ്ഞ വി.പത്രോസിനെയും. എങ്കിലും അവർ ദൈവീക പദ്ധതിയുടെ ഭാഗമാകുകയായിരുന്നെന്ന് നാം മനസ്സിലാക്കുന്നുമുണ്ട്. ഇന്ന് പലവിധത്തിലും മലിനമാക്കപ്പെട്ടു കൊണ്ടിരിക്കുന്ന തന്റെ ആലയം / താൻ ദിനവും ബലിയായി തീരുന്ന ബലിപീഠത്തിന്റെ വിശുദ്ധി കാത്തു സൂക്ഷിക്കാൻ സർവ്വശക്തനായ തമ്പുരാൻ വിചിന്തനത്തിനായി, തിരിച്ചറിവിനായി നമുക്ക് നൽകിയ ഒരവസരമായിരിക്കാം ചെല്ലാനം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ നടന്നത്.

നമ്മുടെ എല്ലാ ധ്യാന കേന്ദ്രങ്ങളിലും അനുഭവ സാക്ഷ്യം പറയുക എന്നൊരു ഏർപ്പാടുണ്ട്. സാക്ഷ്യം പറയാനുള്ള വ്യക്തിയെ ബലിപീഠത്തിലേക്ക് ക്ഷണിച്ച്, ആ വ്യക്തി ബലിപീഠത്തിൽ കയറി നിന്നാണ് സാക്ഷ്യം പറയുന്നത്. ഇത് നമ്മൾ ഒരിക്കലും കാര്യമാക്കാറില്ല. കാരണം സാക്ഷ്യം പറയാൻ വരുന്നവരെല്ലാം ക്രിസ്ത്യാനികളാണല്ലോ എന്ന ചിന്തയും, ധ്യാനഗുരുവിന് നമ്മൾ നൽകുന്ന അപ്രമാദിത്വവുമാണ് പ്രത്യക്ഷത്തിൽ നമ്മെ നയിക്കുന്നത്. അതുകൊണ്ടുതന്നെ അതിപ്രശസ്തരായ ധ്യാനഗുരുക്കൾ അല്ലെങ്കിൽ അവരുടെ പ്രധിനിധികൾ ചെയ്യുന്നതെല്ലാം ശരിയാണെന്നുള്ള അന്ധമായ വിശ്വാസത്തിന് നാം വിധേയപ്പെടുന്നു.

അത്പോലെ തന്നെയാണ് പ്രശസ്ഥരായ ചില അൽമായ സുവിശേഷ പ്രസംഗകർക്ക് ബലിപീഠത്തിൽ പ്രസംഗിക്കുന്നതിന് അവസരം നൽകുന്നതും നിയന്ത്രിക്കപ്പെടേണ്ടതാണ്. ഓർക്കുക, ശുശ്രൂഷാ പൗരോഹിത്യം ലഭിച്ച പുരോഹിതർപോലും ബലിപീഠത്തിൽ വച്ച് ദിവ്യബലിയുടെ ഭാഗമായ വചനപ്രഘോഷണം പോലും നടത്തരുതെന്ന് പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പ ‘തിരുവചനത്തിന്റെ ഞായർ’ ആഘോഷവുമായി ബന്ധപ്പെട്ട് നൽകിയ നിർദേശങ്ങളിൽ വ്യക്തത നൽകിയിട്ടുണ്ട്. അങ്ങനെനോക്കുമ്പോൾ പരിശുദ്ധ സിംഹാസനം പുറപ്പെടുവിക്കുന്ന ഉത്തരവുകൾ പോലും പലപ്പോഴും പലയിടങ്ങളിലും നടപ്പാക്കുന്നതിൽ നമ്മുടെ സഭാനേതൃത്വങ്ങൾ വീഴ്ചവരുത്തുന്നു എന്നത് ഏറെ ഖേദകരമാണ്.

എല്ലാ രൂപതകളിലും ലിറ്റർജി കമ്മീഷനുകളുണ്ട്, അവരുടെ ഉത്തരവാദിത്വത്തിൽപ്പെട്ട കാര്യമാണ് തങ്ങളുടെ രൂപതയിലെ ദേവാലയങ്ങളിലെ ആരാധനാക്രമ വിഷയങ്ങൾ ശ്രദ്ധിക്കുകയും, പരിശുദ്ധ സിംഹാസനം നൽകിയിട്ടുള്ള നിർദ്ദേശങ്ങൾ ശരിയായ രീതിയിൽ പാലിക്കപ്പെടുന്നുണ്ടോയെന്ന് വിലയിരുത്തുകയും, വീഴ്ച്ച പറ്റിയിട്ടുണ്ടെങ്കിൽ തിരുത്തുകയും, വേണ്ട കൃത്യത വരുത്തുന്നതിന് ശ്രദ്ധിക്കുകയും ചെയ്യുകയെന്നത്. എന്നാൽ പലപ്പോഴും രൂപതകളിലെ ലിറ്റർജി കമ്മീഷനുകൾ വെറും റബർ സ്റ്റാമ്പായി മാറുകയും, ഓരോരുത്തരും അവർക്ക് ഇഷ്ടപ്പെട്ടരീതിയിൽ ആരാധനാക്രമ വിഷയങ്ങൾ കൈകാര്യം ചെയ്യുകയും ചെയ്യുന്ന പതിവാണ് കണ്ടുവരുന്നത്. ആരാധനാക്രമ കാര്യങ്ങളുടെ സംരക്ഷണത്തിന്റെ പ്രധാന ചുമതലയുള്ള അഭിവന്ദ്യ മെത്രാന്മാർ ഇക്കാര്യത്തിൽ വേണ്ട ശ്രദ്ധ കൃത്യതയോടെ നൽകേണ്ടത് അത്യാവശ്യമാണ്.

ഈ വിഷയത്തിൽ ഒരു സാധാരണ വിശ്വാസി (അൽമായൻ) പ്രതികരിക്കുന്നത് തന്നെയും ഏറെ ദുഖകരമായ കാര്യമാണ്. എന്താണ് ദേവാലയമെന്നും, ബലിപീഠമെന്നും, വചനപീഠമെന്നും, ആരാധനാ ക്രമത്തിൽ എന്തൊക്കെയാണ് പാലിക്കപ്പെടേണ്ടതെന്നും, പാടില്ലാത്തതെന്നും ഇന്ന് ഓരോ വിശ്വാസിക്കും ഏതാണ്ടൊക്കെ വ്യക്തവുമാണെന്നത് സഭാനേതൃത്വം മറക്കരുത്. ആരാധനാ ക്രമകാര്യങ്ങളിൽ അർപ്പകന്റെ ശ്രദ്ധകുറവുകൾ, വീഴ്ച്ചകൾ ദൈവജനം അംഗീകരിക്കില്ല. കാരണം, ദൈവജനം ദിവ്യബലിയർപ്പിക്കാൻ വരുന്നത് അതിന്റെ പ്രാധാന്യവും ജീവിതത്തിൽ അതിന്റെ അത്യാവശ്യകതയും ഉൾക്കൊണ്ടുകൊണ്ടുതന്നെയാണ്.

വീഴ്ച്ചകളിൽ നിന്ന് പാഠം ഉൾക്കൊണ്ട് നമുക്കൊരുരുമിച്ച് എല്ലാ വിശുദ്ധിയോടുംകൂടെ വിശുദ്ധ ബലിപീഠത്തിൽ ഒത്തോരുമയോടെ ദിവ്യബലിയർപ്പിക്കാം. ആരാധനാക്രമകാര്യങ്ങളിൽ, വിശ്വാസ സംബന്ധകാര്യങ്ങളിൽ വെള്ളംചേർക്കാതിരിക്കാം.

കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക

Click to join Catholiocvox Whatsapp group

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker