Articles

നല്ല അദ്ധ്യാപകരെ, എഴുത്തുകാരെ, ചിന്തകരെ, കൗൺസിലർമാരെ, രാഷ്ട്രീയപ്രവർത്തകരെയൊക്കെ നമുക്ക് ആവശ്യമാണ്

മാർക്ക് കുറയുന്ന ഭൂരിപക്ഷം വിദ്യാർത്ഥികൾക്ക് നൽകേണ്ട മാർഗനിർദ്ദേശത്തെപ്പറ്റി 'സഭാനേതൃത്വം നിശബ്ദമാണ്'...

ഫാ.ഡാർവിൻ

വിദ്യാഭ്യാസ മേഖലയിൽ വളരെയേറെ നാം പുരോഗമിച്ചിട്ടും ലത്തീൻ ക്രൈസ്തവരുടെ ഭാവി ഇന്നും ചോദ്യചിഹ്നമാണ്. നമ്മുടെ കുട്ടികളുടെ ഭാവി സുരക്ഷിതമാകണമെങ്കിൽ വർത്തമാനത്തിൽ നിന്ന് തന്നെ പരിശ്രമങ്ങൾ ആരംഭിക്കണം. മത്സരത്തിൽ അധിഷ്ടിതമായ വിദ്യാഭ്യാസ വിപ്ലവം അരങ്ങേറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ നമ്മുടെ കുട്ടികൾ വഴിതെറ്റിപ്പോകുന്നതിന്റെ പ്രധാന കാരണം ‘കൃത്യമായ ലക്ഷ്യബോധത്തിന്റെ അഭാവമാണ്’. ജീവിതത്തിൽ പിന്തുടരേണ്ട ഒരു ലക്ഷ്യമുണ്ടെങ്കിൽ കൗമാര ചാപല്യങ്ങളെയും ലഹരിയുടെ പ്രലോഭനങ്ങളെയും അതിജീവിച്ച് മുന്നേറാൻ കുട്ടികൾക്ക് സാധിക്കും.

ജീവിത ലക്ഷ്യം എന്നത് ഒരു ജോലിയുടെ മാത്രം കാര്യമായി പുച്ഛിക്കരുത്. ജീവിതത്തെയാകമാനം സ്വാധീനിക്കുന്ന, നമ്മുടെ വ്യക്തിത്വത്തെ സർഗാത്മകമാക്കുന്ന, ഓരോ നിമിഷത്തെയും സഫലീകരിക്കുന്ന വിധത്തിൽ വ്യക്തി എത്തിച്ചേരേണ്ട അഭിരുചികളുടെ സംഗമ സ്ഥാനമാണത്. ലക്ഷ്യം ഇത്തരത്തിൽ ഉള്ളതാണെങ്കിൽ സമയം വ്യർത്ഥമാക്കാൻ അനുവദിക്കാത്ത വിധത്തിൽ നമ്മെ അസ്വസ്ഥമാക്കുന്ന നമ്മുടെ പ്രിയപ്പെട്ട സ്വപ്നമായി, ജീവിക്കാനുള്ള പ്രേരണയായി നമ്മുടെ ലക്ഷ്യം മാറും. അതിനാലാണ് ചില മനുഷ്യർ ജീവിതം കൊണ്ട് അദ്ഭുതങ്ങൾ സൃഷ്ടിക്കുന്നത്; റെയിൽവേ പ്ലാറ്റ്ഫോമിൽ അന്തിയുറങ്ങി സിവിൽ സർവീസ് നേടിയെടുത്ത ആ യുവാവിനെ പോലെ.

ഒരു കുട്ടിയുടെ അഭിരുചി ശാസ്ത്രം/കല/കായികം എന്നതിൽ ഏത് മേഖലയോടാണെന്ന് ചെറുപ്രായത്തിൽ തന്നെ നിർണയിക്കാൻ കഴിയും. അതനുസരിച്ച് അവരുടെ ലക്ഷ്യം ക്രമീകരിക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടതാണ്. ഉദാഹരണത്തിന്, ഡോക്ടറാകാൻ കഴിവുള്ള ഒരു കുട്ടിയുടെ മാതാപിതാക്കൾ മെഡിക്കൽ വിദ്യാഭ്യാസരംഗത്തെ പുതിയ മാറ്റങ്ങൾ, സീറ്റ് വർധന, സംവരണം, ഫീസ്, കട്ട് ഓഫ് മാർക്ക്, പരീക്ഷാ രീതി, സമയ ദൈർഘ്യം തുടങ്ങി അതിനെ സംബന്ധിക്കുന്ന എല്ലാ മേഖലകളെപ്പറ്റിയും അന്വേഷിക്കുകയും അതനുസരിച്ച് വസ്തുതാപരവും പ്രായോഗികവുമായ അവബോധം കുട്ടികളിൽ സൃഷ്ടിക്കുകയും വേണം.

ഇന്ന് പൊതുവെ കാണുന്ന രീതി പ്രൈമറി തലത്തിൽ പഠിക്കുന്ന ഒരു കുട്ടിക്ക് വേണ്ടി കുട്ടിയുടെ അഭിരുചി അറിയാതെ തന്നെ മാതാപിതാക്കൾ ഒരു ലക്ഷ്യം ക്രമീകരിക്കുകയും തങ്ങളുടെ ചിന്തയെ അനുസരിക്കാൻ കുട്ടിയെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. തുടർന്ന് അപ്പർ പ്രൈമറിയിൽ എത്തുമ്പോൾ കരിയർ ഗൈഡൻസ് ലഭിക്കുന്ന മാതാപിതാക്കൾ കുട്ടിയുടെ അഭിരുചിക്ക് അനുസരിച്ചുള്ള സ്വാതന്ത്ര്യം കുട്ടിയ്ക്ക് നൽകുന്നു. എട്ടാം ക്ലാസിൽ ടീച്ചർ, ഒൻപതാം ക്ലാസിൽ എഞ്ചിനീയർ, പത്താം ക്ലാസിൽ ഡോക്ടർ എന്നിങ്ങനെ കുട്ടിയുടെ ഇഷ്ടാനിഷ്ടങ്ങൾ മാറിമറിയുന്നു. ഇത്തരത്തിലുള്ള ഭ്രമങ്ങളെ ലക്ഷ്യം എന്ന് കരുതാനാകില്ല.

പത്താം ക്ലാസ് റിസൾട്ട് വരുമ്പോഴാകട്ടെ ഫുൾ എ-പ്ലസ് ലഭിക്കുന്നവർ സിവിൽ സർവീസ് അല്ലെങ്കിൽ മെഡിസിൻ തിരഞ്ഞെടുക്കുകയും അവർക്കേ അതിന് കഴിയുകയുള്ളൂ എന്ന രീതിയിൽ സമൂഹം അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. എഴുപത് ശതമാനത്തിലധികം മാർക്ക് ലഭിക്കുന്നവർ സയൻസ് ഓപ്ഷനായി ലഭിക്കാൻ മത്സരിക്കുന്നു. ഇവിടെ സ്ഥിരമായൊരു ലക്ഷ്യം ഇല്ലാത്തതിനാൽ തന്നെ പഠിക്കാൻ മിടുക്കരായിട്ടുള്ളവർക്ക് പോലും ഉന്നത നിലയിൽ എത്താൻ സാധിക്കാത്തതാണ് പിന്നീട് നാം കാണുന്നത്.

മറ്റൊരു പ്രശ്നമുള്ളത്, പത്താം ക്ലാസ് പരീക്ഷയ്ക്ക് മാർക്ക് കുറയുന്ന ഭൂരിപക്ഷം വിദ്യാർത്ഥികൾക്ക് നൽകേണ്ട മാർഗനിർദ്ദേശത്തെപ്പറ്റി ‘സഭാനേതൃത്വം നിശബ്ദമാണ്’ എന്നതാണ്. ഉന്നതവിജയത്തെ ആഘോഷിക്കുമ്പോൾ ഭൂരിപക്ഷത്തെ നാം അവഗണിക്കുന്നു. പി.എസ്.സി., യു.പി.എസ്.സി തുടങ്ങിയ സ്ഥാപനങ്ങൾ നിരവധി ഒഴിവുകളിലേയ്ക്ക് ഓരോ വർഷവും ക്ഷണിക്കുന്ന സ്‌റ്റെനോഗ്രാഫർ, ഡേറ്റ എൻട്രി ഓപ്പറേറ്റർ, ലൈബ്രേറിയൻ, സേനാഗംങ്ങൾ തുടങ്ങിയ തസ്തികകളിലേക്കുള്ള യോഗ്യത നേടാൻ ഫുൾ എ-പ്ലസിന്റെ പകിട്ട് ആവശ്യമില്ലെന്നെങ്കിലും പറഞ്ഞുകൊടുക്കാനുള്ള കരുണ നാം അവരോട് കാണിക്കണം.

ഫുൾ എ-പ്ലസ് നേടുന്ന കുട്ടികളോടുള്ള എല്ലാ ആദരവോടും വാത്സല്യത്തോടും കൂടെത്തന്നെ പറയട്ടെ, വൈദീകരുടെ പ്രോത്സാഹനവും പ്രസംഗങ്ങളും, ഉന്നത വിജയം നേടുന്ന ന്യൂനപക്ഷത്തെ അഭിസംബോധന ചെയ്യുന്നതും സിവിൽ സർവീസ് പോലുള്ള ഉന്നത പഠനങ്ങളെ ലക്ഷ്യമാക്കുന്നതുമാണ്. നല്ല അദ്ധ്യാപകരെ, എഴുത്തുകാരെ, ചിന്തകരെ, കൗൺസിലർമാരെ, രാഷ്ട്രീയപ്രവർത്തകരെയൊക്കെ നമുക്ക് ആവശ്യമാണ്.

ഉന്നത വിജയികളോടൊപ്പം വിജയികളെയും പരാജിതരെയും ഉൾക്കൊണ്ടുകൊണ്ടുള്ള ബോധവത്ക്കരണ പ്രവർത്തനങ്ങളുടെയും ലക്ഷ്യബോധത്തിന്റെയും മൂല്യവത്‌ക്കരണത്തിന്റെയും അടിസ്ഥാനത്തിൽ മാത്രമെ സമഗ്രവും സുരക്ഷിതവുമായ ഭാവിയിൽ എത്തിച്ചേരാൻ നമുക്ക് സാധിക്കുകയുള്ളൂ.

കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക

Click to join Catholiocvox Whatsapp group

കാത്തലിക് വോക്‌സിന്റെ സിഗ്നൽ ആപ്പ് ഗ്രൂപ്പിൽ ചേരുവാനായീ ക്ലിക്ക് ചെയ്യുക

കൂടുതൽ വീഡിയോകൾ കാണുന്നതിന് കാത്തലിക് വോക്‌സിന്റെ യുട്യൂബ് ചാനൽ ക്ലിക്ക് ചെയ്യുക

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker