Meditation

4th Sunday of Lent_Year B_ഉയർത്തപ്പെട്ടവനും സ്നേഹവും (യോഹ 3:14-21)

സ്നേഹവും മരണവും തമ്മിലുള്ള ബന്ധത്തിന്റെ ഒരു വാഗ്മയചിത്രമാണ് ഈ സുവിശേഷഭാഗം...

തപസ്സുകാലം നാലാം ഞായർ

രാത്രിയുടെ മറപറ്റിയായിരുന്നു നിക്കൊദേമോസ് ഗുരുവിനരികിൽ വന്നത്. ഗുരുനാഥൻ ദേവാലയം ശുദ്ധീകരിച്ച ആ നീണ്ട ദിനത്തിലെ രാത്രി തന്നെയായിരിക്കണം അവനെ കാണാൻ വന്നിട്ടുണ്ടാവുക. ആ ഇരുളിന്റെ പശ്ചാത്തലത്തിലാണ് യോഹന്നാന്റെ സുവിശേഷത്തിലെ ഏറ്റവും മിഴിവാർന്ന വചനഭാഗം നമുക്ക് ലഭിക്കുന്നത്: “തന്റെ ഏകജാതനെ നൽകാൻ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു” (v.16). ഇതാണ് പുതിയ നിയമത്തിന്റെ കാതൽ. തേൻ പോലെ മധുരമാണ് ഈ വചനം. ജീവിതയാത്രയുടെ ഏതു നിമിഷവും – നോവു കടലിലെ തിരമാലകൾ ആഞ്ഞടിക്കുമ്പോഴും, തോൽവിയുടെ ഉമ്മറപ്പടിയിൽ തളർന്നിരിക്കുമ്പോഴും, പ്രേമം നടിച്ചു നിരാശ അരികിൽ കൂടൊരുകുമ്പോഴും – ഓർക്കണം ഈ വചനം: തന്റെ ഏകജാതനെ നൽകാൻ തക്കവിധം ദൈവം നിന്നെ അത്ര മാത്രം സ്നേഹിക്കുന്നു.

ദേവാലയ ശുദ്ധീകരണം സംഘർഷഭരിതമായ ഒരു ദിനമായിരുന്നു. പക്ഷേ ആ രാത്രി നിക്കൊദേമോസിനെ സംബന്ധിച്ച് പ്രകാശപൂരിതമായിരുന്നു. താൻ കണ്ടുമുട്ടിയ റബ്ബിയിൽ അവൻ ദൈവസ്നേഹത്തെ തിരിച്ചറിയുന്നു. ദൈവം നിന്നെ അത്രമാത്രം സ്നേഹിക്കുന്നുണ്ട് എന്ന സത്യം അറിഞ്ഞാൽ മതി ഒരു പുനർജ്ജന്മം സാധ്യമാകും. അതൊരു വീണ്ടെടുക്കലായിരിക്കും; പ്രത്യാശയിലേക്ക്, വിശ്വാസത്തിലേക്ക്, പ്രസന്നതയിലേക്ക് , സ്നേഹിക്കാനുള്ള അഭിവാജ്ഞയിലേക്ക്, ക്രിയാത്മകതയിലേക്ക്, പരിപാലനത്തിലേക്ക്, പരിപോഷണത്തിലേക്കുള്ള വീണ്ടെടുക്കൽ. നിന്നെ മാത്രമല്ല, ഈ പ്രപഞ്ചത്തെ മുഴുവനും അവൻ സ്നേഹിക്കുന്നുണ്ട്. പക്ഷിമൃഗാദികളും സസ്യലതാദികളും ആ സ്നേഹത്തിന്റെ തണലിലുണ്ട്. മനുഷ്യനായി അവതരിച്ച ദൈവത്തിന്റെ സ്നേഹം മനുഷ്യരിൽ മാത്രം ഒതുങ്ങുന്നില്ല. അത് വിശ്വജനീനമാണ്. ആ സ്നേഹത്തിന്റെ ഒരു തരിയെങ്കിലും നിനക്കനുഭവിക്കാൻ സാധിക്കുന്നുണ്ടെങ്കിൽ അത് മുന്നിലേക്ക് വയ്ക്കുന്നത് വലിയൊരു ഉത്തരവാദിത്വം കൂടിയാണ്: നിന്റെ സ്നേഹത്തിന്റെ അതിരുകൾ ഇനിയും വികസിക്കേണ്ടിയിരിക്കുന്നു. അതിന്റെ ചില്ലകൾ നിന്റെ ഭവനത്തിന്റെ മേൽക്കൂരയുടെ പുറത്തേക്കും വളരേണ്ടിയിരിക്കുന്നു.

സ്നേഹവും മരണവും തമ്മിലുള്ള ബന്ധത്തിന്റെ ഒരു വാഗ്മയചിത്രമാണ് ഈ സുവിശേഷഭാഗം. ഗുരു വെളിപ്പെടുത്തുന്നു: “മോശ മരുഭൂമിയിൽ സർപ്പത്തെ ഉയർത്തിയതു പോലെ, തന്നിൽ വിശ്വസിക്കുന്നവന് നിത്യജീവൻ ഉണ്ടാകേണ്ടതിന് മനുഷ്യപുത്രനും ഉയർത്തപ്പെടേണ്ടിയിരിക്കുന്നു” (v.14). ഗ്രീക്ക് ഭാഷയിൽ Hypsoō എന്ന പദമാണ് ഉയർത്തപ്പെടൽ എന്ന സങ്കല്പത്തിന് ഉപയോഗിച്ചിരിക്കുന്നത്. അർത്ഥവിജ്ഞാനീയപരമായി (Semantics) നോക്കുമ്പോൾ ഉയർത്തുക അഥവാ Hypsoō എന്ന പദം ഒരു Syllepsis ആണ്. അതായത് ഒരേ സമയം വാചികവും പ്രതീകാത്മകവുമായ അർഥം പകർന്നു തരുന്ന പദം. വാചികമായി ഉയർത്തുക എന്നും പ്രതീകാത്മകമായി മഹത്വവൽകരിക്കുക എന്നും അർത്ഥങ്ങളുണ്ട്. തന്റെ മരണത്തെയാണ് യേശു ഉയർത്തപ്പെടൽ എന്നു വിശേഷിപ്പിക്കുന്നത്. മരണം മുന്നിൽ കണ്ട ഒരു ജനതയ്ക്ക് ജീവൻ നൽകിയ ഒരു അടയാളമായിരുന്നു മോശ മരുഭൂമിയിൽ ഉയർത്തിയ പിച്ചള സർപ്പം. പക്ഷേ ഉയർത്തപ്പെടുന്ന മനുഷ്യപുത്രൻ ജീവന്റെ പ്രതീകമല്ല. ജീവൻ എന്ന യാഥാർഥ്യമാണ്. എന്തിന് അവൻ ഉയർത്തപ്പെടണം? എന്തുകൊണ്ടെന്നാൽ അവനിൽ വിശ്വസിക്കുന്നവർ ആരും നശിച്ചു പോകാതെ നിത്യജീവൻ പ്രാപിക്കുന്നതിനു വേണ്ടി (v.15-16).

ദൈവം തന്റെ ഏകജാതനെ ഒരു സമ്മാനമായി ലോകത്തിനു നൽകിയപ്പോൾ, ആ ഏകജാതൻ തന്റെ ദൈവിക ജീവനെ സമ്മാനമായി ലോകത്തിനു നൽകുന്നു. ഇതാണ് ഉയർത്തപ്പെടലിന്റെ ലോജിക്. അപ്പോൾ ചോദിക്കാം; സ്നേഹിക്കണമെങ്കിൽ നൽകുക എന്ന സങ്കല്പത്തിന്റെ ആവശ്യമുണ്ടോ? ഉണ്ട്. നൽകലാണ് സ്നേഹം. ആ നൽകലിന്റെ അവസാന തലമാണ് മരണം. ഏകജാതനെ നൽകുന്ന പിതാവിന്റെ മനോഭാവത്തിലൂടെയും സ്വജീവൻ ദാനമായി നൽകിയ പുത്രന്റെ പ്രവർത്തിയിലൂടെയും മരണത്തിന് സ്നേഹമെന്ന ഭാഷ്യം കൂടി കിട്ടുന്നു. അതുകൊണ്ടാണ് ഉയർത്തപ്പെട്ടവന്റെ വികൃതമാക്കപ്പെട്ട ശരീരം കാണുമ്പോൾ മരണം ഒരു ഭയമായി നമ്മുടെ ഉള്ളിനെ വിറങ്ങലിപ്പിക്കാത്തത്. ഉയർത്തപ്പെട്ടവൻ ആർദ്രമായ സ്നേഹത്തിന്റെ ദൈവീക ഭാവമാണ്.

യേശു പറയുന്ന Hypsoō അഥവാ ഉയർത്തുക എന്ന സങ്കൽപ്പത്തിലേക്ക് നമുക്ക് തിരിച്ചു വരാം. ഇന്നത്തെ സുവിശേഷ ഭാഗത്തിലാണ് ഈ ക്രിയാപദം സുവിശേഷകൻ ആദ്യം ഉപയോഗിക്കുന്നത്. കർമ്മണി പ്രയോഗത്തിലാണത്. പിച്ചള സർപ്പത്തെ പോലെ ആരായിരിക്കും യേശുവിനെ ഉയർത്തുക? അതിനുള്ള ഉത്തരം 8:28-ലുണ്ട്. യഹൂദർ അവനെ ഉയർത്തും. ഉയർത്തും എന്നതിന്റെ അർത്ഥം മരണമാണെങ്കിൽ യഹൂദരുടെ മരണശിക്ഷ ക്രൂശിക്കല്ലല്ലല്ലോ? കല്ലെറിയല്ലല്ലേ? ക്രൂശിക്കൽ റോമാക്കാരുടെ ശിക്ഷണ രീതിയല്ലേ? അതെ. അതുകൊണ്ടാണ് 11:48-ൽ സുവിശേഷകൻ റോമക്കാരെ അവതരിപ്പിച്ചതിനു ശേഷം 12:33-ൽ അവന്റെ ഉയർത്തപ്പെടൽ ക്രൂശിക്കപ്പെടലാണ് എന്ന് സൂചിപ്പിക്കുന്നത്. ഇതിനുമുമ്പ് ഒരിടത്തും Hypsoō യുടെ അർത്ഥത്തെ സുവിശേഷകൻ വ്യക്തമാക്കുന്നില്ല എന്നും ഓർക്കണം. 11:47-ൽ റോമാക്കാരുടെ സാന്നിധ്യത്തെക്കുറിച്ച് യഹൂദരുടെ ആലോചനാസംഘം ചിന്തിക്കുന്നതിനു മുന്നേ അവന്റെ മരണം യഹൂദ രീതിയിലുള്ള കല്ലേറിൽ സംഭവ്യമാകുമായിരുന്നു. പലപ്രാവശ്യം അവനെ കല്ലെറിയാൻ ജനങ്ങൾ മുതിരുന്നുണ്ട് (10:31-33,11:8). പക്ഷേ അതിന് നിയമ സാധുതകൾ ഒന്നും തന്നെയില്ലായിരുന്നു. നിക്കൊദേമോസ് അതിനെക്കുറിച്ച് 7: 45-53-ൽ വ്യക്തമാക്കുന്നുണ്ട്. ഒരുവനെ ശ്രവിക്കാതെ നമുക്ക് എങ്ങനെ അവനെ വിധിക്കാൻ സാധിക്കും എന്നാണ് യഹൂദ പ്രമാണിമാരോട് അവൻ ചോദിക്കുന്നത്. അങ്ങനെയിരിക്കുമ്പോഴാണ് കയ്യഫാസ് പുതിയൊരു ആശയവുമായി വരുന്നത്. റോമൻ നിയമത്തിന്റെ സാധുതയെ അയാൾ യഹൂദരുടെ ഇടയിൽ അവതരിപ്പിക്കുന്നു: “ജനം മുഴുവൻ നശിക്കാതിരിക്കാനായി അവർക്കുവേണ്ടി ഒരുവൻ മരിക്കുന്നത് യുക്തമാണ്” (v.11:49). കയ്യഫാസിന്റെ വികല-രാഷ്ട്രീയ ചിന്തയിൽ ഉയർത്തപ്പെടൽ ഒരു ബലി കൊടുക്കലായി മാറുമ്പോൾ യേശുവിന്റെ സ്നേഹ വിചാരത്തിൽ ഉയർത്തപ്പെടൽ മഹത്വീകരണമാണ്. അങ്ങനെ വരുമ്പോൾ മരണത്തെ അവൻ ദർശിച്ചത് ഒരു ശിക്ഷയായിട്ടല്ലായിരുന്നു. സ്നേഹാലിംഗനമായിട്ടാണ്. ഇവിടെയാണ് മരണത്തിന്റെ സൗന്ദര്യശാസ്ത്രം അടങ്ങിയിരിക്കുന്നത്. മരണം സുന്ദരമാകുന്നത് നിത്യജീവന്റെ പടിവാതിലിൽ അത് നിൽക്കുന്നത് കൊണ്ട് മാത്രമല്ല, അതിലൂടെ യേശുവിന് നിത്യജീവൻ ലോകത്തിനു പകർന്നു നൽകാൻ സാധിച്ചതുകൊണ്ടും കൂടിയാണ്.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker