World

ജോസഫൈറ്റ്‌സ് ഓഫ് മുറിയാൾഡോ സന്യാസ സമൂഹത്തിന് പുതിയ അംഗങ്ങൾ

ബ്രദർ അഖിൽ ബീ.റ്റി. നെയ്യാറ്റിൻകര രൂപതയിലെ തേവൻപാറ ഫാത്തിമാ മാതാ ഇടവകാംഗമാണ്...

സ്വന്തം ലേഖകൻ

റോം: ജോസഫൈറ്റ്‌സ് ഓഫ് മുറിയാൾഡോ സന്യാസ സമൂഹത്തിന് നിത്യവ്രത വാഗ്ദാനത്തിലൂടെ പുതിയ രണ്ട് അംഗങ്ങളെക്കൂടി ലഭിച്ചിരിക്കുന്നു. വിശുദ്ധ യൗസേപ്പ് പിതാവിന്റെ തിരുനാൾ ദിനമായ മാർച്ച് 19-ന് വൈകുന്നേരം 6 മണിക്ക് ഇറ്റലിയിൽ വിതേർബോയിലെ സാൻ പിയേത്രോ ഇടവക ദേവാലയത്തിൽ വച്ചു നടന്ന ദിവ്യബലി മധ്യേയാണ് ബ്രദർ അഖിൽ ബി.റ്റി, ബ്രദർ സ്റ്റീഫൻ എന്നിവർ തങ്ങളുടെ നിത്യവ്രത വാഗ്‌ദാനം നടത്തി സന്യാസ സമൂഹത്തിലെ അംഗങ്ങളായി മാറിയത്. സുപ്പീരിയർ ജനറൽ വെരി.റവ.ഫാ.തൂലിയോ ലോക്കതെല്ലിയുടെ മുഖ്യ കാർമ്മികത്വത്തിലായിരുന്നു തിരുക്കർമ്മങ്ങൾ. സുപ്പീരിയർ നവസന്യസ്തരുടെ വ്രതങ്ങൾ സ്വീകരിക്കുകയും, ക്രൂശിത രൂപം അണിയിച്ചുകൊണ്ട് ക്രൈസ്തവ സന്യസ്ഥരുടെ കൂട്ടായ്മയിലേക്ക് ഔദ്യോഗികമായി സ്വീകരിക്കുകയും ചെയ്തു.

ആഗോളസഭ വി.യൗസേപ്പ് പിതാവിന്റെ വർഷമായി ആഘോഷിക്കുന്ന ഈ വർഷത്തിൽ വി.യൗസേപ്പ് പിതാവിന്റെ തിരുനാൾ ദിനത്തിൽ തന്നെ സഭക്ക് നവസന്യസ്തരെ ലഭിച്ചത് വലിയ അനുഗ്രഹമാണെന്നും, ശബ്ദ കോലാഹലങ്ങളുടെ ഈ ആധുനിക ലോകത്തിൽ യൗസേപ്പ് പിതാവിനെ പോലെ നിശബ്തയിൽ ദൈവത്തിന്റെ സ്വരം ശ്രവിക്കുവാനും ദൈവഹിതത്തിന് വേണ്ടി എന്ത് ത്യാഗവും സഹിക്കുവാനും നവസന്യസ്തർക്ക് കഴിയട്ടെ എന്നും സുപ്പീരിയർ ജനറൽ ആശംസിച്ചു.

പൂർണ്ണമായും കോവിഡ് പ്രോട്ടോക്കോൽ അനുസരിച്ചു ലളിതമായിനടന്ന തിരുകർമ്മങ്ങൾക്ക് ജനറൽ കൗൺസിലർ വെരി.റവ.ഫാ.നദീർ പൊലെട്ടോ, ജനറൽ കൗൺസിലർ വെരി.റവ.ഫാ.മിശിഹാ ദാസ് തുടങ്ങി ഏതാനും വൈദീകർ സഹകാർമ്മികരായി.

നിത്യവ്രത വാഗ്ദാനം നടത്തിയ ബ്രദർ അഖിൽ ബീ.റ്റി. നെയ്യാറ്റിൻകര രൂപതയിലെ തേവൻപാറ ഫാത്തിമാ മാതാ ഇടവകയിലെ ഭവ്യൻ-തുളസി ദമ്പതികളുടെ മൂന്ന് മക്കളിൽ രണ്ടാമനും, ബാലരാമപുരം ഫെറോനാ വികാരി വെരി.റവ.ഫാ.ഷൈജു ദാസ് IVDei യുടെ സഹോദര പുത്രനുമാണ്.

നിർധനരായ യുവാക്കളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്നതിന് വേണ്ടി 1873 മാർച്ച് 19-ന് വിശുദ്ധ യൗസേപ്പ് പിതാവിനെ പ്രത്യേക മധ്യസ്ഥനായി തിരഞ്ഞെടുത്തുകൊണ്ട് വി.ലിയോനാർദോ മുരിയാൽഡോ സ്ഥാപിച്ച സന്യാസ സമൂഹമാണ് ജോസഫൈറ്റ്‌സ് ഓഫ് മുരിയാൾഡോ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിർധനരായ യുവജനങ്ങളെ സമൂഹത്തിന്റെ മുൻപന്തിയിലേക്ക് കൊണ്ട് വരുവാൻ പരിശ്രമിക്കുന്ന മുരിയാൾഡോ സന്യാസ സമൂഹത്തിന് ഇന്ത്യയിൽ കൊച്ചി, വരാപ്പുഴ, നെയ്യാറ്റിൻകര, പുനലൂർ, ബീഹാർ എന്നീ രൂപതകളിൽ സന്യസ്ത ഭവനങ്ങൾ ഉണ്ട്. ഇന്ത്യൻ ഡലഗേഷനിൽ നിന്നുള്ള 32 വൈദീകർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ശുശ്രൂഷയിൽ ഏർപ്പെട്ടിരിക്കുന്നുമുണ്ട്.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker