Meditation

2nd Sunday of Easter_Year B_തിരിച്ചുവരവ് (യോഹ 20:19-31)

സ്വന്തം ധീരതയിൽ ആശ്രയിച്ച് ശാന്തി തേടിയലയുന്നവർ തോമസിനെ പോലെ പുറത്ത് ഉത്ഥിതനെ അന്വേഷിച്ചു നടക്കുകയാണ്...

ഈസ്റ്റർ കാലം രണ്ടാം ഞായർ

ആഴ്ചയുടെ ആദ്യ ദിനം. ഉത്ഥാന ദിവസമാണത്. ഭയത്തിൽ നിന്നും ധൈര്യത്തിലേക്കും, ദുഃഖത്തിൽ നിന്നും സന്തോഷത്തിലേക്കും, ഇരുളിൽ നിന്നും പ്രകാശത്തിലേക്കും, പാപാവസ്ഥയിൽനിന്നും സ്വാതന്ത്ര്യത്തിലേക്കും, നിശബ്ദരാക്കപ്പെട്ട അവസ്ഥയിൽനിന്നും ക്രിസ്തുസാക്ഷ്യത്തിന്റെ വിഹായസ്സിലേക്ക് ശിഷ്യന്മാർക്ക് പറക്കുവാനുള്ള ചിറകുകൾ കിട്ടിയ ദിനം. ആത്മ ധൈര്യവും ആന്തരീക ശാന്തിയും അനുഭവിച്ച അതിവിശിഷ്ടമായ ഒരു ദിനം.

സ്നേഹത്തിനു മേൽ ഭയം കൂടൊരുക്കുമ്പോൾ നെടുവീർപ്പുകളായി പ്രാർത്ഥനകൾ മുകളിലേക്കുയരും. അങ്ങനെ വരുമ്പോൾ ദൈവത്തിന് കതകിനു പിന്നിൽ മറഞ്ഞിരിക്കാൻ സാധിക്കില്ല. അവൻ പ്രത്യക്ഷപ്പെടും. കതക് തുറക്കാതെ തന്നെ ഭയത്തിന് നടുവിൽ പ്രകാശരൂപനായി… എന്നിട്ടവൻ ഭയത്തിന്റെ ആത്മാവിനെ ഊതി മാറ്റി സ്നേഹത്തിന്റെ പരിമളം കൊണ്ടവരെ നിറയ്ക്കും. ആ സ്നേഹ ചൈതന്യമാണ് പരിശുദ്ധാത്മാവ്. ദൈവത്തിന്റെ ആത്മാവ്. ശക്തിയുടെ ആത്മാവ്.

അങ്ങനെയാണ് ദൈവം. ഇത്തിരിയോളം സ്നേഹത്തിന്റെ കനലുകൾ നിന്റെ ഉള്ളിൽ അണയാതെയുണ്ടോ, എങ്കിലവൻ നിന്നെ കണ്ടെത്തിയിരിക്കും. വാതിൽ അടച്ചിരിക്കുകയാണെന്നു കരുതി അവൻ തിരിച്ചു പോകുമെന്ന് വിചാരിക്കരുത്, വാതിലുകൾ തുറക്കാതെ തന്നെ അവന് നിന്റെ ഉള്ളിൽ പ്രവേശിക്കാനറിയാം. എന്നിട്ട് ആ കനലുകളെ ഊതി കത്തിച്ചിട്ടവൻ പറയും; ഷലോം – Be at peace.

തിരിച്ചു വരുന്നവരുടെ ചിത്രമാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. ആദ്യത്തേത് മൃതിദേശത്തിലൂടെ കടന്നുപോയ ഗുരുനാഥൻ തന്റെ ശിഷ്യരെ അന്വേഷിച്ചു വരുന്നു. ഉപേക്ഷിക്കപ്പെട്ടവൻ ഉപേക്ഷിച്ചവരുടെ ഇടയിലേക്ക് വരുന്നു. അവരുടെ നടുവിൽ തന്നെ വന്നു നിൽക്കുന്നു. ഒന്നും ചോദിക്കാനോ, ഒന്നും അടിച്ചേൽപ്പിക്കാനോ അല്ല. അവരുടെ ഭയമാണ് അവന്റെ ആകുലത. മഗ്ദലേനയുടെ കണ്ണീരും എമ്മാവൂസ് വഴിത്താരയിലെ നൈരാശ്യവും കണ്ടു കഴിഞ്ഞവൻ. ആരെയും വിധിക്കാനല്ല. സഹായിക്കാനാണ്, സേവിക്കാനാണ് അവൻ വന്നിരിക്കുന്നത് . അന്ത്യ അത്താഴത്തിനുപയോഗിച്ച ആ അരക്കച്ച ഇപ്പോഴും അവൻ ചുറ്റിയിട്ടുണ്ട്!

രണ്ടാമത്തേത് തോമസിന്റെ തിരിച്ചുവരവാണ്. ഗുരുവിനോടൊപ്പം മരിക്കാം എന്ന് പറഞ്ഞവൻ കൂട്ടംതെറ്റി അലയുന്നു. അന്വേഷിയാണവൻ. അതോ, മരിക്കാം എന്ന് പറഞ്ഞത് കപട ധൈര്യം മാത്രമായിരുന്നോ? എല്ലാവരെയുംപോലെ ഗത്സമനിയിൽ നിന്നും ഓടിയൊളിച്ചവനാണ് അവനും. എന്നിട്ടും അവൻ ആവശ്യപ്പെടുന്നത് മുറിവുകളിൽ തൊടുവാനാണ്.

തോമസിനെ അന്വേഷിച്ചാണ് ഉത്ഥിതൻ എട്ടാം ദിവസം വരുന്നത്. ആടിനെ അന്വേഷിച്ചിറങ്ങിയ ഇടയന്റെ പ്രതീതിയാണവിടെ. കൂട്ടത്തിൽ ഇല്ലാതിരുന്ന ഒരുവനെ മാത്രം അന്വേഷിച്ചുള്ള വരവ്. ചിലരുണ്ട്. കൂട്ടത്തിൽ നിന്നും തെന്നിമാറി തനി വഴി തേടുന്നവരാണവർ. അവർ സ്വയം കരുതുന്നത് ധൈര്യശാലികളെന്നോ വിപ്ലവകാരികളെന്നോ മറ്റോ ആയിരിക്കാം. പക്ഷേ പലതും നഷ്ടപ്പെടുത്തുന്നവരാണവർ. അങ്ങനെ നഷ്ടം അനുഭവിച്ച ധീരശാലിയാണ് തോമസ്. ഉത്ഥിതൻ നൽകിയ പരിശുദ്ധാത്മാവിന്റെ അനുഭവവും സമാധാനവും ലഭിക്കാതെ പോയ ഒരുവൻ.

സ്വന്തം ധീരതയിൽ ആശ്രയിച്ച് ശാന്തി തേടിയലയുന്നവർക്ക് നഷ്ടമാകുന്ന നന്മയാണ് ഭവനത്തിനുള്ളിലെ ദൈവീകാനുഭവങ്ങൾ. അവർ തോമസിനെ പോലെ പുറത്ത് ഉത്ഥിതനെ അന്വേഷിച്ചു നടക്കുകയാണ്. പക്ഷേ ഉത്ഥിതൻ സ്വയം വെളിപ്പെടുത്തുന്നതൊ ഭവനത്തിനകത്തും. ഭവനം പ്രതീകാത്മകമാണ്. അതിനെ വേണമെങ്കിൽ സഭയെന്നു വിളിക്കാം, നിന്റെ ഹൃദയമെന്നും വിളിക്കാം. ക്രിസ്തുവിനെ തേടി പുറത്ത് അധികം അലയേണ്ട കാര്യമില്ല. ഒന്ന് ഉള്ളിലേക്കു പ്രവേശിച്ചാൽ മതി, അവിടെ നിനക്കായി മാത്രം അവൻ ദർശനം നൽകും.

മുറിപ്പാടുകളുമായി നിന്റെ ജീവിതത്തിലേക്ക് വരുന്നവനാണ് ഉത്ഥിതൻ. അവനെ കാണുന്നതിന് ചരിത്രത്തിന്റെ താളുകൾ മറിക്കണമെന്നില്ല, നിന്റെ ഇരുവശങ്ങളിലും ഒന്ന് നോക്കിയാൽ മാത്രം മതി. മുറിവുകളെ വിശുദ്ധമാക്കുന്ന പ്രക്രിയയാണ് ഉത്ഥാനം. അശുദ്ധമായ മുറിവുകൾ പ്രതികാരമാകുമ്പോൾ, വിശുദ്ധ മുറിവുകളിൽ നിന്നും ആർദ്രതയുടെ പ്രകാശം അനർഗളമായി ഒഴുകും. അത് കരുണയുടെ പ്രവാഹമാണ്. അതിൽ കയ്യിടുവാൻ ആഗ്രഹിക്കുന്നവൻ സംശയാലുവല്ല, വീണുപോയവനാണ്. തനി വഴി തേടി തളർന്നുപോയവനാണ്. അവനിനി വേണ്ടത് ഇത്തിരി കരുണയാണ്. ആർദ്രമായൊരു തലോടലാണ്. അത് കിട്ടിയാൽ അവൻ ശക്തനാകും. എന്നിട്ടവൻ ചങ്കു പിളർന്നു കൊണ്ട് തന്നെ എല്ലാവരോടുമായി ഉച്ചത്തിൽ പറയും: “ഈ തിരുമുറിവുള്ളവൻ എന്റെ കർത്താവാണ്, എന്റെ ദൈവമാണ്”.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker