Articles

നീതിമാനായ തച്ചൻ

ആത്മീയ തറവാടിന്റെ കാരണവരാണ് വിശുദ്ധ ജോസഫ്, ഈ കാരണവരുടെ സാന്നിധ്യം നിശബ്ദമാണ്...

റവ.ഡോ.മാർട്ടിൻ എൻ. ആന്റണി

പശ്ചിമ കൊച്ചിയിലെ കണ്ണമാലി വിശുദ്ധ ജോസഫിന്റെ നാടാണ്. ആ നാടിന്റെ മറുകരയിലെ കൊച്ചു ദ്വീപാണ് കല്ലഞ്ചേരി. കുസൃതിയുടെയും കുറുമ്പിന്റെയും കുടിയേറ്റത്തിന്റെയും ഇറങ്ങിപ്പോകലിന്റെയും ഭക്തിയുടെയും രാഷ്ട്രീയത്തിന്റെയും സ്നേഹത്തിന്റെയും ചരിത്രമുറങ്ങുന്ന ഒരു കൊച്ചു ദ്വീപ്. ഈ ദ്വീപിന്റെ കായൽ പരിസരത്താണ് 1980 മാർച്ച് 18-ന് മുപ്പതു പേരുടെ മരണത്തിനിടയാക്കിയ ബോട്ടപകടം ഉണ്ടായത്. ഈയുള്ളവന് അന്ന് മൂന്ന് വയസ്സേയുള്ളൂ. അന്ന് സംഭവിച്ചതൊന്നും ഓർമ്മയുടെ മണ്ഡലത്തിൽ തങ്ങിനിൽക്കുന്നുമില്ല. പക്ഷെ, ഒന്നെനിക്കറിയാം. എന്റെ നാടിനേറ്റ ആഘാതമായിരുന്നു ആ അപകടം. ആ സംഭവത്തെ ചുറ്റിപ്പറ്റി ഒത്തിരി കഥകൾ ഗ്രാമത്തിലുണ്ട്. ആ കഥകളുടെ ഇടയിലായിരുന്നു എന്റെ ബാല്യം. അങ്ങനെ കേട്ടുവളർന്ന ഒരു കഥ ജോസഫിനെ കുറിച്ചുള്ളതായിരുന്നു.

അന്ന്, 1980 മാർച്ച് 18-ന് കണ്ണമാലി പള്ളിയുടെ മുമ്പിൽ നിന്നും തീർത്ഥാടകരെ കുത്തിനിറച്ച് പെരുമ്പടപ്പിലേക്ക് പുറപ്പെടുവാനൊരുങ്ങിയ ഒരു ബോട്ടിനടുത്തേക്ക് ഒരു വൃദ്ധൻ തന്റെ കുട്ടിയോടു കൂടെ വന്നിട്ട് ആ ബോട്ടുടമസ്ഥനോട് വിളിച്ചു പറഞ്ഞു; “ഈ ബോട്ടിൽ ഇത്രയും ആൾക്കാരെ കയറ്റരുത്. അത് അപകടകരമാണ്”. പക്ഷേ അവർ ആ വൃദ്ധന്റെ വാക്കുകൾ നിരസിച്ച് യാത്ര പുറപ്പെടുകയാണുണ്ടായത്. ആ ബോട്ടാണ് പിന്നീട് കായലിന്റെ ചുഴിയിൽ അകപ്പെട്ടതും ദുരന്തമായി മാറിയതും! ആർത്തിയുടെയും ആസക്തിയുടെയും അപകടത്തിന്റെയും മുൻപിൽ മുന്നറിയിപ്പായി നീതിബോധത്തിന്റെ തുലാസ് മുന്നിലേക്ക് വച്ചു നീട്ടിയ ആ കാരണവർ വിശുദ്ധ ജോസഫ് ആയിരുന്നുവത്രേ!

സംഭവങ്ങൾ ദുരന്തങ്ങളാകുമ്പോൾ അതിൽനിന്നും അതിശയോക്തി കലർന്ന കഥകൾ ഉണ്ടാകുക സർവസാധാരണമായ കാര്യമാണെന്നു നമുക്ക് വേണമെങ്കിൽ പറയാം. പക്ഷേ ഇതേ കഥകൾ തന്നെയാണ് എന്റെ ഗ്രാമത്തിനുമേൽ ആത്മീയതയുടെ വർണ്ണങ്ങൾ വിതറുന്നതും, ആ നാടിനെ പരിവർത്തനത്തിന്റെ വഴികളിലൂടെ നടത്തി കൊണ്ടുവന്നതും. അതുകൊണ്ടുതന്നെ ഒരു കാര്യം എനിക്ക് ഉറപ്പിച്ചു പറയാൻ സാധിക്കും. ഓരോ കല്ലഞ്ചേരിക്കാരന്റെയും ആത്മീയ തറവാടിന്റെ കാരണവരാണ് വിശുദ്ധ ജോസഫ്. ഈ കാരണവരുടെ സാന്നിധ്യം നിശബ്ദമാണ്. പക്ഷേ, ആ നിശബ്ദതയിലും നിറഞ്ഞുനിൽക്കുന്ന നീതിബോധം ആകാശം മുട്ടുന്നതുമാണ്.

നീതിമാൻ, തച്ചൻ എന്നീ സങ്കൽപ്പങ്ങളോട് ബന്ധപ്പെട്ടാണ് സുവിശേഷങ്ങളിൽ ജോസഫിനെ ചിത്രീകരിച്ചിരിക്കുന്നത്. സുവിശേഷകന്മാർ ജോസഫിനെ നീതിമാൻ എന്നഭിസംബോധന ചെയ്യുമ്പോൾ, സുവിശേഷത്തിലെ ചില കഥാപാത്രങ്ങളാണ് അവനെ തച്ചൻ, മരപ്പണിക്കാരൻ, ആശാരി, കടച്ചിലു പണിക്കാരൻ, ശില്പി എന്നർത്ഥങ്ങൾ വരുന്ന tektōn എന്നു വിളിക്കുന്നത്. മത്തായിയുടേയും ലൂക്കായുടേയും സുവിശേഷത്തിലെ കഥാപാത്രങ്ങളാണ് ജോസഫിനെ tektōn എന്ന് വിശേഷിപ്പിക്കുന്നത്. പക്ഷേ മർക്കോസിന്റെ സുവിശേഷത്തിൽ വ്യത്യസ്തമാണ്. അവിടെ tektōn എന്ന വിശേഷണം ലഭിക്കുന്നത് യേശുവിനാണ്: “ഇവൻ മറിയത്തിന്റെ മകനും യാക്കോബ്, യോസെ, യൂദാസ്, ശിമയോൻ എന്നിവരുടെ സഹോദരനുമായ മരപ്പണിക്കാരനല്ലേ?” (മർക്കോ.6:3).

മരപ്പണിക്കാരൻ: വലിയ ഒരു ഇടർച്ചയുടെ വിളിപ്പേരാണത്. അതിശയോക്തി കലർന്ന ഇടർച്ചയായിരുന്നു അത്. തച്ചുശാസ്ത്രത്തിന്റെ അളവുകളിൽ ഒതുങ്ങിയിരുന്ന ഒരുവൻ പെട്ടെന്നൊരു ദിവസം ദൈവവചനം പ്രഘോഷിക്കുന്നു. അത്ഭുതങ്ങൾ പ്രവർത്തിക്കുന്നു.
എത്ര വലിയ കാര്യങ്ങളാണ് ഇവൻ വഴി സംഭവിക്കുന്നത്! ഇവന് ഇതെല്ലാം എവിടെ നിന്ന്? ഇവന് കിട്ടിയ ജ്ഞാനം എന്ത്? ഇവൻ മരപ്പണിക്കാരൻ അല്ലേ? ചോദിക്കുന്നത് ആരുമല്ല സ്വന്തം നാട്ടുകാരാണ്.

ഇവൻ മരപ്പണിക്കാരനല്ലേ എന്ന ചോദ്യം ഇവൻ നമ്മെപ്പോലെ ഒരു സാധാരണക്കാരനല്ലേ എന്ന ചോദ്യത്തിന് തുല്യമാണ്. ഇവന് എന്താണ് ഇത്ര പ്രത്യേകത? മരപ്പണിക്കാരനിൽ നിന്നും ദൈവികമായ നന്മകൾ വരുമ്പോൾ അത്ഭുതപ്പെടുന്നുണ്ടെങ്കിൽ അത് അർത്ഥമാക്കുന്നത് അവരും അവനും തമ്മിൽ ഒരു വ്യത്യാസമില്ല എന്നാണ്. നീ ഞങ്ങളിൽ ഒരുവനാണ്. നീ മരപ്പണിക്കാരനാണ് അതുകൊണ്ട് തച്ചുശാസ്ത്രം പറഞ്ഞാൽ മതി. അത് മാത്രമല്ല ഞങ്ങൾ പറയുന്നതുപോലെ നീ പ്രവർത്തിക്കുകയാണെങ്കിൽ ഞങ്ങൾ നിന്നെ അംഗീകരിക്കാം. എന്നിട്ട് അവർ ചോദിക്കുന്നുണ്ട്; കഫർണാമിൽ നീ ചെയ്ത അത്ഭുതങ്ങൾ ഇവിടെയും ചെയ്യുക.

നമുക്ക് tektōn എന്ന പദത്തിലേക്ക് തന്നെ ശ്രദ്ധ തിരിക്കാം. ഇതിൽ സാമൂഹിക-സാമ്പത്തികമായ അർത്ഥതലങ്ങൾ അടങ്ങിയിട്ടുണ്ട്. ജോസഫിന് ഒരു ഇടത്തര കുടുംബത്തിന്റെ പശ്ചാത്തലം tektōn എന്ന വിശേഷണം ചാർത്തി കൊടുക്കുന്നുണ്ട്. അവൻ ധനികനൊ ദരിദ്രനെ അല്ലായിരുന്നുവെന്നും, അനുദിനമുള്ള ജോലികളിലേർപ്പെട്ട് കുടുംബം പോറ്റിയിരുന്നുവെന്നു ചുരുക്കം. പക്ഷേ tektōn എന്ന വാക്കിന്റെ അരമായിക് അർത്ഥം അന്വേഷിച്ചാൽ naggara’ എന്ന പദത്തിൽ നമ്മൾ വന്നു ചേരും. ആ പദത്തിന് ഗുരുനാഥൻ, കലാകാരൻ എന്നീ അർത്ഥങ്ങൾ കൂടിയുണ്ടെന്നതാണ് ഏറ്റവും രസകരം. അങ്ങനെ നോക്കുമ്പോൾ tektōn മരപ്പണിക്കാരൻ മാത്രമല്ല, ഗുരുവും കൂടിയാണ്. അപ്പോൾ “ഇവൻ ആ തച്ചന്റെ മകനല്ലേ” എന്ന സിനഗോഗിലുള്ളവരുടെ ചോദ്യത്തിന് മറ്റൊരു മാനം കൂടി നൽകാവുന്നതാണ്. ഇവന്റെ പിതാവ് ഗുരുവാണ്, ആശാനാണ്. നിയമത്തിനു മുകളിൽ ആർദ്രതയ്ക്ക് പ്രാധാന്യം കൊടുത്ത ആശാൻ. ദൈവികതയെ സ്വപ്നം കണ്ടു ദൈവീക ചോദനയനുസരിച്ച് ജീവിച്ച തച്ചനാശാൻ.

ജോസഫിനും യേശുവിനും ലഭിക്കുന്ന tektōn എന്ന വിശേഷണം യഹൂദജനതയിലെ സാധാരണക്കാരുടെ ഗണത്തെയാണ് സൂചിപ്പിക്കുന്നത്. സുവിശേഷങ്ങളിൽ യേശു സഞ്ചരിച്ച ഇടങ്ങൾ ശ്രദ്ധിച്ചാൽ അവകളെല്ലാം സാധാരണക്കാർ തിങ്ങിപ്പാർത്തിരുന്ന ഇടങ്ങളായിരുന്നു. ഉദാഹരണത്തിന് നസ്രത്ത്, കാന, നായിൻ, കൊറാസിൻ, കഫർണാം തുടങ്ങിയ പ്രദേശങ്ങൾ. യവനരും ധനികരും തിങ്ങിപ്പാർത്തിരുന്ന സെഫോറിസിലും, തിബേരിയസ്സിലും അവൻ പ്രവർത്തിച്ചിരുന്നതായി സുവിശേഷങ്ങൾ ഒന്നും തന്നെ പറയുന്നില്ല. അതായത് tektōn എന്ന വിശേഷണം സാധാരണതയുടെ പര്യായമാണ്.

യേശുവും ജോസഫും തച്ചൻമാർ ആയിരുന്നുവെന്നു സുവിശേഷം ചിത്രീകരിക്കുന്നുണ്ടെങ്കിൽ അതിനർത്ഥം മനുഷ്യാവതാരത്തിന്റെ സാധാരണതയും ലാളിത്യവുമാണ്. ദൈവം അധ്വാനിക്കുന്ന വർഗത്തിലെക്കാണ് ഇറങ്ങി വന്നത് എന്ന ബോധം ഓരോ ക്രിസ്ത്യാനിക്കും നെറ്റിയിലെ വിയർപ്പുകൊണ്ട് വിശപ്പടക്കാനുള്ള പ്രേരണയാണ്. ഇത് എല്ലാവർക്കും ബാധകമാണ്. അവിടെ അൽമായനെന്നോ പുരോഹിതനെന്നോ വ്യത്യാസമില്ല. അതുകൊണ്ടാണ് പൗലോസപ്പോസ്തലൻ കുറിക്കുന്നത്; “സഹോദരരേ, ഞങ്ങളുടെ കഠിനാധ്വാനം നിങ്ങൾക്ക് ഓർമ്മയുണ്ടല്ലോ. ദൈവത്തിന്റെ സുവിശേഷം നിങ്ങളോട് പ്രസംഗിക്കുമ്പോൾ ഞങ്ങൾ നിങ്ങളിലാർക്കും ഭാരമായിത്തീരരുതെന്നു കരുതി രാപ്പകൽ അധ്വാനിച്ചു” (1തെസ.2:9). വീണ്ടും തെസലോനിക്കകാർക്കെഴുതിയ രണ്ടാമത്തെ ലേഖനം 3:10-ൽ അപ്പോസ്തലൻ കുറിക്കുന്നു: “അധ്വാനിക്കാത്തവൻ ഭക്ഷിക്കതിരിക്കട്ടെ”.

അധ്വാനം ക്രൈസ്തവരെ സംബന്ധിച്ച് വിശ്വസ്തതയോടെ നിറവേറ്റേണ്ട ഒരു പ്രതിബദ്ധതയാണ്. അപ്പോഴും സംഭരിച്ചു കുന്നു കൂട്ടുക എന്ന ചിത്തഭ്രമത്തിന് അടിമപ്പെടുകയുമരുത്. യേശുവിന്റെ മലയിലെ പ്രസംഗം എന്നും ഓർമ്മയുണ്ടാകണം: “എന്തു ഭക്‌ഷിക്കും, എന്തു പാനംചെയ്യും എന്നു ജീവനെക്കുറിച്ചോ എന്തു ധരിക്കും എന്നു ശരീരത്തെക്കുറിച്ചോ നിങ്ങള്‍ ഉത്‌കണ്‌ഠാകുലരാകേണ്ടാ… (മത്താ.6:25).

“അധ്വാനിക്കാൻ എനിക്കിഷ്ടമല്ല. ആർക്കും ഇഷ്ടമല്ലായിരിക്കാം. പക്ഷേ അധ്വാനത്തിനകത്തുള്ളത് എനിക്കിഷ്ടമാണ്. അതിനകത്ത് നിനക്ക് നിന്നെ തന്നെ കണ്ടെത്താൻ സാധിക്കും. നീ നിന്റെ യാഥാർത്ഥ്യം കണ്ടെത്തും. ആ കണ്ടെത്തൽ മറ്റുള്ളവർക്ക് വേണ്ടിയല്ല, നിനക്ക് വേണ്ടി തന്നെ. ആർക്കും അത് അറിയാൻ സാധിക്കില്ല. കേവലം പുറംമോടി മാത്രമേ അവർ കാണൂ. അതെന്താണെന്ന് അവർക്ക് മനസ്സിലാവുകയുമില്ല”. ഇത് എന്റെ വാക്കുകളല്ല. ജോസഫ് കോൺറാഡിന്റെ ഹാർട്ട് ഓഫ് ഡാർക്നെസ് എന്ന നോവലിലെ ചാൾസ് മർലോയുടെ ചിന്തകളാണ്. നമുക്കറിയാം, ജോസഫ് എന്ന സുവിശേഷ വ്യക്തിത്വം അധ്വാനം എന്ന ആശയത്തോട് ബന്ധപ്പെട്ടാണിരിക്കുന്നതെന്ന്. അധ്വാനത്തിന്റെ ക്ലേശവും ലാളിത്യവും അവനിൽ സമഞ്ജസമായി അടങ്ങിയിട്ടുണ്ട്. അപ്പോഴും നസ്രത്ത് നിവാസികളുടെ “ഇവൻ തച്ചന്റെ മകനല്ലെ?” എന്ന ഐറണിക്ക് കോൺറാഡിന്റെ വരികളിൽ ഉത്തരമുള്ളതുപോലെ തോന്നുന്നു. അതെ, തച്ചൻ എന്നത് അധ്വാനത്തിന്റെ പ്രതീകം മാത്രമല്ല, സ്വയം കണ്ടെത്തലിന്റെയും നിർവൃതിയുടെയും അടയാളം കൂടിയാണ്. എന്റെ അധ്വാനത്തിലൂടെയാണ് ഞാൻ എന്നെ തന്നെ അടയാളപ്പെടുത്തുന്നത്. അതുകൊണ്ടാണ് ജോലി ഇല്ലാത്ത അവസ്ഥ ആർക്കും പ്രസന്നത പകരാത്തത്. അധ്വാനിക്കാത്തവൻ അസംതൃപ്തനായിരിക്കും.

വേദഗ്രന്ഥം ഒന്ന് പരതിയാൽ ഒരു കാര്യം നമുക്ക് മനസ്സിലാക്കാൻ സാധിക്കും. അധ്വാനമാണ് ദൈവം നമുക്ക് നൽകിയ ആദ്യ ഉത്തരവാദിത്വം; കൃഷിചെയ്യാനും സംരക്ഷിക്കാനുമാണ് അവൻ ആവശ്യപ്പെടുന്നത് (ഉത്പ.2:15). അധ്വാനം ആത്മസാക്ഷാത്കാരമാണ്. അത് അനുഭവിക്കാൻ സാധിക്കാതെ വരിക എന്നതാണ് തൊഴിൽ രഹിതർക്കും ഇഷ്ടമില്ലാത്ത ജോലികൾ ചെയ്യുന്നവർക്കും സംഭവിക്കാവുന്ന ദുരന്തം. അവർ അവരിൽ തന്നെ അന്യഥാത്വം (alienation) അനുഭവിക്കും. ഇവിടെയാണ് ജോസഫിന്റെ പ്രത്യേകത നമ്മൾ കാണേണ്ടത്. സ്വന്തം സ്വത്വത്തിനുള്ളിൽ ദൈവികത ദർശിച്ചവനാണവൻ. അതുകൊണ്ടുതന്നെ തച്ചനായിരിക്കുകയെന്നത് ദൈവം തന്നെ ഏൽപിച്ച ദൗത്യത്തിന്റെ പൂർത്തീകരണം മാത്രമല്ല. മറിച്ച് വിശ്വസ്തതയുടെ കൂദാശ കൂടിയാണ്.

പിൻകുറിപ്പ്: മെയ് മാസത്തിലെ അസീസി മാഗസിനുവേണ്ടി എഴുതിയതാണ് ഈ ലേഖനം.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker