Meditation

ക്രിസ്താനുഭവത്തിന്റെ പൂർണ്ണത (യോഹ 16:12-15)

സത്യാത്മാവ് ഒരു അനുഭവമാകുമ്പോഴാണ് ക്രിസ്താനുഭവത്തിനു പൂർണ്ണതയുണ്ടാകുന്നത്...

പെന്തക്കൊസ്ത തിരുനാൾ

പെന്തക്കൊസ്ത അഥവാ അമ്പതാംനാൾ, ആഴ്ചവട്ടങ്ങളുടെ തിരുനാൾ, കതിരുകളുടെ തിരുനാൾ, വിളവെടുപ്പിന്റെ തിരുനാൾ; അങ്ങനെ വ്യത്യസ്തനാമങ്ങളുള്ള ഒരു തിരുനാൾ ദിനം. നിലത്തുവീണലിഞ്ഞ യേശുവെന്ന വിത്ത് നൂറുമേനി വിളവു നൽകിയിരിക്കുന്നു. ഇനി വേണ്ടത് വിളവെടുപ്പാണ്. ആ വിളവ് സ്വർഗ്ഗത്തിന്റെ ദാനമാണ്. നന്ദി അർപ്പിക്കേണ്ടത് ദൈവത്തിനുമാണ്. നമുക്കറിയാം, ദുഃഖവെള്ളി ദിനത്തിലാണ് ആ വിത്ത് നിലത്തു വീണതെന്ന്. എല്ലാം അവസാനിച്ചു എന്ന പ്രതീതി നൽകിയ ദിനമായിരുന്നു അത്. അങ്ങനെയാണ് ആരോടൊ ഉള്ള ഭയം നിമിത്തം ശിഷ്യർ കതകടച്ചിരുന്നത്. പക്ഷേ മൂന്നാംദിനം ആ വിത്ത് കിളിർത്തു. അങ്ങനെ ഗുരുനാഥൻ അവരുടെ മധ്യേ പ്രത്യക്ഷപ്പെട്ടു.

ഭയം, അത് ഏതു തരത്തിലുള്ളതാണെങ്കിലും ശരി, നമ്മെ അത് മരവിപ്പിക്കും; ഇത്തിരിയല്ല, ഒത്തിരി. പക്ഷേ ഉത്ഥിതനെ കണ്ടുമുട്ടിയതിനുശേഷം ശിഷ്യന്മാർ ചുണകെട്ടവരായിരുന്നു എന്നതിന് ഒരു തെളിവുമില്ല. കാരണം അവരോടൊപ്പം അവനും പ്രവർത്തനനിരതനായിരുന്നു. എങ്കിലും വാഗ്ദാനങ്ങൾ ഇനിയും പൂർത്തീകരിക്കാനുണ്ട്. പ്രാർത്ഥിക്കണം, കാത്തിരിക്കണം ആ സമയത്തിനു വേണ്ടി. ഒറ്റയ്ക്കല്ല, ഒന്നിച്ച് അവന്റെ അമ്മയോടൊപ്പം.

ഗുരുസന്നിധിയിൽ നിന്നുള്ള വാമൊഴികൾ ഇനിയില്ല. ഇനിയുള്ളത് നിശബ്ദതയിലെ ദൈവിക മർമ്മരങ്ങൾ മാത്രം. അത് പരിശുദ്ധാത്മാവിന്റെ പ്രവർത്തിയാണ്. ഉള്ളുണർവുള്ളവർ അത് ശ്രവിക്കും. അവരെ സത്യത്തിന്റെ പൂർണ്ണതയിലേക്ക് അവൻ നയിക്കുകയും ചെയ്യും. ഈ അനുഭവത്തിലാണ് ശിഷ്യത്വത്തിന്റെ പൂർണ്ണത. ക്രൈസ്തവീകത എന്നത് യേശുവിനെക്കുറിച്ചുള്ള അറിവു മാത്രമല്ല, അതിലുപരി അവൻ അയക്കുന്ന സത്യത്മാവിനെ അനുഭവിക്കുന്നതും കൂടിയാണ്. കാരണം സത്യാത്മാവ് ഒരു അനുഭവമാകുമ്പോഴാണ് ക്രിസ്താനുഭവത്തിനു പൂർണ്ണതയുണ്ടാകുന്നത്.

ഉത്ഥിതനെ ബാഹ്യനുഭവമായി കൊണ്ടുനടന്ന ദിനങ്ങൾ അവസാനിച്ചിരിക്കുന്നു. ഇനിയുള്ളത് ആന്തരിക ഉള്ളടക്കമാണ്. അമ്പതു ദിനങ്ങൾ അടച്ചിരിപ്പിന്റെ നാളുകളായിരുന്നു. ആ ദിനങ്ങളിലാണ് ശിഷ്യൻമാർ സത്യാത്മാവിനെ സ്വീകരിക്കാൻ ഒരുങ്ങിയത്. ഉള്ളുർണവിന്റെ ദിനങ്ങളായിരുന്നു അത്. പ്രഘോഷണം പ്രഥമ കടമയായി ലഭിച്ചിരിക്കുന്നവർക്ക് അടച്ചിരുപ്പ് ഒരു ഭൂഷണമല്ല. പക്ഷേ അടച്ചിരിപ്പിൽ ആത്മാവിന്റെ മർമ്മരങ്ങൾ ശ്രവിക്കാൻ സാധിക്കും. ഇന്ദ്രിയങ്ങൾ നിശ്ശബ്ദമാകുമ്പോൾ ആത്മാവ് ഉണരും. പ്രാർത്ഥനകൾ നിശബ്ദധ്യാനങ്ങളാകും. ആ ധ്യാനത്തിൽ എല്ലാ കണ്ണീരുകളും ഭയവിഹ്വലതകളു ഒരു ഹവിസ്സായി മുകളിലേക്ക് ഉയരും. അപ്പോൾ ദൈവാത്മാവിന് മാറി നിൽക്കാൻ സാധിക്കില്ല. അവൻ ഇറങ്ങി വരും. ചിലപ്പോൾ തീയായും കാറ്റായും അശനിപാതംപോലുള്ള വലിയ അനുഭവങ്ങളയും, മറ്റു ചിലപ്പോൾ ഒരു ഇളം തെന്നലിന്റെ തഴുകലായും. ഏതായാലും ഒരു കാര്യം വ്യക്തമാണ്; ലാളിത്യമായിരിക്കും ദൈവാത്മാവിനെ പ്രാർത്ഥനയിലൂടെ അനുഭവിച്ചറിയുന്നവരുടെ ആദ്യലക്ഷണം.

അപ്പോസ്തല പ്രവർത്തനങ്ങളുടെ പുസ്തകത്തിൽ പെന്തക്കൊസ്താനാളിൽ ഒരു പരിഭാഷാത്മകമായ അത്ഭുതം (translational miracle) നടക്കുന്നതായി വിവരിക്കുന്നുണ്ട്. പത്രോസിന്റെ പ്രഘോഷണം യഹൂദർക്കും വിജാതിയർക്കു വിശ്വാസികൾക്കും അവിശ്വാസികൾക്കുമെല്ലാം അവരുടെ മാതൃഭാഷയിൽ മനസ്സിലാകുന്നു. ഭാഷകളുടെ വ്യത്യസ്തതയിലും മനസ്സിലാകലിന്റെ ഏകത്വം തെളിഞ്ഞുനിൽക്കുന്നു. ഇതാണ് പെന്തക്കൊസ്തായുടെ പ്രഥമ അത്ഭുതം. ഭാഷകളുടെ വൈവിധ്യത്തിനുള്ളിലെ പരസ്പരമുള്ള ധാരണ! ഒരേ ഭാഷയുടെ ബാബേൽ തന്ത്രം ഇവിടെയില്ല. ഭാഷകളുടെ ഏകീകരണവുമില്ല. മറിച്ച് അതിന്റെ തനിമകളെ നിലനിർത്തിക്കൊണ്ടുള്ള ധാരണയാണ് പെന്തക്കൊസ്ത. പ്രഘോഷണം അടിച്ചേൽപ്പിക്കലല്ല, സംവാദമാണ്, സംഭാഷണമാണ്. വാക്കിന്റെയോ യുക്തിയുടെയോ ഇടയിലൂടെയുള്ള തരണം ചെയ്യലിനെയാണ് സംഭാഷണം അഥവാ ഡയലോഗ് എന്ന് പറയുന്നത്. അത് dia പ്ലസ് logos ആണ്. അതായത്, നിന്റെ ഭാഷയെ, നിന്റെ യുക്തിയെ ഇല്ലാതാക്കി എന്റെ ഭാഷയെ നിന്നിലടിച്ചേൽപ്പിക്കുന്ന പ്രക്രിയയല്ല അത്. മറിച്ച് എന്റെ ധാരണയെ നിന്റെ ഭാഷയിലേക്ക് ആവാഹിക്കുന്ന അനിർവചനീയമായ മാന്ത്രികതയാണ്. ആ അത്ഭുതമാണ് ഇന്ന് നമ്മുടെ ഇടയിൽ നിന്നും നഷ്ടപ്പെട്ടിരിക്കുന്നത്. നമ്മുടെ ഇടയിൽ ഒരേ ഭാഷയുണ്ട്, പക്ഷേ ധാരണ ഇല്ലാതായിരിക്കുന്നു. സ്പർധയും വർഗീയചിന്തകളും വർധിച്ചുകൊണ്ടിരിക്കുന്നു. വെറുപ്പിന്റെ പ്രവാചകന്മാർക്ക് വിശുദ്ധപദവികൾ ലഭിക്കുന്നു. അതുകൊണ്ട് തന്നെ ഒരു പെന്തക്കൊസ്താനുഭവം ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker