Articles

വിഭാഗീയതയിലൂടെയോ തീവ്രവാദത്തിലൂടെയോ അല്ല ക്രൈസ്തവ മതം അതിജീവനം സാധ്യമാക്കേണ്ടത്

ക്രൈസ്തവാധിഷ്ടിതവും യുക്തിഭദ്രവുമായ രീതിയിൽ വിമർശനമുന്നയിക്കുക...

ഫാ.ഡാർവിൻ ഈരേശ്ശേരിയിൽ

ക്രൈസ്തവർ മറ്റ് വിഭാഗങ്ങളിൽ നിന്നും തീവ്രവാദ സംഘടനകളിൽ നിന്നും രാഷ്ട്രീയ മേഖലയിൽ നിന്നും നേരിടുന്ന വെല്ലുവിളികൾക്കും അത്തരം പ്രവണതകൾ സൃഷ്ടിക്കുന്ന പ്രതിസന്ധികൾക്കും പരിഹാരം കണ്ടെത്തുന്നതിനുള്ള സംഘാടാത്മക ശ്രമം എന്ന നിലയിലാണ് കാസ പോലുള്ള ക്രിസ്ത്യൻ സംഘടനകളുടെ പ്രവർത്തനങ്ങളെ നാം അംഗീകരിച്ച് പോന്നിരുന്നത്. എന്നാൽ ഇത്തരം സംഘടനകൾ തീവ്രഹിന്ദുത്വവാദത്തിന്റെ പ്രചരണ മാധ്യമങ്ങളായി അധ:പതിച്ച്, വൈദീകരെ പോലും സ്വാധീനിച്ച സമകാലികാവസ്ഥയിലൂടെയാണ് നാം കടന്നുപോകുന്നത്. ന്യൂനപക്ഷ വർഗീയത, സ്ത്രീവിരുദ്ധത, ക്രിസ്തുമത തീവ്രവാദം, അരാഷ്ട്രീയത തുടങ്ങി മാനവ മൂല്യങ്ങൾക്കും അതിലുപരി ക്രൈസ്തവ മൂല്യങ്ങൾക്കും എതിരായ ആശയങ്ങളാണ് ഈ സംഘടനകളിലെ അംഗങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചുകൊണ്ടിരിക്കുന്നത്.

ജനാധിപത്യത്തോടും ബഹുസ്വരതയോടും നിഷേധാത്മക മനോഭാവം പുലർത്തുന്ന ഇത്തരം സംഘടനകൾക്ക് തൊഴിലില്ലായ്മയുടെയും നിരാശയുടെയും വിഷാദത്തിന്റെയും തീവ്രതയിലെത്തിനിൽക്കുന്ന യുവജനങ്ങൾക്കിടയിൽ സ്വാധീനമുളവാക്കുക പ്രയാസമായിരുന്നില്ല. ഇസ്ലാം മതത്തിനെതിരെ പടനയിക്കുന്ന ഈ സമുദായ സംരക്ഷകർ സമകാലിക ഇന്ത്യയുടെ സമൂർത്ത യാഥാർഥ്യമായിരിക്കുന്ന ഹിന്ദുത്വ തീവ്രവാദത്തിന്റെ ക്രൂരതകളോട് സഹിഷ്ണുത പുലർത്തുന്നവരും അത്തരം മനോഭാവത്തെ വൈദീകർക്കിടയിൽ പോലും വളർത്തുന്നവരുമാണ്.

ക്ലബ് ഹൗസിലെ ‘ക്രിസ്ത്യൻ യുവാക്കളേ ഇതിലേ ഇതിലേ’ എന്ന ചർച്ചയിൽ പലർക്കും ദുരനുഭവം നേരിട്ടതും, ചർച്ചയിലെ ഹിംസാത്മകമായ അഭിപ്രായപ്രകടനങ്ങളും ഇതിനകം സമൂഹ മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ടല്ലോ. കാസയിലെ ഔദ്യോഗിക അക്കൗണ്ടിലല്ലെങ്കിലും കാസ, ക്രോസ് തുടങ്ങിയ സംഘടനകളിലെ അംഗങ്ങൾ ഈ ചർച്ചകളിൽ പങ്കാളികളായിട്ടുണ്ട്. ക്രമാതീതമായ നിലയിൽ ക്രൈസ്തവർക്കിടയിൽ ഇസ്ലാം വിരുദ്ധത വളർത്തുന്നതിൽ ഇത്തരം സംഘടനകൾക്കുള്ള പങ്ക് അനിഷേധ്യ യാഥാർത്ഥ്യം തന്നെയാണെന്നിരിക്കെ, ഇത്തരം സംഘടനകൾക്ക് നാം പരോക്ഷമായാണെങ്കിലും നൽകുന്ന പ്രോത്സാഹനങ്ങൾ കുറ്റകരം തന്നെയായിരിക്കും. ഒരു വൈദീകൻ ഇത്തരം സംഘടനകളിൽ / വാദഗതികളിൽ ബോധപൂർവമോ അബോധപൂർവമോ പങ്കാളിയായി വിശ്വാസം അർപ്പിക്കുമ്പോൾ, അതോടൊപ്പം അദ്ദേഹത്തിന്റെ സുഹൃദ്‌വലയത്തിലുള്ള നൂറോളം യുവജനങ്ങൾ കൂടി അത്തരം കെണികളിൽ ഒരുപക്ഷേ നമുക്ക് രക്ഷിക്കാനാകാത്ത വിധം തന്നെ കുടുങ്ങിപ്പോകുന്നുണ്ടെന്ന് ഓർക്കുക.

വിഭാഗീയതയിലൂടെയോ തീവ്രവാദത്തിലൂടെയോ അല്ല ക്രൈസ്തവ മതം അതിജീവനം സാധ്യമാക്കേണ്ടത്. അങ്ങനെ ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അത് ക്രിസ്തുവിന്റെ സ്നേഹപാഠങ്ങൾക്കും അസാമാന്യ ധീരതയോടെ ആ സ്നേഹം ആഘോഷിച്ച വിശുദ്ധരുടെ മഹത്തായ മാതൃകകൾക്കും പരിപൂർണമായും എതിരാണെന്ന് ഉറപ്പിച്ചു പറയാം. ബി.ജെ.പിയുടെ ഭിന്നിപ്പിച്ച് ഭരിക്കുന്ന, ന്യൂനപക്ഷങ്ങൾക്കിടയിൽ വിഘടനവാദം സൃഷ്ടിക്കുന്ന, ഭക്ഷണത്തിന് പോലും മതത്തിന്റെ നിറം നൽകുന്ന രാഷ്ട്രീയ സാഹചര്യത്തെ നാം കുറെക്കൂടി ആഴത്തിലും ഗൗരവത്തിലും മനസ്സിലാക്കേണ്ടിയിരിക്കുന്നു.

ക്ലബ് ഹൗസിലെ ഈ വിവാദ ചർച്ചയിൽ വൈദീകർ പങ്കാളിയായതും എതിരഭിപ്രായങ്ങളെ നിശബ്ദമാക്കിയതുo മാത്രമല്ല; ഈ സംഘടനകളുടെയും അവരെ പിന്താങ്ങുന്നവരുടെയും നിലപാടുതറകളെക്കൂടി പരിശോധിക്കുമ്പോൾ, രക്ഷാകരമായ സഹനത്തിന്റെ ശാശ്വത അടയാളമായ ‘കാസ’ യുടെ നാമധേയം ഇവർ ഏത് അർഥത്തിലാണ് പ്രയോഗിക്കുന്നതെന്ന ചിന്ത എന്നെ ഭയപ്പെടുത്തുന്നുണ്ട്. (തീവ്രഹിന്ദുത്വം ശക്തിപ്പെട്ടതിനുശേഷമാണല്ലോ സീതാരാമൻമാരുടെ ചിത്രത്തിന് പകരം ആവനാഴിയിൽ അമ്പും കൈകളിൽ വില്ലുമുള്ള രാമന്റെ ചിത്രം വ്യാപകമായതും വഴിക്കവലകളിൽ സ്ഥാനം പിടിച്ചതും).

അതുകൊണ്ടു തന്നെ ക്രൈസ്തവാധിഷ്ടിതവും യുക്തിഭദ്രവുമായ രീതിയിൽ വിമർശനമുന്നയിക്കുക. അതോടൊപ്പം ഒരു രാഷ്ട്രീയ പാർട്ടികളുടെയും ഉപകരണങ്ങളാകാൻ നമ്മുടെ യുവത്വത്തെ അനുവദിക്കാതിരിക്കുക. അല്ലെങ്കിൽ തിരിച്ചുപിടിക്കാനാകാത്ത വിധം നമുക്കവരെ നഷ്ടമായേക്കാം.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker