World

113 ന്റെ നിറവില്‍ ദൈവത്തിന്‌ നന്ദിപറഞ്ഞ്‌ സിസ്റ്റര്‍ ആന്‍ഡ്രിയ

113 ന്റെ നിറവില്‍ ദൈവത്തിന്‌ നന്ദിപറഞ്ഞ്‌ സിസ്റ്റര്‍ ആന്‍ഡ്രിയ

പാരീസ്‌; വയസ്‌ 113 കഴിയുന്നെങ്കിലും ദൈവത്തന്‌ നന്ദി പറയുന്ന കാര്യത്തില്‍ സിസ്റ്റര്‍ ആന്‍ഡ്രിയ പിന്നിലല്ല . ഈ വാക്കുകള്‍ ലോകത്തിലെ തന്നെ പ്രായ കൂടി യ കന്യാസ്‌ത്രീയായ സിസ്റ്റര്‍ ആന്‍ഡ്രിയയുടേതാണ്‌. പാരിസിയന്‍ എന്ന ഫ്രഞ്ച് പത്രത്തിനു നല്‍കിയ അഭിമുഖത്തിലാണ് നൂറ്റിപ്പതിമൂന്ന് വയസ്സുള്ള സിസ്റ്റര്‍ ആന്‍ഡ്രിയ തന്റെ മനസ്സ്‌ തുറന്നത്. ഇത്രയും കാലം ജീവിച്ചിരിക്കുമെന്ന് താന്‍ ഒരിക്കലും കരുതിയിരുന്നില്ലെന്നും, ഇത് തന്നെ അത്ഭുതപ്പെടുത്തിയെന്നും ഫ്രാന്‍സിലെ ടൌലോണിലുള്ളന് സെയ്ന്റ്  കാതറിന്‍ ലേബറെ റിട്ടയര്‍മെന്റ് ഹോമില്‍ വിശ്രമജീവിതം നയിക്കുന്ന സി. ആന്‍ഡ്രിയ പറഞ്ഞു. ഫ്രാന്‍സില്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്നവരിൽ  ഏറ്റവും പ്രായമുള്ള വ്യക്തികൂടിയാണ് സിസ്റ്റര്‍ആന്‍ഡ്രിയ.

1904 ഫെബ്രുവരി 11-ന് ടൌലോണില്‍ നിന്നും 140 മൈല്‍ അകലെയുള്ള അലെസ്‌ പട്ടണത്തിലുള്ള പാവപ്പെട്ട പ്രൊട്ടസ്റ്റന്റ് കുടുംബത്തിലായിരുന്നു ആന്‍ഡ്രിയയുടെ ജനനം. ലൂസില്ലെ റാണ്ടോണ്‍ എന്നായിരുന്നു ബാല്യകാല നാമം. നീണ്ടുനില്‍ക്കുന്ന ആരാധനകള്‍ കാരണം തന്റെ മാതാപിതാക്കള്‍ ആദ്ധ്യാത്മിക കാര്യങ്ങളില്‍ അത്ര സജീവമല്ലായിരുന്നുവെന്ന് ലാ ക്രോയിക്സ്‌ പത്രത്തിന് നല്‍കിയ മറ്റൊരഭിമുഖത്തില്‍ സിസ്റ്റര്‍ ആന്‍ഡ്രിയ തന്നെ പറഞ്ഞിട്ടുണ്ട്.

യുവത്വത്തിന്റെ ആരംഭത്തില്‍ അധ്യാപികയായി സേവനം ചെയ്ത ലൂസില്ലെ 27-മത്തെ വയസ്സിലാണ് കത്തോലിക്കാ വിശ്വാസം സ്വീകരിക്കുന്നത്. പിന്നീട് 13വര്‍ഷങ്ങള്‍ക്ക് ശേഷം 40-മത്തെ വയസ്സിലാണ് ലൂസില്ലെ, വിശുദ്ധ വിന്‍സെന്റ് ഡി പോളിന്റെ ഡോട്ടേഴ്സ് ഓഫ് ചാരിറ്റി എന്ന സന്യാസിനി സഭയില്‍ ചേര്‍ന്നത്. തനിക്കേറ്റവും ഇഷ്ടപ്പെട്ട തന്റെ സഹോദരനായ ആന്‍ഡ്രിയുടെ ബഹുമാനാര്‍ത്ഥമാണ് താന്‍ ആന്‍ഡ്രിയെന്ന നാമം സ്വീകരിച്ചതെന്നു സിസ്റ്റര്‍ വിവരിച്ചു.

രണ്ടാം ലോകമഹായുദ്ധ കാലത്തെ യാതനകള്‍ ഇന്നും സിസ്റ്റര്‍ ആന്‍ഡ്രിയുടെ ഓര്‍മ്മയിലുണ്ട്. അക്കാലഘട്ടത്തില്‍ താന്‍ വിച്ചിയിലുള്ള ഒരാശുപത്രിയില്‍ സേവനം ചെയ്യുകയായിരുന്നു. അനാഥരും പ്രായമായവരും മാത്രമായിരുന്നു ആ ആശുപത്രിയില്‍ ഉണ്ടായിരുന്നത്. ഏതാണ്ട് 30 വര്‍ഷത്തോളം താന്‍ ആശുപത്രിയില്‍ ജോലി ചെയ്തു. അന്ന് താന്‍ പരിപാലിച്ച കുട്ടികളില്‍ പലരും തന്നെ കാണാന്‍ ഇപ്പോഴും വരാറുണ്ടെന്നും സിസ്റ്റര്‍ സ്മരിച്ചു. 2009-ലാണ് സി. ആന്‍ഡ്രിയ സെയ്ന്റ് കാതറിന്‍ ലേബറെ റിട്ടയര്‍മെന്റ് ഹോമിലെത്തുന്നത്.

താന്‍ ഭാഗ്യവതിയാണെന്നും ഇവിടെ തനിക്ക്‌ നല്ല പരിചരണം ലഭിക്കുന്നുണ്ടെന്നും സി. ആന്‍ഡ്രിയ പറയുന്നു. തന്റെ 70-മത്തെ വയസ്സില്‍ സഹോദരന്‍ മരണപ്പെട്ടപ്പോള്‍ തനിക്കും അധികകാലമില്ലെന്നു കരുതിയിരുന്നു. എന്നാല്‍ അതിനുശേഷവും ദശാബ്ദങ്ങളോളം ജീവിക്കുവാനുള്ള ഭാഗ്യം ദൈവം തനിക്ക്‌ നല്‍കിയെന്നും 104 വയസ്സുവരെ താന്‍ ജോലിചെയ്തിരുന്നതായും സിസ്റ്റര്‍ കൂട്ടിച്ചേര്‍ക്കുന്നു. ആയുസ്സിന്റെ ദൈർഘ്യം നീട്ടി ദൈവം നല്‍കിയ അപൂര്‍വ്വ ഭാഗ്യത്തിന് നന്ദിപറയുകയാണ് ഇന്ന് സിസ്റ്റര്‍ ആന്‍ഡ്രിയ.

Tags
Show More

Leave a Reply

Your email address will not be published. Required fields are marked *

Related Articles

Back to top button
error: Content is protected !!
Close
Close

Adblock Detected

Please consider supporting us by disabling your ad blocker