Meditation

14th Sunday Ordinary Time_Year B_ഇവൻ മരപ്പണിക്കാരനല്ലേ? (മർക്കോ 6:1-6)

വചനം മാംസമായവനിൽ ദൈവത്തിന്റെ ആർദ്രത മറിഞ്ഞിരിക്കുന്നുണ്ട്...

ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ

ആശ്ചര്യം ഒരു ആവരണചിഹ്നംപോലെ പൊതിഞ്ഞിരിക്കുന്ന ആഖ്യാനം. വിസ്മയമാണ് വരികളുടെ ഭാവം. അത്ഭുതമാണ് യേശുവിന്റെ വാക്കുകൾ കേൾക്കുന്ന നാട്ടുകാർക്കും തന്നെ അവഗണിക്കുന്ന നാട്ടുകാരെ ഓർത്ത് യേശുവിനും. എത്ര പെട്ടെന്നാണ് ജനങ്ങൾ ആശ്ചര്യത്തിൽ നിന്ന് അവിശ്വാസത്തിലേക്കും അവിശ്വാസത്തിൽ നിന്നു തിരസ്കരണത്തിലേക്കും വഴിമാറുന്നത്! ഇവൻ ആ മരപ്പണിക്കാരനല്ലേ? ഇവന് ഈ ജ്ഞാനമെല്ലാം എവിടെ നിന്ന്? ഉറപ്പാണ് ഇതൊന്നും നമ്മുടെ നാട്ടിൽ നിന്നല്ല. നമ്മൾ ചിന്തിക്കുന്നത് പോലെയുമല്ല ഇവൻ ചിന്തിക്കുന്നത്. ഇവനിൽ എന്തൊക്കെയോ മറഞ്ഞിരിക്കുന്നുണ്ട്. അതെ, മനുഷ്യാവതാരത്തിന്റെ ദൈവീകതയാണത്. വചനം മാംസമായവനിൽ ദൈവത്തിന്റെ ആർദ്രത മറിഞ്ഞിരിക്കുന്നുണ്ട്. അവന് സ്വർഗ്ഗത്തിന്റെ പരിമളമുണ്ട്. അവന്റെ വാക്കുകളിൽ ജൈവീകവശ്യതയുണ്ട്. എന്നിട്ടും നസ്രത്ത് നിവാസികൾക്ക് അവനെ അംഗീകരിക്കാൻ സാധിക്കുന്നില്ല.

സമൂഹം അങ്ങനെയാണ്. അതിന്റെ കാഴ്ചപ്പാടുകൾക്ക് ചില ചിട്ടവട്ടങ്ങളുണ്ട്. ആദ്യം നിന്റെ കഴിവുകളെ സംശയിക്കും. പിന്നെ കുടുംബമഹിമ അന്വേഷിക്കും. അതിനുശേഷം നിന്റെ ജോലിയിൽ കയറി പിടിക്കും. നീ മരപ്പണിക്കാരനല്ലേ? ജ്ഞാനം പകർന്നു നൽകേണ്ട ഒരു ജീവിതാന്തസ്സല്ല അത്. വെറുമൊരു സാധാരണക്കാരൻ. അവർ കാണില്ല സാധാരണതയിൽ മറഞ്ഞിരിക്കുന്ന സ്വർഗ്ഗത്തിന്റെ വേരുകളെ.

ശരിയാണ്, ഒരു തച്ചന്റെ ആലയിലാണ് യേശു കളിച്ചു വളർന്നത്. ഉളിയും കൊട്ടുവടിയും പിടിച്ചതിന്റെ തഴമ്പുകൾ അവന്റെ കൈകളിലുണ്ട്. മരത്തിന്റെയും മണ്ണിന്റെയും ഗന്ധമാണവന്. അങ്ങനെയുള്ളവരെ സമൂഹം അംഗീകരിച്ചതായി ചരിത്രമില്ല. മണ്ണിന്റെയും മനുഷ്യന്റെയും മണമുള്ളവരെ ഒഴിവാക്കി ചില്ലുമേടയിലിരിക്കുന്നവർക്ക് ദൈവീക പരിവേഷം നൽകാനാണ് സമൂഹത്തിനെന്നും താല്പര്യം.

സാധാരണതയിലെ ദൈവീകതയെ തിരിച്ചറിയാൻ സാധിക്കാതെ വന്നതാണ് നമ്മുടെ ആത്മീയതയിലെ തോൽവി. ജീവന്റെ ആഘോഷമാണ് യഥാർത്ഥ ആത്മീയത. അങ്ങനെയാകുമ്പോൾ യഥാർത്ഥ വിശ്വാസമെന്നത് നിത്യതയിലേക്ക് വാതിൽ തുറക്കുന്ന നിമിഷങ്ങളെ തിരിച്ചറിയുകയെന്നതാണ്. എല്ലാ സാധാരണതയിലും അത് അടങ്ങിയിട്ടുണ്ട്. സാധാരണതയിലാണ് ദൈവീകത. സാധാരണതയെ അവഗണിക്കുന്നവർക്ക് ദൈവികതയെ ദർശിക്കാൻ സാധിക്കില്ല. അങ്ങനെയുള്ളവരാണ് “ഇവൻ മരപ്പണിക്കാരനല്ലേ” എന്ന് പറഞ്ഞുകൊണ്ട് ദൈവത്തെപ്പോലും മാറ്റിനിർത്തുന്നത്.

പച്ചമനുഷ്യനിലെ ദൈവികതയാണ് നസ്രത്ത് നിവാസികൾക്ക് ഇടർച്ചയ്ക്ക് കാരണമാകുന്നത്. പക്ഷേ, അതേ ഇടർച്ച തന്നെയാണ് സുവിശേഷത്തിന്റെ പ്രഘോഷണവുമെന്ന കാര്യം നമ്മൾ മറക്കരുത്. ദൈവത്തിന്റെ മാനുഷികതയാണ് നസ്രായനായ യേശു. അവനാണ് കണ്ണുകൾക്കതീതമായ ദൈവത്തിന്റെ മുഖവും, അശരീരിയായവന്റെ ശരീരവും. ഇനി ദൈവത്തിനെ അന്വേഷിച്ച് ഒരു തീർത്ഥാടനവും നടത്തേണ്ട കാര്യമില്ല. ആകാശത്തിലേക്ക് കണ്ണുകളുയർത്തുകയും വേണ്ട. അവൻ നിന്റെ മുന്നിലുണ്ട്. വെറുമൊരു സാധാരണക്കാരനായി, ഒരു മരപ്പണിക്കാരനായി.

ധ്യാനിക്കേണ്ടത് യേശുവിന്റെ പ്രതികരണത്തെയാണ്. സ്വദേശവാസികളുടെ വിശ്വാസരാഹിത്യത്തെക്കുറിച്ച് അവൻ വിസ്മയിക്കുന്നു. ഒരു പ്രത്യാരോപണവും അവൻ ഉന്നയിക്കുന്നില്ല. ഒരു കുഞ്ഞിനെപ്പോലെ അവൻ വിസ്മയഭരിതനായി നിൽക്കുന്നു. എങ്കിലും കുറച്ചുപേരെ അവൻ സുഖപ്പെടുത്തുന്നുണ്ട്. ഉപേക്ഷിക്കപ്പെട്ട ദൈവത്തിന്റെ അത്ഭുതമാണത്. നിങ്ങൾക്ക് മരപ്പണിക്കാരനെ തിരസ്കരിക്കാം, പക്ഷേ അവന് നിങ്ങളെ തിരസ്കരിക്കാൻ സാധിക്കില്ല. കാരണം അവൻ സ്നേഹമാണ്. തിരസ്കരിക്കപ്പെട്ട ആ സ്നേഹം സ്നേഹിച്ചുകൊണ്ട് തന്നെയിരിക്കും. അവനെ നിരുത്സാഹപ്പെടുത്താൻ നിങ്ങൾക്ക് സാധിക്കില്ല. അവൻ നിങ്ങളുടെ തിരസ്കരണത്തിൽ അമ്പരന്നു നിൽക്കുകയാണ്. അവൻ ഇനിയും വരും സ്നേഹത്തിന്റെ പരിമളം വിതറിക്കൊണ്ട് നമ്മുടെ എല്ലാവരുടെയും ജീവിതത്തിലേക്ക്.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker