Meditation

16th Sunday Ordinary_Year B_അനുകമ്പയുടെ ആഘോഷം (മർക്കോ 6:30-34)

വചനം പ്രഘോഷിക്കുന്ന ആരും തന്നെ ഹീറോകളല്ല. അവർ സന്ദേശവാഹകർ മാത്രമാണ്...

ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ

അയക്കപ്പെട്ട ശിഷ്യർ തിരിച്ചുവന്നിരിക്കുന്നു. ഒരുപിടി അനുഭവങ്ങളുടെ കഥകളുമായിട്ടാണ് അവർ ഗുരുവിലേക്ക് തിരികെ വന്നിരിക്കുന്നത്. അവർ ചെയ്തതും പഠിപ്പിച്ചതും എല്ലാം ഗുരുവിനോട് പങ്കുവയ്ക്കുന്നു. നോക്കുക, എത്ര ചാരുതയോടെയാണ് സുവിശേഷകൻ ഗുരു-ശിഷ്യബന്ധത്തെ ചിത്രീകരിച്ചിരിക്കുന്നത്. പക്ഷേ അയക്കപ്പെടലിനും തിരിച്ചുവരവിനും ഇടയിൽ സുവിശേഷകൻ ഒരു സംഭവം വിവരിക്കുന്നുണ്ട്. സ്നാപകയോഹന്നാന്റെ മരണമാണ് ആ സംഭവം (vv.14-29). എന്തിനാണ് ശിഷ്യരുടെ പോകലിനും തിരിച്ചുവരവിനും ഇടയിൽ സ്നാപകന്റെ മരണത്തെക്കുറിച്ച് സുവിശേഷകൻ പറയുന്നത്? ഉത്തരം ഒന്നേയുള്ളൂ. അയക്കപ്പെട്ടവന്റെ ജീവിതം സ്നാപകന്റെ ജീവിതത്തിന് തുല്യമാണ്. മുഖം നോക്കാതെ സത്യം വിളിച്ചുപറയുക. സത്യത്തിനുവേണ്ടി നിലകൊള്ളുക. പ്രതിഫലമായി മരണം കിട്ടിയാൽ പോലും സ്നാപകനെ പോലെ നിലപാടിൽ ഉറച്ചുനിൽക്കുക. അതെ, നിലപാടുള്ളവർക്ക് മാത്രമേ മരണത്തിന്റെ മുന്നിലും തല ഉയർത്തി നിൽക്കാൻ സാധിക്കു. അങ്ങനെയുള്ളവർ ആർദ്രതയുടെ പ്രഘോഷകരാകും.

എന്താണ് തിരികെവന്ന ശിഷ്യർ കാണുന്നത്? ജനങ്ങളോടൊത്തായിരിക്കുന്ന ഗുരുവിനെയാണ്. അനുകമ്പയുടെ ആഘോഷമാണ്. ഭക്ഷണം കഴിക്കാൻ പോലും ഒഴിവു കിട്ടാതിരിക്കുന്ന അവസ്ഥ. ജനങ്ങൾ വരുകയും പോകുകയും ചെയ്യുന്നു. ക്ഷീണിതരായി തിരികെ വന്ന ആ ശിഷ്യരെ അവൻ ചേർത്തു നിർത്തുന്നു. ജനങ്ങളുടെ ഇടയിൽ പ്രവർത്തനനിരതനായി തുടരുകയെന്നത് നല്ല കാര്യമാണ്. പക്ഷേ അവന്റെ അമ്മമനസ്സ് അനുവദിക്കുന്നില്ല. അവൻ തന്റെ ശിഷ്യരെ വിശ്രമിക്കാൻ വിജനസ്ഥലത്തേക്ക് കൊണ്ടുപോകുന്നു.

എല്ലാത്തിനും അതിന്റേതായ സമയമുണ്ട്. ബൈബിൾ യുക്തിയാണത്. പ്രഘോഷണത്തിന്റെ പ്രവർത്തനനിരത മാത്രമല്ല ക്രൈസ്തവികത, വിശ്രമത്തിന്റെ ആത്മീയത കൂടിയാണ്. അവിശ്രാന്തമായ പ്രഘോഷണപരതയല്ല ശിഷ്യത്വം. അതുപോലെ തന്നെ അയക്കപ്പെട്ടവനാണെന്നു കരുതി താൻ ഒരു പ്രവാചകനാണെന്ന് സ്വയം കരുതുകയുമരുത്. ചുറ്റും കൂടുന്ന ജനങ്ങളുടെ വലുപ്പമനുസരിച്ച് സ്വയം ഒരു ആൾദൈവമായി മാറാനുള്ള പ്രവണത അയക്കപ്പെട്ടവനിൽ സംഭവിക്കാവുന്ന വലിയൊരു പ്രലോഭനമാണ്. ചില നേരങ്ങളിൽ ജനക്കൂട്ടത്തിൽ നിന്നും ഒഴിഞ്ഞുമാറാനുള്ള വിവേകവും എളിമയും പ്രഘോഷകർക്കുണ്ടാകണം. വചനം പ്രഘോഷിക്കുന്ന ആരും തന്നെ ഹീറോകളല്ല. അവർ സന്ദേശവാഹകർ മാത്രമാണ്. അവർക്കും ഒരു തിരിച്ചറിവുണ്ടാകണം: ജീവിതം ലളിതവും ദുർബലവുമാണെന്ന്. ദൈവകൃപയും ശാരീരിക ഊർജവും ആർക്കും നിത്യമായി ലഭിക്കുന്നില്ല. അതുകൊണ്ടുതന്നെ ഒരു പ്രഘോഷകനെ സംബന്ധിച്ച് നിശബ്ദതയിലേക്ക് തെന്നിമാറി ഉന്മേഷം വീണ്ടെടുക്കുകയെന്നത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. അപ്പോഴും ഒരു കാര്യം ഓർക്കണം, ഒരിക്കലും ഒറ്റയ്ക്കല്ല നിശബ്ദതയുടെ തീരത്തേക്ക് നമ്മൾ വിശ്രമിക്കാൻ പോകുന്നത്, കൂടെ ഗുരുനാഥനുമുണ്ട്.

എല്ലാ തിരക്കുകളിൽ നിന്നും ഒഴിഞ്ഞു ഇത്തിരി നേരം ദൈവത്തോടൊപ്പം ആയിരിക്കുക. അതിനേക്കാൾ വലിയ ആത്മീയ അനുഭൂതി വേറെയില്ല. അവന്റെ കൂടെയായിരിക്കുക, ഉന്മേഷവും ഊർജ്ജവും വീണ്ടെടുക്കുക, എന്നിട്ട് വീണ്ടും ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിച്ചെല്ലുക. പക്ഷേ, അവൻ കൊളുത്തിത്തന്ന ചെരാതിന്റെ ദൈവിക ശോഭ നമ്മിലുണ്ടായിരിക്കണം. ഈ തേജസിന്റെ മറ്റൊരു പേരാണ് അനുകമ്പ. കാഴ്ചകളുടെയും കാഴ്ചപ്പാടുകളുടെയും ദൈവികതലമാണത്.

അനുകമ്പയുള്ളവർക്ക് മുന്നിലുള്ളവരുടെ ഉള്ളിലെ ശൂന്യതയെ ദർശിക്കാൻ സാധിക്കും. അപ്പോൾ പോഷണം വേണ്ടത് ശരീരത്തിനല്ല, ആത്മാവിനാണ് എന്ന കാര്യം മനസ്സിലാകും. അതുകൊണ്ടാണ് അനുകമ്പ തോന്നിയ ഗുരുനാഥൻ ജനങ്ങളെ പല കാര്യങ്ങളും പഠിപ്പിച്ചു എന്ന സുവിശേഷകൻ പറയുന്നത്.

അനുകമ്പ ഒരു ചെരാതായി ഉള്ളിൽ തെളിയുമ്പോൾ കരങ്ങൾ മാത്രമല്ല ആർദ്രമാകുന്നത്, അതിലുപരി നാവിൽ നിന്നും ഒഴുകുന്ന പദങ്ങളിൽ അതിന്റെ കനലുകൾ തെളിഞ്ഞുനിൽക്കും. നൊമ്പരങ്ങളുടെ മുമ്പിൽ ആദ്യം പകർന്നു നൽകേണ്ടത് അപ്പമോ പാനീയമോ അല്ല, കനിവിന്റെ കനലുകളുള്ള വാക്കുകളാണ്. അതാണ് ഗുരുനാഥൻ ചെയ്യുന്നത്. ഇടയനില്ലാത്ത ആട്ടിൻപറ്റം പോലെയായിരിക്കുന്ന ജനക്കൂട്ടത്തിനെ അവൻ പഠിപ്പിക്കുകയാണ്. പഠിപ്പിക്കുക എന്നത് ഒരു സാങ്കേതിക പദമാണ്. പകർന്നു നൽകുക എന്നതിന്റെ പര്യായം. അവൻ വചനം പകർന്നു നൽകുന്നു. വചനത്തിലൂടെ അവരുടെ ഹൃദയത്തെ സ്പർശിക്കുന്നു. അവരുടെ ഉള്ളിലെ നൊമ്പരങ്ങളിൽ ലേപനമാകുന്നു, നിരാശയിൽ പ്രത്യാശയാകുന്നു, പേക്കിനാവുകളിൽ പ്രകാശമാകുന്നു, ഭയത്തിൽ ധൈര്യമാകുന്നു. അങ്ങനെ അനുകമ്പയെ അവൻ ആഘോഷമാക്കുന്നു. ഇതാണ് പ്രഘോഷണം. ഇങ്ങനെയാണ് ദൈവവചനം പ്രഘോഷിക്കേണ്ടത്. അവൻ ആരെയും വചനം ഉപയോഗിച്ചു ഭയപ്പെടുത്തുന്നില്ല. ആരെയും അടിമയാക്കുന്നുമില്ല.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker