Articles

കർത്താവിന്റെ ദാനമാണ്‌ മക്കൾ, ഉദരഫലം ഒരു സമ്മാനവും

സങ്കീർത്തനങ്ങൾ 127 : 3

ജോസഫ് സിറാജ്

ഇത് മറന്നവരെ – മറക്കുന്നവരെ ഓർത്ത് പ്രാർത്ഥിക്കാനുള്ള ദിനമാണ് ഇന്ന്. ഇന്നത്തെ ദിവസം നാം ഒത്തിരി നന്ദി പറയണം. നമ്മുടെ മാതാപിതാക്കൾ നമ്മളെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചില്ലേ… നമുക്ക് ജന്മം നല്കിയില്ലേ… നമ്മെ വളർത്തിയില്ലേ… ഓർക്കുക, നമ്മളെപോലെ ഇവിടെ ജനിച്ചുവളരേണ്ട അനേകരുണ്ട്. അവരുടെ കരച്ചിലിന്റെ ദിനമാണ് ഇന്ന്. കൊലപാതകത്തിന് നിയമപരമായി സംരക്ഷണം നല്കിയതിന്റെ ദിനം.

ക്രിത്യമായി പറഞ്ഞാൽ ഭ്രൂണത്തിന് 20 ആഴ്ചവരെ പ്രായമാകുന്നതിനിടയ്ക്കുള്ള കാലയളവിൽ എപ്പോൾ വേണമെങ്കിലും അതിനെ നശിപ്പിക്കാൻ അനുവദിക്കുന്ന നിയമം MTP പ്രാബല്യത്തിലായതിന്റെ അമ്പതാം വാർഷിക ദിനമാണ് ഇന്ന് ( ആഗസ്റ്റ് 10).

എന്താണ് MTP?

“മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രിഗ്നെനൻസി ആക്ട്” (“The Medical Termination of Pregnancy Act”) എന്നാണ് MTPയുടെ പൂർണ്ണ രൂപം. 1971 ഓഗസ്റ്റ് പത്താംതീയതി ആണ് MTP Actലൂടെ ഭാരതത്തിൽ ഗർഭച്ഛിദ്രം നിയമവിധേയമായിത്തീർന്നത്. നിയമവിരുദ്ധമായ ഗർഭച്ഛിദ്രങ്ങൾ വർധിക്കുകയും അത് സ്ത്രീകൾക്ക് ഹാനികരമാകുകയും ചെയ്യുന്നു എന്ന പ്രശ്നത്തിന് ഒരു പരിഹാരം എന്ന നിലയിലാണ്, 1966-ൽ നിയോഗിക്കപ്പെട്ട ഗർഭച്ഛിദ്രപഠന സമിതിയുടെ ശുപാർശ പ്രകാരം, ഇന്ത്യൻ പാർലിമെന്റിൽ ഇന്ദിരാഗാന്ധി സർക്കാർ ഈ നിയമനിർമാണത്തിനുള്ള ബിൽ കൊണ്ടുവന്നത്. ആർക്കെല്ലാം, എവിടെവച്ച്, ഏതു കാലയളവിൽ, ഏതെല്ലാം സാഹചര്യങ്ങളിൽ ഗർഭച്ഛിദ്രം നടത്താം എന്ന് ഈ നിയമം വ്യക്തത നല്കി. അമ്മയുടെ സമഗ്രാരോഗ്യത്തിന് ഉണ്ടാകാവുന്ന ഗുരുതരമായ പ്രശ്നങ്ങളും ജനിച്ചുവീഴുന്ന കുഞ്ഞിന് ഉണ്ടാകാവുന്ന ശാരീരിക-മാനസിക വൈകല്യങ്ങളും പരിഗണിച്ച് ഇരുപത് ആഴ്ചകൾ വരെ പ്രായമായ ശിശുക്കളെ വധിക്കാൻ ഈ നിഷാദനിയമം ഇന്ത്യക്കാർക്ക് അനുവാദം നല്കി.

ഗർഭച്ഛിദ്രം നടത്തുന്ന സ്ഥലത്തെക്കുറിച്ചും അവിടെ ഉണ്ടാകേണ്ട ആരോഗ്യപരിചരണ സംവിധാനങ്ങളെക്കുറിച്ചും വ്യക്തത നല്കിക്കൊണ്ട് 2003-ൽ ഈ നിയമം നവീകരിക്കപ്പെട്ടു. 2016-ൽ സുപ്രീം കോടതി പുറപ്പെടുവിച്ച ഒരു വിധിയുടെ വെളിച്ചത്തിൽ 24 ആഴ്ചകൾ പ്രായമുള്ള ഗർഭസ്ഥശിശുക്കളെയും കൊല്ലാനുള്ള അനുവാദംനല്കുന്ന അമൻറ്മെന്റ് 2021-ൽ ഇന്ത്യൻ പാർലിമെന്റ് പാസാക്കി.

MTP എന്ന വിലാപ ദിനം

ഇന്ത്യയിലെ കത്തോലിക്കാമെത്രാൻ സംഘം ഈ ദിവസത്തെ “വിലാപ ദിനം” ആയി പ്രഖ്യാപിച്ചിരിക്കുന്നു. എന്തിനാണ് സഭ ലോകം മുഴുവനും നല്ലതായി കാണുന്ന ഈ ദിനത്തെ ഒരു വിലാപ ദിനമായി കണക്കാക്കുന്നത് എന്ന ചോദ്യം ഇവിടെ വളരെ പ്രസക്തമാണ്.

ദൈവം നല്കിയ 10 കല്പനകളിൽ ഒന്നാണ് കൊല്ലരുത് എന്നത്. ഇത് മാരക പാപമായി സഭ കണക്കാക്കുന്നു. ഇന്ത്യൻ നിയമം സമൂഹത്തിൽ ജീവിക്കുന്ന വ്യക്തികളുടെ ജീവനാണ് കൂടുതൽ പ്രാധാന്യം നല്കുന്നതെങ്കിൽ, കത്തോലിക്കാസഭാ ഉദരത്തിൽ ഒരു ജീവൻ‍ ഉരുവാകുന്നതുമുതൽ ആ ജീവനെ സമൂഹത്തിൽ ജീവിക്കുന്ന വ്യക്തിയുടെ ജീവന്റെ അതേ വില തന്നെയാണ് നല്കുന്നത്. അതിനൽ തന്നെ ആ ജീവനെ നശിപ്പിക്കുന്നതും മാരകപാപം തന്നെയാണ് എന്ന് സഭ പഠിപ്പിക്കുന്നു.

പ്രതീക്ഷിക്കാത്ത സമയത്ത് ജോലിയിൽ ഉയർച്ചതാഴ്ചകൾ വരുമ്പോൾ അത് നാം സ്വീകരിക്കും. പ്രതീക്ഷിക്കാത്ത സമയത്തുണ്ടാകുന്ന മരണങ്ങൾ നാം വേദനയോടെ അണെങ്കിലും സ്വീകിക്കുന്നു. അപ്രതീക്ഷമായി ഉണ്ടാകുന്ന അപകടങ്ങൾ, ഉറ്റവരിൽ നിന്നും ഉണ്ടാകുന്ന നല്ലതും മോശവുമായ ഇടപെടലുകൾ ഇതെല്ലാം നാം സ്വീകരിക്കും, എന്നാൽ ഒരു കുഞ്ഞ് പ്രതീക്ഷിക്കാത്ത സമയത്ത് ഉദരത്തിൽ ഉവരുവായി എന്ന് പറഞ്ഞ് അതിനെ കളയാൻ തയ്യാറാകുമ്പോൾ ഓർക്കുക… നാം പ്രതീക്ഷിക്കാത്തപ്പോൾ നമ്മുടെ ജീവിതത്തിൽ പലതും നടന്നു. നമ്മുടെ പണത്തിനേ, പദവിക്കോ നിയന്തിക്കാൻ പറ്റാത്ത പലതും ജീവിതത്തിൽ സംഭവിക്കുന്നു. എങ്ങനെ? മുകളിലുള്ള ദൈവത്തിന്റെ ഹിതം. അത് നടക്കുന്നു. നടന്നേപറ്റു. മറക്കേണ്ട ! അതേ ദൈവഹിതമാണ് ഉദരത്തിൽ ഉരുവാകുന്ന ഓരോ ജീവനും.

ഓരോ വ്യക്തിയും / ദമ്പദികളും അവരുടെ സുഖത്തിനും സന്തോഷത്തിനും ജീവിത ഉയർച്ചക്കുമായി അബോഷൻ ചെയ്യുമ്പോൾ ദൈവഹിതത്തിന് വിലങ്ങിടുകയാണ്. എന്റെ ശരീരം – എന്റെ ജീവിതം – എന്റെ ജോലി – എന്റെ ഉയർച്ച ഇവയ്ക്ക് എന്റെ ഉദരത്തിൽ ഉരുവായ കുഞ്ഞ് തടസമാണ് എന്ന് ചിന്തിക്കുമ്പോൾ നാം മറന്നുപോകുന്ന ഒന്നുണ്ട് നമുക്ക് ജന്മം നല്കിയവർ ഇതേ രീതിയിൽ ചിന്തിച്ചിരുന്നേൽ ഇന്ന് നമ്മൾ എവിടെ? കഷ്ടപാടിലും ദുഖത്തിലും നമ്മുടെ പുഞ്ചിരിക്കുവേണ്ടി അവർ അദ്ധ്വാനിച്ചപ്പോൾ അവരുടെ സന്തോഷവും വിശപ്പും എല്ലാം അവർ മറന്നു.

ഓരോ ജീവന്റെ പിന്നിലും ത്യാ​ഗമുണ്ട്, സഹനമുണ്ട്, വിട്ടുകൊടുക്കലുണ്ട്… വിലകൊടുത്താണ് വിലപ്പെട്ട ജീവൻ, ഓരോ മാതൃത്വവും ഭൂമിക്ക് നല്കുന്നത്. അതിന് പകരം നല്കാൻ ഈ ലോകത്തിലെ ഒരു സൗഭാ​ഗ്യത്തിനും കഴിയില്ല. ഒരുപക്ഷേ, സിനിമ സംവിധാനം ചെയ്യാനും അഭിനയ്ക്കാനും, ഡോക്ടറാകാനും എഞ്ചിനിയറാകാനും നിന്റെ വിദ്യഭ്യാസത്തിനും നിന്റെ സമൂഹത്തിലെ പദവിക്കും സാധിക്കുമായിരിക്കും. എന്നാൽ ഒരു കുഞ്ഞിന് ജന്മം നല്കണമെങ്കിൽ അതിന് ദൈവത്തിന്റെ കൃപ – കരുണ അതു തന്നെ വേണം. “കർത്താവിന്റെ ദാനമാണ്‌ മക്കൾ, ഉദരഫലം ഒരു സമ്മാനവും” സങ്കീർത്തനങ്ങൾ 127:3. നിന്റെ സമയത്തിനല്ല, ദൈവം തരുന്ന സമയത്ത് മക്കളെ സ്വീകരിക്കാൻ നീ തയ്യാറാകണം. അതല്ലാ എങ്കിൽ ഒരു ജീവൻ നശിപ്പിച്ചതിന് നീ വലിയ വില നല്കേണ്ടിവരും.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker