Articles

വീഴ്ചയുടെ കാഴ്ചകൾ

മരണം വിതയ്ക്കുന്ന മതവും രാഷ്ട്രീയവും വളരുന്നത് നിഷ്കളങ്കരുടെ ചോര ഊറ്റി കുടിച്ചു കൊണ്ടാണ്...

ഫാ.മാർട്ടിൻ N ആന്റണി

The Falling Man ഒരു ഫോട്ടോയാണ്. Richard Drew എന്ന അസോസിയേറ്റഡ് പ്രസ് ഫോട്ടോഗ്രാഫറിന്റെ സൃഷ്ടി. താലിബാൻ വേൾഡ് ട്രേഡ് സെൻറർ ആക്രമിച്ച ആ ദിനം, 9/11, കെട്ടിടങ്ങളുടെ ഉച്ചിയിൽ തീ പടർന്നിരിക്കുന്നു. ന്യൂയോർക്ക് മുഴുവനും ആ കാഴ്ചയെ നിർന്നിമേഷമായി കാണുന്നു. ഏകദേശം രാവിലെ 9: 41 ആയപ്പോൾ നോർത്ത് ടവറിന്റെ നൂറാം നിലയിൽ നിന്നും ഒരു മനുഷ്യൻ താഴേക്കുചാടി. ആ ചാട്ടത്തിന്റെ ദൃശ്യമാണ് The Falling Man. അസ്വസ്ഥമാക്കുന്ന ഒരു കാഴ്ചയാണത്. ഒരു പ്രാവശ്യം മാത്രമേ ആ ചിത്രം പത്രങ്ങളിൽ വന്നുള്ളൂ. അത് മനുഷ്യമനസ്സാക്ഷിയെ പിടിച്ചുകുലുക്കി.

കഴിഞ്ഞ ദിവസം നമ്മൾ മറ്റൊരു ചിത്രം കണ്ടു. താലിബാനിൽ നിന്നും രക്ഷപ്പെടാൻ വേണ്ടി അമേരിക്കൻ വിമാനത്തിൽ കയറിപ്പറ്റാൻ ശ്രമിച്ച രണ്ടുപേരുടെ വീഴ്ച. നൊമ്പരക്കാഴ്ചയാണ് അതും. The Falling Man ൽ നിന്നും ഈ വിമാനത്തിൽ നിന്നുള്ള വീഴ്ചയുടെ ദൂരം 20 വർഷം മാത്രമാണ്. നോക്കുക, നിഷ്കളങ്കരുടെ മരണത്തിനിടയിൽ നിന്നും താലിബാൻ എന്ന തീവ്രസംഘടനയ്ക്ക് വളരാൻ വേണ്ടി വന്നത് വെറും ഇരുപത് വർഷം! വളർന്നതല്ല, വളർത്തിയതാണ്. മനുഷ്യനൊമ്പരങ്ങൾക്ക് മുകളിൽ മതത്തെയും രാഷ്ട്രീയത്തെയും കുടിയിരുത്തിയവർ വളർത്തിയത്. വേദനകൾക്ക് ഇനി മൂല്യമില്ല. കണ്ണീരുകൾ ഇനി ആരുടെയും കരളലിയിക്കുകയുമില്ല.

ഇനിയൊരു Falling Man ഉണ്ടാകരുത് എന്ന ചിന്തയിലാണ് അമേരിക്ക അഫ്ഗാനിസ്ഥാനിൽ കടന്നുകൂടിയത്. പക്ഷേ ഇരുപത് വർഷങ്ങൾക്കു ശേഷം അവർ അതേ ചിത്രംതന്നെ സൃഷ്ടിച്ചെടുത്തു. ആരെയാണ്, എന്തിനെയാണ് അവർ എതിർത്തത് അതിനെ വളർത്താൻ അവർ ഒത്താശ നൽകി എന്നതാണ് ചരിത്രത്തിന്റെ വിപര്യാസം. അങ്ങനെ താലിബാൻ വീണ്ടും വളർന്നു. 20 വർഷത്തെ നൊമ്പര ചരിത്രത്തെ അവർ വെറും 10 ദിവസം കൊണ്ട് തകിടംമറിച്ചു.

The Falling Man എന്ന പേരിൽ ഒരു നോവലുണ്ട്. അമേരിക്കൻ എഴുത്തുകാരനായ Don DeLillo യൂടെതാണ്. ഈ നോവലും 9/11 ന്റെ പശ്ചാത്തലത്തിൽ ഉള്ളതാണ്. ഈ 9/11നെ അതിജീവിച്ചവരാണ് അതിലെ കഥാപാത്രങ്ങൾ. മരണത്തെ മുഖാമുഖം കണ്ടു ജീവിതത്തിലേക്ക് തിരിച്ചു വന്നവർ. അതിൽ ഫ്ലോറൻസ് എന്ന കഥാപാത്രത്തിന്റെ സംഭാഷണശകലം ഇങ്ങനെയാണ്: “ഇത്രയും ആൾക്കാർ മരിച്ചിട്ടും നമ്മൾ എന്താണ് ഒന്നും പഠിക്കാത്തത്? നമ്മൾ പറയുന്നു നമ്മൾ ദൈവത്തിൽ വിശ്വസിക്കുന്നുവെന്ന്, എന്നിട്ടുമെന്തേ ഈ ലോകം സൃഷ്ടിച്ചവന്റെ നിയമം നമ്മൾ അനുസരിക്കാത്തത്?”

മരണം വിതയ്ക്കുന്ന മതവും രാഷ്ട്രീയവും വളരുന്നത് നിഷ്കളങ്കരുടെ ചോര ഊറ്റി കുടിച്ചു കൊണ്ടാണ്. മരണവുമായി കൂട്ടുകൂടുന്ന മതത്തെയും രാഷ്ട്രീയത്തെയും തള്ളിപറയുകയെന്നത് മനുഷ്യത്വത്തിന്റെ നിലനിൽപ്പിന് ഏറ്റവും ആവശ്യമുള്ള ഘടകമാണ്. മതനേതാക്കളും രാഷ്ട്രീയക്കാരും അനുയായികളോട് വ്യക്തമായി പറയണം മരണമല്ല നമ്മുടെ ലക്ഷ്യമെന്നും സഹജവിദ്വേഷമല്ല നിലനിൽപ്പിന്റെ അടിസ്ഥാനമെന്നും. 20 വർഷം കൊണ്ട് താലിബാന് തിരിച്ചുവരാമെങ്കിൽ, 20 വർഷം കൊണ്ട് എല്ലാം നൊമ്പരങ്ങളും മറക്കാമെങ്കിൽ, നമ്മുടെയിടയിൽ ധ്രൂവീകരിക്കപ്പെട്ട ഒരു സമൂഹം ഉടലെടുക്കുന്നതിന് അധികനാൾ ഇനി വേണ്ടി വരില്ല. The Falling Man കാഴ്ചകൾ നമ്മുടെ ഇടയിൽ സംഭവിക്കുമെന്നത് അത്ര വിദൂരമല്ല.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker