Articles

വയറ്റിപിഴപ്പാക്കാൻ ശ്രമിക്കുന്നവരുടെ ഇടയിൽനിന്ന് പിൻമാറുന്ന ഈശോ

അവൻ അത്ഭുതം നടത്തേണ്ടത് ഞങ്ങളുടെ ഇടയിൽ മാത്രമായിരിക്കണം എന്നതാണ് അവരുടെ പിടിവാശി...

മാർട്ടിൻ N ആന്റണി

സുവിശേഷങ്ങളിൽ ജനങ്ങളിൽ നിന്നും ഒഴിഞ്ഞു മാറിപ്പോകാൻ തിടുക്കം കൂട്ടുന്ന ഈശോയെ രണ്ടുമൂന്ന് ഇടങ്ങളിൽ ചിത്രീകരിക്കുന്നുണ്ട്. ആദ്യത്തേത് സ്വന്തം ദേശക്കാരിൽ നിന്നും ഒഴിഞ്ഞു മാറുന്നതാണ് (ലൂക്കാ 4:1-30). അവർക്ക് വേണ്ടത് അത്ഭുതങ്ങളാണ്. പക്ഷേ അവൻ നൽകുന്ന മറുപടി “വൈദ്യാ, നിന്നെത്തന്നെ സുഖപ്പെടുത്തുക” എന്നാണ് (v.23). അതിന്റെ അനന്തരഫലം ഭീകരമായിരുന്നു. അവർ അവനെ മലയുടെ ശൃംഗത്തില്‍നിന്നും താഴേക്കു തള്ളിയിടാൻ ശ്രമിക്കുന്നു. സുവിശേഷം പറയുന്നു: “എന്നാല്‍, അവന്‍ അവരുടെ ഇടയിലൂടെ നടന്ന്‌ അവിടം വിട്ടുപോയി” (ലൂക്കാ 4:30).

സ്വന്തക്കാരുടെ ഇടയിൽ നിന്നാണ് അവൻ വിട്ടുപോകുന്നത്. അവരെ സംബന്ധിച്ച് ഈശോ ഒരു അത്ഭുത പ്രവർത്തകൻ മാത്രമാണ്. അവൻ അത്ഭുതം നടത്തേണ്ടത് ഞങ്ങളുടെ ഇടയിൽ മാത്രമായിരിക്കണം എന്നതാണ് അവരുടെ പിടിവാശി. മറ്റുള്ളവർ ആരും അവന്റെ നാമംപോലും ഉപയോഗിക്കാൻ പാടില്ല. നോക്കുക, ഈശോ ഞങ്ങളുടെ സ്വന്തം എന്ന് പറയുന്നവർ തന്നെയാണ് മലമുകളിലേക്ക് അവനെ വലിച്ചിഴച്ചുകൊണ്ടുപോയി തള്ളിയിടാൻ ശ്രമിച്ചതും. ഈശോയെ വെറുമൊരു അത്ഭുതപ്രവർത്തകൻ മാത്രമാക്കി ചുരുക്കിയവർ തന്നെയാണ് ഇന്നും നസ്രത്ത് നിവാസികളെ പോലെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. പക്ഷേ, അവർ അറിയുന്നില്ല അവന്‍ അവരുടെ ഇടയിലൂടെ നടന്ന്‌ അവിടം വിട്ടുപോയി എന്ന കാര്യം.

ഈശോ ഒഴിഞ്ഞുമാറുന്ന രണ്ടാമത്തെ ഇടമാണ് തന്നെ രാജാവാക്കാൻ വരുന്ന ആൾക്കൂട്ടം. വിശന്നുവലഞ്ഞ ഒരു ജനക്കൂട്ടത്തിന് അപ്പം നൽകിയത് അവന്റെ അനുകമ്പയായിരുന്നു. അഞ്ചപ്പംകൊണ്ട് അവൻ അയ്യായിരം പേരെ പോറ്റി. അപ്പം ഭക്ഷിച്ച് തൃപ്തരായവർ ആദ്യം അവനെ വിളിക്കുന്നത് പ്രവാചകൻ എന്നാണ്. പിന്നീടാണ് അവർക്ക് അവനെ രാജാവാക്കണം എന്ന ചിന്ത ഉദിച്ചത്. കാരണം, അവനെ കൂടെകൂട്ടിയാൽ ഭക്ഷണത്തിന് ഒരു കുറവും ഉണ്ടാവുകയില്ല. പക്ഷേ, അവൻ ഒഴിഞ്ഞു മാറുന്നു (യോഹ 6:1-15).

ഈശോയെ ഒരു “വയറ്റിപിഴപ്പായി” കരുതി രാജാവാക്കാൻ ശ്രമിക്കുന്നവരുടെയിടയിൽ അവൻ നിൽക്കില്ല. അവൻ മറുകരയിലേക്ക് പോയി മറയും. അങ്ങനെയുള്ളവർ അവനെ വീണ്ടും വീണ്ടും അന്വേഷിച്ചു വരും. അപ്പോൾ അവൻ പറയും: “സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, അടയാളങ്ങള്‍ കണ്ടതുകൊണ്ടല്ല, അപ്പം ഭക്‌ഷിച്ചു തൃപ്‌തരായതുകൊണ്ടാണ്‌ നിങ്ങള്‍ എന്നെ അന്വേഷിക്കുന്നത്‌”
(യോഹ 6 : 26). അതെ, ചിലരെ സംബന്ധിച്ച് ഈശോ വെറും വയറ്റിപിഴപ്പ് മാത്രമാണ്. അങ്ങനെയുള്ളവർ ഈശോയെ രാജാവാക്കി സ്വയം പടയാളികളായി ചിത്രീകരിച്ചു സംരക്ഷകരാകാൻ ശ്രമിക്കും. പക്ഷേ, അവർ അറിയുന്നില്ല തന്നെ രാജാവാക്കാന്‍വേണ്ടി ബലമായി പിടിച്ചുകൊണ്ടുപോകാന്‍ ഭാവിക്കുന്നു എന്നു മനസ്‌സിലാക്കിയ ഈശോ വീണ്ടും തനിയെ മലമുകളിലേക്കു പിന്‍മാറി എന്ന കാര്യം (യോഹ 6:15).

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker