Articles

നസീറുദ്ദീൻ ഷായും എം.കെ. മുനീറും: ഇനിയും വളർന്നുവരേണ്ട ഒരു സംസ്കാരം…

ഫാ. ജോഷി മയ്യാറ്റിൽ

പത്മശ്രീ, പത്മഭൂഷൺ, നാഷണൽ ഫിലിം അവാർഡുകൾ, വെനീസ് ഫിലിം ഫെസ്റ്റിവൽ അവാർഡ് എന്നിവയുടെ ജേതാവായ ഇന്ത്യൻ സിനിമയിലെ അതികായൻ ശ്രീ.നസീറുദ്ദീൻ ഷായെപ്പോലുള്ളവരാണ് സംസ്കാരമുള്ള സാംസ്കാരികപ്രവർത്തകർ. ഇവരെപ്പോലുള്ള മുസ്ലീം സഹോദരങ്ങളിലാണ് ആ സമുദായത്തിന്റെയും ഇന്ത്യൻ പൗരസമൂഹത്തിന്റെയും കാലികപ്രതീക്ഷ…

“ഗോത്രസംസ്കാരത്തിൽനിന്നു നമുക്ക് മോചനം വേണ്ടേ? നാം പുരോഗമിക്കണ്ടേ?” താലിബാനെ പിന്തുണയ്ക്കുന്ന ഇന്ത്യയിലെ മുസ്ലീം തീവ്രവാദികൾക്കു മുന്നിൽ നസീറുദ്ദീൻ ഷാ ഉയർത്തുന്ന മുഖ്യമായ ചോദ്യം ഇതാണ്. ഇസ്ലാംമത വിശ്വാസികളെ 14 നൂറ്റാണ്ടുകൾക്കു പിമ്പിലേക്ക് കൊണ്ടുപോകരുതേ എന്നാണ് അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭീകരരുടെ ആധിപത്യത്തിൽ സന്തോഷിക്കുന്ന അബ്ദുള്ളമാരോട് അദ്ദേഹത്തിന് അഭ്യർത്ഥിക്കാനുള്ളത്. ഭാരതത്തിലെ മുസ്ലീം സമുദായത്തിന് എന്നും ഇന്ത്യയുടേതായ ഒരു തനിമ ഉണ്ടായിരുന്നെന്നാണ് അദ്ദേഹത്തിൻ്റെ പക്ഷം. ആ തനിമ കാത്തുസൂക്ഷിച്ചാൽ ലോകമാസകലമുള്ള ഇസ്ലാമിൽ ഇന്ന് നിലവിലുള്ള ഗുരുതരമായ പ്രശ്നങ്ങൾക്ക് ഇന്ത്യൻ മുസ്ലീമുകൾക്ക് പരിഹാരം നല്കാൻ കഴിയുമെന്നും അദ്ദേഹം വിശ്വസിക്കുന്നു.

ആൾക്കൂട്ടത്തിൽ തനിയേ ഒരാൾ ഇവിടെ

ഉത്തരേന്ത്യയിൽ നസീറുദ്ദീൻ ഷാ സംസാരിക്കുംമുമ്പ് സോഷ്യൽമീഡിയയിലൂടെ സമാനമായ ആശയം പങ്കുവച്ചയാളാണ് ഡോ. എം.കെ. മുനീർ. അതിൻ്റെ പേരിൽ വധഭീഷണിയുടെ നിഴലിലാണ് അദ്ദേഹം ഇപ്പോൾ. തീവ്രവാദപ്രസ്ഥാനങ്ങളുടെ കുത്തൊഴുക്കിൽ സ്വന്തം കാൽച്ചുവട്ടിൽനിന്ന് മണ്ണ് ഒലിച്ചുപോകുന്നു എന്ന തിരിച്ചറിവിൽ, മുസ്ലീംലീഗിലെ തങ്ങൾമാരും ‘ചന്ദ്രിക’യിലെ സിൽബന്ധികളും എങ്ങനെയെങ്കിലും പിടിച്ചുനില്ക്കാനുള്ള തത്രപ്പാടിൽ തുർക്കിഖിലാഫത്തിൻ്റെ ആധുനിക ഭാഷ്യമായ എർദോഗഭ്രാന്തിനു സ്തുതിഗീതം ചമച്ചപ്പോഴും, അത്തരം താലിബാനിസത്തിന് കുഴലൂത്തുമായി ജീർണിച്ച കോൺഗ്രസ്സിൻ്റെ ചാണ്ടിക്കുഞ്ഞുങ്ങൾ കളത്തിലിറങ്ങിയപ്പോഴും, ‘മേയ കുൾപാ’ പറയാൻ സന്നദ്ധനായതും മുറിവുണക്കാൻ ആത്മാർത്ഥമായി ശ്രമിച്ചതും അദ്ദേഹം മാത്രമായിരുന്നു. സംസ്കാരമുള്ള ഇത്തരം രാഷ്ട്രീയ പ്രവർത്തനം ആദരിക്കപ്പെടേണ്ടതും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുമാണ്. ഖേദകരം എന്നു പറയട്ടെ, യുഡിഎഫിലും എൽഡിഎഫിലും കൂടി നട്ടെല്ലുള്ള ഒരു മുനീറേ ഉള്ളൂ എന്നതാണ് കേരളത്തിന്റെ ഇന്നത്തെ ദുരവസ്ഥ!

കേരളസംസ്കാരത്തിലെ കരിവേഷങ്ങൾ

സംസ്കാരമുള്ളവർ സാംസ്കാരിക പ്രവർത്തകരാകുമ്പോൾ അതു നാടിന് വലിയ പുണ്യകാരണമായിത്തീരും; സാത്വികത പൗരന്റെയും നാടിന്റെയും മുഖമുദ്രയായി മാറും. എന്നാൽ, തീരെ സംസ്കാരമില്ലാത്തവർ സാംസ്കാരിക പ്രവർത്തകരുടെ കോലം കെട്ടിയാടുമ്പോൾ നാടുമുഴുവൻ ഒരു ചുടലക്കളമാകും; മനുഷ്യമനസ്സുകളിൽ തമോരസത്തിന്റെ തേർവാഴ്ച തുടങ്ങും. മലയാള സിനിമകളിലും സാഹിത്യത്തിലും മാധ്യമ പ്രവർത്തനത്തിലും രാഷ്ട്രീയത്തിലും ഇത്തരം കരിവേഷങ്ങൾ ഇപ്പോൾ കളം നിറഞ്ഞ് ആടുകയാണ്…

‘അധിനിവേശം ഒഴിഞ്ഞു; സ്വതന്ത്ര അഫ്ഗാൻ’ എന്ന ശീർഷകം കുറിച്ചവർക്ക് സ്ത്രീവിരുദ്ധരായ താലിബാൻകാരുടെ വെടിയേറ്റ മലാലയെക്കുറിച്ചോ ലൈംഗിക അടിമകളായിത്തീർന്ന എണ്ണമറ്റ ബാലികമാരെക്കുറിച്ചോ സംസ്കാര വിരുദ്ധരായ താലിബാൻകാർ തകർത്ത ബുദ്ധപ്രതിമയെക്കുറിച്ചോ ക്രൂരരായ താലിബാൻകാരിൽനിന്നു രക്ഷപ്പെടാനായി ഫ്ലൈറ്റിൽ സ്വയം കെട്ടിവച്ച് യാത്രചെയ്യാൻ ശ്രമിച്ച് താഴെ വീണവരെക്കുറിച്ചോ കൊലപാതകികളായ ഭീകരവാദികളുടെ ചാവേറാക്രമണത്തിൽ വിമാനത്താവളത്തിനടുത്തു വച്ച് ചിതറിത്തെറിച്ച 180ഓളം മനുഷ്യരെക്കുറിച്ചോ അല്പംപോലും വിഷമമുണ്ടായില്ല. അത്രയ്ക്കു വിഷലിപ്തമാണ് സാംസ്കാരിക മണ്ഡലത്തിലെ ആ അബ്ദുള്ളമനസ്സുകൾ! പക്ഷേ, ‘മാധ്യമം’പത്രത്തിനും വാരികയ്ക്കും കേരളസമൂഹത്തിലെ സാംസ്കാരികമണ്ഡലത്തിൽ നിഷേധിക്കാനാവാത്ത ഒരു സ്ഥാനം അവർ ഇതിനകം ഉണ്ടാക്കിയെടുത്തിട്ടുണ്ടെന്നതു മറക്കരുത്. പക്ഷേ, ഇതുവരെ ഒരു ശാരദക്കുട്ടി മാത്രമേ ‘മാധ്യമ’താലിബാനിസത്തിൻ്റെ നിജസ്ഥിതി തിരിച്ചറിഞ്ഞ്, ഇനി താൻ മാധ്യമത്തിനുവേണ്ടി എഴുതാനില്ല എന്നു പ്രഖ്യാപിച്ചിട്ടുള്ളൂ. മറ്റുള്ളവർക്ക് ഇപ്പോഴും സാംസ്കാരികോദയം ഉണ്ടായിട്ടില്ല (നാടൻഭാഷയിൽ പറഞ്ഞാൽ, നേരം വെളുത്തിട്ടില്ല!)

സാംസ്കാരികനായകർ കോമഡിയാകുമ്പോൾ

സാഹിത്യമണ്ഡലത്തിൽ നിരന്തരം വ്യാപരിക്കുന്ന ഒരാൾ മാധ്യമത്തിന്റെ ആ വിധ്വംസകശീർഷകം കണ്ട് ഞെട്ടിത്തരിച്ച് FB യിൽ കുറിച്ചു, ‘ഇപ്പോഴാണ് പൂച്ചു പുറത്തുചാടിയത്’ എന്ന്! ജമാ അത്തെ ഇസ്ലാമിയുടെ മുഖപത്രമാണ് മാധ്യമം എന്നും ജമാ അത്തെ ഇസ്ലാമിയുടെ ഉദ്ദേശ്യലക്ഷ്യങ്ങൾ എന്തെന്നും ഇത്രയേറെ വർഷങ്ങൾ സാംസ്കാരിക മേഖലയിൽ സജീവരായിരുന്നവർക്കു പോലും ഇതുവരെയും മനസ്സിലായിട്ടില്ല എന്നു തിരിച്ചറിയുമ്പോൾ ഇതെല്ലാം പട്ടാപ്പകൽ പോലെ വ്യക്തമായി കണ്ടു കൊണ്ടിരിക്കുന്ന സാദാപൗരൻ്റെ ഞെട്ടലും ദുഃഖവും ഈർഷ്യയും എത്രയധികമായിരിക്കും!

സംസ്കാരമില്ലായ്മയുടെ നുഴഞ്ഞുകയറ്റം

ഭീകരതയാൽ മസ്തിഷ്കപ്രക്ഷാളനം നടന്നുകഴിഞ്ഞവരും അവരുടെ ആശയങ്ങളും മുഖ്യധാരാമാധ്യമങ്ങളിൽ മാത്രമല്ല, രാഷ്ട്രീയപ്രസ്ഥാനങ്ങളിലും ന്യായാസനങ്ങളിലും ഔദ്യോഗിക പദവികളിലും ബിസിനസ്മേഖലയിലും സാംസ്കാരികമണ്ഡലങ്ങളിലും കയറിപ്പറ്റിയിരിക്കുന്നു എന്ന യാഥാർത്ഥ്യം കൈരളിയെ വല്ലാതെ ആശങ്കപ്പെടുത്തേണ്ടതല്ലേ? മദ്രസകളിൽപോലും മൗദൂദിസത്തിന്റെ കരാളഹസ്തങ്ങൾ പിടിമുറുക്കിയിരിക്കുന്നെന്ന യാഥാർത്ഥ്യത്തിലേക്ക് ഇനിയും നാം എപ്പോഴാണ് ഉണരാൻ പോകുന്നത്?!

കേരളത്തിലെ മുഖ്യ സാംസ്കാരിക-രാഷട്രീയ-മത-മാധ്യമ നേതാക്കളുടെ തലയിൽ ഇപ്പോഴും സംസ്കാരവെളിച്ചം വേണ്ടത്ര എത്തിയിട്ടില്ലെന്നത് അങ്ങേയറ്റം ഖേദകരമാണ്… ‘ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ’ എന്നു ചോദിക്കാവുന്ന തരത്തിൽ ഇവിടത്തെ സാമൂഹികാന്തരീക്ഷം ഇവരുടെ കൈക്രിയകളാൽ വല്ലാതെ ജീർണിച്ചുകൊണ്ടിരിക്കുകയാണ്. ഭഗത് സിങുമാർക്ക് നിയമസഭാ സ്പീക്കറിലൂടെതന്നെ പുത്തൻ നിർവചനങ്ങൾ ഉണ്ടാകുന്നത് കെട്ടകാലത്തിന്റെ കാളീയക്കാഴ്ചകളായി കരുതിയാൽ മതിയാകും. കേരളസംസ്കാരത്തിന്റെ ഉദകക്രിയ നടത്താൻ ഗുപ്തനിയോഗം സിദ്ധിച്ചിട്ടുള്ളവരാണ് തങ്ങൾ എന്ന് ആർക്കൊക്കെയോ ഉൾവിളിയുള്ളതുപോലെ തോന്നുന്നു…

“ശ്രദ്ധയിൽ പെട്ടിട്ടില്ല”

ഡിജിപി പറഞ്ഞ സ്ലീപ്പിങ് സെല്ലുകൾ ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നു മുഖ്യമന്ത്രി പറഞ്ഞതിൽ അർധസത്യമെങ്കിലും ഉണ്ടാകാതിരിക്കില്ലല്ലോ. ഭീകരവാദത്തിന്റെ സ്ലീപ്പിങ് സെല്ലുകളല്ല, അംഗീകൃതമായ ആക്ടീവ് സെല്ലുകൾ മാത്രമേ കേരളത്തിലുള്ളൂ എന്നു നാം മനസ്സിലാക്കണം. കമ്മ്യൂണിസ്റ്റുകളുടെ വിപ്ലവവും ഇസ്ലാമിസ്റ്റുകളുടെ ജിഹാദും അവരെത്തമ്മിൽ ഒക്കച്ചങ്ങാതിമാരാക്കാറുണ്ട് എന്ന യാഥാർത്ഥ്യം മനസ്സിലാക്കാൻ താലിബാനു ലഭിക്കുന്ന ചൈനയുടെ പിന്തുണയും കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടികൾ സംയുക്തമായി ഇറക്കിയ അഫ്ഗാൻപ്രസ്താവനയും ‘മാധ്യമ’ശീർഷകത്തിനു ബദലായി വന്ന ‘ദേശാഭിമാനി’ശീർഷകവും നിരീക്ഷിച്ചാൽ മാത്രം മതിയല്ലോ.

മുനീറിന്റെ മുനവച്ച ചോദ്യത്തിനാണ് ആഭ്യന്തരവകുപ്പു മന്ത്രി കൂടിയായ മുഖ്യമന്ത്രി നിയമസഭയിൽ അത്തരം ഒരു പരപ്പൻ മറുപടി നല്കിയത് എന്നോർക്കണം. ആഭ്യന്തരവകുപ്പിന് ശ്രദ്ധയുണ്ടെങ്കിലല്ലേ വിധ്വംസക പ്രവർത്തനങ്ങൾ ശ്രദ്ധയിൽ പെടുകയുള്ളൂ! ഭീകരവാദികൾ കേരളത്തിൽ ഉണ്ടോ എന്ന കാര്യത്തിൽ കേരളത്തിലെ ആഭ്യന്തരവകുപ്പിന് തീരെ ശ്രദ്ധയില്ലെന്ന് ഇതിനകം തെളിഞ്ഞു കഴിഞ്ഞിട്ടുള്ള കാര്യമാണ്. കേരള പോലീസിന്റെ മൂക്കിനു കീഴിൽനിന്ന് കർണാടക പോലീസും എൻഐഎയും ഭീകരരെ പൊക്കിയിട്ടും ആഭ്യന്തരം മാത്രം ഒന്നും അറിഞ്ഞിട്ടില്ല. സമാന്തര ടെലിഫോൺ എക്സ്ചേഞ്ചിനെക്കുറിച്ചും ഈയിടെ ആരോ എന്തോ ഒക്കെ പറയുന്നതേ ആഭ്യന്തരം അറിഞ്ഞിട്ടുള്ളൂ.

പ്രിയ ആഭ്യന്തരമേ, വർഷങ്ങൾക്കുമുമ്പ് സാക്ഷാൽ വി.എസ്. അച്യുതാനന്ദൻ സഖാവു മുഖ്യമന്ത്രിയായിരിക്കേ, സ്വയം മനസ്സിലാക്കി പരസ്യമായി പറഞ്ഞ കാര്യങ്ങളെങ്കിലും ഒന്നു റീ അടിച്ചു കാണുന്നതു നന്നായിരിക്കും. പണ്ടേ ശ്രദ്ധയിൽപ്പെട്ട കാര്യങ്ങളൊക്കെ കണ്ടില്ലെന്നു നടിക്കാൻമാത്രം കേരള പോലീസ് എന്നു മുതല്ക്കാണ് ഇങ്ങനെ ഷണ്ഡീകരിക്കപ്പെട്ടത് എന്ന് അദ്ഭുതപ്പെട്ടു പോവുകയാണ് സാദാ പൗരന്മാർ!

സൗജന്യങ്ങൾ സമ്മാനിക്കുന്ന അന്ധതയും ബധിരതയും

ഫ്ലൈറ്റ് ടിക്കറ്റുകളും വില കൂടിയ ഈന്തപ്പഴങ്ങളും ചിലരിൽ ഉളവാക്കുന്ന അന്ധതയെക്കുറിച്ച് സ്വന്തം മക്കൾപോലും പുറംലോകത്തോടു വിളിച്ചുപറഞ്ഞ സത്യങ്ങളും ഇവരാരും കേട്ടിട്ടില്ലത്രേ! ഇവരൊക്കെ ഹമീദ് ചേന്ദമംഗലൂരിനെയും കാരശ്ശേരി മാഷിനെയും വല്ലപ്പോഴുമൊന്നു വായിക്കുകയോ കേൾക്കുകയോ ചെയ്തിരുന്നെങ്കിൽ! ‘ദൈവത്തിൻ്റെ രാഷട്രീയം’ എന്ന പേരിൽ ഒരു പുസ്തകമുണ്ടെന്ന് അറിയുകയെങ്കിലും ചെയ്തിരുന്നെങ്കിൽ!

ഇതാണ് ഇന്നത്തെ കേരളം… അന്ധർ നയിക്കുന്ന, ബധിരർ നയിക്കുന്ന കേരളം! ഈ പശ്ചാത്തലത്തിലാണ് മുനീറിനെയും നസീറുദ്ദീൻ ഷായെയും പോലുള്ളവരുടെ ആർജവം ഊഷരഭൂവിലെ വേനൽമഴയായി പൗരമനസ്സുകളിൽ പെയ്തിറങ്ങുന്നത്…

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker