Kerala

സർക്കാരിന്റെ മദ്യ നയത്തിനെതിരെ പാൽ വിതരണം നടത്തി കെ.സി.ബി.സി. മദ്യ വിരുദ്ധ സമിതിയുടെ പ്രതിഷേധം

ഘട്ടംഘട്ടമായി മദ്യലഭ്യത കുറയ്ക്കുമെന്ന് പറഞ്ഞ സർക്കാർ ഘട്ടംഘട്ടമായി മദ്യലഭ്യത കൂട്ടി അതിപ്പോൾ കെ.എസ്.ആർ.ടി.സി. ഡിപ്പോകളിൽ ഔട്ട്ലെറ്റുകൾ എന്ന രീതിയിലേക്ക് എത്തുകയാണ്...

ജോസ് മാർട്ടിൻ

ആലപ്പുഴ: സർക്കാരിന്റെ മദ്യ നയത്തിൽ പ്രതിഷേധിച്ച് കെ.സി.ബി.സി. മദ്യ വിരുദ്ധ സമിതി പ്രതിഷേധ പാൽ വിതരണ ധർണ നടത്തി. ആലപ്പുഴ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാഡിന് മുന്നിൽ നടന്ന പ്രതിഷേധ ധർണ്ണ കെ.എൽ.സി.എ. ആലപ്പുഴ രൂപതാ ഡയറക്ടർ ഫാ.ജോൺസൻ പുത്തൻ വീട്ടിൽ ഉത്ഘാടനം ചെയ്തു.

ഈ ഗവൺമെന്റിന്റെ കഴിഞ്ഞ ഭരണകാലത്തും ഈ ഭരണകാലത്തും എടുക്കുന്ന തീരുമാനങ്ങൾ പലപ്പോഴും മന്ത്രിമാർ അറിയുന്നില്ല എന്ന് പറയുന്നത് ഞങ്ങൾക്ക് മനസ്സിലാകുന്നില്ലെന്നും, തെറ്റായ അറിവ് കൂടുതൽ ഭയാനകമാണെന്ന ബർണാഡ്ഷായുടെ വാക്കുകൾ പോലെ പതിയെ അതിന്റെ മറവിൽ കാര്യം നടപ്പാക്കിയെടുക്കുന്നതിനുള്ള രീതിക്കെതിരെയാണ് കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി പാൽ വിതരണം ചെയ്തുകൊണ്ട് പ്രതിഷേധിക്കുതെന്നും ഫാ. ജോൺസൺ പുത്തൻവീട്ടിൽ തന്റെ ഉത്ഘാടനം പ്രസംഗത്തിൽ പറഞ്ഞു.

ഘട്ടംഘട്ടമായി മദ്യലഭ്യത കുറയ്ക്കുമെന്ന് പറഞ്ഞ സർക്കാർ ഘട്ടംഘട്ടമായി മദ്യലഭ്യത കൂട്ടുന്നതാണ് കാണുന്നതും, ഇപ്പോൾ അത് കെ.എസ്.ആർ.ടി.സി. ഡിപ്പോകളിൽ ഔട്ട്ലെറ്റ് വരുന്ന രീതിയിലേക്ക് എത്തുകയുമാണ്. കെ.എസ്.ആർ.ടി.സി.യുടെ നഷ്ടം നികത്താനാണ് നടപടിയെന്ന് പറയുന്ന സർക്കാർ, ആലപ്പുഴയിൽ തന്നെ അടഞ്ഞുപോയിട്ടുള്ള എക്സൽ ഗ്ലാസ് ഫാക്ടറി പോലെയുള്ള പൊതുമേഖലാസ്ഥാപനങ്ങളെ വീണ്ടെടുക്കാൻ ശ്രമങ്ങൾ നടത്തുന്നില്ലാ എന്നത് ശ്രദ്ദേയമാണെന്നും, അല്ലെങ്കിൽ ഇത്തരത്തിൽ അടഞ്ഞുകിടക്കുന്ന പൊതുമേഖലാസ്ഥാപനങ്ങളെ ഔട്ട്ലെറ്റുകളാക്കി മാറ്റി അവയെ പുനർജീവിപ്പിക്കുന്നതിന് ശ്രമിക്കുന്നില്ല എന്നതും ആക്ഷേപത്തിന് ഇടനൽകുന്നുണ്ട്. അതുപോലെതന്നെ, കയർ-കാർഷികമേഖലയിലും മത്സ്യമേഖലയിലും വരുന്ന കടങ്ങളും സാമ്പത്തിക പ്രയാസങ്ങളും നികത്തുന്നതിന് അവിടങ്ങളിലൊക്കെ മദ്യഷാപ്പ് തുടങ്ങിയാൽ മതിയാകുമോ? കെ.എസ്.ആർ.ടി.സി.യിൽ വരുമാനമില്ലാത്തത് അവിടുത്തെ കെടുകാര്യസ്ഥതയും തെറ്റായ പ്രവർത്തനശൈലിയുമാണെന്ന് പലവട്ടം തെളിയിക്കപ്പെട്ടിട്ടും, കെ.എസ്.ആർ.ടി.സി.യെ ലാഭത്തിൽ എത്തിക്കുവാൻ മദ്യവിൽപ്പനശാല തുടങ്ങുന്നു എന്ന ന്യായീകരണം അംഗീകരിക്കാനോ അനുവദിക്കണോ ആകില്ലെന്നും ഫാ.ജോൺസൺ പുത്തൻവീട്ടിൽ കൂട്ടിച്ചേർത്തു.

ആലപ്പുഴ രൂപതാ മദ്യ വിരുദ്ധ സമിതി ഡയറക്ടർ ഫാ.തോമസ് ഷൈജു ചിറയിൽ, ആക്ടിങ് സെക്രട്ടറി സിബി ഡാനിയേൽ, രൂപതാ ആക്ടിങ് പ്രസിഡന്റ്‌ ജോസി കളത്തിൽ, ക്ലീറ്റസ് വെളിയിൽ, സ്റ്റീഫൻ മനക്കോടം, വിൻസ്ന്റ് അഴിനാക്കിൽ, മിറാഷ് ചെത്തി തുടങ്ങിയവർ പ്രസംഗിച്ചു.

ജൂലൈ മുപ്പതിന് ഹൈകോടതി പുറപ്പെടുവിച്ച വിധിയിൽ സർക്കാരിനോട്‌ വെബ്ക്കോയുടെ സൗകര്യങ്ങൾ വർധിപ്പിക്കുകയും, നേരത്തെ നൽകിയ വിധി അനുസരിച്ച് മാറ്റി സ്ഥാപിക്കേണ്ട ഇടങ്ങളിൽ നിന്ന് സൗകര്യ പ്രദമായ ഇടങ്ങളിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നത് പരിഗണിച്ചുകൊണ്ട് കെ.എസ്.ആർ.ടി.സി. ഡിപ്പോകളിലെ കെട്ടിടങ്ങൾ വെബ്ക്കോയുടെ ഔട്ട്‌ലെറ്റ്‌കൾ തുറക്കാൻ വാടകക്ക് നൽകുമെന്ന് സെപ്തംബർ അഞ്ചാം തീയതി ട്രാൻസ്പോർട്ട് മന്ത്രിയുടേതായി വാർത്തകൾ മാധ്യമങ്ങളിലൂടെ പുറത്തു വന്ന നിലപാടിനെതിരെ കെ.സി.ബി.സി. മദ്യ വിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരങ്ങൾ നടന്നുവരികയാണ്.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker