Meditation

33rd Sunday_Year B_പ്രത്യാശയുടെ സുവിശേഷം (മർക്കോ 13:24-32)

സത്യത്തിനും നീതിക്കും ധാർമിക സൗന്ദര്യത്തിനും വേണ്ടി നിലകൊള്ളുന്ന ഒത്തിരി പേർ നമ്മുടെയിടയിലുണ്ട്...

ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ

പ്രതിസന്ധിയും പ്രത്യാശയും ഒരേപോലെ പ്രസരിപ്പിക്കുന്ന ഒരു സുവിശേഷഭാഗം. അപ്പോഴും അത് ഭയം വിതയ്ക്കുന്നില്ല. ലോകാവസാനത്തെക്കുറിച്ചുള്ള ഒരു പ്രവചനമല്ല ഇത്. അശുഭസൂചകമായ പദങ്ങളിലൂടെ ലോകത്തിന്റെ ലക്ഷ്യത്തെയും അർത്ഥത്തെയുമാണ് ചിത്രീകരിക്കുന്നത്.

ലോകത്തെ കുറിച്ച് പറയുമ്പോൾ ആദ്യമേതന്നെ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്: ലോകം അതിന്റെ എല്ലാ സൗന്ദര്യത്തിന്റെ നിറവിലും ദുർബലം തന്നെയാണ്; “ആ ദിവസങ്ങളില്‍ സൂര്യന്‍ ഇരുണ്ടുപോകും. ചന്‌ദ്രന്‍ പ്രകാശം തരുകയില്ല. നക്‌ഷത്രങ്ങള്‍ ആകാശത്തുനിന്നു നിപതിക്കും” (vv. 24-25). അപ്പോഴും ഇതൊന്നുമല്ല ആത്യന്തികമായ സത്യം. എല്ലാദിവസവും ഓരോ ലോകവും നമ്മിൽനിന്നും ഇല്ലാതാകുന്നത് പോലെ, ഓരോ പുതു ലോകവും നമ്മിൽ ജന്മം കൊള്ളുന്നുണ്ട്. എത്രയോ പ്രാവശ്യമാണ് നമുക്ക് സൂര്യനായി നിന്നിരുന്നവർ ഇരുണ്ടു പോയിട്ടുള്ളത്? എത്രയോ പ്രാവശ്യമാണ് നമ്മുടെ മാത്രമുള്ള ആകാശത്തിൽ നിന്നും വഴികാട്ടിയായ നക്ഷത്രങ്ങൾ നിപതിച്ചിട്ടുള്ളത്? എത്രയോ പ്രാവശ്യമാണ് വശ്യമായ സ്വപ്നങ്ങൾ നൽകി ചന്ദ്രനോളം ഉയർത്താമെന്ന് പറഞ്ഞവർ തന്നെ ഒരു പ്രകാശവും പരത്താതെ നമ്മിൽ നിന്നകന്നിട്ടുള്ളത്? എത്രയോ തകർന്നുപോയ ദിനരാത്രങ്ങൾ! മാനഹാനി, രോഗങ്ങൾ, പ്രിയപ്പെട്ടവരുടെ മരണം, സ്നേഹത്തിലെ തോൽവി, ചതി, അങ്ങനെ എത്രയോ പ്രാവശ്യം നമ്മുടെ ലോകങ്ങൾ അവസാനിച്ചിരിക്കുന്നു! എന്നിട്ടും വീണ്ടും തുടങ്ങാൻ നമുക്ക് സാധിച്ചില്ലേ?

ഒരു ലോകം അവസാനിക്കുമ്പോൾ മറ്റൊരു ലോകം ആരംഭിക്കും. എല്ലാം വിറങ്ങലിച്ചു നിൽക്കുന്ന ഹേമന്തവും കരിയുന്ന ഗ്രീഷ്മവും മാത്രമല്ല നമ്മുടെ ജീവിത ദിനങ്ങൾ. അതിനുമപ്പുറത്തായി ഒരു വസന്തമുണ്ട്. വരണ്ട ഭൂമിയിലും ജീവന്റെ ഉറവകളുണ്ട്. ഇല കൊഴിഞ്ഞ വൃക്ഷത്തിലും ജീവാംശമുണ്ട്. പ്രത്യാശയുടെ അടയാളങ്ങളാണവ. പ്രത്യാശയ്ക്ക് ഒരു പ്രത്യേകതയുണ്ട്, അത് മുഷിഞ്ഞ വസ്ത്രങ്ങൾ ധരിച്ചേ നമ്മിലേക്ക് വരു, നമ്മളായിരിക്കണം അതിനെ ആഘോഷത്തിന്റെ വസ്ത്രം ധരിപ്പിക്കേണ്ടത്.

പ്രത്യാശയെ കുറിച്ചാണ് യേശു പഠിപ്പിക്കുന്നത്. നമ്മുടെ ജീവിത ചിത്രത്തിന്റെ ഏറ്റവും തരിപ്പണമായ തലത്തിൽ നിന്നും മുന്നിലേക്ക് നോക്കാൻ പഠിപ്പിക്കുകയാണവൻ. പ്രസവവേദനയിൽ നിന്നും ഒരു നവജന്മത്തിന്റെ സന്തോഷത്തിലേക്കെന്ന പോലെ… ഇരുളിൽ നിന്നും പ്രകാശത്തിലേക്കുള്ള വഴിപോലെ… അങ്ങനെയാകുമ്പോൾ തടസ്സമായി നിൽക്കുന്ന പലതും നമ്മൾ പൊളിച്ചു മാറ്റേണ്ടി വരും. അതിനു നമ്മൾക്ക് ഊർജ്ജം വേണം. അത് ലഭിക്കുന്ന രണ്ടു ശക്തി സ്രോതസ്സുകളുണ്ട്.

ഒന്ന്: “ഇക്കാര്യങ്ങള്‍ സംഭവിക്കുന്നതു കാണുമ്പോള്‍ അവന്‍ സമീപത്ത്‌, വാതില്‍ക്കലെത്തിയിരിക്കുന്നുവെന്ന്‌ ഗ്രഹിച്ചുകൊള്ളുക” (v.29). ഏതു വിഷമഘട്ടത്തിലും യേശു അരികിലുണ്ട് എന്നതാണ് നമ്മുടെ ശക്തി. സങ്കീർത്തകൻ ഹൃദയത്തിൽ സൂക്ഷിച്ച പ്രത്യാശ നമ്മിലും നിലനിർത്തണം. “അങ്ങയുടെ വഴി സമുദ്രത്തിലൂടെയും അങ്ങയുടെ പാത പെരുവെള്ളത്തിലൂടെയും ആയിരുന്നു; അങ്ങയുടെ കാല്‍പാടുകള്‍ അദൃശ്യമായിരുന്നു” (77:19). നമ്മൾ ഒറ്റയ്ക്കല്ല. നമ്മുടെ ജീവിതനൗക സഞ്ചരിക്കേണ്ട കടൽ വഴിയെക്കുറിച്ച് ആകുലപ്പെടേണ്ട കാര്യവുമില്ല. അതിൽ വീശുന്ന കാറ്റ് ദൈവം തന്നെയാണ്. വിശ്വസിക്കുക, ആ കാറ്റ് നമ്മെ സ്വർഗ്ഗീയ തീരത്തേക്ക് തന്നെ അടുപ്പിക്കും.

രണ്ട്: നമ്മൾ തന്നെയാണ് രണ്ടാമത്തെ ശക്തിസ്രോതസ്സ്. നമ്മുടെ ദൗർബല്യം തന്നെ നമ്മുടെ ശക്തിയായി മാറണം. കുറവുകളെ ഓർത്ത് ആകുലപ്പെടുന്നതിനേക്കാളുപരി അതിനെ സഹജരിലേക്കടുപ്പിക്കുന്ന മാർഗമാക്കി മാറ്റണം. അങ്ങനെ നമ്മുടെ തന്നെ ദൗർബല്യത്തിൽ നമ്മൾ പരസ്പരം താങ്ങായി മാറണം. അത് നമ്മുടെ ലോകത്തെ തകരാതെ താങ്ങി നിർത്തും. നമ്മുടെ ദുർബലമായ എല്ലാ ബന്ധങ്ങളുടെയുള്ളിലും ദൈവമുണ്ട്. ആ ദൈവമാണ് സഹജരിലൂടെ നമ്മെ സ്നേഹിക്കുന്നത്. ദൈവത്തിൽ വിശ്വസിക്കുന്നില്ലയെന്ന് ഒരാൾ പറഞ്ഞാൽ പോലും ദൈവമെന്ന കുളിർമയിൽ നനഞ്ഞവരാണ് നമ്മളെല്ലാവരും തന്നെ.

സുവിശേഷം നക്ഷത്രങ്ങൾ നിപതിക്കുന്നതിനെ കുറിച്ച് പറയുന്നു. പക്ഷേ ദാനിയൽ പ്രവാചകൻ കാണുന്ന ഒരു പ്രതിഭാസം മനോഹരമാണ്. അദ്ദേഹം പറയുന്നു: “ജ്ഞാനികള്‍ ആകാശവിതാനത്തിന്റെ പ്രഭപോലെ തിളങ്ങും. അനേകരെ നീതിയിലേക്കു നയിക്കുന്നവന്‍ നക്‌ഷത്രങ്ങളെപ്പോലെ എന്നുമെന്നും പ്രകാശിക്കും” (12 : 3). ഓർക്കുക, മാനവികതയുടെ ആകാശം ഒരിക്കലും ശൂന്യമൊ ഇരുണ്ടതൊ ആയിരിക്കില്ല. വിശുദ്ധരും നീതിബോധവുമുള്ള മനുഷ്യർ ഈ ഭൂമിയിൽ ഉയർന്നുവരും. അവർ പ്രകാശത്തിന്റെ ഭവനത്തിലേക്ക് നടന്നു കയറും. ഭയത്തിന്റെയും വിദ്വേഷത്തിന്റെയും സുവിശേഷങ്ങൾ പ്രഘോഷിക്കുന്നവർ മാത്രമല്ല, സത്യത്തിനും നീതിക്കും ധാർമിക സൗന്ദര്യത്തിനും വേണ്ടി നിലകൊള്ളുന്ന ഒത്തിരി പേർ നമ്മുടെയിടയിലുണ്ട്. അവരാണ് നമ്മുടെ ആകാശത്തിലെ നക്ഷത്രങ്ങൾ. അവരാണ് വസന്തത്തിലെ തളിരിലകൾ. അവരാണ് വരാനിരിക്കുന്ന നവഭാവിയുടെ നല്ലടയാളങ്ങൾ.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker