Meditation

Feast of Christ the King_Year B_നീ യഹൂദരുടെ രാജാവാണോ?

ആത്മധൈര്യത്തിന്റെ പ്രതിരൂപമാണ് യേശു. മരണമാണ് മുന്നിലെന്നറിഞ്ഞിട്ടും ഭയരഹിതനാണവൻ...

ക്രിസ്തുരാജന്റെ തിരുന്നാൾ മഹോത്സവം

യേശുവും പീലാത്തോസും – മുഖാഭിമുഖമായി നിൽക്കുന്ന രണ്ടു രാജാക്കന്മാർ. ഇസ്രായേലിന്റെ ഭരണാധികാരിയാണ് പീലാത്തോസ്. മരണവിധി നടത്താൻ അധികാരമുള്ളവൻ. യേശുവും അധികാരിയാണ്. ഐഹികമല്ലാത്ത ഒരു ലോകത്തിന്റെ അധിപൻ. മരണത്തിനു പകരം ജീവൻ നൽകാനും അത് സമൃദ്ധമായി നൽകാനുമായി വന്നിരിക്കുന്നവൻ (cf.10:10). അധികാരിയാണെങ്കിലും ഭയത്താൽ നയിക്കപ്പെടുന്നവനാണ് പീലാത്തോസ്. മുറവിളികളെ ശമിപ്പിക്കുന്നതിന് വേണ്ടി സ്വന്തം ബോധ്യത്തിനെതിരായി നിഷ്കളങ്കന് മരണം വിധിച്ച രാജാവാണവൻ. മറിച്ച്, ആത്മധൈര്യത്തിന്റെ പ്രതിരൂപമാണ് യേശു. മരണമാണ് മുന്നിലെന്നറിഞ്ഞിട്ടും ഭയരഹിതനാണവൻ. കാരണം, അവനു കൂട്ടായി സത്യമുണ്ട്.

“നീ യഹൂദരുടെ രാജാവാണോ?” ഇവൻ തിന്മ പ്രവർത്തിക്കുന്നു എന്ന കുറ്റമാരോപിച്ചു കൊണ്ട് യഹൂദർ പിടിച്ചുകെട്ടി കൊണ്ടുവന്നിരിക്കുന്ന ഒരു 33 വയസ്സുകാരനോടാണ് പീലാത്തോസിന്റെ ഈ ചോദ്യം (cf. 18:30). എവിടെ നിന്നാണ് ഈയൊരു ചോദ്യം പീലാത്തോസിന് കിട്ടിയത്? താൻ ഒരു രാജാവാണെന്ന് യേശു ഒരിടത്തും പ്രഖ്യാപിക്കുകയോ പ്രദർശിപ്പിക്കുകയോ ചെയ്തിട്ടില്ല. അവനെ രാജാവാക്കാൻ ശ്രമിച്ചവരുടെയിടയിൽനിന്നും അവൻ ഒഴിഞ്ഞു മാറുന്ന ചിത്രം യോഹ 6:15-ൽ നമുക്ക് കാണാൻ സാധിക്കും. ആധിപത്യത്തിന്റെയോ അധികാരത്തിന്റെയോ ഒരു മുഖം അവനില്ലായിരുന്നു എന്നതാണ് സത്യം. ഒരു ദാസനായാണ് അവൻ സ്വയം കരുതിയതും ജീവിച്ചതും. പിന്നെ എന്തിനാണ് പീലാത്തോസ് ഇങ്ങനെയൊരു ചോദ്യമുന്നയിക്കുന്നത്? അപ്പോൾ ഒരു കാര്യം വ്യക്തമാണ്, യഹൂദർ യേശുവിൽ ആരോപിക്കുന്ന “തിന്മ” ഒരിടത്തും യേശു അവകാശപ്പെട്ടിട്ടില്ലാത്ത അവന്റെ രാജകീയത തന്നെയാണ്. അങ്ങനെയുള്ള ആരോപണങ്ങൾക്ക് മറുപടി നൽകേണ്ട ആവശ്യമില്ലാത്തതു കൊണ്ടായിരിക്കാം “നീ യഹൂദരുടെ രാജാവാണോ?” എന്ന ചോദ്യത്തിന് യേശു ഉത്തരം നൽകാത്തത്. പകരം  മറുചോദ്യമാണ് അവനുള്ളത്. നീ ഇത് സ്വയമേ പറയുന്നതാണോ, അതോ കേട്ടുകേൾവിയിൽ നിന്നുള്ളതാണോ? യേശുവിനറിയാം ഉള്ളം പൊള്ളയായവനാണ് പീലാത്തോസെന്ന്. സ്വന്തമായി നിലപാടില്ലാത്തവൻ. പീലാത്തോസ് വീണ്ടും ചോദിക്കുന്നു; “നീ എന്താണ് ചെയ്തത്?” ആ ചോദ്യത്തിന് ഉത്തരമുണ്ട്. ഐഹികമല്ലാത്ത ഒരു രാജ്യം ഞാൻ സൃഷ്ടിച്ചു, യുദ്ധകല അഭ്യസിച്ചിട്ടില്ലാത്ത സേവകന്മാരുള്ള ഒരു രാജ്യം. കണ്ണിനു പകരം കണ്ണും പല്ലിനു പകരം പല്ലും എന്ന നിയമമില്ലാത്ത ഒരു രാജ്യം. അതെ, ഞാൻ രാജാവാണ്.

യഹൂദരുടെ കുടിലബുദ്ധി ഇല്ലാത്തവനാണ് പീലാത്തോസ്. ഞാൻ യഹൂദനല്ലല്ലോ എന്ന പീലാത്തോസിന്റെ ചോദ്യത്തിൽ അത് വ്യക്തമായി അടങ്ങിയിട്ടുണ്ട്. യേശുവെന്ന സത്യത്തിനും യഹൂദരെന്ന അസത്യത്തിനും ഇടയിൽപ്പെട്ടു പോയവനാണവൻ. എങ്കിലും നീതി നടപ്പാക്കാതിരിക്കാൻ അവന് നിവൃത്തിയില്ല. ആ റോമൻ ഭരണാധികാരിയുടെ കാഴ്ചപ്പാടിൽ യേശു ഒരു യഹൂദൻ മാത്രമാണ്, യഹൂദരുടെ രാജാവല്ല. എന്നിട്ടും സത്യത്തിനൊപ്പം അവന് നിൽക്കാൻ സാധിച്ചില്ല എന്നതാണ് അവന്റെ ദുരിതം.

ചോദ്യങ്ങൾ അവസാനിക്കുന്നില്ല, രാജ്യത്തെ കുറിച്ചും രാജകീയതയെ കുറിച്ചുമുള്ള സംഭാഷണം ഇന്നും തുടർന്നു കൊണ്ട് തന്നെയിരിക്കുന്നു. അവനുവേണ്ടി വാളുകൾ എടുക്കുവാനും അപരവിദ്വേഷം പ്രസംഗിക്കുവാനും ചില അഭിനവ അനുയായികൾ ഉള്ളിടത്തോളം കാലം വരെ അവന്റെ രാജ്യത്തെ കുറിച്ചുള്ള സംഭാഷണം തുടർന്നു കൊണ്ട് തന്നെയിരിക്കും. യേശുവിനെ സംബന്ധിച്ച് താൻ രാജാവാണ് എന്ന പ്രഖ്യാപനം റോമിനെതിരെയുള്ള ഒരു വെല്ലുവിളിയായി ഭവിക്കുകയേയുള്ളൂ. പക്ഷേ, അവന്റെ രാജ്യം വ്യത്യസ്തമാണ്. അവൻ പറയുന്നു, “എന്റെ രാജ്യം ഈ ലോകത്തു നിന്നുള്ളതല്ല” (v.36). ഈ വ്യത്യസ്തത മനസ്സിലാക്കാത്ത കാലത്തോളം പത്രോസിനെ പോലെ കയ്യിൽ ആയുധമുള്ള ഒരു ഭീരുവായി നമ്മളും മാറും. ഈ ലോകത്തുള്ള ഏതു രാജ്യവുമായിട്ടും താരതമ്യപ്പെടുത്താൻ സാധിക്കാത്ത യാഥാർത്ഥ്യമാണ് അവന്റെ രാജ്യം. അത് സ്നേഹം പോലെ അവാച്യവും സ്പർശനാത്മകവുമാണ്. അതിന്റെ യുക്തിയും ശക്തിയും ഈ ലോകത്തിൽ നിന്നല്ല. ലോകത്തിലുള്ള രാജ്യങ്ങൾ കീഴ്പ്പെടുത്തലിന്റെയും പിടിച്ചെടുക്കലിന്റെയും യുക്തി സ്വീകരിക്കുമ്പോൾ അവന്റെ രാജ്യം കുരിശിൽ എല്ലാം അടിയറ വയ്ക്കുന്നു, ശുശ്രൂഷയേയും കാലുകഴുകലിനേയും മഹത്വവൽക്കരിക്കുന്നു, സ്നേഹിതർക്കായി ജീവൻ അർപ്പിക്കുന്നു. ഒരേ ഒരു കൽപ്പന മാത്രമാണ് അവന്റെ രാജ്യത്തുള്ളത്; “ഞാന്‍ നിങ്ങളെ സ്‌നേഹിച്ചതുപോലെ നിങ്ങളും പരസ്‌പരം സ്‌നേഹിക്കണം” (യോഹ 15:12).

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker