Articles

ഡിസംബർ 1: “അനൗൺസ്മെന്റ്

സി. ഷൈനി ജെർമിയാസ് സി.സി.ആർ.

 

ഒന്നാം ദിവസം

‘അനൗൺസ്മെന്റ്’ എന്ന മനോഹരമായ പദം എല്ലാവർക്കും സുപരിചിതമാണ്. മുതിർന്നവർ തുടങ്ങി കുഞ്ഞുങ്ങൾ വരെ സർവ്വസാധാരണമായി ഉപയോഗിക്കുന്ന ഒരു വാക്കാണ്. ജീവിത സഞ്ചാരത്തിൽ വിവിധതരത്തിലുള്ള മാനുഷിക പ്രഖ്യാപനങ്ങൾ അടങ്ങിയ അനൗൺസ്മെന്റ് ശ്രദ്ധിക്കാത്തവരായി ആരും തന്നെ കാണില്ല. എന്നാൽ നമ്മളെല്ലാവരും തന്നെ ഈ അറിയിപ്പുകൾ ജീവിതയാത്രയുടെ വഴിയോരത്തുവെച്ച്, പലപ്പോഴും സൗകര്യപൂർവ്വം മറന്നു പോകുന്നവരാണ്.

അതിനാൽത്തന്നെ, രണ്ടായിരം വർഷങ്ങൾക്കു മുൻപ് ശ്രവിച്ച, എന്നാൽ ഇന്നും നമ്മുടെ ഹൃദയങ്ങളെ പ്രകമ്പനം കൊള്ളിക്കുന്ന ദൈവിക പ്രഖ്യാപനത്തെ കുറിച്ച് ആഗമന കാലത്തെ ഈ ധ്യാന ചിന്തകളുടെ തീർത്ഥാടനത്തിന്റെ ഒന്നാം ദിനം നമുക്ക് വിചിന്തനം ചെയ്യാം.

നിരവധി പ്രഖ്യാപനങ്ങളെ കുറിച്ചുള്ള അനൗൺസ്മെന്റ് നമ്മൾ കേട്ടിട്ടുണ്ട്. സ്വാതന്ത്ര്യ പ്രഖ്യാപനം, മനുഷ്യാവകാശ പ്രഖ്യാപനം, സാമ്പത്തിക പ്രഖ്യാപനം, നിയമ പ്രഖ്യാപനം, എന്നിങ്ങനെ നീണ്ടുപോകുന്നു. എന്നാൽ ഇതിൽ നിന്നും തികച്ചും വ്യത്യസ്തമാണ് ദൈവീക പ്രഖ്യാപനം.

എന്താണ് ദൈവീക പ്രഖ്യാപനം?
ദൈവം അവന്റെ മഹത്വം താൻ തിരഞ്ഞെടുത്ത വ്യക്തിയിലൂടെ വെളിപ്പെടുത്തുന്നതിലൂടെ ലോകം അവന്റെ സ്നേഹവും, പ്രത്യാശയും, സമാധാനവും, കാണുകയും, സ്വീകരിക്കുകയും ചെയ്യുന്നു. അങ്ങനെ ദൈവം ഒരു വ്യക്തിയെ ലോകത്തിനു പരിചയപ്പെടുത്തുന്നു. ഒരു ദൈവിക പ്രഖ്യാപനമായിരുന്നു മറിയം. ആരാലും അറിയപ്പെടാത്ത മറിയം എന്ന നസ്രത്തിലെ പെൺകുട്ടിയെ ഈ ലോക രക്ഷക്കു വേണ്ടി നൽകുന്നതിനായി ദൈവം ഗബ്രിയേൽ മാലാഖയെ നിയോഗിച്ചു. “ദൈവകൃപ നിറഞ്ഞവളേ! സ്വസ്തി, കർത്താവ് നിന്നോടൊപ്പം” ഉണ്ട് എന്ന് നമ്മൾ ഏവരും കേൾക്കാൻ ആഗ്രഹിക്കുന്ന അത്ഭുതകരമായ
ദൂതന്റെ അനൗൺസ്മെന്റ് പൂർണമായും വിശ്വസിച്ചുകൊണ്ട് “നിന്റെ വാക്ക് എന്നിൽ നിറവേറട്ടെ” എന്നവൾ പ്രത്യുത്തരിച്ചു.

വിശുദ്ധ തോമസ് ഓഫ് വില്ലനോവയുടെ വാക്കുകൾ വളരെ അർത്ഥവത്തായ സന്ദർഭമാണിത്: ദൈവം തന്റെ വാക്കിലൂടെ പ്രകാശവും സ്വർഗ്ഗവും, ഭൂമിയും സൃഷ്ടിച്ചു. പക്ഷേ മേരിയുടെ ‘ഫിയറ്റ്’ ഉപയോഗിച്ച് ദൈവം നമ്മളെ പോലെ ഒരു മനുഷ്യനായി. കത്തോലിക്കാ സഭയുടെ മതബോധനമനുസരിച്ച്‌ മേരിയുടെ ഈ പ്രഖ്യാപനം “സമയത്തിന്റെ പൂർണതയ്ക്ക്” തുടക്കംകുറിച്ചു. അങ്ങനെ മാനവകുലത്തിന് രക്ഷയ്ക്കായി ദൈവം തന്നെ മനുഷ്യനായി ചരിത്രത്തിൽ പ്രവേശിച്ച നിമിഷം.

മറിയം താൻ കേട്ട അനൗൺസ്മെന്റ് പൂർണ്ണ ഉത്തരവാദിത്വത്തോടെ നിറവേറ്റി. അപ്രകാരം ലോക രക്ഷകനെ ഉദരത്തിൽ വഹിച്ചതിനാൽ അവൾ മനുഷ്യചരിത്രത്തിൽ അതുല്യയായി. എന്നാൽ മകൻ തന്റെ ദൗത്യ നിർവഹണത്തിലൂടെ അമ്മയായ മേരിക്ക് മഹത്വവും നൽകി.

അതുപോലെ നമ്മുടെ കുടുംബത്തിലെ എല്ലാ മക്കളും അവരുടെ ജീവിതരീതി, മനോഭാവം, പെരുമാറ്റം, നേട്ടങ്ങൾ എന്നിവയിലൂടെ നമ്മുടെ മാതാപിതാക്കളെ ലോകത്തിനു മുന്നിൽ ഉയർത്തണം.

മേരി ‘അനുഗ്രഹീത’ ആയിരുന്നു. കാരണം അവൾ, മംഗള വാർത്തയിൽ പൂർണ്ണമായി വിശ്വസിച്ചു. തീർച്ചയായും മേരിയെ പോലെ ദൈവവചനം കേൾക്കുകയും, വിശ്വസിക്കുകയും, ഹൃദയത്തിൽ സംഗ്രഹിക്കുകയും ചെയ്തുകൊണ്ട് തന്റെ മക്കളെ ദൈവത്തിന്റെ പ്രീതിയിൽ വളർത്താം. അതിനായി, “ദൈവകൃപ നിറഞ്ഞവളേ! സ്വസ്തി, കർത്താവ് നിന്നോടുകൂടെ” എന്ന ഗബ്രിയേൽ ദൂതന്റെ പ്രഖ്യാപനം ശ്രവിക്കുന്നതിനായി നമ്മുടെ ശ്രവണത്തെയും, ഹൃദയത്തെയും ഈ ആഗമന കാലത്ത് നമ്മുക്ക് ഒരുക്കാം.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker