Meditation

Holy Family Sunday_Year C_വിശുദ്ധിയുടെ കൽപ്പടവ് (ലൂക്കാ 2: 41-52)

പരസ്പരം കണ്ടുമുട്ടുന്ന ഇടം മാത്രമല്ല കുടുംബം, പരസ്പരം നഷ്ടപ്പെടുകയും ചെയ്യുന്ന ഇടമാണ്...

തിരുക്കുടുംബത്തിന്റെ തിരുനാൾ

വീടാണ് ഏറ്റവും ദുർബലമായ ഇടമെന്ന് പലപ്രാവശ്യവും ഓർക്കാറുണ്ട്. സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ട ഏറ്റവും വിശുദ്ധമായ ഇടം. കൃത്യതയോടെ കൈകാര്യം ചെയ്തില്ലെങ്കിൽ ഏതുനിമിഷവും തകർന്നു പോകാവുന്ന ഒരു പളുങ്കുപാത്രമാണ് ദാമ്പത്യവും അതിലധിഷ്ഠിതമായ കുടുംബജീവിതവും. സ്നേഹം അതിന്റെ വിശുദ്ധിയുടെ ആദ്യ ചുവടുകൾ ചവിട്ടി കയറുന്നത് കുടുംബമെന്ന കൽപ്പടവുകളിലൂടെയാണ്. അതിനൊരു തീർത്ഥയാത്രയുടെ ചാരുതയുണ്ട്. സുവിശേഷം പറയുന്നു; “യേശുവിന്റെ മാതാപിതാക്കന്‍മാര്‍ ആണ്ടുതോറും പെസഹാത്തിരുനാളിന്‌ ജറുസലെമില്‍ പോയിരുന്നു” (v.41). നോക്കുക, അതിരുകളില്ല ഈ കുടുംബ സങ്കൽപ്പത്തിൽ. ദൈവത്തിലേക്കും മനുഷ്യനിലേക്കും വാതിലുകൾ തുറന്നിടുന്ന മനസ്സും മനോഭാവവുമാണത്.

എങ്കിലും അത്ര വ്യക്തതയില്ലാത്ത ഒരു ചിത്രമാണ് സുവിശേഷകൻ വരച്ചിടുന്നത്. ജോസഫിനും മറിയത്തിനും യേശുവിനെ നഷ്ടപ്പെടുന്നു. അവർ അവനെ ബന്ധുക്കളുടെയും പരിചയക്കാരുടെയും ഇടയിൽ അന്വേഷിക്കുന്നു. അവസാനം തീർത്തും അത്ഭുതകരമായ സാഹചര്യത്തിൽ നിന്നും അവനെ കണ്ടെത്തുന്നു. എന്തിനാണ് നീ ഇങ്ങനെ ചെയ്തത് എന്ന ചോദ്യത്തിന് അവൻ നൽകുന്ന ഉത്തരവും അത്ര വ്യക്തമല്ല. അത് അവർക്ക് മനസ്സിലാകുന്നുമില്ല. എങ്കിലും അവർ മൂന്നുപേരും വീട്ടിലേക്ക് തന്നെ തിരിച്ചു പോകുന്നു. ഈ കുടുംബചിത്രത്തിൽ ആഴമായ ഒരു സത്യം അടങ്ങിയിട്ടുണ്ട്. കുടുംബം ഒരു ഇടമാണ്. പലതും മനസ്സിലാക്കാൻ സാധിക്കുന്നില്ലെങ്കിലും പരസ്പരം അംഗീകരിക്കുന്ന ഒരിടം.

പരസ്പരം കണ്ടുമുട്ടുന്ന ഇടം മാത്രമല്ല കുടുംബം, പരസ്പരം നഷ്ടപ്പെടുകയും ചെയ്യുന്ന ഇടമാണ്. അതുകൊണ്ട് അന്വേഷിക്കണം നമ്മൾ പരസ്പരം. പല പ്രാവശ്യവും നമുക്കറിയില്ല കൂടെയുള്ളവർ എവിടെയാണെന്ന്, എങ്ങനെയാണെന്ന്. കുടുംബത്തിന്റെ ലാവണ്യം എന്താണെന്ന് ചോദിച്ചാൽ അത് വ്യത്യസ്തകൾ അംഗീകരിക്കുന്നുവെന്നതാണ്. പലതും മനസ്സിലാകുന്നില്ലെങ്കിലും പരസ്പരം സംരക്ഷിക്കുക എന്ന കലയെ കാത്തുസൂക്ഷിക്കുന്നത് കുടുംബം മാത്രമാണ്. ചിലപ്പോഴൊക്കെ കുടുംബമായിരിക്കാം സ്വപ്നങ്ങൾ പോലും തകർത്തുകളയുന്ന ഇടം. എങ്കിലും കൂടെയുള്ളവർക്ക് വേണ്ടി ഒരു പെലിക്കൻ പക്ഷിയായി മാറുന്ന ഇടവും കുടുംബം തന്നെയാണ്.

പിന്നെ ഒരു കാര്യമുണ്ട്. അത് ഒരിക്കലും പ്രതീക്ഷിക്കാൻ പാടില്ലാത്ത കാര്യവുമാണ്. എല്ലാ പ്രശ്നങ്ങൾ പരിഹരിക്കുകയും എല്ലാ മുറിവുകൾ വച്ചുകെട്ടുകയും ചെയ്യുന്ന ഒരു ആതുരശാലയായി കുടുംബത്തെ കരുതരുത്. മറിച്ച് ഏറ്റവും കൂടുതൽ കണ്ണീരൊഴുകുന്ന ഇടം കുടുംബം തന്നെയാണ്. ചില വിമ്മിട്ടങ്ങളുടെയും നിസ്സഹായവസ്ഥയുടെയും അമർത്തിപ്പിടിച്ച കരച്ചിലുകളുടെയും കോണുകൾ ഏറ്റവും കൂടുതലുള്ളത് അവിടെയാണ്. അതുപോലെതന്നെ എന്തൊക്കെ വേദനയും സംഘർഷവും സംഘട്ടനം പോലും ഉണ്ടായാലും വീണ്ടും പരസ്പരം കണ്ടുമുട്ടുന്ന, പുഞ്ചിരിക്കുന്ന ഏക ഇടവുമാണത്. ഒന്നു വാതിലുകളും ജനലുകളും തുറന്നിട്ടാൽ മതി സംഗീതത്തിലെ ഏഴ് സ്വരങ്ങളും വന്നു വസിക്കും അവിടെ. സ്നേഹം മഴയായി പെയ്താൽ നർത്തനത്തിന്റെ വിത്തുകൾ തഴച്ചുവളരും. സന്തോഷം അതിന്റെ വക്കോളം നിറഞ്ഞുനിന്നാൽ കുടുംബം ഒരിക്കലും ശൂന്യമാകില്ല.

“ഞാന്‍ എന്റെ പിതാവിന്റെ കാര്യങ്ങളില്‍ വ്യാപൃതനായിരിക്കേണ്ടതാണെന്ന്‌ നിങ്ങള്‍ അറിയുന്നില്ലേ?” (v.49). ഒരു മകനിൽ നിന്നും പ്രതീക്ഷിക്കുന്ന പദങ്ങളല്ല ഇത്. എങ്കിലും വചനം വ്യക്തമാണ്; നമ്മുടെ കുട്ടികൾ നമ്മുടേതല്ല, അവർ കർത്താവിന്റേതാണ്, ലോകത്തിന്റേതാണ്, അവരുടെ സ്വപ്നങ്ങളുടേതാണ്. മാതാപിതാക്കളുടെ സ്വപ്നങ്ങളെ മക്കളിൽ അടിച്ചേൽപ്പിക്കുകയെന്നത് സമയ ചക്രത്തെ തടയുന്നതു പോലെയായിരിക്കും. അത് മുരടിച്ച ഒരു തലമുറയെ സൃഷ്ടിക്കും. ദൈവ പിതാവിന്റെ കാര്യങ്ങളിൽ വ്യാപൃതരാകാനും മക്കളെ പഠിപ്പിക്കണം. ജീവിതത്തിന്റെ പ്രഥമസ്ഥാനം ദൈവത്തിന് തന്നെയാണ്.

എല്ലാം തികഞ്ഞ ഒരു കുടുംബം ഒരിടത്തുമില്ല. കൂടെയുള്ളവർക്ക് എല്ലാം മനസ്സിലാകണമെന്നുമില്ല. യേശുവിന്റെ കുടുംബവും അങ്ങനെയായിരുന്നു. “അവന്‍ തങ്ങളോടു പറഞ്ഞതെന്തെന്ന്‌ അവര്‍ ഗ്രഹിച്ചില്ല” എന്ന് സുവിശേഷകൻ പറയുന്നുണ്ട്. ആരിൽ നിന്നും പൂർണത പ്രതീക്ഷിക്കരുത്. മറിച്ച് കുടുംബത്തിൽ നിന്നും വിശുദ്ധി തേടുക. കൂടെയുള്ളവരുടെ കുറവുകളിൽ നിറവുകളാകുക. അപ്പോൾ മാത്രമേ നമ്മുടെ കുടുംബങ്ങളും തിരുക്കുടുംബങ്ങളായി മാറൂ.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker