Meditation

Epiphany Sunday_Year C_രക്ഷകന്റെ നക്ഷത്രം (മത്താ. 2:1-12)

പുൽക്കൂട്ടിലെ അത്ഭുതം മാത്രമല്ല യേശു, കാൽവരിയിലെ അനുഭവം കൂടിയാണ്...

പ്രത്യക്ഷവത്ക്കരണ തിരുനാൾ

“ഞങ്ങൾ അവന്റെ നക്ഷത്രം കണ്ടു” (v.2):

നക്ഷത്രം – എല്ലാ തലമുറകളുടെയും ഭാവനയെ ഉത്തേജിപ്പിക്കുന്ന പ്രതീകം. വാനനിരീക്ഷകരും സാഹിത്യകാരന്മാരും കൂടി ചേർന്ന് ഒത്തിരി വിഭിന്നമായ പരികല്പനകൾ നൽകിയിട്ടുള്ള കൈയെത്താദൂരത്തെ ഒരു യാഥാർത്ഥ്യം. എത്തിപ്പെടാൻ സാധിക്കാത്ത ഒരു ബിംബമായി അത് നമ്മുടെ തലയ്ക്കുമുകളിൽ തെളിഞ്ഞു തന്നെ നിൽക്കുന്നു. അകന്നു നീങ്ങുന്ന ഒരു മരീചിക പോലെ അത് കിഴക്കുനിന്നും ജ്ഞാനികളെ ബേത്‌ലെഹെമിലെ ഒരു പുൽക്കൂട്ടിലേക്ക് ആനയിക്കുന്നു. അതെ, നക്ഷത്രം എത്തിപ്പെടാനുള്ള ഒരിടമല്ല, നമ്മുടെ സഞ്ചാരത്തിന്റെ മാർഗദർശിയാണ്. നക്ഷത്രം വഴികാട്ടി മാത്രമാണ്; അതിനെ പ്രകാശിപ്പിക്കുന്ന സൂര്യനിലേക്കുള്ള വഴികാട്ടി.

“രാജാവ് അസ്വസ്ഥനായി; അവനോടൊപ്പം ജെറുസലേം മുഴുവനും” (v.3):

ദൈവീക ചോദന ചില അധികാരശക്തിയുമായി കൂട്ടിമുട്ടുമ്പോൾ ആ ശക്തിയുടെ വീര്യം ചോരുകയെന്നത് സർവ്വസാധാരണമാണ്. ഹെറോദേസിന്റെ പേക്കിനാവ് യാഥാർത്ഥ്യത്തെ കണ്ടുമുട്ടുന്നു; യഹൂദർക്ക് ഒരു രാജാവ് ജനിച്ചിരിക്കുന്നു. ആ യാഥാർത്ഥ്യത്തെ ഇല്ലാതാക്കാൻ അവൻ പല മാർഗ്ഗങ്ങളും അന്വേഷിക്കുന്നു. അങ്ങനെ അവൻ ചരിത്രത്തിലും പാരമ്പര്യത്തിലും മതത്തിലും അഭയം തേടുന്നു. അധികാരം അതിന്റെ ശക്തിയെ പിന്താങ്ങാൻ മറ്റു ശക്തികളെ ആശ്രയിക്കും. അങ്ങനെയാണ് രാജാവ് പ്രധാന പുരോഹിതരെയും നിയമജ്ഞരെയും വിളിച്ചു കൂട്ടിയത്. എന്നിട്ട് ജ്ഞാനികളോട് പറയുന്നു; സൂക്ഷ്മമായി കാര്യങ്ങൾ അന്വേഷിക്കുക.

ഒരു കുഞ്ഞിന്റെ ജനനത്തിൽ അധികാരത്തിന്റെ ഇടനാഴിയിൽ ആരൊക്കെയോ അസ്വസ്ഥരാകുന്നുണ്ട്. ചരിത്രത്തിന്റെയും മതഗ്രന്ഥത്തിന്റെയും യഥാർത്ഥ മാനം അവർ തിരിച്ചറിഞ്ഞിരിക്കുന്നു, എന്നിട്ടും പുൽക്കൂട്ടിലെ കുഞ്ഞിനെ അന്വേഷിച്ചു ഇറങ്ങിത്തിരിക്കാൻ അവർക്ക് മനസ്സുവരുന്നില്ല. മത-രാഷ്ട്രീയ-സാംസ്കാരിക-സാമ്പത്തിക ശക്തികൾ സ്വന്തം നിലനിൽപ്പിനും അധികാരത്തിനും വേണ്ടിയുള്ള നെട്ടോട്ടത്തിലാണ്. അവർക്കുള്ളത് പ്രത്യാശയില്ലാത്ത ഉറപ്പുകൾ മാത്രമാണ്. സൂക്ഷിക്കണം അവരെ, അവർ നിങ്ങളിൽ നിന്നും പലതും മറക്കുന്നതിനോടൊപ്പം നക്ഷത്രത്തെയും മറച്ചു നിർത്തും.

“കിഴക്കുകണ്ട നക്ഷത്രം അവര്‍ക്കു മുമ്പേ നീങ്ങിക്കൊണ്ടിരുന്നു” (v.9):

രാജകൊട്ടാരവും അവിടത്തെ പരിവാരവുമൊന്നും ജ്ഞാനികൾക്ക് ഒരു പ്രലോഭനമായില്ല. സിംഹാസനത്തിന്റെയും അധികാരത്തിന്റെയും മുമ്പിൽ നക്ഷത്രം പകർന്നു നൽകിയ ചലനാത്മകത അവർക്ക് നഷ്ടപ്പെടുന്നില്ല. കിഴക്ക് ദേശത്തുനിന്നും ജെറുസലേം വരെ അവരെ നടത്തിയ അവരുടെ സ്വപ്നം അവർ ഉപേക്ഷിച്ചില്ല. അവർ വീണ്ടും നടക്കുന്നു. പ്രലോഭനങ്ങളിൽ വീഴാത്തവരുടെ മുമ്പിൽ നക്ഷത്രം വീണ്ടും പ്രത്യക്ഷപ്പെടും. അത് അവർക്ക് മുമ്പേ നീങ്ങുകയും ചെയ്യും. സ്വപ്നം ദൈവികമാണെങ്കിൽ അതിന് ഒരിടത്തും തങ്ങിനിൽക്കാനാകില്ല. അത് നിങ്ങളെ ലക്ഷ്യത്തിലേക്ക് വേഗത്തിൽ തള്ളിക്കൊണ്ട് പോകും.

“അവര്‍ ശിശുവിനെ അമ്മയായ മറിയത്തോടുകൂടി കണ്ടു” (v.11):

നക്ഷത്രത്തിന്റെ തെളിച്ചവും ജ്ഞാനികളുടെ സ്വപ്നവും വന്നുചേരുന്നത് പച്ചയായ ഒരു മനുഷ്യന്റെ മുമ്പിലാണ്. അല്ല, ഒരു കൈക്കുഞ്ഞിന്റെ മുമ്പിൽ. യാത്രയുടെ അവസാനമല്ല ഇത്. ഇനിയും ജീവിക്കേണ്ട ഒരു കഥയാണ്. ഇനിയും താണ്ടേണ്ട ഒരു ചക്രവാളമാണ്.

ജെറുസലേമിനു നേർവിപരീതമാണ് ബേത്‌ലെഹെം. അധികാരത്തിന്റെയും ആർഭാടത്തിന്റെയും ചരിത്രം അതിനില്ല. യൂദായായിലെ നഗരങ്ങളിൽ ഏറ്റവും താഴെയായ നഗരം. ആ ദരിദ്രനഗരത്തിൽ അമ്മയുടെ കരം പിടിച്ചിരിക്കുന്ന ഒരു കുഞ്ഞിനെ ജ്ഞാനികൾ ആരാധിക്കുന്നു. ഇവിടെ തുടങ്ങുന്നു എല്ലാ നാവും വാഴ്ത്തുവാനിരിക്കുന്നവന്റെ ചരിത്രവും ജീവിതവും.

“പൊന്നും കുന്തുരുക്കവും മീറയും അവർ കാഴ്‌ചയര്‍പ്പിച്ചു” (v.11):

കൈക്കുഞ്ഞിനു സമ്മാനമായി സംസ്കാരചടങ്ങിനുള്ള സാമഗ്രികൾ. മരണത്തിന്റെ മണമുള്ള സമ്മാനങ്ങൾ. പുൽക്കൂട്ടിൽ നിന്നും കുരിശിലേക്കുള്ള ദൂരം അത്ര വിദൂരമല്ല. അതെ, സുവിശേഷകന് പറയാനുള്ളത് കുരിശിന്റെ കഥ തന്നെയാണ്. അത്ഭുതശിശുവിന്റെ വാഴ്ത്തുപാട്ടല്ല സുവിശേഷം, അത് കുരിശുമരണത്തിന്റെയും ഉത്ഥാനത്തിന്റെയും ചരിത്രമാണ്. ആ രക്ഷാകര ചരിത്രത്തിലേക്കാണ് സുവിശേഷത്തിലെ ഓരോ ചെറിയ വാക്കും നമ്മെ നയിക്കുന്നത്. പുൽക്കൂട്ടിലെ അത്ഭുതം മാത്രമല്ല യേശു, കാൽവരിയിലെ അനുഭവം കൂടിയാണ്.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker