Meditation

2nd Sunday_Year C_ആനന്ദലഹരിയായി ഒരു ദൈവം (യോഹ 2: 1-11)

ഇത്രയും നാളും നമ്മൾ വിചാരിച്ചിരുന്നത് ബലികളുടെയും ത്യാഗങ്ങളുടെയും ഉടയോനാണ് ദൈവമെന്നാണ്...

ആണ്ടുവട്ടത്തിലെ രണ്ടാം ഞായർ

കാനായിലെ അത്ഭുതം യേശുവിന്റെ ആദ്യ അടയാളമാണ്. തന്റെ പിതാവിന്റെ കാര്യത്തിൽ വ്യാപൃതനാകാൻ വേണ്ടി പന്ത്രണ്ടാമത്തെ വയസ്സിൽ വീടുവിട്ടിറങ്ങിയവനാണവൻ. പക്ഷേ, അന്ന് അവന്റെ മാതാപിതാക്കൾ അവനെ വിലക്കുകയായിരുന്നു (cf. ലൂക്കാ 3: 41-52). ഇന്നിതാ അവന്റെ അമ്മതന്നെ അവനോട് പറയുന്നു; “സമയമായിരിക്കുന്നു”.

അടിച്ചമർത്തപ്പെട്ട ഒരു ജനതയാണ് ഇസ്രായേൽ. അടിമകളുടെയും കുഷ്ഠരോഗികളുടെയും വിലാപമാണ് ചുറ്റിലും. എന്നിട്ടും അവൻ തന്റെ ശുശ്രൂഷ ആരംഭിക്കുന്നത് ഒരു കല്യാണ വിരുന്നിൽ നിന്നാണ്. കണ്ണുനീർ തുടയ്ക്കുന്നതിനുപകരം പാനപാത്രങ്ങളിൽ വീഞ്ഞ് നിറയ്ക്കുന്നു അവൻ. ഉൽപതിഷ്ണുക്കൾക്ക് ഇനി ചോദ്യങ്ങൾ ഉയർത്താം; എവിടെ നൊമ്പരങ്ങളിൽ ആശ്വാസമാകുന്ന ദൈവം? ദരിദ്രരുടെ വേദനയുടെ മുൻപിൽ എന്തിനാണീ നിസ്സംഗത?എന്നിട്ടും കാനായിലെ സംഭവം അവന്റെ അടയാളങ്ങളുടെ ആദ്യ അടയാളമെന്ന് അറിയപ്പെടുക തന്നെ ചെയ്യുന്നു.

കാനായിലെ സംഭവം ഒരു അത്ഭുതമല്ല, അടയാളമാണ്. അടയാളം സത്യത്തിന്റെ പച്ചപ്പിലേക്കുള്ള വഴികാട്ടി മാത്രമാണ്. ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധത്തിലെ വശ്യത കാനായിലെ സംഭവത്തിൽ അടങ്ങിയിട്ടുണ്ട്. വിശുദ്ധ ഗ്രന്ഥം പഠിപ്പിക്കുന്നുണ്ട് ഇസ്രായേലും ദൈവവും തമ്മിലുള്ള ബന്ധം വൈവാഹിക ബന്ധസമമാണെന്ന്. എല്ലാ വികാരവിചാരങ്ങളുടെയും സമഞ്ജസമാണ് ആ ബന്ധം. അതിൽ മുന്നിൽനിൽക്കുന്നത് ആനന്ദം മാത്രമാണ്. കാനാ ഒരടയാളമാണ്. നിന്റെ സന്തോഷത്തിൽ ലഹരിയായി മാറുന്നവനാണ് ദൈവം എന്ന അടയാളം.

എന്തിനാണ് കാനായിലെ വിവാഹ വിരുന്നിൽ ദൈവപുത്രൻ പങ്കെടുത്തത് എന്ന ചോദ്യമുയരാം. ഉത്തരം ഒന്നേയുള്ളൂ; നമ്മുടെ സ്നേഹത്തിൽ ദൈവത്തിന് വിശ്വാസമുണ്ട്. വൈവാഹിക സ്നേഹത്തെ അങ്ങനെ അവൻ അനുഗ്രഹിക്കുന്നു. അതിന്റെ ഉള്ളിൽ ഒരു ലഹരിയായി അവൻ നിറഞ്ഞു തുളുമ്പുന്നു. സ്നേഹം എവിടെയുണ്ടോ, അവിടെ പുതുവീഞ്ഞായി യേശുവും ഉണ്ടാകും. ഇത്രയും നാളും നമ്മൾ വിചാരിച്ചിരുന്നത് ബലികളുടെയും ത്യാഗങ്ങളുടെയും ഉടയോനാണ് ദൈവമെന്നാണ്. അതുകൊണ്ടുതന്നെ ദൈവവിചാരങ്ങളെ സങ്കടങ്ങളുടെ മൂടുപടം കൊണ്ട് പുതപ്പിക്കുകയെന്നത് സർവ്വസാധാരണവുമായിരുന്നു. എന്നാലിതാ, കാനായിലെ വിരുന്നിൽ നമ്മുടെ സന്തോഷം ആസ്വദിക്കുകയും അതിനെ പരിപാലിക്കുകയും ചെയ്യുന്ന ഒരു ദൈവത്തെ നമ്മൾ കണ്ടുമുട്ടുന്നു. അതെ, നൊമ്പരങ്ങളുടെയിടയിൽ ആനന്ദ ലഹരിയുമായി ഒരു ദൈവം കടന്നുവരുന്നു.

“യേശുവിന്റെ അമ്മ അവനോടു പറഞ്ഞു: അവര്‍ക്കു വീഞ്ഞില്ല” (v.3). ബൈബിളിൽ സ്നേഹത്തിന്റെ പ്രതീകമാണ് വീഞ്ഞ്. ഇതാ, സ്നേഹത്തിനു മേൽ ഒരു ഭീഷണിയുടെ നിഴൽ പതിഞ്ഞിരിക്കുന്നു. നമ്മളും  കടന്നു പോകുന്ന അവസ്ഥ തന്നെയാണിത്. എന്തൊക്കെയോ വെട്ടിപ്പിടിക്കാനുള്ള നെട്ടോട്ടത്തിൽ ജീവിതം ആവർത്തന വിരസമാകുമ്പോഴും, സംശയങ്ങളുടെ വേട്ടയാടലിൽ പ്രണയത്തിന്റെ ചിറകുകളറ്റു വീഴുമ്പോഴും, സ്നേഹമില്ലാതെ ശാരീരിക ബന്ധങ്ങളിലേർപ്പെടുമ്പോഴും, ആനന്ദവും ആഘോഷവും പടിയിറങ്ങിപ്പോയ ഭവനങ്ങളിൽ താമസിക്കുമ്പോഴും, വിശ്വാസത്തിന്റെ തിരിനാളം ഉള്ളിൽ കെട്ടണയുമ്പോഴും, ഓർക്കുക, നമ്മളിലും വീഞ്ഞ് തീർന്നിരിക്കുകയാണ്.

എങ്കിലും സുവിശേഷം അതിന്റെ ആഖ്യാനത്തിൽ ഒരു വഴിത്തിരിവുണ്ടാക്കുന്നുണ്ട്. മറിയം – ഒരു ഗർഭവതിയുടെ ഭവനത്തിൽ ശുശ്രൂഷയായി നിറഞ്ഞവൾ, വിശക്കുന്നവരെ വിശിഷ്‌ടവിഭവങ്ങള്‍ കൊണ്ട്‌ സംതൃപ്‌തരാക്കുന്ന ദൈവത്തെ പാടിസ്തുതിച്ചവൾ – ഒരു വാതിൽ നമ്മുടെ മുന്നിൽ തുറന്നിടുന്നു. “അവന്‍ നിങ്ങളോടു പറയുന്നതു ചെയ്യുവിന്‍” (v.5). അതെ, സ്നേഹമെന്ന വീഞ്ഞ് നമ്മളിൽ ഇല്ലാതാകുമ്പോൾ മുന്നിലുള്ളത് ഒരേയൊരു മാർഗ്ഗം മാത്രമാണ്; യേശു പറയുന്നത് ചെയ്യുക.

“അവൻ നിങ്ങളോടു പറയുന്നത് ചെയ്യുവിൻ”. മറ്റൊരു രീതിയിൽ പറഞ്ഞാൽ സുവിശേഷാത്മകമായ ഒരു ജീവിതം നയിക്കുക എന്ന് തന്നെയാണ്. അപ്പോൾ നിന്റെ മജ്ജയിലും മാംസത്തിലും സ്നേഹത്തിന്റെ ദൈവിക ലഹരി പടർന്നുപിടിക്കുന്നത് നിനക്കനുഭവിക്കാൻ സാധിക്കും. നിന്റെ ഹൃദയത്തിനുള്ളിലെ കൽഭരണികളിൽ പുതു വീഞ്ഞു നിറഞ്ഞു തുളുമ്പും. അങ്ങനെ സ്നേഹരഹിതമായ ശൂന്യതയിൽനിന്നും പൂർണതയിലേക്ക് നീ വളരും. എത്രത്തോളം സുവിശേഷനന്മകൾ ഉള്ളിൽ നിറയുന്നുവോ അത്രത്തോളം സ്നേഹം അതിന്റെ അതിരുകൾ വർദ്ധിപ്പിക്കും. അപ്പോഴും ഒരു കാര്യം ഓർക്കണം, നമ്മുടെ യോഗ്യതകൾ കണക്കിലെടുത്തല്ല അവൻ കൽഭരണികളിലെ പച്ച വെള്ളത്തെ വീഞ്ഞാക്കി മാറ്റുന്നത്, ആനന്ദമെന്ന നമ്മുടെ ആന്തരീകാഭിലാഷത്തിൽ ഒരു സ്നേഹസാന്നിധ്യമാകുന്നതിനു വേണ്ടിയാണ്.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker