Meditation

4th Sunday_Year C_ജോസഫിന്റെ പുത്രൻ (ലൂക്കാ 4: 20-30)

അവനെ ആർക്കും സ്വന്തമാക്കുവാനോ ചിലയിടങ്ങളിൽ ഒതുക്കി നിർത്തുവാനോ സാധിക്കുകയില്ല...

ആണ്ടുവട്ടത്തിലെ നാലാം ഞായർ

യേശു സ്വദേശമായ നസ്രത്തിൽ സ്വയം വെളിപ്പെടുത്തിയപ്പോൾ ഉണ്ടായ സംഭവവികാസങ്ങളാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. തന്റെ നാട്ടുകാരുടെ മുമ്പിൽ അവൻ ഏശയ്യ 61:1-2 വായിക്കുന്നു. എന്നിട്ടത് തന്നിലൂടെ യാഥാർത്ഥ്യമാകുമെന്ന് അവൻ വ്യാഖ്യാനിക്കുന്നു. പക്ഷേ അവർക്ക് അവനെയും ആ ദൈവവചനത്തെയും മനസ്സിലാക്കാൻ സാധിക്കുന്നില്ല.

നസ്രത്തിലെ നിവാസികളുടെ പ്രതികരണത്തിന് രണ്ട് തലങ്ങളുണ്ട്. ഒരുവശത്ത് അവർ യേശുവിന്റെ നാവിൽ നിന്നും പുറപ്പെട്ട കൃപാവചസ്സുകൾ കേട്ട് അത്ഭുതപ്പെടുന്നു. മറുവശത്ത് അവർ അവനെ കുറിച്ച് “ഇവൻ ജോസഫിന്റെ മകനല്ലേ” എന്ന് ചോദിക്കുന്നു. ചോദ്യം ലളിതമാണ്, പക്ഷേ മറ്റു പലതും അവിടെ ധ്വനിക്കുന്നുണ്ട്. നമ്മെ പോലെ ഇവനും ഒരു സാധാരണക്കാരനല്ലേ? ഇവനെന്താണ് ഇത്ര പ്രത്യേകത? ഇവന്റെ ഈ ജ്ഞാനമെല്ലാം എവിടെ നിന്നും കിട്ടി? എന്നീ ചോദ്യങ്ങൾ അവർ യേശുവിനെ ജോസഫിന്റെ പുത്രനായി മാത്രം കാണുന്നതിൽ അടങ്ങിയിട്ടുണ്ട്. മറ്റൊരു രീതിയിൽ പറഞ്ഞാൽ ഇത് യേശുവിന്റെ ദൈവികതയെ ചോദ്യം ചെയ്യുന്നതിനു തുല്യമാണ്. നീ ഞങ്ങളിൽ ഒരുവനാണ് എന്ന് ഉറപ്പിക്കാനുള്ള ശ്രമമാണിത്. അതുകൊണ്ടുതന്നെ ഞങ്ങൾ പറയുന്നതുപോലെ നീ പ്രവർത്തിക്കണമെന്ന വ്യവഹാരിക മനോഭാവം അവരിലുണരുകയാണ്. അങ്ങനെ അവർ അവനോട് പറയാൻ മുതിരുന്നു: “കഫർണാമിൽ നീ ചെയ്ത അത്ഭുതങ്ങൾ ഇവിടെ നിന്റെ സ്വന്തം സ്ഥലത്തും ചെയ്യുക”. നോക്കുക, ആത്മീയ ജീവിതത്തിലെ ഏറ്റവും അപകടം നിറഞ്ഞ മനോഭാവമാണിത്. ദൈവത്തെ അത്ഭുതങ്ങളുടെയും അനുഗ്രഹങ്ങളുടെയും വിതരണക്കാരനായി ചുരുക്കുകയാണ് ഇവിടെ. ദൈവസങ്കല്പങ്ങളിലെ ഏറ്റവും ദരിദ്രമായ അവസ്ഥയാണിത്. ഈ ആത്മീയാവസ്ഥയിൽ ഉള്ളവരാണ് ദൈവം എനിക്കൊരു അടയാളം തരികയാണെങ്കിൽ ഞാൻ അവനെ വിശ്വസിക്കാമെന്നും, എനിക്കാവശ്യമുള്ള അനുഗ്രഹങ്ങൾ തരികയാണെങ്കിൽ ഞാൻ അവനെ സ്നേഹിക്കാമെന്നൊക്കെ പറയുന്നത്. ഇത് വാണിജ്യ സ്നേഹമാണ്. വാണിജ്യ സ്നേഹം സ്നേഹമേ അല്ല. കാരണം, സ്നേഹം സ്വാർത്ഥം അന്വേഷിക്കുന്നില്ല.

നസ്രത്തിലെ ജനങ്ങൾക്ക് അവരുടെ ഇഷ്ടത്തിന് വഴങ്ങുന്ന ഒരു ദൈവത്തെയാണ് ആവശ്യം. അവരുടെ ഹൃദയത്തെ പരിവർത്തനപ്പെടുത്തുന്ന ഒരു ദൈവത്തെയല്ല, മറിച്ച് അവരെ സന്തോഷിപ്പിക്കുന്ന ഒരു ദൈവത്തെ വേണം. കണ്ണുകൾക്ക് വിസ്മയമാകുന്ന ഒരു ദൈവത്തെ അവർക്ക് വേണം. അതുകൊണ്ടാണ് അവർ അവനോട് ചോദിക്കുന്നത്: “കഫർണാമിൽ നീ ചെയ്ത അത്ഭുതങ്ങൾ ഞങ്ങൾ കേട്ടു, അതുപോലെ നീ ഇവിടെയും ചെയ്യുക”. അപ്പോൾ അവൻ നൽകുന്ന ഉത്തരം ആഴമായ ഒരു ധ്യാനവിഷയമാണ്. രണ്ടു ചരിത്ര സംഭവങ്ങളിലൂടെയാണ് അവൻ മറുപടി നൽകുന്നത്. ദൈവത്തിന് “സ്വദേശം” എന്ന സ്ഥലമില്ല. എല്ലാ പരിചിതവും അപരിചിതവുമായ ദേശങ്ങൾ അവന്റെ സ്വന്തം തന്നെയാണ്. അവൻ സറെപ്തായിലെ വിധവയെ സംരക്ഷിക്കുന്നവനും സിറിയാക്കാരനായ കുഷ്ഠരോഗിയെ സുഖപ്പെടുത്തുന്നവനുമാണ്. അവനെ ആർക്കും സ്വന്തമാക്കുവാനോ ചിലയിടങ്ങളിൽ ഒതുക്കി നിർത്തുവാനോ സാധിക്കുകയില്ല. ഈ പ്രപഞ്ചം മുഴുവനും അവന്റെ സന്ദേശമാണ്. ഓരോ കുഞ്ഞു ഹൃദയവും അവന്റെ ഭവനവുമാണ്.

ചില സത്യങ്ങൾ എല്ലാവർക്കും ഉൾക്കൊള്ളാൻ സാധിക്കണമെന്നില്ല. അങ്ങനെ വരുമ്പോൾ അതിന്റെ പ്രതികരണങ്ങൾ ആക്രമണാത്മകമാകും. അങ്ങനെ ഒരു ആക്രമണം നസ്രത്തിലും സംഭവിക്കുന്നു. സിനഗോഗിൽ ധ്യാനിക്കാനും പ്രാർത്ഥിക്കാനും വന്നവരാണ് യേശുവിനെ ഇല്ലാതാക്കാൻ ശ്രമിക്കുന്നത്. വളരെ വിചിത്രമായ കാര്യമാണിത്. ധ്യാനിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നവർക്ക് എങ്ങനെയാണ് ആക്രമണാത്മകമായി പ്രതികരിക്കാൻ സാധിക്കുക? ഉത്തരം: തെറ്റായ ദൈവസങ്കല്പവും അതിലുള്ള വിശ്വാസവും മരണവുമായി കൂട്ടുകൂടും. അങ്ങനെയുള്ളവരുടെ ദൈവം മരണത്തിന്റെ സുഹൃത്തായിരിക്കും. അവർക്ക് കൊലപാതകം ഒരു പാതകമാകില്ല. അവരുടെ ദൈവത്തെ സംരക്ഷിക്കാൻ അവർ മനുഷ്യരെ കൊല്ലാൻ തുടങ്ങും. യേശുവിന്റെ ദൈവം ജീവന്റെ പ്രണയിയാണ്. അവൻ ആരുടെയും മരണത്തെ ആഗ്രഹിക്കുന്നില്ല. അവൻ ആഗ്രഹിക്കുന്നത് സ്നേഹം മാത്രമാണ്, മരണത്തെയും അതിജീവിക്കുന്ന സ്നേഹം. അതുകൊണ്ടാണ് പൗലോസ് അപ്പോസ്തലൻ പ്രഘോഷിക്കുന്നത്: “പ്രവചനങ്ങള്‍ കടന്നുപോകും; ഭാഷകള്‍ ഇല്ലാതാകും; വിജ്‌ഞാനം തിരോഭവിക്കും. സ്‌നേഹം ഒരിക്കലും അവസാനിക്കുന്നില്ല” (1 കോറി. 13:8).

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker