Meditation

ധൂർത്തനായ പിതാവ് (ലൂക്കാ 15:1-3,11-38)

ദൈവത്തിങ്കലേക്ക് നീ നടക്കുകയാണെങ്കിൽ അവൻ നിന്നിലേക്ക് ഓടിവരും...

തപസ്സുകാലം നാലാം ഞായർ

“ഒരു മനുഷ്യന് രണ്ടു പുത്രന്മാർ ഉണ്ടായിരുന്നു” (v.11). ഒരു മുത്തശ്ശി കഥയുടെ ആരംഭം കുറിക്കുന്ന പ്രതീതി. കഥ ഒത്തിരി പ്രാവശ്യം കേട്ടതാണെങ്കിലും വീണ്ടും കേൾക്കുന്തോറും പുതിയ എന്തെങ്കിലും അതിൽ ഉണ്ടാകും എന്ന പ്രതീക്ഷ ഉള്ളിൽ നാമ്പിടുന്നു. ശരിയാണ്, ഇത് വെറുമൊരു കഥ മാത്രമല്ലല്ലോ. ലോകത്തിലെ ഒരു പുസ്തകത്താളും ധൂർത്തപുത്രന്റെ ഉപമയെ പോലെ ബന്ധങ്ങളുടെ ആഴവും ലാവണ്യവും ചിത്രീകരിക്കുന്ന ഒരു കഥയും മെനഞ്ഞിട്ടില്ല. ഓർക്കുക, ക്രിസ്തു പറഞ്ഞ ഈ ഉപമയുടെ ലക്ഷ്യം നമ്മൾ സ്വരൂപിച്ചു കൂട്ടിയിരിക്കുന്ന ദൈവത്തെ കുറിച്ചുള്ള കാഴ്ചപ്പാട് മാറ്റുക എന്നതാണ്.

എനിക്കിഷ്ടം ധൂർത്തപുത്രനോടാണ്. അവൻ അസംഖ്യമാണ്. നമ്മുടെ ഇടയിൽ അവനെ എണ്ണിത്തീർക്കാനാവില്ല. അവൻ ചരിത്രമാണ്. എന്റെയും നിന്റെയും ചരിത്രം. മുറിവേറ്റ മാനവികതയുടെ ചരിത്രം. വിശുദ്ധ അഗസ്റ്റിൻ പറഞ്ഞ പോലെ അവൻ felix culpa ആണ്, ആനന്ദദായകമായ ഒരു വീഴ്ച, ഒരു തെറ്റ്. ആ തെറ്റിലൂടെ ദൈവഹൃദയത്തിന്റെ തരളിതഭാവം എനിക്കും നിനക്കും കാണാൻ സാധിച്ചു.

ഒരിക്കൽ ഇളയവൻ വീടുവിട്ടു ഇറങ്ങുകയാണ്. അങ്ങനെ അവൻ ഒരു അന്വേഷിയായി മാറുന്നു. സന്തോഷം അന്വേഷിച്ചുള്ള ഇറങ്ങി പോക്കും സ്വയം കണ്ടെത്തുവാനുള്ള ഒരു പുറപ്പാടും. അവന്റെ ഭവനവും പിതാവും സഹോദരനും ഈ അന്വേഷണത്തിൽ അവന് മതിയായിരുന്നില്ല. “ഇതു പോരാ” എന്ന ചിന്ത അവനെ എപ്പോഴും അലട്ടിയിരുന്നു. ആ ഇറങ്ങിപ്പോക്ക് ഒരു വിപ്ലവമായിരുന്നു. സ്നേഹം അന്വേഷിച്ചുള്ള വിപ്ലവം. സത്യമാണ്. എത്രയോ പ്രാവശ്യമാണ് വിപ്ലവകാരികൾ സ്നേഹത്തിനു വേണ്ടിയുള്ള മുറവിളിയിൽ ഒറ്റപ്പെട്ടു പോയിട്ടുള്ളത്. അവൻ ധനത്തിലും സ്ഥാനമാനങ്ങളിലും സ്നേഹമന്വേഷിച്ചു. പക്ഷേ അവയുടെ ആഴങ്ങളിലേക്ക് അവൻ ഇറങ്ങിച്ചെന്നപ്പോൾ കണ്ടത് ശൂന്യത മാത്രം ആയിരുന്നു. അങ്ങനെ ഒരു ദിവസം അവൻ ഒരു പന്നിക്കൂട്ടിൽ എത്തിപ്പെടുകയാണ്. സ്വതന്ത്രനായ വിപ്ലവകാരി ഇപ്പോൾ അടിമയായിരിക്കുന്നു. പന്നികളുടെ തീറ്റ കൊണ്ട് അവൻ വയറു നിറക്കുന്നു.

ഉപമ പറയുന്നു, ”അപ്പോൾ അവനു സുബോധം ഉണ്ടായി” (v.17). തന്റെ പിതാവിന്റെ ഭവനത്തിലെ സുഭിക്ഷമായ ഭക്ഷണത്തിന്റെ സ്വപ്നം അവനെ വിളിച്ചുണർത്തി. അങ്ങനെ അവൻ ഭവനത്തിലേക്ക് തിരിക്കുന്നു. സ്നേഹത്തെ പ്രതിയല്ല. ഭക്ഷണം ഓർത്തിട്ടാണ്. പശ്ചാത്തപിച്ചതുകൊണ്ടല്ല. മരണത്തെ മുന്നിൽ കണ്ട ഭയം കൊണ്ട് മാത്രമാണ്.

പിതാവ് അവനെ സ്വീകരിക്കുന്നു. ഓർക്കുക. ദൈവത്തിലേക്ക് തിരിച്ചുവരുന്നതിന് വേണ്ടിയുള്ള ഏതു കാരണത്തെയും ദൈവം ഒരു കാര്യമായി എടുക്കുന്നില്ല എന്നതാണ് സത്യം. ഒരു തീരുമാനം, ഒരു സ്റ്റെപ്പ് നീ എടുത്താൽ മാത്രം മതി. ദൈവത്തിങ്കലേക്ക് നീ നടക്കുകയാണെങ്കിൽ അവൻ നിന്നിലേക്ക് ഓടിവരും. നീ ഒന്നു തുടങ്ങിയാൽ മാത്രം മതി ദൈവം അവിടെ എത്തിയിരിക്കും. സുവിശേഷം മനോഹരമായി ചിത്രീകരിക്കുന്നു; ”ദൂരെ വച്ചുതന്നെ പിതാവ് അവനെ കണ്ടു. അവൻ മനസ്സലിഞ്ഞു ഓടിച്ചെന്ന് അവനെ കെട്ടിപ്പിടിച്ചു ചുംബിച്ചു” (v.20).

ആ കെട്ടിപ്പിടിച്ചുള്ള ചുംബനത്തിലൂടെ മകൻ ഒരു വാക്കുപോലും ഉരിയാടുന്നതിനു മുൻപേ പിതാവ് അവനോട് ക്ഷമിക്കുകയാണ്. പശ്ചാത്തപിച്ച ഹൃദയത്തെ നേരത്തെ കാണുന്ന സ്നേഹമാണത്. അതുകൊണ്ടാണ് കരുണയുടെ സമയം മുന്നറിവ് ആണെന്ന് പറയുന്നത്.

സ്നേഹത്തിനായുള്ള അന്വേഷണവും വിപ്ലവകരമായ പ്രവാസവും പന്നികളോടൊത്തുള്ള സഹവാസവും ഒന്നും തന്നെ പിതാവിനെക്കുറിച്ച് മനസ്സിലാക്കാൻ അവനെ സഹായിച്ചില്ല എന്നതിന് തെളിവാണ് തന്നെ ഒരു അടിമയായി സ്വീകരിക്കണം എന്ന ചിന്തയും പദങ്ങളും അവൻ കൂട്ടിവയ്ക്കുന്നത്. സത്യമാണ്. ഇപ്പോഴും നമുക്ക് ദൈവത്തെ മനസ്സിലാക്കാൻ സാധിച്ചിട്ടില്ല. ദൈവം നമ്മോട് ക്ഷമിക്കുന്നത് ഒരു കല്പന പുറപ്പെടുവിച്ചു കൊണ്ടല്ല. മറിച്ച് സ്നേഹാർദ്രമായ് ഒരു തഴുകലിലൂടെയാണ്, ആലിംഗനത്തിലൂടെയാണ്, ആഘോഷത്തിലൂടെയാണ്. പിതാവ് പുത്രന്‍റെ ഭൂതകാലത്തിലേക്ക് എത്തി നോക്കുന്നില്ല. അന്ന് എന്തു സംഭവിച്ചു എന്ന് അവൻ ചികഞ്ഞ് അന്വേഷിക്കുന്നില്ല. മറിച്ച് പുതിയൊരു ഭാവി സൃഷ്ടിക്കുകയാണ്. എല്ലാവരും നഷ്ടപ്പെട്ടു എന്നു പറയുമ്പോൾ ദൈവം കണ്ടെത്തി എന്ന് പറയും. എല്ലാവരും അവസാനിച്ചു എന്ന് പറയുമ്പോൾ ദൈവം പുനർജനിച്ചു എന്നു പറയും.

ഈ പിതൃ-പുത്ര കണ്ടുമുട്ടലിൽ കുറ്റപ്പെടുത്തലിനോ കുറ്റബോധത്തിനോ സ്ഥാനമില്ല. അവിടെയുള്ളത് സ്നേഹത്തിന്റെ നൃത്തവാദ്യഘോഷം മാത്രമാണ്.

അവസാനം ആ പിതാവ് മൂത്തപുത്രനോട് കെഞ്ചുവാൻ വേണ്ടി ഇറങ്ങി തിരിക്കുന്നുണ്ട്. അവൻ പുത്രനാണ് പക്ഷേ അവനില്‍ ഉണ്ടായത് അടിമയുടെ ഹൃദയമായിരുന്നു. ആ ഹൃദയത്തിൽ ആത്മാർത്ഥത ഇല്ലാതിരുന്നതിനാൽ പിതാവിനോടൊപ്പം ആയിരുന്നെങ്കിലും സന്തോഷരഹിതൻ ആയിരുന്നു. ഇളയമകൻ ശരീരംകൊണ്ട് പിതാവിൽ നിന്നും അകലെ ആയിരുന്നപ്പോൾ മുതിർന്നവൻ ഹൃദയംകൊണ്ട് കാതങ്ങൾക്കകലെ ആയിരുന്നു എന്നതിന് തെളിവാണ് അവന്റെ പരിഭവവും പരിദേവനങ്ങളും. പിതാവ് ആ മകനോട് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുന്നുണ്ട്, പക്ഷേ അതിൽ ആ വയോധികൻ വിജയിച്ചോ ഇല്ലയോ എന്നതിനെക്കുറിച്ച് സുവിശേഷകൻ ഒന്നും വ്യക്തമാകുന്നില്ല. അപ്പോഴും ഒരു കാര്യം വ്യക്തമാണ്; തീർത്തും അനീതിയോടെ സ്നേഹിക്കുന്ന ഒരു പിതാവിന്‍റെ ചിത്രം. ആ പിതാവാണ് എന്റെയും നിന്റെയും ദൈവം.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker