Meditation

“എന്റെ കർത്താവേ, എന്റെ ദൈവമേ!” (യോഹ. 20:19-31)

ഇനി നമ്മൾ ലോകത്തിന് പകർന്നു നൽകേണ്ടത് ഉത്ഥിതൻ നമുക്ക് നൽകിയ സമാധാനം മാത്രമായിരിക്കണം...

പെസഹാക്കാലം രണ്ടാം ഞായർ

സ്നേഹം യേശുവിന്റെ ശരീരത്തിൽ മുറിവുകൾ കൊണ്ട് ഒരു കാവ്യം രചിച്ചിരിക്കുന്നു. അവന്റെ കൈകളിൽ തോമസിന്റെ വിരൽ കടക്കാവുന്ന പഴുതുകളുണ്ട്, പാർശ്വത്തിൽ ആർക്കും സ്പർശിക്കാൻ സാധിക്കുന്ന ഒരു ദ്വാരമുണ്ട്. അവനെ തൊടാൻ വെമ്പുന്ന തോമസിന്റെ കരങ്ങൾ നമ്മുടെയും കരങ്ങളാകുന്നു.

തോമസിന്റെ ഉള്ളം മനസ്സിലാക്കുന്ന, വിശ്വസിക്കാനുള്ള അവന്റെ ആന്തരിക ശ്രമത്തെ കരുതലോടെ കാണുന്ന, അവനെ ചേർത്തുനിർത്തുന്ന ഉത്ഥിതൻ… നമ്മെ സംബന്ധിച്ചും വലിയൊരു ആശ്വാസമാണത്. സംശയങ്ങളുടെ കൊടുങ്കാട്ടിൽ ഞാൻ അകപ്പെട്ടാലും എന്നെയും തേടി വരും അവൻ.

തോമസിന്റേത് ധൈഷണിക മന്ദതയാണ്. അത് നമ്മിലും സംഭവിക്കുന്നുണ്ട്; എന്തിനെയും ഏതിനെയും സംശയദൃഷ്ടിയോടെ കാണുന്ന ഒരു മനസ്സ്. ചില നൊമ്പരങ്ങളിൽ നിന്നും സ്വയം രക്ഷനേടുന്നതിന് വേണ്ടിയാണത്. ധൈഷണിക മന്ദതയുടെ മറ്റൊരു തലമാണ് ആത്മീയ നിസ്സംഗത. ആഴവും ഗഹനവുമായ ആത്മീയ അവബോധത്തിലേക്ക് വളരുന്നതിനു പകരം, ദൈവികാനുഭവത്തെ തട്ടുകട വിഭവങ്ങളാക്കി വിളമ്പി ആചാരാനുഷ്ഠാനങ്ങൾക്കു മാത്രം പ്രാധാന്യം കൊടുക്കുന്ന മൗലികവാദങ്ങളും മതഭ്രാന്തും ഇതിലൂടെ കടന്നു വരുന്നുണ്ട്.

അവസാനം തോമസ് കീഴടങ്ങുന്നു. സ്പർശിക്കാനുള്ള അവന്റെ ആഗ്രഹത്തിനു മുന്നിലല്ല, തന്നെ തേടി വന്ന ക്രിസ്തുവിന്റെ മുന്നിൽ. സ്പർശനസുഖത്തിലല്ല, ക്രിസ്തു നൽകിയ സമാധാനത്തിലാണ് അവൻ കീഴടങ്ങുന്നത്.

എല്ലാ അക്രമങ്ങളും നേരിട്ട് കാൽവരിയിൽ മരണംവരിച്ച ഉത്ഥിതന്റെ ആദ്യ സന്ദേശം നിങ്ങൾക്ക് സമാധാനം എന്നാണ്. അത് ഒരു ആശംസയല്ല, ഒരു വാഗ്ദാനവുമല്ല; കണ്ടെത്തലാണത്. സമാധാനം ഇവിടെയുണ്ട്, നിങ്ങളിലുണ്ട്. അത് ആരിലും അടിച്ചേൽപ്പിക്കാൻ സാധിക്കില്ല. അലമുറയല്ല സമാധാനം. ഇളംതെന്നൽ പോലെയുള്ള ഒരു നിശബ്ദ തരംഗമാണത്. ആത്മാവിൽ ആവേശമായും നാവിൽ തേനായും പ്രവർത്തികളിൽ ലാളിത്യമായും സന്തോഷത്തിൽ പൂവിടലായും കണ്ണീരില്ലാത്ത സ്വപ്നങ്ങളായും അത് നമ്മിൽ പടർന്നുകയറും. ഇനി നമ്മൾ ലോകത്തിന് പകർന്നു നൽകേണ്ടത് ഉത്ഥിതൻ നമുക്ക് നൽകിയ സമാധാനം മാത്രമായിരിക്കണം. ഹിംസയുടെ സംസ്കാരത്തിനോടുള്ള പ്രതിസംസ്കാരമാകണം ഉത്ഥിതനെ പ്രഘോഷിക്കുന്ന ക്രൈസ്തവസമൂഹം.

ഉത്ഥിതൻ കുരിശിലെ മുറിവുകളല്ലാതെ വേറൊന്നും കൊണ്ടുവരുന്നില്ല. പക്ഷേ ഇപ്പോൾ ആ മുറിവുകളിൽ നിന്നും നിർഗ്ഗളിക്കുന്നത് രക്തമല്ല. പ്രകാശമാണ്. അവൻ കൊണ്ടുവന്നത് തന്റെ മുറിവുകളിലെ വെളിച്ചത്തെയാണ്. മുറിവുകളുമായി കഴിയുന്ന ഒത്തിരി ആൾക്കാരുണ്ട് നമ്മുടെയിടയിൽ. ദൗർബല്യത്തിന്റെ മുറിവുകൾ, വേദനയുടെ മുറിവുകൾ, നിർഭാഗ്യതയുടെ മുറിവുകൾ… ഓർക്കുക, മുറിവുകളും പ്രകാശം പരത്തും. മുറിവുകൾ വിശുദ്ധമാണ്. അതിൽ ദൈവമുണ്ട്. അതുകൊണ്ടുതന്നെ അതിന് വജ്രത്തെപ്പോലെ തിളങ്ങാനും സാധിക്കും. നിന്റെ ദൗർബല്യം തന്നെ നിന്റെ ശക്തിയായും മാറാം. നിന്റെ മുറിവുകൾ തന്നെ നിന്റെ അനുഗ്രഹ ശ്രോതസ്സായി മാറാം. നിനക്കു മാത്രമല്ല, നിന്റെ ജീവിത പരിസരത്തുള്ളവർക്കും കൂടി.

“എന്റെ കർത്താവേ, എന്റെ ദൈവമേ!” എത്ര മനോഹരമാണ് ഈ വിശ്വാസപ്രഖ്യാപനം. പെസഹാനുഭവം മുഴുവനും അതിലടങ്ങിയിട്ടുണ്ട്: ബലിയായവൻ, ഇതാ ബലവാനായിരിക്കുന്നു (Victor Quia Victima).

ക്രൂശിതൻ, ഇതാ, ഉയിർത്തിരിക്കുന്നു. ഉയിർത്തവൻ, ഇതാ, മുറിപ്പാടുകളുമായി മുന്നിൽ നിൽക്കുന്നു. കുരിശും ഉത്ഥാനവും; ക്രൈസ്തവ വിശ്വാസത്തിന്റെ വിരോധാഭാസങ്ങളാണ്. ഓർക്കണം, ഉത്ഥാനമില്ലാത്ത കുരിശ് അന്ധമാണ്. അതുപോലെതന്നെ കുരിശില്ലാത്ത ഉത്ഥാനം ശൂന്യവുമാണ്. ദൈവത്തെ അന്വേഷിക്കുന്നവന് ഉത്തരം ഒന്നേയുള്ളൂ; യേശു. യേശുവിനെക്കുറിച്ചുള്ള നമ്മുടെ അറിവാണ് ദൈവത്തെക്കുറിച്ചുള്ള അറിവ്. ക്രിസ്താനുഭവമാണ് നമ്മുടെ ദൈവാനുഭവം. തോമസിനെ പോലെ നമുക്കും പറയാനാകണം “എന്റെ കർത്താവേ, എന്റെ ദൈവമേ!”. കണ്ടുകൊണ്ടല്ല, കാണാതെ തന്നെ. അവനെ കാണാതെ വിശ്വസിക്കാനുള്ള ഭാഗ്യം അത് നമുക്ക് മാത്രമുള്ളതാണ്.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker