Articles

“പന്ത്രണ്ട്” എന്ന സുവിശേഷം

ഇമ്മാനുവൽ ആരോടും തർക്കിക്കുന്നില്ല, ആരെയും നൊമ്പരപ്പെടുത്തുന്നുമില്ല.

മാർട്ടിൻ N ആന്റണി

ഏതുവിധേനയും പുനരാഖ്യാനിക്കാനും അപനിർമ്മിക്കാനും സാധിക്കുന്ന ഒരു ചരിത്രപുരുഷൻ ഉണ്ടോ എന്ന് ചോദിച്ചാൽ ഒരേയൊരു ഉത്തരമേ നമുക്ക് നൽകാൻ സാധിക്കു; യേശു മാത്രം. തിരിച്ചും മറിച്ചും എങ്ങനെ വേണമെങ്കിലും അവനെ വ്യാഖ്യാനിച്ചു കൊള്ളുക അവന്റെ ആർദ്രതയെ അവഗണിച്ചു കൊണ്ട് ആർക്കും മുന്നോട്ട് പോകാൻ സാധിക്കില്ല. സുവിശേഷകന്മാർ വരികളുടെയിടയിലൂടെ സംവദിച്ചതും ആ ആർദ്രതയുടെ അനിർവചനീയതയാണ്. യോഹന്നാന്റെ സുവിശേഷത്തിൽ അത് കൂടുതൽ താത്വികവും വാചികവുമാണ്. അത് സമവീക്ഷണ സുവിശേഷങ്ങളിൽ നിന്നും വ്യത്യസ്തമാണ്. അവയിൽ ശിഷ്യരിൽ പ്രധാനി പത്രോസാണ്. യോഹന്നാനിൽ പ്രഥമനായി കടന്നുവരുന്നത് അന്ത്രയോസാണ്. അവനാണ് യേശുവിനെ അനുഗമിച്ച ആദ്യ ശിഷ്യൻ. ആ ഒന്നാമനായ അന്ത്രയോസിലൂടെ ആവിഷ്കൃതമാകുന്ന വർത്തമാനകാല സുവിശേഷമാണ് ലിയോ തദേവൂസിന്റെ പന്ത്രണ്ട് എന്ന സിനിമ. യേശുവിന്റെ ജീവിതത്തിന്റെ പുനരാഖ്യാനവും അപനിർമാണവുമാണത്. എത്ര ശാലീനമാണ് ഈ വ്യാഖ്യാനം! സംഘർഷഭരിതമായ ചില ജീവിതങ്ങളിലേക്ക് കടന്നുവരുന്ന സൗമ്യ സാന്നിധ്യമായി യേശു മലയാളക്കരയുടെ തീരദേശത്തിലൂടെ നടന്നു നീങ്ങുന്നു. അവൻ ഇവിടെ ഇമ്മാനുവൽ ആണ്: കൂടെയുള്ള സാന്നിധ്യം, കൂട്ടാകുന്ന സാന്നിധ്യം.

വാചാലമായ നിശ്ബദതയാണ് പന്ത്രണ്ടിലെ ഇമ്മാനുവലിന്റെ പ്രത്യേകത. അവൻ ആരോടും തർക്കിക്കുന്നില്ല, ആരെയും നൊമ്പരപ്പെടുത്തുന്നുമില്ല. ഒരു നോട്ടം, ഒരു പുഞ്ചിരി. ഉണ്ട് അതിലെല്ലാം. കടലിന്റെ ആഴമുള്ള മാനുഷീകതയും ആകാശത്തിന്റെ അതിരുകൾ ഭേദിക്കുന്ന ദൈവീകതയുമുണ്ട്. എത്ര കരുണയോടെയാണ് അവൻ അന്ത്രയോസിന്റെ എതിർപ്പിനെ ഒരു ആലിംഗനമാക്കി മാറ്റുന്നത്! എത്ര സ്വർഗ്ഗീയ മിഴിവോടെയാണ് അവൻ കാറ്റിലുലഞ്ഞ ബോട്ടിനെയും അതിനെക്കാൾ ഉലഞ്ഞ ജീവിതങ്ങളെയും കരയ്ക്കടുപ്പിക്കുന്നത്! ഒന്നും അവൻ അവകാശപ്പെടുന്നില്ല. ബഹളങ്ങളോ അകമ്പടി ജനങ്ങളോ ഒന്നുമില്ലാതെ ശാന്തനായാണ് ഓരോ കഥാപത്രത്തിന്റെയും ജീവിതത്തിലേക്ക് അവൻ കടന്നു കൂടുന്നത്. ഒരു നവജീവിതമാണ് അവൻ അവർക്ക് നൽകിയത്. എന്നിട്ട് ഏകനായി മരണത്തിലേക്ക് നടന്നു നീങ്ങുന്നു. പീലി എന്ന രാഷ്ട്രീയക്കാരന്റെ കുടിലതയുടെ മുൻപിൽ ജൂഡ് ഭയപ്പെട്ടത് പന്ത്രണ്ടു പേരുടെയും മരണമാണ്. പക്ഷെ, ഇമ്മാനുവൽ അവർക്കുവേണ്ടി മരണത്തിന്റെ ദംശനം ഏറ്റുവാങ്ങുന്നു. പോലീസ്കാരൻ പത്രോസിനോട് ചോദിക്കുന്നുണ്ട് എത്ര കുത്തുകൾ അവന് കിട്ടിയെന്ന് അപ്പോൾ അവൻ പറയുന്നുണ്ട് പന്ത്രണ്ടെന്ന്. കൂട്ടത്തിന്റെ എണ്ണം മാത്രമല്ല പന്ത്രണ്ട്. അവൻ വഹിച്ച മുറിവുകളുടെയും എണ്ണം കൂടിയാണ്.

കടലിനൊപ്പം കഥാപാത്രമായി ഭക്ഷണവും ഒരു പ്രതീകമാകുന്നുണ്ട് ലിയോ തദേവൂസിന്റെ വ്യാഖ്യാനത്തിൽ. ഇമ്മാനുവലിനെ ഭവനത്തിൽ സ്വീകരിച്ച് ഭക്ഷണം വിളമ്പി കൊടുക്കുന്ന പത്രോസിന്റെ അമ്മായിയമ്മയേയും അന്ത്യ അത്താഴം ഒരുക്കുന്ന സ്ത്രീകളേയും കാണുമ്പോൾ Rosalind Miles ന്റെ Who Cooked the Last Supper? എന്ന കൃതി നമ്മുടെ മനസ്സിലേക്ക് ഓടി വരും. അവനായി പാചകം ചെയ്തത് ഏതെങ്കിലും പുരുഷനായിരുന്നെങ്കിൽ അയാളിപ്പോൾ വിശുദ്ധനായേനെ എന്ന് എഴുത്തുകാരി പറയുന്നുണ്ട്. ഇല്ല, പുരുഷരല്ല. അവനായി പാചകം ചെയ്തത് അമ്മമാർ മാത്രമാണ്.

അവസാനം താൻ സന്തത സഹചാരിയെ പോലെ കൊണ്ടു നടന്ന ഒരു സംഗീതോപകരണം മാത്രമാണ് അവൻ പന്ത്രണ്ടു പേർക്കായി കൈമാറുന്നത്. ഗാനമാണത്. ആനന്ദമാണത്. ആശ്വാസമാണത്. ഇനി മുതൽ ആ പന്ത്രണ്ടു പേരും മീട്ടേണ്ട ഗാനം ആ ഉപകരണത്തിലുണ്ട്. തള്ളിപ്പറയലിന്റെയും ഒറ്റപ്പെടുത്തലിന്റെയും ആരവങ്ങളൊന്നും ഇനി അവരിൽ നിന്നും മുഴങ്ങില്ല. അതുകൊണ്ടുതന്നെയാണ് ഇമ്മാനുവലിനെ ഒറ്റികൊടുത്തവൻ നിങ്ങളുടെയിടയിൽ തന്നെയില്ലേ എന്ന പോലിസുകാരന്റെ ചോദ്യത്തിനു മുമ്പിൽ ചേർത്തു നിർത്തലിന്റെ ഹൃദയഭാഷ അന്ത്രയോസ് പ്രയോഗിക്കുന്നത്. അതെ, ഇമ്മാനുവൽ ഒരു അനുഭവമാകുമ്പോൾ കരുതൽ അഭിനിവേശമാകും, ചേർത്തുനിർത്തൽ പ്രഘോഷണത്തിന്റെ കാതലുമാകും.

ആർദ്രതയുടെ പരിപ്രേക്ഷ്യത്തിലൂടെയാണ് ലിയോ തദേവൂസ് നസ്രായേനെ അപനിർമ്മിച്ചിരിക്കുന്നത്. ഈ വ്യാഖ്യാനം ആനുകാലികമാണ്. ഈ വ്യാഖ്യാനം ജീവിതസ്പർശവുമാണ്. ഈ വ്യാഖ്യാനമായിരിക്കണം നമ്മളും നസ്രായനെ പ്രഘോഷിക്കുമ്പോൾ ഹൃദയത്തോട് ചേർത്ത് വയ്ക്കേണ്ടതും.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker