Articles

കേരളത്തിലെ വിദ്യാഭ്യാസ മേഖല ഖാലിഫേറ്റിന്റെ പരിധിയിൽ കൊണ്ടുവരാനോ ശ്രമം

ഇത്തരം വിഷയങ്ങളൊന്നും KCBC വിദ്യാഭ്യാസ കമ്മീഷന്റെയും രൂപതാ വിദ്യാഭ്യാസ കോർപ്പറേറ്റ് കേന്ദ്രങ്ങളുടെയും ശ്രദ്ധയിൽ പെടാതിരുന്നത് എന്തുകൊണ്ടാണ്?...

ഫാ.ജോഷി മയ്യാറ്റിൽ

സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കി ഏഴാം ക്ലാസ്സിലെ കുട്ടികൾ പഠിക്കുന്ന സാമൂഹികശാസ്ത്ര പുസ്തകത്തിലെ ഒന്നാം പാഠത്തിന്റെ ശീർഷകം ഇങ്ങനെ: “യൂറോപ്പ് പരിവർത്തനപാതയിൽ” അതിനു കീഴിൽ മ്യൂസിയമാക്കി മാറ്റിയ ഹഗിയ സോഫിയാ കത്തീഡ്രലിന്റെ ചിത്രം! അതിനും കീഴിൽ വിശേഷിച്ച് ഒന്നും പറയാനില്ലെന്നവണ്ണം ഏതാനും വാക്യങ്ങൾ എഴുതിയിട്ട്, നിഷ്കളങ്കമെന്നു തോന്നാവുന്ന ഒരു ചോദ്യം: “ഇത്തരം ചരിത്രസ്മാരകങ്ങൾ നിലനിന്നിരുന്ന കോൺസ്റ്റാന്റിനോപ്പിളിന് ലോകചരിത്രത്തിലുള്ള പ്രാധാന്യത്തെക്കുറിച്ച് നിങ്ങൾക്ക് അറിയാമോ?”

തുർക്കിയിലെ സുപ്രധാന ക്രൈസ്തവ ദേവാലയമായിരുന്ന ‘ഹഗിയ സോഫിയ’ ഖാലിഫ ആക്രമിച്ച് മോസ്കാക്കിയതും അതു പിന്നീട് ജനാധിപത്യ സർക്കാർ മ്യൂസിയമാക്കിയതും എങ്ങനെയാണ് യൂറോപ്പിന്റെ പരിവർത്തനപാതയാകുന്നത് എന്ന് ആർക്കെങ്കിലും മനസ്സിലാകുന്നുണ്ടോ? അതിപ്രധാനമായ ഒരു ക്രൈസ്തവ കേന്ദ്രത്തെയും ജനതയെയും യുദ്ധത്തിലൂടെ ഇസ്ലാമിക ഖാലിഫേറ്റ് അധിനിവേശംനടത്തി ഇല്ലായ്മചെയ്തതിന്റെ വീരസ്യമാണ് ശീർഷകത്തിലും പടത്തിലും വിവരണത്തിലും ഒളിഞ്ഞിരിക്കുന്നതെന്ന് നിങ്ങൾക്ക് മനസ്സിലായാലും ഇല്ലെങ്കിലും, കുട്ടികൾക്ക് അങ്ങനെതന്നെ മനസ്സിലാകണം എന്ന് ഈ പാഠം ഇതുപോലെ വിഭാവനം ചെയ്ത് രൂപകല്പന നല്കിയവർക്ക് നിർബന്ധമുണ്ട്! കേരളത്തിലെ വിദ്യാഭ്യാസ മേഖല ഖാലിഫേറ്റിന്റെ പരിധിയിൽ കൊണ്ടുവരാൻ ആരൊക്കെയോ ഇവിടെ ശ്രമിക്കുന്നു എന്നർത്ഥം! ഈ പാഠപുസ്തകം തയ്യാറാക്കിയ കമ്മിറ്റി അംഗങ്ങളെയും അന്തിമ തീരുമാനമെടുത്ത മഹാപ്രഭൃതികളെയും കേരള ജനത ഒന്നു പരിചയപ്പെട്ടിരിക്കേണ്ടതല്ലേ?

UDF മന്ത്രിസഭയിൽ മുസ്ലിം ലീഗിന്റെ അബ്ദു റബ്ബ് വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്താണ് ഈ പരിഷ്കരണം പാഠപുസ്തകത്തിൽ വരുത്തിയത്. പിന്നീട് തീവ്രവാദി എർദോഗൻ ഈ മ്യൂസിയത്തെ മോസ്കാക്കി മാറ്റിയപ്പോൾ അത് പാർട്ടിപത്രമായ ചന്ദ്രികയിലൂടെ ആഘോഷമാക്കിയ പാർട്ടിയാണ് മുസ്ലീംലീഗ്. എർദോഗന്റെ നടപടിയെ വാഴ്ത്തിപ്പാടിയ സാദിഖലി തങ്ങളെത്തന്നെയാണ് മുസ്ലീം ലീഗിന്റെ അധ്യക്ഷനായി വാഴിച്ചതും! അങ്ങോരാണ് അരമനകളിൽ ഈയിടെ മതേതരത്വപ്രഭാഷണവുമായി വന്ന് ചായയും കുടിച്ച് പോയത്…

കേരള രാഷ്ട്രീയത്തിന്റെ ഇപ്പോഴത്തെ അവസ്ഥ നല്ല തമാശയാണ്. UDF ഭരണത്തിലിരിക്കുമ്പോൾ ഇസ്ലാമിക മിതവാദികൾ എല്ലാം ഖാലിഫേറ്റു ശൈലിയാക്കും; LDF ഭരണത്തിലിരിക്കുമ്പോൾ ഇസ്ലാമിക തീവ്രവാദികൾ എല്ലാം ഖാലിഫേറ്റു ശൈലിയിലാക്കും. മതേതരവിശ്വാസികൾ ബ്ലിങ്കസ്യ! ഒപ്പം, മതേതരത്വം ഉറപ്പാക്കുന്ന ഭരണഘടനയെ തിരുത്താൻ ഹിന്ദുത്വ വാദികളും ശരിയത്തുകാരും ദാസ് കാപ്പിറ്റലുകാരും കിണഞ്ഞുപരിശ്രമിക്കുന്നു! കലികാലം എന്നല്ലാതെ എന്തു പറയാൻ…

എന്നാലും നമ്മുടെ ഒരു കാര്യം!

ചാവറയച്ചനെ പരിഗണിക്കാതുള്ള നവോത്ഥാനനായകരുടെ ലിസ്റ്റും യൂറോപ്പിന്റെ പരിവർത്തനവിശേഷവും ഉൾപ്പെടെയുള്ള പാഠങ്ങൾ നമ്മുടെ നൂറുകണക്കിന് സ്കൂളുകളിൽ സന്യസ്തരും വൈദികരും ഉൾപ്പെടെയുള്ള ആയിരക്കണക്കിനു ക്രിസ്ത്യാനികൾ 2014 മുതൽ പഠിപ്പിച്ചിട്ടും ഇതുവരെ ഇതിൽ അവർക്കാർക്കും ഒരു പ്രശ്നവും തോന്നാതിരുന്നത് എന്തുകൊണ്ടാണ്? ഇത്തരം വിഷയങ്ങളൊന്നും KCBC വിദ്യാഭ്യാസ കമ്മീഷന്റെയും രൂപതാ വിദ്യാഭ്യാസ കോർപ്പറേറ്റ് കേന്ദ്രങ്ങളുടെയും ശ്രദ്ധയിൽ പെടാതിരുന്നത് എന്തുകൊണ്ടാണ്?

വിദ്യാഭ്യാസമേഖലയിലെ ‘സ്തുത്യർഹമായ സേവനങ്ങൾ’ എന്നാൽ നമ്മൾ ഉദ്ദേശിക്കുന്നത് കെട്ടിടംപണിയലോ അധ്യാപകനിയമനമോ അഡ്മിഷൻ കൊടുക്കലോ മാത്രമാണോ? വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതലങ്ങളിൽ വ്യക്തമായ രാഷ്ട്രീയ-മതതാല്പര്യങ്ങളോടെ ചിലർ നുഴഞ്ഞുകയറി വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കത്തെ നിർബാധം സ്വാധീനിക്കുകയും തന്നിഷ്ടംപോലെ വളച്ചൊടിച്ച് പുസ്തമാക്കി പുറത്തിറക്കുകയും ചെയ്യുമ്പോൾ, ഒരു ചിന്തയും വിശകലനവും കൂടാതെ, അതെല്ലാം “തത്തമ്മേ പൂച്ച … പൂച്ച” എന്ന ശൈലിയിൽ ഏറ്റെടുക്കുകയും വിനീതവിധേയരായി അവ പഠിപ്പിക്കാൻ സന്നദ്ധരാകുകയും ചെയ്യുന്ന ഗുരുഭൂതങ്ങളും ടീച്ചേഴ്സ് ഗിൽഡുകളും സ്കൂളുകളും ഏകോപനസംവിധാനങ്ങളുമുള്ള കേരള കത്തോലിക്കാസഭയ്ക്ക് “ഇനി അഭിമാനത്തോടെ പറയാം”: ന്റുപ്പാപ്പക്കൊരാനേണ്ടാർന്ന്… പക്ഷേ, നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ സുവിശേഷ പ്രഘോഷണമാണ് നടക്കുന്നതെന്നു മാത്രം “ദയവുചെയ്ത് ഇനി പറയരുത്!”

NB: മാനസാന്തരത്തിനും നവീകരണത്തിനും വേണ്ടിയുള്ള കാലമാണിത്. സ്കൂൾ-കോളേജ്-ആശുപത്രി കെട്ടിടങ്ങളിൽ അള്ളിപ്പിടിച്ചു കിടക്കുന്ന പഴകിയ ശൈലി വിട്ട് എവിടെനിന്നു വരുന്നെന്നോ എവിടേക്കു പോകുന്നെന്നോ അറിയാത്ത കാറ്റിന്റെ ചിറകിലേറാൻ ഇനിയും നാം അമാന്തിക്കുമോ?

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker